അരാഷ്ട്രീയക്കാരുടെ ഫാഷന്‍ പരേഡ് – ഷംസ് ബാലുശ്ശേരി

എന്താണ് രാഷ്ട്രം എന്ന് പലരും അറിയാതെ പോകുന്നു. അല്ലെങ്കില്‍ നമ്മെ അറിയിക്കാതെ ഇരുട്ടിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. അത്തരം ഗൂഡ ശക്തികളുടെ സൃഷ്ടിയാണ് അരാഷ്ട്രീയത. രാഷ്ട്രം അമ്മയ്ക്ക് സമമാണ് .അത് കൊണ്ടാണ് സ്വാതന്ത്ര്യ സമരകാല ഘട്ടങ്ങളില്‍ രാഷ്ട്ര സ്നേഹികള്‍ ഭാരത്‌ മാതാ കീ ജയ്‌ എന്ന് ഉറക്കെ വിളിച്ചത്.ആ  ഏകതയുടെ ഐക്യമാണ് നമുക്ക്‌  സ്വാതന്ത്ര്യം  നേടിത്തന്നത്.ഒരു പൌരനെ സംബധിച്ചിടത്തോളം രാഷ്ട്രീയം മാതൃസ്നേഹമാണ്.അത് തെളിയിച്ചു തന്നവരാണ് നമ്മുടെ രാഷ്ട്ര ശില്‍പ്പികള്‍ .

ഏതൊരു രാജ്യത്തിന്റെയും ശക്തി ആ രാജ്യത്തെ ജനതയാണ്.ജാതി മതങ്ങള്‍ ഏതുമാകട്ടെ, നാസ്തികനാവട്ടെ അവരെ ഒന്നാക്കി നിര്‍ത്തുന്നത് രാഷ്ട്ര സ്നേഹമാണ്.അതിനെ ഏകോപിപ്പിച്ചു നിര്‍ത്തുന്നത് രാഷ്ട്രീയമാണ്‌. അതിനെ സംഘ ബലമാക്കി നിര്‍ത്തുന്നത് രാഷ്ട്രീയ കക്ഷികളും. ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലുകള്‍ രാഷ്ട്രീയ കക്ഷികള്‍ ആണ് . അവയുടെ ബലം അവരുടെ ആശയത്തെയും ലകഷ്യത്തെയും അംഗീകരിക്കുന്ന പൌരന്‍മാരാണ് .

പണ്ടുകാലങ്ങളില്‍ സ്കൂളുകളില്‍ ദേശീയ ഗാനം ഉരുവിടുകയും രാഷ്ട്രപ്രതിജ്ഞാ വാചകം ചൊല്ലുകയും ചെയ്തിരുന്നു. നമ്മുടെ വിദ്യാനയം മാറുകയും അത് ജാതി മത അടിസ്ഥാനത്തില്‍ കച്ചവടം ചെയ്യുകയും തുടര്‍ന്ന് ഓരോ ജാതി മതങ്ങളുടെയും അനുഷ്ടാനങ്ങള്‍ അതാതു വിദ്യാലയങ്ങളില്‍ കയറിക്കൂടുകയും ചെയ്തു. അത് വര്‍ഗീയതയി ലേക്കും , അരാഷ്ട്രീയതയിലേക്കും വഴിവച്ചില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരി ന്റെ  ഭാഗത്ത് നിന്നുണ്ടായ ജാതി മത പ്രീണനം കൂടിയായപ്പോള്‍ ഒരു ഏകീകൃത പഠനരീതിയോ ദേശീയതയോ നമുക്ക് നഷ്ടപ്പെട്ടു. ചെറുപ്പം തൊട്ടേ സംഘടനാ ബോധവും രാഷ്ട്ര സ്നേഹവും കുട്ടികളില്‍ വളര്‍ത്തി കൊണ്ടു വരാന്‍ ശ്രമിച്ചത് ഇടക്കാലം കൊണ്ട് തകിടം മറിഞ്ഞു. ആഗോളീകരണ കാലത്തോടെ അത് അരാഷ്ട്രീയ വാദത്തില്‍ എത്തി നില്‍ക്കുന്നു.

വോട്ടവകാശമുള്ള പൌരന്‍ തനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നത് തനി വങ്കത്തര മാണ്‌.ഒരു രാഷ്ട്രം പൌരനു നല്‍കുന്ന രാഷ്ട്രീയ അവകാശ മാണ്‌ വോട്ട്.അപ്പോള്‍ രാഷ്ട്രീയത്തെ അവഹേളിക്കുക നിന്ദിക്കുക നിഷേധിക്കുക എന്നൊക്കെ പറയുന്നത് മനസ്സില്‍ രാജ്യ സ്നേഹമില്ലാത്തവരുടെ സങ്കുചിത മനോഭാവമാണ്. അരാഷ്ട്രീയ വാദം രാജ്യത്തെ അരാജകത്വത്തിലേക്കും,ഫാസിസതിലേക്കുമാണു  നയിക്കുക.

അരാഷ്ട്രീയത വളര്‍ത്തുക എന്ന് പറയുന്നത് ,രാജ്യത്തിന് തുരങ്കം വെക്കുന്ന ഭീകര പ്രവര്‍ത്തനത്തെ സഹായിക്കലാണ്.ജനതയുടെ രാഷ്ട്രീയ സാമൂഹിക ഐക്യത്തെ ചിതറി തെറിച്ചു ശിഥിലമാക്കാനെ അത് ഉപകരിക്കുകയുള്ളൂ.സ്വാര്‍ത്ഥ തല്പര കക്ഷികള്‍ മാത്രമേ അതിന് മുതിരുകയുള്ളൂ . അത് ഭീകരവാദങ്ങളെയും ,വര്‍ഗീയ വാദങ്ങളെയും ,അധിനിവേശങ്ങളെയും  വളര്‍ത്തും. അതിന് വളം വെച്ചു കൊടുക്കുന്നത് ദൃശ്യ പത്ര മാധ്യമങ്ങള്‍ ആയാലും ,ഇലക്ട്രോണിക് മാധ്യമങ്ങളിലെ കൂട്ടായ്മകള്‍ ആയാലും എതിര്‍ക്കപ്പെടേണ്ടതാണ് .

ശക്തമായ രാഷ്ട്രീയ ബോധമുള്ള ജനതയും ,അവരെ സംഘടിപ്പിച്ചു നിര്‍ത്തുന്ന ആശയപരമായ അടിത്തറയുമുള്ള രാഷ്ട്രീയ കഷികളും ചേരുന്നതാണ് ജനാധിപത്യ രാജ്യത്തിന്റെ  ശക്തി. രാഷ്ട്രീയകക്ഷി എന്ന് പറയുമ്പോള്‍ അതില്‍ നിന്നും വര്‍ഗീയ ഫാസിസ പ്രാദേശിക കക്ഷികളെ പോലും കക്ഷി ചേര്‍ക്കാതിരിക്കുക . വര്‍ഗീയത,മതഭീകരത എന്തുമാത്രം അപകടമാണോ അതുപോലെ അപകടമാണ് പ്രാദേശീകതയില്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. അത് ഭാവിയില്‍ ദേശീയതയെ അസ്ഥിരപ്പെടുത്തുക തന്നെ ചെയ്യും.

ഭീകര വാദങ്ങളും മതവര്‍ഗീയവാദികളും അഴിഞ്ഞാടി തുടങ്ങിയ നമ്മുടെ രാജ്യത്ത് നല്ല രാഷ്ട്രബോധത്തോടെ മാതാ പിതാക്കളും,അധ്യാപകരും ,സമൂഹവും കുട്ടികളെ വളര്‍ത്തിയാല്‍ മാത്രമേ രാജ്യം ശക്തമാകൂ. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ തന്നെയാണ് അരാഷ്ട്രീയതയുടെ വക്താക്കള്‍. അവര്‍ മുഖംമൂടി അണിഞ്ഞു മതേതര കക്ഷികളിലും മതങ്ങളിലും നുഴഞ്ഞു കയറി അരാജകത്വം വളര്‍ത്തുന്നു. അത്തരം പ്രവണതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള പൌരന്മാരെ വളര്‍ത്തിയെടുക്കെണ്ടതുണ്ട്. അതിനു നമ്മുടെ സ്കൂള്‍ തലം മുതല്‍ പണ്ടുണ്ടായിരുന്ന അസംബ്ലി,പാര്‍ലമെന്റററി  മാതൃകയിലുള്ള തിരഞ്ഞെടുപ്പ് എല്ലാം പുനസ്ഥാപിക്കെണ്ടതാണ്. നമ്മുടെ സ്കൂള്‍ കലാലയ രംഗത്ത് എസ്.എഫ്.ഐ., ആയാലും കെ.എസ്.യു., ആയാലും മേല്‍ത്തരം രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിലവിലുള്ള മുതിര്‍ന്ന പല രാഷ്ട്രീയ നേതാക്കളും അത്തരം രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്നവരാണ് എന്നോര്‍ക്കണം. എന്നാല്‍ ഇന്ന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് ആഗോളീകരണ കാലത്തെ സാമ്രാജ്യത്വരാഷ്ട്രീയം തുണക്കുന്നത്. വളര്‍ത്തുന്നത്.സാമ്രാജ്യത്വ മനോഭാവം തകര്‍ക്കാനുള്ള ശക്തി എഴുത്തുകാര്‍ക്കും ,ചിന്തകര്‍ക്കും ആയിരിക്കെ ,അവരുടെ മൌനം വല്ലാത്തൊരു  ദുഷിപ്പിലേക്കാണ്‌ നമ്മേ  കൊണ്ട് പോകുന്നത്.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി രാഷ്ട്രീയത്തിലും എഴുത്തിലും വ്യാജന്‍മാര്‍ നിറയുകയും,അവര്‍ മറ്റുള്ളവരുടെ മുന്നില്‍ അഭിനയിച്ചു പ്രതീകവല്ക്കരിക്കപ്പെടുകയും ,സമൂഹം നല്ലവരെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടത്തിലൂടെയാണ് ഇന്ന് പല കൂട്ടായ്മകള്‍ കടന്നു പോകുന്നത്. എഴുത്തുകാരും വായനക്കാരും ഇത് തിരിച്ച് അറിയേണ്ടത്‌ ഉണ്ട്.ആള്‍കൂട്ടമല്ല ഒരു കൂട്ടായ്മയുടെ ശക്തി ആദര്‍ശ ബോധമുള്ള എഴുത്തുകാരും വായനക്കാരും നിറഞ്ഞ  സജീവതയുള്ള ഒരു സദസ്സാണ്. എന്നാല്‍ ശരിയായ വായനയെ തകര്‍ക്കാന്‍ വ്യാജ എഴുത്തുകാര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. നമുക്ക്
നഷ്ടമായ വായനയിലെക്കും ആരോഗ്യകരമായ ചര്‍ച്ചകളിലേക്കും മടങ്ങിപോകാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. .അതിന് വേണ്ടത്‌ എഴുത്തുകാരായ വായനക്കാരുടെ നിറഞ്ഞ സാനിധ്യ മാണ്‌.

19 Comments

 1. ബഹുമാനപ്പെട്ട ഷംസ് …വായിച്ചു പക്ഷെ ഞാന്‍ കരുതിയപോലെ ബോംബുകള്‍ ഇതിലില്ല..എഴുത്തിനു മൂര്‍ച്ച പോര. എങ്കിലും താങ്കള്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ക്ക് എന്റെ അഭിപ്രായം പറഞ്ഞോട്ടെ..
  ‘അരാഷ്ട്രീയം ‘എന്നത് രാഷ്ട്രത്തെ കുറിച്ച് അവബോധം ഇല്ലാഞ്ഞിട്ടാണ് എന്ന് താങ്കള്‍ പറയുന്നത് ശുദ്ധ ഭോഷ്കാണ് . കക്ഷി രാഷ്ട്രീയത്തില്‍ മാത്രം വിശ്വസിയ്ക്കാത്തവന്‍ എങ്ങനെ ആരാഷ്ട്രീയനാകും.? താങ്കളെപ്പോലുള്ളവര്‍ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിയ്ക്കുന്നതു രാഷ്ട്രസ്നേഹമല്ല മറിച്ചു അഴിമതിയുടെയും സ്വജനപക്ഷപാതതിന്റെയും വര്‍ഗ്ഗീയ വോട്ട് ബാങ്കിന്റെയും രാഷ്ട്രീയമാണ്. രാഷ്ട്ര സേവനത്തിനു വേറെയും നല്ല മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . രാഷ്ട്രീയ-വര്‍ഗ്ഗീയ വിഷം പുരളാത്ത സംഘടനകള്‍ ഇവിടെ ധാരാളം ഉണ്ട്. കൊടിപിടിച്ചാല്‍ സേവിയ്ക്കുന്നത് പ്രസ്ഥാനതെയല്ലാതെ മറ്റെന്തിനെ. ഒരു രാഷ്ട്രീയക്കാരന് ആദ്യം വേണ്ടത് സഹിഷ്ണുതയാണ്‌ .നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ മര്‍ക്കടമുഷ്ടിയുടെ പര്യായങ്ങളാണ്. തനിയ്ക്ക് എന്തും ചെയ്യാം എന്നാല്‍ മറ്റുള്ളവര്‍ അതൊന്നും ചെയ്യാന്‍ പാടില്ല. ഇഷ്ടമില്ലാത്തവര്‍ എല്ലാരും വെറും പുകപടലങ്ങള്‍ . ന്യായാന്യായങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാര്‍ ഇന്നിന്റെ ശാപമാണ്. സ്വാതന്ത്ര്യാനന്തരം പിരിച്ചു വിടണമെന്ന് മഹാത്മാവ് പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനം ഇന്നും ഇന്ത്യ ഭരിയ്ക്കുന്നു. ഏകാധിപത്യം മാത്രം ശീലിച്ച മറ്റൊരു പ്രസ്ഥാനം ,വര്‍ഗ്ഗീയത കൈമുതലാക്കിയ വേറൊരു കേന്ദ്ര പ്രതിപക്ഷ പാര്‍ട്ടി .ഇവടെ ജനം എന്തിനെ വിശ്വസിയ്ക്കണം ?. നിലവിലുള്ള രാഷ്ട്രീയ അനാചാരങ്ങള്‍ക്കെതിരെ ജനം പ്രതികരിയ്ക്കേണ്ടി ഇരിയ്ക്കുന്നു . ജനത്തിന് നേരായ രീതിയിലുള്ള പ്രതികരണം സാധ്യമാകാത്ത അവസരത്തിലാണ് മാവോയിസ്റ്റുകളെ പോലുള്ളവര്‍ അവരുടെ രക്ഷകരായി അവതരിയ്ക്കുന്നത് . ലോകത്ത് അനവധി വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെ ജനം സംഘടിയ്ക്കുക തന്നെ ഇന്ന് വേണം.ഇന്ന് ജനത്തിന്റെ ശത്രു കക്ഷി രാഷ്ട്രീയം മാത്രമാണ് . അതില്‍ നിന്നുള്ള അസമത്വവും അരക്ഷിതാവസ്ഥയും അവനെ മറ്റു മോശപ്പെട്ട,അതായത് വര്‍ഗ്ഗീയ-ഭീകര പ്രസ്ഥനങ്ങളിലെയ്ക്ക് പോകാന്‍ നിര്‍ബന്ധിയ്ക്കുകയാണ് ചെയുന്നത്. ആയിരക്കണക്കിന് പാര്‍ട്ടികള്‍ എന്തിനാണ് ??. താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് മാത്രം യോജിപ്പ് രേഖപ്പെടുത്തട്ടെ അത് പ്രാദേശിക വാദത്തെ കുറിച്ചാണ്. അത്യന്തം അപകടം പിടിച്ച ഒന്നാണത്. ഇന്ന് ഏത് അണ്ടനുംഅടകോടനും ഇന്ന് പാര്‍ട്ടി ഉണ്ടാക്കാം .അധികാരം മാത്രം ലക്ഷ്യമിട്ട്.

  വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ വല്ക്കരിയ്ക്കാന്‍ കൂട്ട് നില്‍ക്കുന്നവര്‍ തന്നെയാണ് അവിടെയൊക്കെ വര്‍ഗ്ഗീയ ശക്തികള്‍ക്കു മേയാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് പറഞ്ഞു കൊള്ളട്ടെ. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആര്‍ക്കും സംഘടനാ സ്വാതന്ത്ര്യമുണ്ടല്ലോ പിന്നെ അവിടെ ‘വര്‍ഗീയ’കക്ഷികള്‍ കയറാതിരിയ്ക്കാന്‍ ഒരേ ഒരു വഴി വിദ്യാലയങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാക്കണം . സമൂഹത്തിലെ രാഷ്ട്രീയം കണ്ടു തന്നെ ഒരുവന്‍ ‘ബാലപാഠം’ പഠിച്ചു കൊള്ളും.
  ഏതൊക്കെ വിദ്യാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം ഉണ്ടോ അവിടെയൊക്കെ താങ്കള്‍ പറയുന്ന അപകടകരമായ സംഘടനകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട് എന്നത് സത്യമാണ്.

  വിദേശ പണം ഇല്ലെങ്കില്‍ കിതയ്ക്കുന്ന കേരളം പോലത്തെ ഒരു സംസ്ഥാനത്ത് എന്താണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ നേടിയത് ? സാമൂഹിക സമത്വമോ? എന്നിട്ട് എവിടെ? പഴയ ഫ്യൂഡലിസം പല രൂപത്തിലും[കാലത്തിന്റെ പ്രയാണത്തില്‍ അത് ലഘൂകരിയ്ക്കപ്പെട്ടതാണ് ] നടമാടുന്നത് നിങ്ങള്‍ കാണുന്നില്ല . സമകാലിക ഭാരതത്തിലെ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. ഇനിയും ജനത്തെ വഞ്ചിയ്ക്കാതിരിയ്ക്കൂ ചുമ്മാതെ ഉദാരവല്‍ക്കരനമെന്നും ആഗോള വല്‍ക്കരണം എന്നൊക്കെ പറഞ്ഞ്‌. ഏതിനും അല്‍പ്പം ദൂഷ്യ ഫലമൊക്കെ ഉണ്ട്. നരസിംഹറാവു ഗവണ്മെന്റ് അത് നടപ്പിലാക്കിയ ശേഷമാണ് സാമ്പത്തിക പുരോഗതി അല്‍പ്പമെങ്കിലും ഉണ്ടായതു. ഭാരതത്തിനു ലോക രാഷ്ട്രതിനിടയില്‍ അല്‍പ്പം പ്രാധാന്യം കൈവന്നത്. അതിനെക്കാള്‍ പതിനേഴു വര്ഷം മുന്‍പ് ഉദാരവല്‍ക്കരണം നടപ്പിലാക്കിയ ചൈനയെ നിങ്ങള്‍ മനപൂര്‍വ്വം വിസ്മരിച്ചതാകാം. സംകുചിതമായ പ്രസ്ഥാനങ്ങളെ വെടിഞ്ഞു ഭാരതം പുതിയ ജനാധിപത്യ വഴികള്‍ തേടേണ്ടി ഇരിയ്ക്കുന്നു .വികസനത്തിനുള്ള പണം രാഷ്ട്രീയക്കാരുടെ കൈകള്‍ വഴി മറിയുന്നത് നിര്‍ത്തലാക്കണം .അതായിരിയ്ക്കണം ആദ്യ ചുവട്. അങ്ങനെ ഒന്ന് നടപ്പിലായാല്‍ താനെ പലരുടെയും മുദ്രാവാക്യം ഒക്കെ തണുക്കും. പിന്നെ വീട്ടിലിരിയ്ക്കും.

  ഇന്നലെകളില്‍ ജനത്തിന് പലതും നേടിതന്നവര്‍ ഇന്ന് പലിശയും കൂട്ടുപലിശയും ചേര്‍ത്ത് അതൊക്കെ മുതലാക്കി കൊണ്ടിരിയ്ക്കുന്നു. ‘അരാഷ്ട്രീയം’ അല്ല ഇന്ന് ആരാചകത്വതിലെയ്ക്ക് നയിക്കുന്നത് മറിച്ചു രാഷ്ട്രീയം നാട്ടില്‍ വരുത്തുന്ന വിനകളാണ്. അവസരവാദം പ്രാധാനമായും ജനങ്ങള്‍ പഠിച്ചത് വേറെ ഒരു സ്ഥലത്ത് നിന്നുമല്ല കക്ഷി രാഷ്ട്രീയത്തില്‍ നിന്നുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും മാലിന്യത്തില്‍ നിന്നും മുക്തമല്ല . വീട്ടിലിരിയ്ക്കുന്ന അഞ്ചു തരം ഭക്ഷണത്തിലും കൊടിയ വിഷമുണ്ടെങ്കില്‍ എന്ത് ചെയും ..ഒന്നും കഴിയ്ക്കാന്‍ കഴിയില്ല. വേറെ ആഹാരം തേടണം …ആ അന്വേഷണമാണ് നിങ്ങളൊക്കെ അരാഷ്ട്രീയര്‍ എന്ന് വിളിയ്ക്കുന്നവര്‍ ചെയുന്നത് എന്നോര്‍ക്കണം .

 2. അരാഷ്ട്രീയത വളര്‍ത്തുക എന്ന് പറയുന്നത് ,രാജ്യത്തിന് തുരങ്കം വെക്കുന്ന ഭീകര പ്രവര്‍ത്തനത്തെ സഹായിക്കലാണ്.ജനതയുടെ രാഷ്ട്രീയ സാമൂഹിക ഐക്യത്തെ ചിതറി തെറിച്ചു ശിഥിലമാക്കാനെ അത് ഉപകരിക്കുകയുള്ളൂ.സ്വാര്‍ത്ഥ തല്പര കക്ഷികള്‍ മാത്രമേ അതിന് മുതിരുകയുള്ളൂ . അത് ഭീകരവാദങ്ങളെയും ,വര്‍ഗീയ വാദങ്ങളെയും ,അധിനിവേശങ്ങളെയും വളര്‍ത്തും.

  aashamsakal sir…

 3. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനം നഷ്ടപ്പെടുമ്പോഴാണ് വര്‍ഗ്ഗീയ സംഘടനകള്‍ നുഴഞ്ഞ് കയറുന്നത്. അല്ല എന്ന് പറയുന്നവര്‍ക്ക് അരാഷ്ട്രീയത്തിലൂടെ മറ്റെന്തോ ലക്ഷ്യമാണുള്ളത്. ആളോഹോരി വരുമാനം 44000 കടന്നു എന്നാല്‍ ഡബ്ലു. എച്ച്,.ഓ.യുടെ കണക്ക്നുസരിച്ച് ദാരിദ്ര രേഖയ്ക്ക് താഴെ (ദിവസം 100 രൂപ എടുക്കാനില്ലാത്തവര്‍) 40%ത്തിന് മുകളില്‍ ജനങ്ങളാണ് ഇന്ത്യയില്‍ ഉള്ളത് എന്ന് വരുമ്പോള്‍ ഈ പറയുന്ന ഇന്ത്യയുടെ പുരോഗതി എന്ന് പറയുന്നത് ആരുടെ പുരോഗതിയാണ്? ചൈനയില്‍ പോലും സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു എന്നിരിക്കേ ഇന്ത്യയില്‍ ക്ഷുദ്ര ശക്തികള്‍ക്ക് അവസരം നല്‍കുവാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് തുനിയുന്നത് അപകടകരം തന്നെയാണ്. കൃഷിയിടങ്ങള്‍ നികത്തി വ്യവസായങ്ങള്‍ കെട്ടിപ്പെടുത്തി ഇന്ത്യയുടെ വളര്‍ച്ച കൂട്ടാമെന്ന് വ്യാമോഹിക്കുന്ന ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉണ്ടായത് തന്നെ അരാഷ്ട്രീയ വാദത്തിന്റെ ആകെ തുകയാണ്. ഇവരെ എതിര്‍ക്കുന്നവരെ വ്യവസായിക പുരോഗതിയെ തടയുന്നവരായി ചിത്രീകരിച്ച് ഒടുവില്‍ വോട്ടുകള്‍ക്ക് വേണ്ടി ഇടതിനെയും ഈ പാതയിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു. ആ ശൂന്യത മുതലെടുത്ത് തന്നെയല്ലേ ഇന്ന് ഇന്ത്യയില്‍ മറ്റ് ക്ഷുദ്ര ജീവികള്‍ കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. ഒരു വശത്ത് തീവ്ര ഇടത് വാദവും മറുവശത്ത് മതത്തിലൂടെ മതേതര ജനാധിപത്യമെന്ന കപടവാദക്കാരും അണി നിരന്ന് കഴിഞ്ഞിരിക്കുന്നു. ഇനിയും രാഷ്ട്രീയമായ ഒരു ഇഛാശക്തിയില്ല എങ്കില്‍ ഇന്ത്യയെ ഈ ക്ഷുദ്ര ജീവികള്‍ കാര്‍ന്ന് തിന്നും. പിന്നെ ഇന്ത്യയുടെ വളര്‍ച്ചയെ പറ്റി ഊറ്റം കൊള്ളുവാന്‍ ആരാണ് അവശേഷിക്കുക?

  പിന്നെ കേരളത്തിന്റെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് പ്രധാനകാരണം പ്രവാസം തന്നെയല്ലേ. .

  “നഷ്ടമായ വായനയിലെക്കും ആരോഗ്യകരമായ ചര്‍ച്ചകളിലേക്കും മടങ്ങിപോകാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.“
  അതേ ഇത് തന്നെയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്യാമ്പസുകളിലും സംഭവിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ ഒഴിഞ്ഞ ക്യാമ്പസുകള്‍ ഇനിയും ഉണ്ടാകുവാന്‍ പാടില്ല. ക്യാമ്പസുകള്‍ സജീവമാകണം എങ്കില്‍ മാത്രമേ ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ആശയങ്ങള്‍ ഉരുത്തിരിയുകയുള്ളൂ. അതെല്ലാം നേതാക്കള്‍ക്ക് വിട്ട് കൊടുത്തതാണ് പ്രശ്നങ്ങള്‍ ഇത്രയും രൂക്ഷമാക്കിയിരിക്കുന്നത്. ക്യാമ്പസ്സ് സജീവമായാലേ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മറൂപടിയെന്ന് പറഞ്ഞ് മുഖം മൂടിയണിഞ്ഞ് വരുന്ന ക്ഷുദ്ര ജീവികളെ വലിച്ച് കീറി ജനത്തിന് കാട്ടി കൊടുക്കുവാന്‍ കഴിയൂ, അഴിമതിയിലേയ്ക്ക് നീങ്ങുന്നവരില്‍ ഭയം ജനിപ്പിക്കുവാന്‍ കഴിയൂ…

 4. മനോജ്‌ …സ്ഥലം ഏറ്റെടുത്തു വികസനം നടക്കില്ല അങ്ങനെ നടത്തുന്നവരാണ് ആരാഷ്ട്രീയരുടെ ആളുകള്‍ എന്ന് പറയുമ്പോള്‍ സിങ്കൂരും നന്ദിഗ്രാമും കിനാലൂരും ഒക്കെ കണ്ടിട്ടാണോ സംസാരിയ്ക്കുന്നത്[ ബംഗാളിലെ തെരഞ്ഞെടുപ്പു ഫലം കൂടി ശ്രദ്ധിയ്ക്കുക]. അതൊക്കെ വിശുദ്ധസ്ഥലം ഏറ്റെടുക്കല്‍ ആയിരിയ്ക്കും. മനോജ്‌ പറയുന്നത് ഇവിടെ ഇടതു കക്ഷികള്‍ മാത്രമേ പാടുള്ളൂ എന്നാണ് .അത് തന്നെയാണ് ‌ പ്രശ്നം. പഴയ ചൈനയോ സോവിയറ്റോ ഒക്കെ നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടാകും ..പക്ഷെ കാണുന്ന സ്വപ്‌നങ്ങള്‍ പറയുന്നതില്‍ തെറ്റില്ല . എങ്കിലും ‌ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധി എന്നാ നിലയിലാണ് താങ്കള്‍ പറഞ്ഞത് വായിച്ചതു. കാരണം എനിയ്ക്ക് എല്ലാരും ഒന്നുതന്നെ . കുറച്ചു നേരാന്‍ ഇടതുവശം തിരിഞ്ഞു കിടക്കുമ്പോള്‍ നടുവിന് കഴപ്പ് തോന്നുമ്പോള്‍ വലതു തിരിഞ്ഞു കിടക്കാം .അത്രേ ഉള്ളൂ ജനത്തിന് ഇതൊക്കെ.
  പിന്നെ ക്യാമ്പസ് ..ഹ..ഹ..പിള്ളേരെ തള്ളി വിട്ടു കല്ലെറിയാന്‍ മാത്രം പ്രേരിപ്പിയ്ക്കുന്ന ക്യാമ്പസ് രാഷ്ട്രീയം കുറെ കണ്ടിട്ടുണ്ട്. കുറെ പൊതു മുതല്‍ നശിപ്പിയ്ക്കം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. ഈ സമൂഹം മാറിപ്പോയി ചങ്ങാതീ..തിരിച്ചു നടത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല .ശ്രമിയ്ക്കുക .പിന്നെ കക്ഷിരാഷ്ട്രീയതിനെതിരെ സംസരിയ്ക്കുന്ന ആര്‍ക്കെങ്കിലും മുഖം മൂടി കാണുമായിരിയ്ക്കും എന്ന് വിചാരിച്ചു എല്ലാര്ക്കും കാണണം എന്ന് നിര്‍ബന്ധമുണ്ടോ.. ഇല്ല . അതുകൊണ്ട് തന്നെ ആര് വിചാരിച്ചാലും ഇല്ലാത്തത് പിച്ചിചീന്താന്‍ കഴിയുകയും ഇല്ല . കക്ഷിരാഷ്ട്രീയ ഫാന്‍സുകാര്‍ ആദ്യം ചെയേണ്ടത് സ്വന്തം പാത ക്ലീനാക്കുകയാണ് അപ്പോള്‍ ‘അരാഷ്ട്രീയക്കാര്‍ ‘ നിങ്ങള്‍ പറയുന്ന പാതയില്‍ വന്നുകൊള്ളും. ഇവിടെ പ്രാവാസത്തിലിരുന്നല്ലേ പലരും ഉദ്ഘോഷങ്ങള്‍ നടത്തുന്നത്. ഇതിപ്പോള്‍ ആര്‍ക്കും കഴിയും പ്രവാസി ആയിരുന്നു എഴുതാന്‍ …പ്രവര്ത്തിയ്ക്കണം. നേരിന്റെ വഴി തുറക്കണം.എന്നിട്ട് പറയുന്നതില്‍ അര്‍ത്ഥമുണ്ട് . രാഷ്ട്രീയപാര്‍ട്ടികളില്‍ എനിയ്ക്ക് വിശ്വാസമില്ല എന്ന് ഞാന്‍ പറയുന്നു .പിന്നെ അതുകൊണ്ട് വോട്ട് ചെയ്യില്ല എന്ന് ആരുപറഞ്ഞു .എന്റെ വോട്ട് ഞാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് എതിരായി വിനിയിഗിയ്ക്കാറുണ്ട് … അതെങ്ങനെ എന്ന് പറയേണ്ട കാര്യമില്ലല്ലോ .

 5. // ചൈനയില്‍ പോലും സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു///
  പ്രക്ഷോഭകര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ? 🙂

 6. ശ്രീ ഷംസ്,
  രാഷ്ട്രീയം ഇല്ലാത്ത ഒരാളെ, അയാളുടെ അഭിപ്രായം ശുദ്ധ വങ്കത്തരം ആണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. ഒരു രാക്ഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ ഇവിടെ പറഞ്ഞ സത്യങ്ങളും, നീതിയും ഒക്കെ പാര്‍ട്ടിയ്ക്ക് വേണ്ടി ബലി കഴിക്കേണ്ടി വരും. പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ മനസ്സാ അന്ഗീകരിക്കേണ്ടി വരുന്നു. രാക്ഷ്ട്രീയം ഇല്ലാതെയും രാക്ഷ്ട്രതെ സേവിക്കാം, സ്നേഹിക്കാം, രാക്ഷ്ട്രതിനു വേണ്ടി പൊരുതാം ഇതൊക്കെ നമുക്ക് കഴിയും. ഞാന്‍ ഒരു രാക്ഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലാത്ത രാജ്യ സ്നേഹി തന്നെ ആണ്.ഒരു പക്ഷെ താങ്കളുടെ ഭാഷയില്‍ ഞാനൊരു വങ്കന്‍ ആയിരിക്കും, പക്ഷെ ഞാന്‍ നീതിയ്ക്ക് വേണ്ടി പൊരുതും. അന്യായം ആര് ചെയ്താലും തുറന്നു പറയും.എനിക്ക് പാര്‍ടി ഇല്ലാത്തത് കൊണ്ട് ആര് തെറ്റ് ചെയ്താലും പറയാന്‍ ധൈര്യം ഉണ്ട്. ഇന്നത്തെ തലമുറകളെ സ്കൂളില്‍ രാക്ഷ്ട്രീയം പഠിപ്പിച്ചു രാക്ഷ്ട്രതെ സ്നേഹിക്കുവാന്‍ , അല്ലെങ്കില്‍ സേവിക്കുവാന്‍ വേണ്ടി ഇറക്കുന്ന രാക്ഷ്ട്രീയ ക്കാരുടെ പരിപാടി  യതാ ര്‍ത്ഥത്തില്‍ പല നിരപരാധികളെയും കൊല്ലുവാനും, അന്യായമായി പണം ഉണ്ടാക്കുവാനും മാത്രമേ ഉതകുന്നുള്ളൂ. അത് നെഞ്ചില്‍ കൈ വച്ച് താങ്കള്‍ക്കും അന്ഗീകരിക്കാവുന്ന കാര്യം തന്നെ ആണ്. ആരാക്ഷ്ട്രീയതയിലേക്ക് ഇന്ന് നാം വന്നത് തന്നെ പാര്‍ട്ടികളുടെ വൃത്തികേടുകള്‍ കണ്ടും കേട്ടും മടുതിട്ടു തന്നെ ആണ്. ഒരു മന്ത്രി അഴിമതി കാണിച്ചാല്‍, അത് സത്യത്തില്‍ അഴിമതി ആണെന്ന് അറിഞ്ഞിട്ടും ആ രാക്ഷ്ട്രീയ പാര്‍ട്ടി ആ മന്ത്രിയെ രക്ഷിക്കാന്‍ കാണിക്കുന്ന വെമ്പല്‍ താങ്കള്‍ക്കും അറിയാവുന്ന കാര്യം തന്നെ ആണ്. താങ്കളുടെ ഈ എഴുത്തില്‍ വലിയ അര്‍ത്ഥമൊന്നും കാണുന്നില്ല. വെറുതെ ഒരു സംഭവം പറഞ്ഞു അങ്ങ് പെരുപ്പിച്ചു എന്നെ ഞാന്‍ കരുതുന്നുള്ളൂ.

 7. മനോജിന്റെ കമെന്റിനു താഴെ ഞാന്‍ പോസ്റ്റ്‌ ചെയ്ത രണ്ടു കമെന്റുകളില്‍ വലിയ കമെന്റ് കാണുന്നില്ല. ഡിലീറ്റ് ചെയ്തു എങ്കില്‍ എന്റെ ശേഷിയ്ക്കുന്ന കമെന്റുകളും ഡിലീറ്റ് ചെയ്തോളൂ . ഇതെന്റെ ഒരു അഭ്യര്‍ത്ഥനയാണ് .ഗുഡ് ബൈ.. 🙂

 8. പ്രിയ രാജേഷ് ശിവ ,
  രാജേഷ് ശിവയുടെ കമന്റ് എങ്ങിനെയോ ത്രാഷ് ഫോല്ടരിലേക്ക് പോയതാണ്. ഡിലീറ്റ് ചെയ്തതല്ല.അത് റീ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് . ഇവിടെ കമന്റുകള്‍ മോഡറെറ്റര്‍ അപ്രൂവ് ചെയ്‌താല്‍ മാത്രമാണ് പോസ്റ്റ്‌ ചെയ്യാന്‍ കഴിയുക. അതുകൊണ്ടുതന്നെ പോസ്റ്റ്‌ ചെയ്യപ്പെട്ട കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടാകില്ല. അങ്ങേക്കുണ്ടായ മനോവിഷമത്തിനു ക്ഷമചോദിക്കുന്നു.തുടര്‍ന്നും അഭിപ്രായ, നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹകരിക്കുമല്ലോ …

 9. ക്ഷമിയ്ക്കുക. ഇത്തരം സൈറ്റുകളില്‍ സ്പാമിന്റെ ആക്രമണം ഉണ്ടെന്നു ചിന്തിച്ചില്ല ..അതാണ്‌ തെറ്റിദ്ധാരണയ്ക്കു ഇടയാക്കിയത്. 🙂

 10. പ്രിയ ഷംസ്.

  താങ്കള്‍ പറഞ്ഞ സത്യങ്ങളോട് ഞാനും യോജിക്കുന്നു. രാഷ്ട്രീയമില്ലാതെ രാഷ്ട്രമുന്ടെന്നു പറയുന്ന വിഡ്ഢിതരത്തോട് എങ്ങിനെ യോജിക്കും. അറിയില്ല. പിന്നെ സ്ഥലം ഏറ്റെടുക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ എന്ത് അടിസ്ഥാനമാണ് കാണുന്നത്. ഒരു നാടിന്‍റെ വികസനത്തെ തുരങ്കം വയ്ക്കുകയനിവര്‍. കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ ഒരു ന്യൂസ് ഉണ്ടായിരുന്നു കിനാലൂരില്‍ 125 കുടുംബങ്ങള്‍ സ്ഥലം വിറ്റ് കൊടുക്കുവാന്‍ തയാറായി സമ്മത പത്രം കൈമാറി എന്ന്. അപ്പോള്‍ എനിക്ക് മനസിലായത് ആ നാട്ടുക്കര്‍ക്കല്ല സ്ഥലം കൊടുക്കുന്നതില്‍ വിഷമം. ഇവിടെ അവരെ വച്ച് മുതലെടുക്കുന്നവര്‍ക്കാന്. ഏതായാലും താങ്കളെ പോലുള്ളവര്‍ സത്യം തുറന്നു പറയുവാനുള്ള ചങ്കൂറ്റം കാണിക്കുന്നതില്‍ സന്തോഷം തോന്നുന്നു ആശംസകള്‍………

 11. അരാഷ്ട്രീയത തികഞ്ഞകാപട്യം തന്നെയാണ്. ഭൂരിപക്ഷം എല്ലായ്‌പോഴും ശരിയായ്‌ക്കൊള്ളണമെന്നില്ല. അരാഷ്ട്രീയതയെ വിലയിരുത്തേണ്ടത് അത് കൊണ്ട് ആര്‍ക്കാണ്പ്രയോജനം ലഭിക്കുകയെന്ന് നോക്കിയാണ്. ഫലശ്രുതിവെച്ച്പരിശോധി്കകുക. ദരിദ്രജനങ്ങള്‍ക്ക് മേല്‍കുതിരകയറാന്‍ ധനികര്‍ക്കും ചൂഷകര്‍ക്കും അവസരം വര്‍ദ്ധിക്കും എന്നതാണ് അരാഷ്ട്രീയതയുടെ ഫലം. കാലം മാറുന്നുണ്ട്. അത് കൊണ്ട് ചൂഷണം അവസാനിച്ചിട്ടില്ല. പശ്ചിമബംഗാളിലെ മുപ്പതുകാര്‍ക്ക് അവിടുത്ത ചരിത്രം അറിയില്ല. അവിടം എങ്ങനെയായിരുന്നുെവന്നും ഇപ്പോള്‍ എന്താണെന്നും അറിയില്ല.

 12. രാജേഷ്,
  “പിള്ളേരെ തള്ളി വിട്ടു കല്ലെറിയാന്‍ മാത്രം പ്രേരിപ്പിയ്ക്കുന്ന ക്യാമ്പസ് രാഷ്ട്രീയം കുറെ കണ്ടിട്ടുണ്ട്. കുറെ പൊതു മുതല്‍ നശിപ്പിയ്ക്കം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല. ”
  അതിനും മുന്‍പ് ഒരു സജീവമായ ക്യാമ്പാസ് ഉണ്ടായിരുന്നു കേരളത്തില്‍…… പഴയ ജെ.എന്‍.യു. വിനെയും തോല്‍പ്പിക്കുന്ന ക്യാമ്പസുകള്‍…..

  ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രശ്നമാകുന്നത് ജനപെരുപ്പം ആണ്. കൃഷിയിടങ്ങളും താമസ സ്ഥലങ്ങളും വിട്ടൊഴിയേണ്ട അവസ്ഥ… അത് കൊണ്ട് തന്നെയാണ് ഇന്ത്യയില്‍ മതതീവ്രവാദികളും മാവോയിസ്റ്റുകളും ആയ ക്ഷുദ്രജീവികള്‍ കടന്ന് കയറുന്നത്. അരാഷ്ട്രീയരാക്കി എടുക്കുക എന്നത് അവര്‍ക്ക് കടന്ന് വരുവാനുള്ള അവസരം ഒരുക്കല്‍ തന്നെയാണ്. ഇടത് തന്നെ ചേര്‍ന്ന് പോകണമെന്നില്ലല്ലോ വലതും നടുവും എല്ലാം ഉണ്ടല്ലോ…. ഇവയെ ക്യാമ്പസില്‍ നിന്ന് തുടച്ച് മാറ്റണമെന്ന പ്രചരണം നേരത്തെ സൂചിപ്പിച്ച ക്ഷുദ്രജീവികള്‍ക്ക് വിലസുവാനുള്ള അവസരമാകും…

  പ്രവാസമാണ് കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് പറഞ്ഞത് കേരളത്തില്‍ വരുത്തിവെച്ച സമ്പത്ത് ഘടനയെ കുറിച്ചാണ്. കാര്‍ഷിക/വ്യവസായിക മേഖലയിലൂടെയല്ലാതെ സമ്പത്ത് വന്നതും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ കെട്ടിടങ്ങളില്‍ തളച്ചിടപെട്ടതിനെയും കുറിച്ചാണ്…..

  വോട്ട് രേഖപ്പെടുത്തുന്നത്… ഇന്നത്തെ യന്ത്രം ജനാധിപത്യപരമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പണ്ട് അസാധുവാക്കാമായിരുന്നു. ഇന്ന് പ്രതിഷേധം രേഖപ്പെടുത്തുവാന്‍ വോട്ട് ബഹിഷ്കരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. അത് ജനാധിപത്യത്തിനെതിര് തന്നെയാണ്.

  പിന്നെ ചൈനയില്‍ ഏറ്റെടുക്കലിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ഏറ്റെടുക്കല്‍ നിര്‍ത്തി വെയ്ക്കുകയാണ് ചെയ്തത് എന്ന് നോക്കുക. ഇന്ന് ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഉറ്റ് നോക്കുന്നതും ചൈനയെ തന്നെയാണല്ലോ… യൂറോപ്പില്‍ ചൈന പണമിറകുമെന്ന് കണ്ടപ്പോള്‍ അത് വരെ താഴേയ്ക്ക് പോയിരുന്ന സ്റ്റോക്കുകള്‍ മുകളിലേയ്ക്ക് കയറൂവാന്‍ തുടങ്ങി 🙂

 13. പഴയകാലങ്ങളെ കൊണ്ട് വരാന്‍ സാധിയ്ക്കില്ല . ക്യാമ്പസിന്റെ സുവര്‍ണ്ണകാലങ്ങള്‍ കഴിഞ്ഞു പോയി. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു തരം നിസംഗതയാണ്. ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആധിയാണ് . സര്‍ക്കാരിനു എല്ലാര്ക്കും തൊഴില്‍ കൊടുക്കാന്‍ കഴിയുന്നില്ല . ഇത്രയും ജനസംഖ്യുള്ള നാട്ടില്‍ അത് സ്വാഭാവികം .അപ്പോള്‍ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കാതിരിയ്ക്കണം .രാഷ്ട്രീയക്കാര്‍ക്ക് എന്തിലും അവരുടെ താല്പര്യങ്ങള്‍ കാണും. ജനത്തിന് തൊഴില്‍ വേണം .പഠിച്ചവര്‍ക്ക് അതിനനുസരിച്ചുള്ള … ദന്തഗോപുരങ്ങളില്‍ ഇരുന്നിട്ട് അവരോടു മണ്ണ് കിളച്ചു അധ്വാനിയ്ക്കാന്‍ ആഹ്വാനിയ്ക്കുന്നത് വലിയ പാപം[എന്നാല്‍ ആദര്‍ശം പറയുന്നവര്‍ അതിനു തയ്യാറാകുന്നുമില്ല ]. ആദര്‍ശം കഴിച്ചാല്‍ വിശപ്പുമാറില്ല .ഇന്ത്യയിലെ സിംഹഭാഗം തൊഴിലാളികളും സ്വകാര്യ സ്ഥാനങ്ങളില്‍ ആണ് ജോലി ചെയുന്നത് എന്നോര്‍ക്കണം .പൊതുമേഖല കൊണ്ട് ഒരു രാജ്യത്തിനും ഇന്നത്തെ അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ചൈനയില്‍ നോക്കിയാല്‍ മനസിലാകും ..അവര്‍ വളര്‍ന്ന രീതി [ ‘പൂച്ച കറുപ്പായാലും വെളുപ്പായാലും എലിയെ പിടിച്ചാല്‍ മതി ‘ 🙂 . ]. ചൈനയ്ക്കും ഇന്ത്യയ്ക്കും ജനസംഖ്യയാണ് പ്രശ്നമെന്ന് പല സാമ്പത്തിക വിദഗ്ദ്ധരും ഇന്ന് അംഗീകരിയ്ക്കുന്നില്ല .ജനസംഖ്യയാണ് ഈ രാജ്യങ്ങളുടെ സമ്പദ്ഘടനയുടെ ശക്തി . ലോക ജനസംഖ്യയുടെ പകുതിയോളം വസിയ്ക്കുന്ന ഈ രണ്ടു രാജ്യങ്ങളും
  ലോക സമ്പദ്ഘടനയെ നയിക്കുന്ന കാലമാകാറായി . ഉദാരവല്‍ക്കരനതിനും ആഗോളീകരണതിനും ശേഷമാണ് ഈ പുരോഗതി രണ്ടുരാജ്യങ്ങളിലും വന്നതുഎന്നുകൂടി മനസിലാക്കണം . വികസനത്തിന്‌ സ്ഥലം വേണമെങ്കില്‍ അത് ഒഴിപ്പിയ്ക്കുക തന്നെ വേണമെന്നാണ് എന്റെ പക്ഷം. കാര്‍ഷികം മാത്രം കൊണ്ട് ഒരു രാജ്യത്തിനും വളരാന്‍ കഴിയില്ല. അതിനു വ്യവസായം തന്നെ വേണം. വ്യവസായശാലകള്‍ ഉയരണമെങ്കില്‍ സ്ഥലം വേണ്ടം റോഡുകള്‍ വേണം . എന്നാല്‍ അവസരവാസം കാണിച്ചു ചില പദ്ധതികളെ എതിര്‍ക്കുകയും ചിലതിനെ അനുകൂലിയ്ക്കുകയും ചെയുന്നവരുടെ കൂടെ ഇക്കാര്യത്തില്‍ അനുഭവം പുലര്‍ത്താന്‍ കഴിയില്ല.

  മതവര്‍ഗ്ഗീയ ശക്തികളെ നശിപ്പിയ്ക്കേണ്ടത് വിവധ മതസ്ഥര്‍ ജീവിയ്ക്കുന്ന ഈ നാട്ടില്‍ ആവശ്യമാണ്‌. എന്നാല്‍ എങ്ങനെ അവര്‍ ശക്തിയാര്‍ജ്ജിയ്ക്കുന്നു എന്നിടത്താണ് എനിയ്ക്ക് അഭിപ്രായ വ്യത്യാസം ഉള്ളതു . അരാഷ്ട്രീയവാദികള്‍ ആണ് അതിനൊക്കെ പോകുന്നത് എന്നത് തന്നെ തെറ്റല്ലേ . അതും ഒരു രാഷ്ട്രീയം തന്നെ ..രാഷ്ട്രത്തില്‍ സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം എന്നാണ് അവരുടെ താല്പര്യം. അതും രാഷ്ട്രീയം. തെറ്റായ രാഷ്ട്രീയം. അപ്പോള്‍ അവര്‍ ആരാഷ്ട്രീയര്‍ അല്ല. എന്നാല്‍ നല്ലതാകേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ അപചയം സംഭവിച്ചിട്ടാണ് യുവാക്കള്‍ ഇതിലൊക്കെ ആകര്ഷിയ്ക്കപ്പെടുന്നത് എന്നോര്‍ക്കണം . ജനങ്ങള്‍ അല്ല തിരുതപ്പെടെണ്ടത് ആദ്യം അത് വേണ്ടത് നേതാക്കള്‍ക്കും അവര്‍ എന്തുപറഞ്ഞാലും വേദവാക്യമാക്കുന്ന അണികള്‍ക്കും തന്നെയല്ലേ?. ആര്‍.എസ്.എസ് എന്ന സംഘടന ഇന്ത്യയില്‍ സ്ഥാപിതമായത് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിതമായ കാലത്തൊക്കെ തന്നെയാണ് . ഇവിടെ നല്ല രാഷ്ട്രീയം ഉണ്ടായിരുന്നു എന്ന് പറയുന്ന കാലത്തും അവര്‍ വളരുകയല്ലാതെ തളര്‍ന്നിരുന്നില്ല . അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ ഇടതുപക്ഷം അവരുമായി കൈകോര്‍ക്കുകയും ചെയ്തിരുന്നു .അതായതു മത/ദേശീയതയുടെ വക്താക്കള്‍ക്കു എന്നും ഇവിടെ സാധ്യതകള്‍ ഉണ്ടായിരുന്നു .

  വോട്ട് നമുക്ക് ഇപ്പോഴത്തെ രീതിയിലും അസാധുവാകാം . മഷിപുരട്ടി രേഖകള്‍ എല്ലാം അടയാളപ്പെടുത്തി കഴിഞ്ഞ്ട്ടല്ലേ ഒരാള്‍ വോട്ട് ചെയുന്നത്. ആ സമയം വോട്ടര്‍ പറയുന്നു എനിയ്ക്ക് വോട്ട് ചെയാന്‍ താല്പര്യം ഇല്ല എന്ന്. അപ്പോള്‍ എന്ത് ചെയും.?. പിന്നെ എല്ലാ പോളിംഗ് ബോത്തിലും ഒരു ഫോം ലഭിയ്ക്കും എന്ന് പറഞു കേട്ടിട്ടുണ്ട്.

 14. ആഗോളീകരണ കാലത്തെ സാമ്രാജ്യത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ എഴുത്തുകാര്‍ തയ്യാറാകണം
  തീര്‍ച്ചയായും ഷംസിക്ക സുചിപ്പിച്ചപോലെ എഴുത്തുകാര്‍ മൌനം വെടിയേണ്ട സമയം അതിക്രമിച്ചു
  ആശയപരമായ അടിത്തറയും ജനസേവനത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനവും ഉള്ള രാഷ്ട്രീയ പാര്‍ടികള്‍ ജനാധിപത്യ രാജ്യത്തിന്‍റെ ശക്തി തന്നെ
  അരഷ്ട്രീയ വാദികള്‍ക്ക് വെക്തമായ അജണ്ട ഉള്ളവരാണ് അരാഷ്ട്രീയ വാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ നമ്മുടെ രാജ്യത്തിനെ വീണ്ടും ഒരു ഇരുണ്ട യുഗത്തിലെക്കാന്
  നയിക്കുനത് . വിദ്യാലയങ്ങളില്‍ ജാതി മത ശക്തികളുടെ കടന്നുകയറ്റം രാഷ്ട്ര സ്നേഹം ഇല്ലാത്ത സങ്കടനാ ബോധം ഇല്ലാത്ത ഒരു വരും തലമുറയാണ് സൃഷ്ട്ടിക്കപെടുന്നത്.

  ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലുകള്‍ രാഷ്ട്രീയ കക്ഷികള്‍ തന്നെ അതിനു യാതൊരു സംശയവും വേണ്ട …ഷംസിക്ക അരാഷ്ട്രീയ വാദത്തിനെതിരെ താങ്കളുടെ തൂലിക ഇനിയും ചലിക്കട്ടെ …ഭാവുകങ്ങള്‍….

 15. രാഷ്ട്രീയത എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് എതിര്‍ കക്ഷികളെ വകവര്തുകയും, പൊതുമുതല്‍ നശിപ്പിക്കലും , ജന ജീവിതം ദുസ്സഹം ആക്കലും അല്ല. നേരെമറിച്ച് രാഷ്ട്രത്തെയും രാഷ്ട്രത്തിലെ ജനങ്ങളെ സേവിക്കലും, സ്നേഹിക്കലും ആണ്. ഇവിടെ ചിലര്‍ മനസ്സിലാക്കിയിരിക്കുന്നതു പോലെ അഴിമതിയില്‍ അടിമുടി ആടി തിമര്‍ക്കുകയും, ജനങ്ങളെ വര്‍ഗ്ഗവും ജാതിയും തിരിച്ചു വോട്ടു തട്ടുകയും ചെയ്തു , രാഷ്ട്ര താല്‍പര്യങ്ങളെ ബലികഴിച്ചു നടത്തുന്ന മൂന്നാംകിട പ്രവര്‍ത്തനമല്ല. രാജ്യം എന്നത് കൊടിയും തോരണവും ചിഹ്നങ്ങളും അല്ല, പച്ചയായ ജീവിതങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ ആണ്.

  അരാഷ്ട്രീയ വല്‍ക്കരണം നടത്തുന്നത്, സാമ്രാജ്യത്വവും അവയുടെ ഉപോല്‍പ്പന്നമായ മുതലാളിത്വവും ആണ്. ഉപഭോഗ സംസ്കാരം സൃഷ്ടിച്ചുകൊണ്ട് എന്തും സുഖത്തിനു വേണ്ടിയുള്ളത് ആണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അരാഷ്ട്രീയ വല്ക്കരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ ലേഖകന്‍ കാണാതെ പോകുന്നത് ശുഭോതര്‍ക്കമല്ല. മദ്യവും , മധിരാക്ഷിയും , മയക്കുമരുന്നും അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ കൊടിവാഹകര്‍ ആണ്, ചുവന്ന തെരുവുകള്‍ക്കും, ചായക്കട പോലെ മധ്യഷാപ്പുകള്‍ക്കും അനുവാതം നല്‍കുകയും ഭാരതീയ സംസ്ക്കാരത്തിന്റെ അടിവേര് അറുക്കുന്ന സംസ്കാരശൂന്യമായ ലൈംഗിക അഭാസങ്ങള്‍ക്ക് തടയിടാതിരിക്കുകയും ചെയ്താല്‍ അരാഷ്ട്രീയ വല്ക്കരന്ത്തിനു വേറെ കാരണം അന്നെഷിച്ചു പോവേണ്ടതില്ല. രാജ്യത്തിന്‌ വേണ്ടി അധ്വാനിക്കേണ്ട യുവസമൂഹം മേല്‍ പറഞ്ഞവയുടെ കൂടെ പോകും എന്നത് കാലം സാക്ഷിയാണ് . രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പ്രസ്താവിച്ച നബി വര്യന്റെ അനുയായികള്‍ മുതലാളിത്തത്തിന്റെയും സാമ്രാജ്യത്ത്വത്തിന്റെയും ഉപോല്‍പ്പന്നമായ തീവ്രവാതത്തിലെക്കും വിധ്വംസന പ്രവര്‍ത്തനങ്ങളിലേക്കും വഴുതിവീഴുന്നത് അപകടകരമാണ്. അതിനു തീവ്രവാത ഉല്‍പാതക രാജ്യമായ പാക്കിസ്ഥാനും ഉറ്റസുഹൃത്തും ലോക പോലീസുമായ അമേരിക്കയും എല്ലാ ഒത്താശയും ചെയ്യുന്നത് നാം കാണാതെ പോകരുത്.

 16. അരാഷ്ട്രീയവത്കരണം എന്നാല്‍ non-politicalization അല്ല, apoliticization ആണ്. അവിടെ ഒരു രാഷ്ട്രീയം ഉണ്ട്. ചിലര്‍ അറിഞ്ഞും ചിലര്‍ അറിയാതെയും ഇതിന്റെ ഭാഗമായ്ത്തീരുന്നു. യഥാര്‍ത്ഥ രാഷ്ട്രീയപ്രശ്‌നം മനുഷ്യന് ജീവിക്കാനുള്ള വിഭവങ്ങള്‍ ഉണ്ട്, അത് ചിലര്‍ കൈയടക്കിവെച്ചിരിക്കുന്നുവെന്നതാണ്. അവിടെ തുടങ്ങുകയോ അതിലെത്തിച്ചേരാതിരിക്കുകയോ ചെയ്യാത്ത ഏത് മാര്‍ഗ്ഗവും പരാജയമടയും. ഏതെങ്കിലും ഒരു നേതാവ് നല്ല വസ്തരം ധരിക്കുന്നുണ്ടോ എന്നതൊന്നുമല്ല പ്രശ്‌നം. മതജാതി വിഭജനങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയവും എല്ലാം ഈ അടിസ്ഥാനപ്രശ്‌നത്തെ അവഗണിക്കാനുള്ള അടവുകളാണ്. മതത്തിന്റെ സ്വാഭാവികമായ ചോദ്യം മരിക്കണ്ടേ എന്നാണ്, ജീവിക്കുകയെന്നതാണ്, അതിന് അവസരമുണ്ടാ്കകുകയെന്നതാണ് രാഷ്ട്രീയത്തിന്റെ പണി. മരണാനന്തരജീവിതമാണ് മതത്തിന്റെ നിയോജകമണ്ഡലം.

Leave a Reply

Your email address will not be published.


*


*