റെഡ് മാർക്ക് വീണ പ്രോഗ്രസ്സ് ഡയറി -എൻ.വി.വിൽസ്

അപർണ്ണ തൻ്റെ നെഞ്ചുലച്ച വിങ്ങലുകൾ ഇറക്കി വെക്കുക തൻ്റെ സ്വകാര്യ ഡയറിയിൽ ആവും. അതും ചുവന്ന മഷിയാൽ .
കരച്ചിലിൻവക്കോളമെത്തിയ ജീവിതത്തെ ഒരൊറ്റ വിങ്ങലിൽ ഒതുക്കിയുള്ള ഈ കുത്തികുറിക്കലുകൾക്കു അവളൊരു പേരും ചാർത്തി .
“റെഡ് മാർക്ക് വീണ പ്രോഗ്രസ്സ് ഡയറി ”
വിജനത മൂടിയ കെമിസ്ട്രി ലാബിൻ ഓരത്തെ പുളിമര ചോട്ടിൽ പ്രണയാർത്ഥികൾ മൂട് താങ്ങി വെളുപ്പിച്ച ഏതെങ്കിലുമൊരു കൽ കെട്ടിലിരുന്നാവും അപർണ്ണ മിക്കവാറും തൻ്റെ ഉള്ളു തുറക്കാറ്.
ഹൈഡ്രജൻ സൾഫൈഡിന്റെ ചീഞ്ഞ നാറ്റമുള്ള വിജനതയിൽ അടിഞ്ഞുകൂടുന്ന പ്രണയ സംയുക്തങ്ങൾ .
മാറിൽ ബലമായി അടർത്തപ്പെട്ട കരങ്ങളെ അടർത്തി മാറ്റി കണ്ണീരിൻ നനവുമായി എങ്ങോട്ടോ ഓടി മറയുന്നവർ,
ഇനിയും ചുംബിച്ചു കൊതി തീരാത്തവർ ,
കൃത്രിമ പരിഭവങ്ങളെ കൂട്ടുപിടിച്ചു അമർത്തപ്പെട്ട ചുംബനങ്ങൾക്കു കീഴടങ്ങിയവർ .
ഇവരുടെ ഇടയിൽ നിന്നും അപർണ്ണ എന്നോടായി ഒരു ചോദ്യം .
“ഇതിലേതാവും ഞാനും നീയും ..?”
ചോദ്യം ഞാൻ നെഞ്ചിലേറ്റിയെങ്കിലും ഉത്തരം തേടി മനസ്സുകൊണ്ട് അലഞ്ഞു .
എൻ്റെ വൈഷമ്മ്യം കണ്ടാവണം അപർണ്ണ തന്നെ ഒടുവിൽ ഉത്തരവും തന്നു .
“അർത്ഥമില്ലാത്ത വാചകങ്ങൾ ഉരുവിട്ടൊടുവിൽ കണ്ണീരും കൈയുമായി മടങ്ങാനാവും എനിക്കും നിനക്കും വിധി ,,”
സമയമേറിയതും മനസ്സില്ലാ മനസ്സോടെ ഒരു മടക്കയാത്ര . അതും പ്രണയാർത്ഥികൾ ചവിട്ടി തെളിച്ച കോളേജിന് പിന്നിലെ കമ്മ്യൂണിസ്റ്റ് പച്ച പടർന്ന ഊടുവഴിയിലൂടെ .
മുമ്പിലും പിമ്പിലുമായുള്ള മടക്കയാത്രക്കിടയിൽ അപർണ്ണ തിരിഞ്ഞു നിന്നൊരു ചോദ്യം .
“ഒരു സിഗരറ്റ് വലിക്കുമോ ..?”
ആകാംഷ ഭാവത്തിലുള്ള എൻ്റെ നോട്ടം കൊണ്ടതും അപർണ്ണ അപേക്ഷ ഭാവത്തിൽ ചുണ്ടുകളനക്കി .

“ഈ ഒരൊറ്റ തവണ മാത്രം ..”
പതിവായി സർബത്ത് കുടിക്കാറുള്ള ജോസേട്ടന്റെ കടയിൽ നിന്നും ഒരു വിൽസും വാങ്ങി അപർണ്ണയോടൊത്ത് കട വരാന്തയുടെ ഒഴിഞ്ഞ കോണിലേക്ക്.
ആദ്യ പുകച്ചുരുൾ ശ്വാസ നാളത്തിൽ കുരുങ്ങി വട്ടം കറങ്ങി . ദീർഘമായി ചുമച്ച് കണ്ണുകൾ നിറഞ്ഞതും അപർണ്ണയുടെ വക സ്വാന്തനം .
” സാരമില്ല , ആദ്യമായതിനാലാവാം …”
ശ്വാസനാളത്തിലേക്കു ആയാസപ്പെട്ട് ഞാൻ പുക നിറക്കുമ്പോൾ അപർണ്ണ പതിയെ എന്റെ അരികിലേക്ക് .
ഒന്ന് രണ്ടു പഫ് അപർണ്ണയുടെ മുഖത്തേക്ക് ചിതറിയതും കണ്ണുകളടച്ച് അവൾ പതിയെ പൊറുപൊറുത്തു.
” അപ്പന്റെ അതേ മണം”
ആദ്യ പുക എടുത്തതിന്റെ ഹാങ്ങോവറിൽ ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറും കടന്ന് നഗര മധ്യത്തിലെ മാർക്കറ്റിലൂടെ ബസ് സ്റ്റാൻഡിൽ എത്തിയതും കോട്ടയം – ചെങ്ങന്നൂർ ഓർഡിനറി ബസ് ഞങ്ങളെ കാത്ത് വടക്കെ കോണിൽ.
മത്സരബുദ്ധി ഇല്ലാതെ ചെറുതും വലുതുമായ എല്ലാ സ്റ്റോപ്പുകളിലും തൻ്റെ സജീവ സാന്നിധ്യം അറിയിച്ചു ബസ് ഇഴഞ്ഞു .
ഞങ്ങളിരുവരും പതിയെ പുറം കാഴ്ചകളിലേക്ക് .
ഇടക്ക് എപ്പോഴോ വിജനമായ വെയ്റ്റിംഗ് ഷെഡുകൾ ദൃഷ്ടി പഥങ്ങളിൽ തെളിയുമ്പോൾ അപർണ്ണ പതിയെ എൻ്റെ കൈകളിൽ നുള്ളി പറഞ്ഞു.
” നമുക്ക് ചേക്കേറാൻ പറ്റിയ ലോകം ”
ഇടക്ക് എപ്പോഴോ കാഴ്ച്ചകൾ മനസ്സ് മടുപ്പിച്ചപ്പോൾ അപർണ്ണ പതിയെ എൻ്റെ ചുമലിലേക്ക് .
പിന്നെ ഇന്ന് എപ്പോഴോ എവിടെ വെച്ചോ പാതി നിന്നുപോയ അവളുടെ പതിവ് നെടുവീർപ്പുകൾ എന്നിലേക്ക്‌ .
“ഇന്നലെയും അപ്പൻ നാല് കാലിലാ വന്നത് . അപ്പനെ പേടിച്ചു ‘അമ്മ അടുക്കള കോണിലെവിടെയോ ചുരുണ്ടു . പാതിരാത്രിയിൽ അമ്മയാണെന്ന് കരുതിയാവും അപ്പൻ എൻ്റെ അരുകിൽ വന്നത് . നെഞ്ചൊന്നു കാളി ഞാൻ അപ്പാ എന്നൊന്ന് വിളിച്ചതും അടി തെറ്റിയ കാലടികളുമായി അപ്പൻ ഒന്നും പറയാതെ ഇറങ്ങി പോയി .”
ഒരു കൈ താങ്ങിനായി അപർണ്ണയുടെ കൈകൾ എന്നിലൂന്നിയതും അവളുടെ നെഞ്ചുരുക്കങ്ങളിൽ ഞാൻ പതിവ് പോലെ നനഞ്ഞു .ചേർത്ത് പിടിക്കാനല്ലാതെ ഒന്നും ചെയ്യാനാവാത്ത പതിവ് നിസ്സംഗതക്കിടയിൽ ബസ് ചെങ്ങന്നൂരെത്തിയിരുന്നു
പിന്നെ കണ്ണുകൾ തുടച്ച് ഇരുട്ട് വീണതിന്റെ വെപ്രാളത്തിൽ ബസ്സിറങ്ങി അപർണ്ണ ഒരോട്ടമായിരിന്നു വീട്ടിലേക്ക്.
രാത്രിയിൽ ദേഹം നനച്ച് സന്ധ്യ ജപത്തിനായി പുറപ്പാട് പുസ്തകത്തിന്റെയും, യോഹന്നാന്റെയും ഓരോ അദ്ധ്യായങ്ങളുടെ ഇന്നലത്തെ തുടർച്ചകളുടെ പതിവ് പാരായണം എൻ്റെ വക .
പഴയ നിയമത്തിന്റെയും, പുതിയ നിയമത്തിന്റെയും ജനറേഷൻ ഗ്യാപ്പിനിടയിലായി അന്ന് ഞാൻ പതിവില്ലാതെ കർത്താവിന്റെ മുൻപിൽ ഒന്ന് മുട്ട് കുത്തി .
അപേക്ഷകൾക്ക് പഞ്ഞമില്ലാത്തതിനാലാവാം തെറ്റുകളുടെ പ്രായശ്ചിത്തം പ്രാർത്ഥനകൾക്ക് ഒടുവിലായത്.
കുരിശു വരച്ചോടുവിൽ പ്രാർത്ഥന പുസ്തകം മടക്കുമ്പോഴായിരുന്നു മേശവലിപ്പിരന്നു ഫോൺ
വൈബ്രേറ്ററിൽ തുള്ളിയത് . അത് അപർണ്ണ ആയിരുന്നു .
പതിഞ്ഞ ശബ്ദത്തിനു വല്ലാത്ത പതർച്ച .
ശ്വാസഗതികളുടെ ഉയർച്ച താഴ്ച്ചകൾക്കിടയിൽ പറയാൻ വിമ്മിഷ്ടപെടുന്ന എന്തോ ഒന്ന് .
വാക്കുകളുടെ തുടർച്ച വിറയലാൽ ബന്ധം വേർപെട്ട് അവ്യക്തതയിലേക്കു നീങ്ങി .
ഒടുവിലൊരു വിധം അപർണ്ണ ഉള്ളൊന്നു തുറന്നതും ഞാൻ പകച്ചു പോയി .
” ലഹരിയുടെ കൂട്ടുമായി അപ്പൻ എൻ്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു.
തൊണ്ട വരണ്ടു ഞാൻ ചോദിച്ചു .
” അമ്മയെവിടെ ?”
അപ്പനെ പേടിച്ച് അമ്മ വെറും രണ്ടക്ഷരമായി അടുക്കളയിൽ എവിടെയോ ചുരുണ്ടു .അമ്മയുടെ കണ്ണീരൊപ്പാൻ അമ്മക്കൊരു വെള്ള തോർത്തുണ്ട് . അത് പോരെ.”
കൂജയിൽ നിന്നും വെള്ളം വായിലേക്ക് കമഴ്ത്തി വരണ്ട തൊണ്ട ഞാൻ നനച്ചു .
പിന്നെ വെട്ടു വഴികളിലൂടെ, ചെറു മഴ ശേഷിപ്പിച്ച ചെറു തണുപ്പിലൂടെ ഞാൻ നടന്നു .
ഒടുവിൽ ഇടത്തോട് താണ്ടി യാത്ര ഒടുങ്ങിയത് ജനലോരത്ത് എന്നെ കാത്ത് നിൽക്കുന്ന ഉരുകിയ രൂപത്തിൻ മുൻപിൽ .
കതകിൽ അപ്പന്റെ മുട്ടലുകൾ, നാക്കു കുഴഞ്ഞ പൊറുപൊറുക്കലുകൾ .
അപ്പൻ ഇന്ന് ആദിമ സംസ്കാരം പിച്ചവെച്ച നാളിലെ പ്രാകൃത മനുഷ്യനായതിന്റെ നെഞ്ചുരുക്കത്തിൽ അപർണ്ണയുടെ കണ്ണുകൾക്ക് വല്ലാത്ത ചുവപ്പ് .
ആധി പൂണ്ട് അപർണ്ണ മുറിയിലൂടെ തലങ്ങും വിലങ്ങും നടക്കുമ്പോൾ ചോദിക്കുന്നുണ്ടായിരുന്നു .
” നിനക്ക് എത്ര നാൾ എന്നെ ഇങ്ങനെ ചേർത്ത് പിടിക്കാനാവും ..?”
സമയമേറിയതും വാതിലുകൾ ഇളകി തെറിക്കുമെന്നായപ്പോൾ അപർണ്ണ പതിയെ പിൻ വാതിൽ പതിയെ തുറന്ന് പുറത്തേക്ക്.
കൂട്ടിന് തൻ്റെ ” റെഡ് മാർക്ക് വീണ പ്രോഗ്രസ്സ് ഡയറിയും .”
ആണ്ടു പിറപ്പിന്റെ പന്ത്രണ്ടാം മണി നേരം ഞാനും അപർണ്ണയും നടക്കുകയായിരുന്നു ഇന്നൊരു രാത്രി വെളുപ്പിക്കാനായി .
ദൃഷ്ടി പഥങ്ങളിൽ ഒരു വെയ്റ്റിംഗ് ഷെഡ് തെളിയും വരെ ഞങ്ങളിരുവരും നടന്നുകൊണ്ടിരുന്നു .
യാത്രക്കിടയിൽ എപ്പോഴോ തൻ്റെ “റെഡ് മാർക്ക് വീണ പ്രോഗ്രസ്സ് ഡയറി ” കുറ്റിക്കാടുകൾക്കിടയിലെ ചതുപ്പിലേക്കു വലിച്ചെറിയുമ്പോൾ അപർണ്ണ പറയുന്നുണ്ടായിരുന്നു .
” വെറുതെ കണ്ണീരു വീഴ്ത്തി അക്ഷരം പടർത്താമെന്നല്ലാതെ.
10407069_758379934247723_6858588843550917911_n

Be the first to comment

Leave a Reply

Your email address will not be published.


*


*