പാഴ് കിനാവുകൾ- അബുവസീം വളപട്ടണം

മണ്ണിലാഴത്തിലാണ്ട വേരുകൾ
പെയ്തിറങ്ങുന്ന മഴയെ കൊതിക്കും ..
വസന്തവും ശിശിരവും ഹേമന്തവും
ഋതുക്കളായ് വിരുന്നു വരും ….
ഇലപൊഴിക്കും മരങ്ങൾ
ഇനിയും തളിർക്കും പൂക്കും …
വിശപ്പിനെ തേടുന്ന ചൂണ്ടകൾ
ഇരയെ തിരയുന്ന പരൽ മീനുകൾ …
മണലിൽ പുതഞ്ഞു കടൽ തീരത്ത്
ഒരിക്കലും മുഴങ്ങാത്ത ശംഖുകൾ ….
ഈടുവെച്ച കനകം പോലെ
തിരിച്ചെടുക്കാനാവാതെ പ്രണയം …
പകൽ നരച്ച ആകാശം പോലെ
നിറം കെട്ട് പോയ കിനാവുകൾ ….
ഒരുനാൾ നിന്റെ തലയ്ക്കൽ
നിന്നോടൊപ്പമെന്നഭാവത്തിൽ
പരിചിത ഭാവം നടിച്ച്
വേലിക്കലെ മൈലാഞ്ചിക്കൊമ്പ് .
എല്ലാം നീ കാത് കൂർപ്പിച്ച്
കേൾക്കണം
കടൽ തീരത്തിരുന്ന്
പടിഞ്ഞാറൻ കാറ്റിന്റെ
ലഹരി മോന്തണം …
എന്നിട്ട് ആകാശത്തേക്ക് നോക്കി
ആ ചുവന്ന നക്ഷത്രങ്ങളെ
എണ്ണി തിട്ടപ്പെടുത്തണം
കാലിൽ ഇപ്പൊ ആ
പൊന്നിൻ ചിലമ്പല്ല
ചൂളയിൽ വെന്തുടഞ്ഞ
കാരിരുമ്പിന്റെ
ചങ്ങലയാണ്
നിന്റെ തിരക്കൊഴിഞ്ഞ നേരത്ത്
നീ എന്നെയൊന്ന്
തിരയണം , അപ്പോ
നിനക്കെന്നെ കാണാം
മഴക്കനം പെയ്‌തൊഴിച്ച
മേഘത്തെ പോലെ
ആകാശത്ത് കാറ്റിനോടൊപ്പം
അലിഞ്ഞില്ലാതാകുന്ന
എന്നെ …………………..
18058041_1902554059991242_7877010695858051325_n

1 Comment

  1. മനോഹരമായ വരികൾ.. അർത്ഥം പേറുന്ന ചിത്രശകലങ്ങൾ.. ഒരു കാലിഡോസ്കോപ്പ് പ്രദാനംചെയ്യുന്ന സങ്കീർണ്ണമായ ഡിസൈനുകൾ പോലെ..ആശംസകൾ.

Leave a Reply

Your email address will not be published.


*


*