സെമിത്തേരിയിലെ വിരഹപ്പക്ഷികൾ -എബ്രഹാം കുറ്റിക്കണ്ടത്തിൽ

പതിനേഴാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു കഥയെഴുതുവാനുള്ള ഒരുക്കത്തോടെ ഞാനിരുന്നു . രാവേറെ വൈകിയിരുന്നു . താഴെ പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നഗരം. കഥാപാത്രങ്ങളെ ആവാഹിച്ച മനസ്സ് വിരൽത്തുമ്പിലൂടെ അവയ്ക്ക് ജന്മം നൽകുവാൻ തയ്യാറായി. പെട്ടെന്നാണ് രണ്ടുപേരെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് . മധ്യ വയസ്സ് പിന്നിട്ട ഒരു പുരുഷനും സ്ത്രീയും. പെട്ടന്നവരെ കണ്ടപ്പോൾ കുറച്ചു പരിഭ്രമം ഉണ്ടായെങ്കിലും വളരെ വേഗം ഞാനവരെ തിരിച്ചറിഞ്ഞു . ഞാനെഴുതുവാൻ തുടങ്ങുന്ന കഥയിലെ കഥാപാത്രങ്ങൾ .എന്റെ മനോവ്യാപാരങ്ങളിൽ അനേക ദിവസങ്ങൾ ജീവിച്ചവർ . അവർ മുഖവുരയൊന്നും കൂടാതെ ഏക സ്വരത്തിൽ പറഞ്ഞു .”ഏയ് കഥാകൃത്തെ , ഞങ്ങളുടെ കഥ ഞങ്ങൾ തന്നെ പറയാം , താങ്കൾ എഴുതി ബുദ്ധിമുട്ടേണ്ട , വെറുതെ കേട്ടുകൊണ്ടിരുന്നാൽ മതി “.ആ നിർദ്ദേശം എനിയ്ക്കും സൗകര്യപ്രദമായതു കൊണ്ട് മറുത്തൊന്നും പറയാതെ ഞാൻ കസേരയിലേക്ക് ചാരിയിരുന്നു .
പുരുഷ കഥാപാത്രം അദ്ദേഹത്തിന്റെ കഥ പറഞ്ഞു തുടങ്ങി .

” ഞാൻ ആന്റണി . ആലീസിനെ ഞാൻ ആദ്യമായി കാണുന്നതും സംസാരിയ്ക്കുന്നതും പള്ളി സെമിത്തേരിയിലേക്ക് ഇറങ്ങുന്ന കൽപടവുകളിൽ വെച്ചാണ്.
.മാർബിൾ ഫലകങ്ങളിലെ നിറം മങ്ങിത്തുടങ്ങിയ അക്ഷരങ്ങളിൽ മാത്രം അസ്തിത്വമുള്ളവരുടെ മൂകലോകത്തു വെച്ച് പരസ്പരം പരിചയപ്പെടുന്നവർ വിരളമാണല്ലോ .ഉദയ സൂര്യന്റെ ചുവന്നു മെലിഞ്ഞ വിരലുകൾ പരേതരുടെ കുടുംബ മഹിമയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിയ്ക്കാതെ എല്ലാ കുഴിമാടങ്ങളിലും ചിത്രപ്പണി ചെയ്യുന്ന ഒരു പ്രഭാതത്തിൽ സാരിത്തലപ്പ് കൊണ്ട് തല മൂടിയ ഒരു സ്ത്രീ സെമിത്തേരിയിലേക്ക് ഇറങ്ങിപ്പോകുന്നത് പള്ളി മുറ്റത്ത് നിന്നിരുന്ന ഞാൻ വ്യക്തമായിക്കണ്ടിരുന്നു .എന്നോടൊപ്പം കുർബ്ബാനയിൽ പങ്കെടുത്തു കാഴ്ചയപ്പവും ഭക്ഷിച്ചു പുറത്തേക്കിറങ്ങുന്നതു വരെ അവരെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല . അഞ്ഞൂറിൽ കൂടുതൽ
കുടുംബങ്ങളുള്ള പള്ളിയാണ് .ഞാൻ വിദേശത്തു നിന്ന് തിരിച്ചെത്തിയിട്ട് ഏറിയാൽ രണ്ടു വർഷമല്ലേ ആയുള്ളൂ താനും .

.അതുകൊണ്ടു തന്നെ എനിയ്ക്കറിയാത്ത എത്രയോ പേർ ഈ പള്ളിയിലുണ്ടാകും എന്നു ഞാൻ ചിന്തിച്ചു .പക്ഷെ ഇത്ര പുലർച്ചെ സെമിത്തേരിയിലേക്ക് നടന്നു പോകുന്ന അവർ ആരായിരിയ്ക്കും ? ആരുടെ കുഴിമാടം ലക്ഷ്യമാക്കിയായിരിയ്കും അവർ പോകുക ? ഭർത്താവിന്റെയോ അതോ മക്കളുടെയോ ? ഒരു പക്ഷെ ഏറെ നാളുകൾക്കു മുമ്പ് മരിച്ചു പോയ മാതാപിതാക്കളുടേതും ആയിരിയ്കാം . അതറിയാനുള്ള സ്വാഭാവികമായ ഒരാകാംക്ഷ എന്നിലുണ്ടായി .

അൽപ്പ നേരം കൂടി അവിടെ നിന്നിട്ട് ഞാനും സെമിത്തേരി ലക്ഷ്യമാക്കി നടന്നു .ജീവിത യാത്ര പോലെ നീളമുള്ള കൽപ്പടവുകളിലൂടെ ശ്രദ്ധയോടെ ഓരോ ചുവടും വെച്ചു .എന്റെ പ്രിയപ്പെട്ടവൾ ഉറങ്ങുന്ന ആറടി മണ്ണും അതിന് മീതെ തിളങ്ങുന്ന മാർബിൾ ഫലകവും ദൂരെ നിന്ന് കണ്ടു .

.അപ്പോഴാണ് സെമിത്തേരിയിലേക്ക് ഇറങ്ങിപ്പോയ സ്ത്രീ തിരിച്ചുകയറി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് . തല മൂടിയിരുന്ന സാരിത്തലപ്പ് തോളിലേക്ക് മാറ്റിയിട്ടിരുന്നു . അവിടവിടെയായി നര കയറിയ മുടി . ഈറനണിഞ്ഞ കണ്ണുകൾ കട്ടിക്കണ്ണടയിലൂടെ അവയ്ക്തമായികാണാം .മുഖാഭിമുഖമായി വന്നപ്പോൾ ഞാൻ അവരെയൊന്നു നോക്കി . അവർ അത് ശ്രദ്ധിയ്ക്കാതെ പള്ളിമുറ്റത്തേക്ക് നടന്നു നീങ്ങി .ഒരു പക്ഷെ അവരും എന്നെപ്പോലെ ഇണ നഷ്ടപ്പെട്ട വിരഹപ്പക്ഷി ആയിരിയ്ക്കാം എന്ന് ഞാൻ ഊഹിച്ചു .
ഞാൻ ഭാര്യയുടെ കബറിടത്തിന് മുന്നിൽ അൽപ്പനേരം നിന്നു .കൈയ്യിൽ കരുതിയിരുന്ന പുഷ്പമെടുത്തു അവളുടെ മരിയ്ക്കാത്ത ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചു .
ഞാൻ വരുന്ന എല്ലാ ദിവസങ്ങളിലും അതെന്റെ പതിവായിരുന്നു .
. ആറു മാസം മുമ്പ് വരെ സ്ഥിരമായി ഇവിടെ വന്നിരുന്നു .ഇപ്പോൾ വരവിന്റെ എണ്ണം കുറഞ്ഞു വരുന്നു എന്നെനിയ്ക്കു തോന്നുന്നു .ശരീര ക്ഷീണം കൂടി വരികയല്ലേ , പാർട്ടൈം വേലക്കാരി വെച്ചുണ്ടാക്കുന്നതെന്തും കഴിച്ചു ജീവിയ്ക്കേണ്ട അവസ്ഥയിൽ രോഗം കൂട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

മുപ്പതു വർഷത്തെ ഒറ്റയ്ക്കുള്ള പ്രവാസ ജീവിതം പണത്തോടൊപ്പം എനിയ്ക്ക് നേടിത്തന്നത് അസുഖങ്ങളുടെ ഒരു പർവതം തന്നെയായിരുന്നു . നാല് പേർ അന്തിയുറങ്ങുന്ന മുറിയിൽ പെണ്ണിന്റെ ചൂടോ ചൂരോ അറിയാതെ , ഭാര്യയുടെ സ്നേഹവും കരുതലും കിട്ടാതെ , അവളെ അറിയുവാനോ പ്രീതിപ്പെടുത്തുവാനോ കഴിയാതെ ജീവിച്ചു തീർത്ത മുപ്പതു വർഷങ്ങൾ . രണ്ടു വർഷത്തിലൊരിയ്ക്കൽ മാത്രം മനസ്സും ശരീരവും ഒന്നാകുന്ന കുറെ ദിവസങ്ങൾ .തടവുകാരന്റെ പരോൾ പോലെ പെട്ടെന്ന് കടന്നുപോയി വീണ്ടും മടക്ക യാത്ര . അതിനിടയിൽ എപ്പോഴോ ഒരു പെൺകുഞ്ഞും പിറന്നു . നെഞ്ചിലെരിഞ്ഞ കനലുകൾ ക്രെമേണ അവളെയൊരു ഹൃദ്രോഗിയാക്കി മാറ്റിയിരുന്നു .

അറുപതിന്റെ നിറവിൽ എന്നേക്കുമായി നാട്ടിലെത്തിയതിന്റെ മൂന്നാം നാൾ മകളെയും കുടുംബത്തെയും കാണുവാൻ ബംഗളുരുവിലേക്ക് പോകുവാൻ തയ്യാറായി ഉറങ്ങാൻ കിടന്നതാണ് എന്റെ ഭാര്യ . ആ സമയത്തൊന്നും ഒരിയ്ക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൾ വീണു പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല . എല്ലാം ദൈവനിശ്ചയം എന്നാശ്വസിയ്ക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല .

വീട്ടിലേക്കുള്ള മടക്ക യാത്രയിൽ എന്റെ ചിന്ത മുഴുവൻ സെമിത്തേരിയുടെ കൽപ്പടവുകളിൽ കണ്ടു മുട്ടിയ സ്ത്രീയെക്കുറിച്ചായിരുന്നു . പിറ്റേന്ന് എന്റെ മനസ്സ് അവളെ പ്രതീക്ഷിച്ചു എന്ന് തന്നെ പറയാം . കാലുകൾ പടവുകളിൽ നിശ്ചലമായി . തലയിൽ സാരിത്തലപ്പിട്ട സ്ത്രീ പടികളിറങ്ങുന്നത് ഞാൻ കണ്ടു . അവർ അടുത്തെത്തിയതും മനസ്സിന്റെ നിറവിൽ നിന്നും എന്റെ അധരം സംസാരിച്ചു .
“ഇന്നലെയും കണ്ടല്ലോ , ആരാ ഇവിടെ ”
ചുണ്ടുകൾ കടിച്ചു പിടിച്ചു മുഖമുയർത്താതെ അവർ പറഞ്ഞു .
”ഭർത്താവാ “.
പിന്നീടൊന്നും സംസാരിയ്ക്കാതെ അവർ തന്റെ പാതി ജീവിതമായിരുന്നവൻ എന്നേക്കുമായി ഉറങ്ങുന്ന കുഴിമാടത്തെ ലക്ഷ്യമാക്കി നടന്നു . ഞാനും അവരുടെ പിന്നാലെ പടികളിറങ്ങി .

അവർ കൈയ്യിലുണ്ടായിരുന്ന മെഴുകുതിരി കത്തിച്ചു കബറിടത്തിലേക്ക് വെച്ചിട്ട്
ഏറെ നേരം കണ്ണുകളടച്ചു നിന്നു .അവരെ മാത്രം നോക്കിക്കൊണ്ട് ഭാര്യയുടെ കുഴിമാടത്തിനരുകിൽ ഒരു ശില പോലെ ഞാനും നിന്നു . ദിവസങ്ങൾ ഏറെ കടന്നു പോയി .
ഇപ്പോൾ അതൊരു ദിനചര്യയായി മാറിയിരിയ്ക്കുന്നു . എന്നും പരസ്പരം കാണും . പുഞ്ചിരിയ്ക്കും .ഏറിയാൽ ഒന്നോ രണ്ടോ വാക്കുകൾ ഉരിയാടും “.

ആന്റണി ഒരുവേള നിശബ്ദനായി അവരുടെ മുഖത്തേക്ക് നോക്കി . ആ സമയം ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയുടെ വാതിലിൽ ചാരിനിന്നു .അപ്പോൾ സ്ത്രീ കഥാപാത്രം സംസാരിച്ചു തുടങ്ങി

” ഞാൻ ആലീസ് . ദുഃഖം പേമാരിയായി പെയ്തിറങ്ങിയ ഒരു സന്ധ്യാനേരം താലികെട്ടിയവൻ തനിച്ചാക്കിയിട്ട് പോയപ്പോൾ എന്റെ ലോകം അവസാനിച്ചതാണ് . പിതാവിനെയും മാതാവിനെയും ബഹുമാനിയ്ക്കണമെന്ന നാലാം കൽപ്പന ലംഘിച്ചു ആരാധനയോടെ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം
പടിയിറങ്ങിയ ദിവസം അപ്പന്റെയും അമ്മയുടെയും കണ്ണുകളിൽ നിന്നും പൊഴിഞ്ഞത് ഹൃദയം നുറുങ്ങി പുറത്തേക്കൊഴുകിയ രക്തത്തുള്ളികളായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഏറെ നാളുകൾക്ക് ശേഷമായിരുന്നു .

അതിർത്തി കാക്കുന്ന പട്ടാളക്കാരന്റെ അകലെയുള്ള ഭാര്യയായി നീണ്ട ഇരുപത്തഞ്ചോളം വർഷങ്ങൾ .എന്റെയുള്ളിൽ യൗവ്വനപ്പൂക്കൾ വിടരുന്നതും പാകമാകുന്നതും പിന്നെ കരിഞ്ഞുണങ്ങി കൊഴിയുന്നതും ശത്രുവിനെ ലക്ഷ്യമാക്കി കണ്ണും കാതും കൂർപ്പിച്ചു
മഞ്ഞു മലകൾക്കിടയിൽ കഴിയുമ്പോൾ അദ്ദേഹം അറിഞ്ഞിരുന്നില്ല . എനിയ്ക്ക് വാരിപ്പുണരുവാനും മാറോട് ചേർക്കുവാനും പാലൂട്ടി വളർത്തുവാനും ഒരു കുഞ്ഞിനെ നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല .

പടച്ചട്ടയണിഞ്ഞവനെ പരിണയിച്ച ദുർവിധിയെ ഓർത്തു ചില നേരം ഞാൻ കരഞ്ഞിട്ടുണ്ട് . മടങ്ങിപ്പോകുവാൻ മാളമില്ലാത്ത കുഴിമുയൽ വഴിയോരത്തെ മുൾ കാട്ടിൽ ഒളിച്ചിരിയ്ക്കുന്നതു പോലെ ഞാൻ ഏകയായി ജീവിച്ചു .

ഒരു നാൾ കർണ്ണകഠോരമായ  ശബ്ദത്തോടെ വീട്ടു പടിയ്ക്കലെത്തിയ ആംബുലൻസിൽ നിന്നും പുറത്തേക്കെടുത്ത ദേശീയ പതാകയിൽ പൊതിഞ്ഞ പെട്ടിയിൽ ഒരു സ്ത്രീ
ജന്മത്തിന്റെ മുഴുവൻ ദുഖവും ചേർത്ത് വെച്ച് ഞാനൊരു അന്ത്യ ചുംബനം നൽകി “.

ഒരേങ്ങലടിയോടെ ആലീസ് നിശബ്ദയായി . കുറച്ചു നേരം കൂടി അവരങ്ങനെ നിന്നു .പിന്നീട് ഒരു വാക്ക് പോലും ഉരിയാടാതെ രണ്ടുപേരും വിജനമായി തുടങ്ങിയ വീഥിയിലേക്കിറങ്ങി .
ഔപചാരികതയുടെ പേരിലെങ്കിലും യാത്ര പറയാൻ കൂട്ടാക്കാതെ പുറത്തേക്കിറങ്ങിയ എന്റെ കഥാപാത്രങ്ങളോട് എനിയ്ക്കൽപ്പം ദേഷ്യം തോന്നി . പക്ഷെ പ്രയാണ വഴിയിൽ പാഥേയം ഇല്ലാതായപ്പോൾ ബലഹീനരായി ഒറ്റപ്പെട്ടു പോയ അവരെ വെറുക്കുവാൻ എനിയ്ക്കു കഴിയുമായിരുന്നില്ല .

പ്രിയ വായനക്കാരേ , ആന്റണിയെയും ആലീസിനെയും പിറ്റേന്ന് പ്രഭാതത്തിൽ പള്ളിസെമിത്തേരിയിൽ വെച്ച് ഞാൻ വീണ്ടും കണ്ടുമുട്ടി .അപ്പോൾ ആന്റണി സ്ഥിരമായി കരുതിയിരുന്ന പുഷ്പ്പം ഭാര്യയുടെ കല്ലറയിൽ അർപ്പിയ്ക്കാതെ കൈയ്യിൽ തന്നെ പിടിച്ചിരിയ്ക്കുകയായിരുന്നു . ആലീസാകട്ടെ കത്തിക്കൊണ്ടിരുന്ന മെഴുകുതിരി ഭർത്താവിന്റെ കല്ലറയ്ക്ക് മുകളിൽ വയ്ക്കാതെ കൈകളിൽ തന്നെ സൂക്ഷിച്ചിരുന്നു . ആ വെളിച്ചത്തിൽ അവരുടെ മുഖം തിളങ്ങുന്നതായി എനിയ്ക്കു തോന്നി . ആ തിളക്കം രണ്ട് കല്ലറകൾ കടന്ന് ആന്റണിയുടെ കണ്ണുകളിലേക്കും പടരുന്നുണ്ടായിരുന്നു.
17264436_1448390288505467_4638217155353561713_n

1 Comment

Leave a Reply

Your email address will not be published.


*


*