ചിരിയുടെ സെൽഫികൾ – ബിന്ദു ഹരികൃഷ്ണൻ

പുരാണാഖ്യാനം ഇങ്ങനെയും
_________________________

അവധികാലത്തോട് വിടപറയുന്നതിൽ ആധിയുള്ള കുഞ്ഞനെയും കൂട്ടി അവസാനവട്ട ആഘോഷത്തിനിറങ്ങിയതാണ് ഇടുക്കിയിലേയ്ക്ക്. നാൽവർ സംഘം ഒന്നിച്ചുമാത്രമേ തമ്പടിക്കാറുള്ളൂ. ചെറിയൊരു മലയോര ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് താമസ സൗകര്യം കിട്ടിയത് . ഭക്ഷണ ശാല ഇല്ലാത്ത ഒരു ഗസ്റ്റ് ഹൌസ്സ് . ഭക്ഷണം വേണമെങ്കിൽ ടൗണിൽ പോകണം. മലയോര മേഖലയായതുകൊണ്ടു ആകെയുള്ള രണ്ട് റസ്റ്റോറന്റുകളും കൃത്യം ഏഴുമണിക്ക് തന്നെ പൂട്ടിയിരിക്കും . അതിനപ്പുറം കടകളൊന്നും തുറന്നിരിക്കില്ല എന്നു മാത്രമല്ല റോഡിൽ തീരെ ജനസാന്നിധ്യവുമുണ്ടാകില്ല . സ്ഥലം പരിചയമുള്ളവർ നേരത്തേ കൈമാറിയ വിവരങ്ങളാണിതൊക്കെ. അതിൻപ്രകാരം ആവശ്യമായ ഭക്ഷണ സാധനങ്ങളും വെള്ളവും സംഭരിച്ചു ഞങ്ങൾ റൂമിലെത്തി.

ഇനിയാണ് ചരിത്രവും പുരാണവുമൊക്കെ അവരവരുടേതായ രീതിയിൽ വളച്ചൊടിക്കപ്പെടാൻ പോകുന്നത്. കൂട്ടത്തിലെ കുഞ്ഞനും സന്തതസഹചാരി ജേർണലിസ്റ് ചേട്ടനും ഫ്രൈഡ് റൈസ്, നൂഡിൽസ് ഇത്യാദി പരിഷ്കാര ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് മിടുക്കന്മാരായപ്പോൾ ഞങ്ങൾ തലമൂത്തവർ അപ്പോഴവിടെ ഈ ഐറ്റംസ് അല്ലാതെ ലഭ്യമായിരുന്ന പറോട്ടയും ചിക്കൻകറിയും ഷെയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചൈനീസ് വിഭവങ്ങൾ തട്ടിവിടുന്ന കുട്ടിസംഘം ഞങ്ങളെ ആദ്യമൊന്നും മൈൻഡ് ചെയ്തിരുന്നില്ല. ഏകദേശം അവരരുടെ പ്ലേറ്റുകൾ ഒഴിയുന്ന മുറയ്ക്ക് ഞങ്ങളുടെ ദയനീയതയിലേയ്ക്ക് എത്തിനോക്കാൻ ഓരോരുത്തരായി തയ്യാറായി. ഏഴുമണിക്ക് എത്രയോ മുൻപ് ചൂടുണ്ടായിരുന്ന പ്രസ്തുത പറോട്ടയും കറിയും തണുത്തു മരവിച്ചു മുറിച്ചെടുക്കാൻ പോലുമാകാതെ പ്ലേറ്റിൽ കിടക്കുന്നതുകണ്ട ജേർണലിസ്റ് തമാശയെന്ന നിലയിൽ ഒരു ഡയലോഗ് കാച്ചി, അതിപ്രകാരം

“എന്തുപറ്റി ചങ്ങായീസ് ഒന്നുമങ്ങോട്ട് തീരുന്നില്ലല്ലോ? ആ ചിക്കെനെന്താ ദ്രോണര് ശരശയ്യയിലെന്നപോലെ കിടക്കുന്നത്? ആ ദ്രോണരെ അങ്ങ് മോചിപ്പിക്കിൻ . ഹോട്ട് ആൻഡ് സ്‌പൈസി ദ്രൗപതീം കൂട്ടിനുണ്ടല്ലോ.”(കറിയാണ് കവി ഉദ്ദേശിച്ചത്). എന്ത്? ശരശയ്യയിലായത് ദ്രോണരായിരുന്നോ? ആലോചിക്കാനിടകിട്ടുംമുമ്പ് കുഞ്ഞന്റെ കൗണ്ടർ വന്നു, “അങ്ങനെ കിടത്തിയതാരാ അർജുൻ ആണോ ചേട്ടാ? എനിക്ക് ഇവരെയെല്ലാവരെയും അറിയാം. ഭീം,അർജുൻ, സഹദേവ് , നകുൽ പിന്നെ വേറൊരാളും കൂടിയുണ്ട്. എനിക്കയാളെ ഇഷ്ടമല്ല . പേരിത്തിരി കട്ടിയാ പറയാൻ, അതോണ്ടാ “.

പുരാണകഥകളിൽ അതീവതല്പരനും സർവ്വാന്മാനാ പ്രസ്തുതവിഷയത്തിൽ ആഴത്തിൽ അവഗാഹമുള്ളവനും എന്നഹങ്കരിച്ചിരുന്ന സുഹൃത്ത് കുഞ്ഞനെ, അവന്റെ പുരാണങ്ങളിലുള്ള അറിവിനെ പ്രോത്സാഹിപ്പിക്കാൻ തന്നെ തീരുമാനിച്ചു. നിനക്കാരെയൊക്കെ അറിയാം പുരാണ കഥാപാത്രങ്ങളിൽ എന്ന ചോദ്യത്തിന് ജേണലിസ്റ് ചേട്ടന്റെ വക ഒരു കൈത്താങ്ങു, “വാല്മീകിയെഴുതിയ മഹാഭാരതത്തിലെ ആരെയൊക്കെ നിനക്കറിയാമോ അവരുടെ പേരും തിരിച്ചറിയാനുള്ള ക്ലൂവും പറഞ്ഞുകൊടുക്ക് കുഞ്ഞാ” .

“അതെഴുതിയത് വ്യാസ് ആണ് ചേട്ടാ, വാല്മീകിയല്ല. പൊട്ടനതും അറിയില്ല. ജെര്‍ണലിസ്ടാ ത്രേ ജേര്‍ണലിസ്റ്റ്” കുഞ്ഞന്‍ ചീറി.

ദ്രോണരെയും ദ്രൗപതിയെയും യാത്രപറഞ്ഞയച്ചു ഞങ്ങൾ കുഞ്ഞന്റെ പുരാണകഥനത്തിലേയ്ക്ക് തിരിഞ്ഞു.

” അത് പിന്നെ ചേട്ടാ ഈ പാണ്ഡവാസ് എന്നാൽ ഗുഡ് പീപ്പിൾ. കൗരവാസ് അത്ര നല്ലവരല്ല . അവർ എണ്ണത്തിലെത്രയാ ഹൺഡ്രഡ് ആൻഡ് എബോവ് ഉണ്ടെന്നാ തോന്നണേ. പിന്നെ കൃഷ്ണ്. പുള്ളി ഹീറോവാ , അങ്കിൾ കംസ് സ്വന്തം സിസ്റെരേം ബ്രദർ ഇൻ ലായേയും ജയിലിലടച്ച ക്രുവലാ. എന്തിനാണെന്നോ കൃഷ്‌ണിനെ കൊല്ലാൻ. കൃഷ്ണ് വളരെ സ്ട്രോങ്ങാ . പുള്ളി എന്തോ മോഷ്ടിച്ചതിന് അമ്മ കെട്ടിയിട്ടപ്പോൾ വായ തുറന്ന് എന്റൈർ വേൾഡ് കാട്ടിക്കൊടുത്തു. കൂടെ ഒരു വലിയൊരു സ്‌നേക്കും കൂട്ടിനുണ്ട്. അതിന്റെ മുകളിൽ ഡാൻസ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ എക്സർസൈസ്. പിന്നെ ഹാഫ് ബ്രദർ ബൽറാം . പുള്ളിക്കാരൻ വേറെ ലെവലാ .”

“അല്ല നിനക്കീ ദൈവങ്ങളെയൊന്നും അറിയില്ലേ ?” ഇതൊന്നും മതിയാവാതെ സുഹൃത്ത് അറിവ് വികസിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുവാ .

” പിന്നേ …. അവരീം അറിയാം. മൂന്നു ഫേസ് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിരിക്കുന്നു ആള് ബ്രഹ്മാ. അല്ല നാലുതലയുമുണ്ടല്ലേ? അതെന്തോ മൂന്നേ ഞാൻ കണ്ടിട്ടുള്ളൂ. പിന്നെ ശിവ് . ബ്ലൂ കളറും നെക്കില്‍ കോബ്രാ സ്നേയ്ക്കും ഹെയറില്‍ വളഞ്ഞൊരു ബോയും പിന്നെ ലെപ്പേര്‍ഡ് സ്കിന്‍ സ്കര്‍ട്ടും. സൺ ഗണെഷിനെ എനിക്ക് ഭയങ്കര ഇഷ്ടമാ. പിന്നെ പരുന്തിനേം കൊണ്ട് നടക്കുന്ന മുരുകും ഉണ്ട് മകൻ. ഒരിക്കൽ ബെറ്റ് വച്ച് ലോകം ചുറ്റാൻ പോയി മുരുകൻ തോറ്റുപോയി. അയാൾ പരുന്തിന്റെ പുറത്തേറി ലോകം ചുറ്റിവന്നപ്പോൾ ഗണേഷ് അയ്യാളുടെ ഫാദറിന്റെം മദറിന്റെം സീറ്റിനു ചുറ്റുമൊരു സര്‍ക്കിള്‍ എടുത്തു വന്നു പറഞ്ഞു ഇതാണ് എന്റെ ലോകം എന്ന്. അങ്ങനെ ഗണേഷ് ജയിച്ചു. പിന്നെ അറിയുന്നത് കാലു മസ്സാജുചെയ്യിക്കുന്ന ദൈവത്തിനെയാണ് .ഈ പാമ്പിന്റെ പുറത്തൊക്കെ കിടന്നിട്ടേ .. പുള്ളീടെ പേര് മറന്നോയി. “

“ഈ സരസ്വതി തുടങ്ങിയ സ്ത്രീ ദൈവങ്ങളെ അറിയില്ലേ ?”

” അവരെ അറിയാം പക്ഷേ കണ്ടിട്ടില്ല . ” അത് ഭാഗ്യമായി എന്ന് വിചാരിച്ചു ഇനിയും നീണ്ടുപോയേക്കാമായിരുന്ന സെഷൻ അവസാനിപ്പിച്ച് ഞാനുറങ്ങാൻ പോയി , കൂടെയുള്ളവർക്ക് എന്തുപറ്റിയോ എന്നുപോലും അറിയാതെ ….
15774894_1846927452220570_6121471411237422864_o

1 Comment

  1. മുറിഭാരതം പറയുന്നവർ..നേരത്തെയുറങ്ങാൻ പോയത് നന്നായി. അല്ലെങ്കിൽ ഭഗവദ് ഗീത മുഴുവനും കേൾക്കേണ്ടി വന്നേനെ😀😀😀

Leave a Reply

Your email address will not be published.


*


*