ചോമന്റെ ‘കാള’ – സുരേഷ് പ്രാര്‍ത്ഥന

മരപ്പശ പുരട്ടി ഉണങ്ങാനിട്ട വൈക്കോല്‍ കന്നുകള്‍ പോക്കുവെയിലില്‍ സ്വര്‍ണ്ണ മുടികള്‍ പോലെ തിളങ്ങി. വായിലെ മുറുക്കാന്‍ നീട്ടി തുപ്പി ‘പാറ്റ’ ഉണങ്ങിയ വൈക്കോല്‍ തിരഞ്ഞെടുക്കുകയാണ്. ബലവും ഭംഗിയും ഉള്ള വൈക്കോല്‍ പിരിച്ചു ചേര്‍ത്താണ് ‘കാള’യുടെ ശരീരം ഉണ്ടാക്കുന്നത്‌. കല്യാണം കഴിഞ്ഞു വന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ പകര്‍ന്നു തന്ന പാഠങ്ങളില്‍ ഒന്ന്, നാല്‍പ്പതു വര്‍ഷമായി മുടങ്ങാതെ തുടരുന്നു.

പാറ്റ സന്തോഷത്തിലാണ്, അത് ഒരു മൂളിപ്പാട്ടിലൂടെ പുറത്ത് വരുന്നുണ്ട്. ഭര്‍ത്താവിനെ കുടിക്കാതെ കാണുന്ന അപൂര്‍വ്വ ദിവസങ്ങളില്‍ ചിലതാണ് വരാന്‍ പോകുന്നത്. കാവിലെ താലപ്പൊലിക്ക് കൊടി നാട്ടിയാല്‍ പിറ്റേന്ന് ചോമന്‍ ‘കാളയെയും’ കൊണ്ട് ഊര് ചുറ്റാന്‍ ഇറങ്ങും. കൂട്ടത്തില്‍ ചെണ്ടയുമായി കുടുംബത്തിലെ ആരെങ്കിലുമുണ്ടാകും. പണ്ടൊക്കെ ചോമനെപ്പോലെ അഞ്ചും ആറും പേര്‍ കാളകളെയും കൊണ്ട് ഉത്സവത്തിനെത്തുമായിരുന്നു. കാവിനടുത്തുള്ള കൊയ്ത്തുകഴിഞ്ഞ പാടത്ത് കാളകള്‍ തമ്മിലുള്ള ‘മല്‍സരക്കളി’ കാണാന്‍ ദൂര ദേശത്ത് നിന്നും പോലും ആളുകള്‍ എത്തും. കഴിഞ്ഞ ഏതാനും വര്‍ഷമായി ചോമന്‍ മാത്രമേ കാളയെയും കൊണ്ട് ഇറങ്ങാറൂള്ളൂ. വയലും തോടും ചുരുങ്ങിയ പോലെ ഉത്സവവും കാവിന്റെ ഏതാനും സെന്റു സ്ഥലത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. നിറപറയും നിലവിളക്കും വെച്ച് കാളയെയും കാളക്കളിക്കാരെയും സ്വീകരിച്ചിരുന്ന തറവാടുകള്‍ പലതും അപ്രത്യക്ഷമായിരിക്കുന്നു. ആദ്യകാലങ്ങളില്‍ നെല്ലായും അരിയായും തുണിയായും കിട്ടുന്ന സമ്മാനങ്ങള്‍ കൊണ്ടുവരാന്‍ മാത്രം രണ്ടും മൂന്നു പേരെ ചോമന്‍ കൂടെക്കൊണ്ടുപോകുമായിരുന്നു. ഇന്ന് ആര്‍ക്കും കളി വേണ്ട, ടൈല്‍സ്സ് കീഴടക്കിയ മുറ്റത്ത് കാളക്കാരന്റെ കാലിലെ ചളി പുരണ്ടാല്‍ പലര്‍ക്കും ദേഷ്യം വരും. ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ തന്നെ ഭിക്ഷക്കാരെപോലെ എന്തെങ്കിലും ചില്ലറ വെച്ച് നീട്ടി പോകാന്‍ പറഞ്ഞു ഗേറ്റ് അടക്കും.

മൂത്ത മുരുക്കിന്‍ മരത്തിന്റെ തടിയില്‍ കാളയുടെ തല ചോമന്‍ കൊത്തിയെടുത്തു. ഇനി കണ്ണെഴുതി പൊട്ട് തൊടീച്ച് തല ഉടലിനോട് ചേര്‍ക്കും . വൈക്കോലും മരകഷ്ണങ്ങളും ചേര്‍ത്ത് ശരീരം ഉണ്ടാക്കിയെടുക്കുന്നത്‌ പാറ്റയാണ്. പുതിയ വെള്ളത്തുണിയില്‍ ശരീരം പൊതിഞ്ഞ് പകുതി ഭാഗത്ത് ചുമന്ന പട്ടും ചുറ്റിയാണ് കാളയുടെ ഊരുചുറ്റല്‍.
പശുവും കാളയും പോത്തുകളും രാഷ്ട്രീയക്കാരന്റെ കൊടിയുടെ കീഴില്‍ മത്സരിക്കുന്നതിന് മുമ്പ് ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഒരു ‘ഏരി കന്ന്‍’ ഒരു ‘പറ കണ്ടം’ പോലെ സ്വകാര്യമായ അഹങ്കാരവും. അന്നം തരുന്നത് മൃഗമാണെങ്കിലും മനുഷ്യനാണെങ്കിലും ആദരിക്കപ്പെടേണ്ടതാണെന്ന സാമാന്യബോധമുള്ള ഒരു ജനതയുടെ അവശേഷിപ്പ് തിരഞ്ഞാണ് കാളയുടെയും കാളക്കാരന്റെയും നടപ്പ്. ഹാജിയാരിന്റെയും ജോസഫിന്റെയും അയ്യപ്പന്റെയും വീട്ടില്‍ കാളയെ സ്വീകരിച്ചിരുന്നത് നിലവിളക്ക് കത്തിച്ചായിരുന്നു, കലയ്ക്കും വെളിച്ചത്തിനെന്ന പോലെ അന്നൊന്നും മതമില്ലായിരുന്നു.

ചുമന്ന മണ്ണില്‍ കറുത്ത ചായം പുരണ്ടതും വശങ്ങളില്‍ തലയാട്ടി നിന്നിരുന്ന കമ്മ്യൂണിസ്റ്റ് അപ്പയും കുറുന്തോട്ടിയുമൊക്കെ അന്യം നിന്ന് പോയതും നല്ലതിനാണോ ചീത്തതിനാണോ എന്നൊന്നും ചോമന് അറിഞ്ഞു കൂടാ. ‘അപ്പനും അമ്മയും ഏതു കാലത്തിലാണ് ജീവിക്കുന്നത്, ഇനിയെങ്കിലും വര്‍ഷാവര്‍ഷങ്ങളില്‍ കാളയേയും തലയിലേറ്റി നാട് തെണ്ടുന്നത്‌ നിര്‍ത്തി ക്കൂടെ!’ എന്ന, മകന്‍ കുഞ്ഞിരാമന്റെ ചോദ്യത്തിനും ചോമന് വ്യകതമായ ഉത്തരമില്ല. നേടുന്നത് മാത്രമല്ല വിജയം, ചിലതെല്ലാം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതും വിജയമാണ് എന്ന ചിന്തയിലായിരിക്കാം ചോമന്‍ ശാന്തമായി മറുപടി പറയുന്നത്. ‘കാളകളി പൊലയന്റെ അവകാശമാണ്, അപ്പനപ്പൂപ്പന്മാര്‍ സമ്പാദിച്ച് തന്ന ഒന്ന്’.

പ്രായം തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചോമനറിയാം. രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ് തുടങ്ങും. കാളയെയും ചുമലിലേറ്റി ഊര് തെണ്ടാനുള്ള ത്രാണിയില്ല. ഇക്കുറി കാളയിറക്കേണ്ട എന്ന് പാറ്റ പറഞ്ഞതാണ്, മനസ്സ് സമ്മതിക്കുന്നില്ല. പണ്ടൊക്കെ ചെണ്ടക്കാരന്‍ തളര്‍ന്നാലും ചോമന്റെ ചുമലിലെ കാള വായുവില്‍ കരണം മറിഞ്ഞുകൊണ്ടിരിക്കും. ഒരു കാലു മാത്രം നിലത്തൂന്നി, ഒറ്റകയ്യില്‍ കാളെയെ വായുവില്‍ ചുഴറ്റിയുള്ള ചോമന്റെ അഭ്യാസം മത്സരക്കളിയുടെ ഒരു പ്രധാന കാഴ്ചയായിരുന്നു. ഇന്ന് ആരോട് മത്സരിക്കാന്‍? എല്ലാം ഒരു ചടങ്ങായി മാറിയിരിക്കുന്നു. നാളെ ഇതും ഉണ്ടായെന്നു വരില്ല. വയലും തൊഴുത്തും കാളയും എല്ലാം ചരിത്രത്തിന്റെ ഭാഗമായേക്കാം.

കുഞ്ഞിരാമന് അപ്പന്റെ കാര്യത്തില്‍ വിഷമമുണ്ട്. കാളയിറക്കത്തിലുള്ള വരുമാനം കുറഞ്ഞത്‌ മാത്രമല്ല കുഞ്ഞിരാമന്റെ പ്രശ്നം. കഴിഞ്ഞ വര്‍ഷം വരെ അപ്പന് തുണ പോയിരുന്നു. ഒറ്റത്തടിയായിരുന്നത് കൊണ്ട് അപ്പന്റെ ചിട്ടവട്ടങ്ങള്‍ അനുസരിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഈ വര്‍ഷം അങ്ങനെയല്ല. കെട്ടു കഴിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ല. കാരണവന്മാരരോട് അനുവാദം വാങ്ങി ഊര് ചുറ്റല്‍ തുടങ്ങിയാല്‍ പിന്നെ ഉത്സവം കഴിയുന്നവരെ പെണ്ണിന്റെ ശ്വാസം പോലും ദേഹത്ത് താട്ടാതിരിക്കാന്‍, കാളയ്ക്ക് കെട്ടി ഉണ്ടാക്കിയ പന്തലില്‍ മാത്രമേ ഉറങ്ങാന്‍ പാടുള്ളൂ എന്നാണു അപ്പന്റെ നിയമം. ഉണ്ണിമായയുടെ അരക്കെട്ടിന്റെ ചൂടും വിയര്‍പ്പിന്റെ രുചിയും ഒരു മാസത്തോളം വേണ്ടെന്നു വെയ്ക്കാന്‍ തനിക്ക് കഴിയില്ലെന്നതാണ് കുഞ്ഞിരാമന്റെ പ്രശ്നം.

കാരണവന്മാരുടെ തറയ്ക്ക് മുമ്പില്‍ പാറ്റ നിലവിളക്ക് കൊളുത്തി, പറയും ഇടങ്ങഴിയും നിറച്ചു. ചുവന്ന പട്ടു ചുറ്റിയ കാളയെ തോളിലേറ്റി ചോമന്‍ വന്ദനം തുടങ്ങി. ഒറ്റ ചെണ്ടയുടെ താളത്തില്‍ പാറ്റ പാട്ട് തുടങ്ങി.
കുത്തിര്‍ന്നു കളി
കുമ്പിട്ടു കളി
കുഞ്ഞാഞ്ചേരി മകനെ …
നാട് തെണ്ടാന്‍
നഗരം തെണ്ടാന്‍
ഞങ്ങളിതാ പോകുന്നേ …
യ്യാല … പ്പൊലി യ്യാലപ്പോ
ലിയ്യാലപ്പൊലിയാ
യ്യാല … പ്പൊലി യ്യാലപ്പോ
ലിയ്യാലപ്പൊലിയാ ……

നനഞ്ഞ മണ്ണില്‍ ചോമന്റെ കാലുകള്‍ അവ്യക്തമായ രൂപങ്ങള്‍ തീര്‍ത്തു . മനസ്സില്‍ ഒരു മത്സരക്കളിയുടെ താളമേളം. ആയിരം കയ്യടികള്‍ക്കൊപ്പമുയരുന്ന ആര്‍പ്പു വിളികള്‍. ചോമന്‍ പുതിയൊരു ലോകത്തായിരുന്നു. കാലുകളില്‍ പഴയ യുവത്വത്തിന്റെ വേഗത. പാറ്റ കൊട്ടും പാട്ടും നിര്‍ത്തിയത് ചോമനറിഞ്ഞില്ല. ചോമന്റെ നെഞ്ചിനുള്ളില്‍ ഒരു ചെണ്ടയുടെ താളം, ആ താളത്തിനനുസരിച്ച് കാലുകള്‍ ചലിച്ചുകൊണ്ടിരുന്നു. കാലുകളുടെ വേഗത്തിനനുസരിച്ച് ചെണ്ടയുടെ ശബ്ദം കൂടുകയോ, ചെണ്ടയുടെ ശബ്ദത്തിനനുസരിച്ചു കാലുകളുടെ വേഗം കൂടുകയോ എന്ന് തിരിച്ചറിയാനാകാതെ!. ചോമനെ പിടിച്ചു നിര്‍ത്താനുള്ള പാറ്റയുടെയും കൂടിനില്ക്കുന്നവരുടെയും ശ്രമം ഫലം കണ്ടില്ല. വലതു കാലിന്റെ തള്ള വിരലില്‍ ഊന്നി നിന്ന് ചോമന്‍ ഒറ്റക്കയ്യില്‍ കാളയെ കറക്കാന്‍ തുടങ്ങി. വായിലൂടെയും മൂക്കിലൂടെയും ഒലിച്ചിറങ്ങുന്ന ചോര വിയര്‍പ്പുമായി ചേര്‍ന്ന് മണ്ണില്‍ ചുവന്ന ചിത്രങ്ങള്‍ വരച്ചുക്കൊണ്ടിരുന്നു. കയ്യില്‍ നിന്നും ഊര്‍ന്നു പോയ കാള, കാരണവന്മാരുടെ അസ്ഥിത്തറയില്‍ വീണ് ഉടലും തലയും വേര്‍പ്പെ ട്ടു. ചോമന്‍ അപ്പോഴും ആടിക്കൊണ്ടിരുന്നു, ഊരുചുറ്റല്‍ മതിയാക്കി പിരിഞ്ഞുപോയ ആത്മാക്കള്‍ക്ക് കൂട്ടായി മണ്ണില്‍ വീഴുന്നതുവരെ ആ കാലുകള്‍ ചലിച്ചു കൊണ്ടിരുന്നു. പാതി ബോധത്തില്‍ നിലത്തുവീണ പാറ്റ അവ്യക്തമായി ചോമന്റെ പാട്ടു കേട്ടു ..
‘കാള കണ്ടത്തിലോ പൂതം വന്നിറങ്ങി
പൂത കണ്ടത്തിലോ കാള വന്നിറങ്ങി…..
യ്യാല … പ്പൊലി യ്യാലപ്പോ
ലിയ്യാലപ്പൊലിയാ
യ്യാല … പ്പൊലി യ്യാലപ്പോ
ലിയ്യാലപ്പൊലിയാ ……’
15965388_1007511099354352_1520521367397252896_n

3 Comments

  1. മതവിവേചനങ്ങളില്ലാത്ത കാർഷിക സംസ്കാരത്തിന്റെ പ്രതിനിധിയായ ചോമൻ, കൂടെ മത്സരിക്കാനാരുമില്ലാതെ, കൈകൊട്ടിത്തിമിർക്കുന്ന കാണികളില്ലാതെ ഒറ്റയാനായി നിന്നു. ഒരു സംസ്കൃതിയുട അന്ത്യ
    തുടിപ്പുകൾക്ക് മുൻപിൽ ആധുനിക ജനത വാതിലുകൾ കൊട്ടിയടച്ചപ്പോൾ, ചോമൻ അവസാനമായി പാടി, തിമിർത്താടി. പിന്നെ പൂർവ്വികർ സമ്പാദിച്ചുനൽകിയ പൈതൃകത്തിന്റെ ജീവനാഡിയായ കാളയെ അസ്ഥിത്തറയിലുപേക്ഷിച്ച് ചരിത്രത്തിലേക്ക് പ്രയാണം ചെയ്തു. ചോമന്റെ കാലടികളും പാട്ടും അന്യംനിന്നുപോയി. മനോഹരമായ രചന സുരേഷ് സർ.

  2. മതവിവേചനങ്ങളില്ലാത്ത കാർഷിക സംസ്കാരത്തിന്റെ പ്രതിനിധിയായ ചോമൻ, കൂടെ മത്സരിക്കാനാരുമില്ലാതെ, കൈകൊട്ടിത്തിമിർക്കുന്ന കാണികളില്ലാതെ ഒറ്റയാനായി നിന്നു. ഒരു സംസ്കൃതിയുട അന്ത്യ
    തുടിപ്പുകൾക്ക് മുൻപിൽ ആധുനിക ജനത വാതിലുകൾ കൊട്ടിയടച്ചപ്പോൾ, ചോമൻ അവസാനമായി പാടി, തിമിർത്താടി. പിന്നെ പൂർവ്വികർ സമ്പാദിച്ചുനൽകിയ പൈതൃകത്തിന്റെ ജീവനാഡിയായ കാളയെ അസ്ഥിത്തറയിലുപേക്ഷിച്ച് ചരിത്രത്തിലേക്ക് പ്രയാണം ചെയ്തു. ചോമന്റെ കാലടികളും പാട്ടും അന്യംനിന്നുപോയി. മനോഹരമായ രചന സുരേഷ് സർ.

    • നല്ല വായനയ്ക്ക് നന്ദി. ശരിയായ വായനക്കാരന്‍ കഥാകാരനോടൊപ്പം സഞ്ചരിക്കുന്നു.

Leave a Reply

Your email address will not be published.


*


*