“നൃത്തം ചെയ്യുന്ന കുടകൾ “- സുരേന്ദ്രന്‍ നായര്‍

ശ്രീ എം മുകുന്ദന്റെ നോവലിന്റെ പ്രസിദ്ധീകരണ പരസ്യം മാതൃഭൂമി വാരിക പുറത്തുവിട്ടത് വായിച്ചപ്പോൾ അത്ര ആകർഷണീയമായി തോന്നിയിരുന്നില്ല .പതിറ്റാണ്ടുകൾക്ക് മുൻപ്
വായിച്ചു രസിച്ചാസ്വദിച്ച ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ എന്ന
നോവലിന്റെ രസഭാവങ്ങൾ ഇന്നും മനസ്സിൽനിന്നും വിട്ടുപോയിട്ടില്ലാത്തതിനാൽ ആകാംക്ഷയോടെയും ഉദ്വേഗത്തോടുമാണ് കാത്തിരുന്നത് ..കാത്തിരിപ്പു വൃഥാവിലായില്ലെന്ന് മാർച്ചു 12 ന്റെ ലക്കത്തിൽ ആദ്യ ആദ്ധ്യായം പുറത്തുവന്നതോടു കൂടി ബോദ്ധ്യമായി .. അനുവാചകന്റെ മനസ്സിന്റെ തന്ത്രികളിൽ രസഭാവങ്ങൾ ഉണർത്താൻ പോന്ന രചനാ വൈഭവമാണ് ശ്രീ എം മുകുന്ദൻ തന്റെ പുതിയ നോവലായ ‘നൃത്തം ചെയ്യുന്ന കുടകൾ ‘ എന്ന കൃതിയിൽ സ്വീകരിച്ചിരിക്കുന്നത് ..

‘കുട നന്നാക്കുന്ന ചോയി ‘ യുടെ തുടർച്ചയാണെങ്കിലും ‘മയ്യഴിപ്പുഴയുടെ ‘ കഥാ പരിസരത്തിന്റെ തുടർച്ച തന്നെയാണ് ‘നൃത്തം ചെയ്യുന്ന കുടകളും ‘ എന്നുതന്നെ പറയാം ..
ദാസനിൽ നിന്ന് മാധവനിലേക്ക് എത്തുമ്പോൾ രൂപ ഭാവാദികൾക്കു ചില്ലറ മാറ്റങ്ങളുണ്ടെന്നു മാത്രം ..അതാകട്ടെ കാലത്തിന്റെ തുടർച്ചക്കനുസൃതമായി രൂപപ്പെട്ടതുമാണ് ..മാഹിയുടെ പഴയ കാലത്തേ വീണ്ടും പുനർജനിപ്പിക്കയാണ് മലയാളത്തിന്റെ അഭിമാനമായ ഈ കഥാകാരൻ ..പാത്രസൃഷ്ടിയിലെ മികവ് നമ്മെ അത്ഭുത പരവശരാക്കും
എന്നത് തീർച്ചയാണ് ..

കുഞ്ഞിക്കുനിയിൽ അമ്പുട്ടിയുടെ മകൻ
മാധവനിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത് ..ചെറിയ പ്രായവ്യത്യാസമുണ്ടെങ്കിലും കൊപ്പരക്കാരന്റവിട കുഞ്ഞമ്പുവിന്റെ
മകൻ ചോയി മാധവന്റെ ഉറ്റ ചങ്ങാതിയാണ് ..ഉപജീവനാർത്ഥം
നാട്ടിലെ ഗതിപിടിക്കാത്ത കുടപ്പണി ഉപേക്ഷിച്ചു ചോയി കപ്പൽ
കയറി ഫ്രാൻസിൽ പോയി പട്ടാളത്തിൽ ചേർന്നിരുന്നു ..പോകുന്നതിനു മുൻപ് ചോയി തന്റെ ചങ്ങാതി മാധവന്റെ കയ്യിൽ
ഒരു ലക്കോട്ടു കൊടുത്തിരുന്നു സൂക്ഷിക്കാൻ ,തന്റെ മരണശേഷമേ
തുറന്നു നോക്കാവൂ എന്ന കരാറിൽ ..ലക്കോട്ടിലെ രഹസ്യമെന്തെന്നറിയാനുള്ള നാട്ടാരുടെ ആകാംക്ഷയും ഉത്സാഹവും
ഒന്നും മാധവന്റടുത്തു വിലപ്പോയില്ല ..വളരെ ഗോപ്യമായി തന്നെ
മാധവൻ ആ ലക്കോട്ടു സൂക്ഷിച്ചു. കളിക്കൂട്ടുകാരി ,നൂറു കുമാരന്റെ പെങ്ങൾ വനജയിൽ നിന്നും ഏക പെങ്ങൾ രാധയിൽ നിന്നുപോലും മാധവനാ രഹസ്യം ഒളിപ്പിച്ചു ! വനജ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും ,ലക്കോട്ട്‌ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന്
അറിയാൻ കഴിഞ്ഞില്ല .. ഇപ്പോൾ അത് തുറക്കേണ്ട സമയമായി ..കാരണം ,ചോയി യുദ്ധത്തിൽ മരിച്ചുപോയെന്ന കമ്പി കൊപ്പരക്കാരന്റവിട കുഞ്ഞമ്പുവിന്റെ വീട്ടിലെത്തിയിരുന്നു ..പിറകെ ഓക്കുമരത്തിൽ തീർത്ത ശവപ്പെട്ടിയിൽ ചോയിയുടെ
മൃതദേഹവും എത്തി ..

വനജ പഠിപ്പും പത്രാസുമുള്ള ഒരു പാവാടക്കാരി മാത്രമല്ല ..ഒരു കാന്താരി
കൂടിയാണ് .ഒരിക്കൽ മഴയത്തു പാവാട കയറിപ്പിടിച്ചു കുടയും ചൂടി
വരുമ്പോൾ മാധവന്റെ സഹപാഠി മണിക്കുട്ടൻ എതിരെ വന്നു .
അവന്റെ കണ്ണ് തന്റെ കാൽവണ്ണയിലാണെന്നു മനസ്സിലായപ്പോൾ
അവൾ തന്റെ പാവാട കുറച്ചുകൂടി ഉയർത്തിപ്പിടിച്ചു !അത് കണ്ടു
മണിക്കുട്ടൻ ചമ്മലോട് നിലത്തുനോക്കി ധൃതിയിൽ നടന്നുപോയി .
പിന്നീടൊരിക്കലും മണിക്കുട്ടൻ അവളുടെ കാലുകളിലെന്നല്ല
മുഖത്തുപോലും നോക്കിയിട്ടില്ല ! ആ വനജയാണ് ഇപ്പോൾ
നിരാഹാര സമരം തുടങ്ങിയിരിക്കുന്നത് ..മരണം വരെ നിരാഹാര
സത്യാഗ്രഹമാണ് അവൾ പ്രഖ്യാപിച്ചിരിക്കുന്നത് . പക്ഷെ കാരണമെന്തെന്ന് ആർക്കുമറിയില്ല ..ആങ്ങള നൂറ് കുമാരനും ഓന്റെ
കെട്യോൾ ദേവുവിനും അറിയില്ല ..അവളുടെ ‘അമ്മ ചെറുപ്പത്തിലേ
മരിച്ചുപോയിരുന്നു ..പിന്നീട് വന്ന ദേവു ആയിരുന്നു അവളെ
അമ്മയുടെ സ്ഥാനത്തു നിന്ന് വളർത്തിയത് ..സ്ഥലത്തെ ബുദ്ധിജീവികളായ വിദ്വാൻ കുഞ്ഞിരാമൻ മാഷും അന്തോണി സായ്‌വ്
മാഷും അവളെ കാണാനെത്തി ..ജനപ്രതിനിധി തായക്കണ്ടി കണ്ണനും
മറ്റനേകം ആളുകളും വനജയെ കാണാൻ നൂറ് കുമാരന്റെ വീട്ടിലെത്തി ..അവർക്കാർക്കും വനജയെ സമരത്തിൽ നിന്ന്
പിന്തിരിപ്പിക്കാനായില്ല ..അങ്ങനെയിരിക്കെയാണ് ആ സംഭവം
നടന്നത് ..അത് നാട്ടിലാകെ കോളിളക്കവുമുണ്ടാക്കി ..തന്നെ
കാണാനെത്തിയ മാധവി അമ്മായിയെ വനജ ആട്ടിയിറക്കി !
രണ്ടു ദിവസമായി നിരാഹാരം കിടന്നു ക്ഷീണിതയായ വനജയെ
മാധവി അമ്മായി സഹതാപത്തോടും കരുണയോടും നോക്കി ..
അവർക്കു അതിയായ സങ്കടം തോന്നി ..അവർ വന്ജക്കായി
വാങ്ങിക്കൊണ്ടുവന്ന പൂവമ്പഴവും ദേവുവിൽ നിന്നും വാങ്ങിയ
ചൂട് കഞ്ഞിവെള്ളവുമായി വന്ജക്കടുത്തു കുനിഞ്ഞു നിന്നു .
“കുടിക്ക് മോളെ ….”
“പോ ജന്തൂ ,പോ ഈട്ന്ന്..”
അവൾ ഒച്ചവെച്ചുകൊണ്ടു ചാടി എഴുനേറ്റു .
“ഞാൻ പെണ്ണാ ..മാധവനെ മയക്ക്യത് പോലെ ന്നെ മയക്കാൻ കയ്യൂന്ന്
ഇങ്ങള് നിരീക്കണ്ട . കീഞ്ഞു പോ ഈട്ന്ന് .”
മാധവി അമ്മായി തരിച്ചിരുന്നുപോയി ! ശരിയാണ് . അവർ ‘വെടക്കായ ‘
സ്ത്രീയാണ് ..പൂത്തുലഞ്ഞു നടക്കുന്ന അവരെ ആണുങ്ങൾ മോഹിക്കുന്നു ..അവർ പതിതയാണ് ..പക്ഷെ മാധവൻ ,ചോയിയുടെ
ലക്കോട്ടു സൂക്ഷിക്കാൻ ഏൽപ്പിച്ചത് അവരെയാണ് ..ചോയിയുടെ
മരണം വരെ ആ ലക്കോട്ടിന്റെ രഹസ്യം അവർ സൂക്ഷിച്ചു ..മരണ
ശേഷം അവരുടെ മുറ്റത്തുവെച്ചാണ് മാധവൻ ലക്കോട്ടു തുറന്ന്
ആൾക്കൂട്ടത്തിനു വായിച്ചു കേൾപ്പിച്ചത് ..മറ്റു പുരുഷന്മാർ ഇരുട്ടത്തു
തലയിൽ മുണ്ടിട്ടാണ്‌ അവരുടെ വീട്ടിൽ കയറുന്നത് ..മാധവനാകട്ടെ
പകൽ വെളിച്ചത്തിലും ..

വനജയുടെ നിരാഹാര സമരത്തെ പറ്റി മാധവനും അറിയുന്നുണ്ടായിരുന്നു ..മാധവനെ ‘കുരങ്ങാ ‘ എന്നാണു വനജ
വിളിക്കാറുള്ളത് !അത് അൽപ്പം കുണ്ഠിതമുണ്ടാക്കിയിരുന്നെങ്കിലും
പിന്നീട് മാധവനറിഞ്ഞു ,ഇഷ്ടം കൂടുതലുള്ളവരെയാണ് അവൾ
അങ്ങനെ വിളിക്കുന്നതെന്ന് !മാധവൻ വനജയെ ഇഷ്ടപ്പെട്ടിരുന്നു ..
അവന്റെ സ്വപ്നങ്ങളിൽ വനജ നിറഞ്ഞു നിന്നിരുന്നു ..എന്നാൽ
വനജയുടെ നിരാഹാര സമരത്തെ പറ്റി ചിന്തിക്കാവുന്ന മാനസിക
നിലയിലായിരുന്നില്ല മാധവൻ ..അയാളാകെ തകർന്നിരുന്നു ..
ചോയിയുടെ ലക്കോട്ടിലെ രഹസ്യം മാധവി അമ്മായിയുടെ വീട്ടു
മുറ്റത്തു തടിച്ചുകൂടിയ നാട്ടുകാരോട് വെളിപ്പെടുത്തുമ്പോൾ ,
മാധവൻ എന്തിനു ഉള്ളടക്കത്തിൽ മാറ്റം വരുത്തി ?അത് ചോയിയുടെ
ആത്മാവിനോട് കാട്ടിയ വഞ്ചനയല്ലേ ?അങ്ങനെ ഒരു വഞ്ചന
കാട്ടാൻ തനിക്കെങ്ങനെ തോന്നി ?അത് മാധവനെ വല്ലാതെ
തളർത്തിയിരുന്നു ..ലക്കോട്ടിൽ യഥാർത്ഥത്തിൽ എഴുതിയിരുന്നത്
ഇങ്ങനെയായിരുന്നു …
“വയറ്റിപ്പിഴപ്പിനു വേണ്ടിയാണ് ഞാൻ കപ്പൽ കയറി പോകുന്നത് .
എന്റെ നാട് ഗാന്ധിജിയുടെ ഇന്ത്യയാണ് .ഞാൻ മരിച്ചുകഴിഞ്ഞാൽ
എന്റെ മൃതദേഹം നമ്മുടെ ദേശീയ പതാകയിൽ പൊതിഞ്ഞു
ചിതയിലേക്കെടുക്കണം ..അങ്ങനെ ചെയ്തില്ലെങ്കിൽ ഒരിക്കലും
എന്റെ ആത്മാവിന് ശാന്തി ലഭിക്കില്ല .” എന്നാൽ മാധവൻ നാട്ടുകാരെ
മാറ്റി വായിച്ചു കേൾപ്പിച്ചത് ഇങ്ങനെയായിരുന്നു …
“വയറ്റിപ്പിഴപ്പിനു വേണ്ടിയാണ് ഞാൻ കപ്പൽ കയറി പോകുന്നത് .
എന്റെ നാട് ഭാരതമാണ് ..ഭാരത ദേശത്തിന്റെ സംസ്‌കാരത്തിലും
പാരമ്പര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു .ഞാൻ മരിച്ചു
കഴിഞ്ഞാൽ എന്റെ മൃതദേഹം കാവിയിൽ പൊതിഞ്ഞു ചിതയിലേക്കെടുക്കണം .അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന്
ഒരിക്കലും ശാന്തി ലഭിക്കില്ല. ”
എന്തിനാണ് മാധവൻ ചോയിയുടെ കത്ത് തിരുത്തി വായിച്ചത് ?
ആർക്കും ആ രഹസ്യം അറിയില്ല ..കത്ത് രഹസ്യമായി സൂക്ഷിച്ചുവെച്ച മാധവി അമ്മായിക്കുപോലും അതറിയില്ല ..ഒരു ചിത്ര ശലഭത്തെ പോലെ അടുത്തും അകന്നും തന്റെ ചുറ്റും പറന്നു
കളിക്കുന്ന ,ബ്രണ്ണൻ കോളേജിൽ പി യു സി ക്കു പഠിക്കുന്ന നൂറു
കുമാരന്റെ പെങ്ങൾ വനജക്കും അതറിയില്ല …
ഉത്തരം കിട്ടാത്ത അനേകം സമസ്യകൾ ! അത് മറ നീക്കി പുറത്തു
വരാൻ നമ്മൾ ‘നൃത്തം ചെയ്യുന്ന കുടകൾ ‘ എന്ന നോവലിനൊപ്പം
സഞ്ചരിക്കതന്നെ വേണം ..ഒരു പഴയകാല ഗ്രാമത്തിനു ജീവനും താളവും
നൽകി നൃത്തം ചെയ്യിക്കയാണ് നോവലിസ്റ്റ് ..മലയാള നോവൽ
സാഹിത്യത്തിലെ എക്കാലത്തെയും ക്ലാസ്സിക്കുകളിൽ ഒന്നാണ്
‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ .’ഒപ്പം ശ്രീ എം മുകുന്ദന്റെ മികച്ച
രചനയും അത് തന്നെ ..ഇനി അതിന്റെ സ്ഥാനം ‘നൃത്തം ചെയ്യുന്ന കുടകൾക്ക്’ പിന്നിലാകുമോ ?ഇതുവരെയുള്ള വായനയിൽ നിന്നും അങ്ങനെ വേണം അനുമാനിക്കാൻ ..
(നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കാം )
surendran nair_vettam

1 Comment

  1. വായിക്കണം, അതിന് ഈ പരിചയപ്പെടുത്തല്‍ ഒരു കാരണമാകട്ടെ .

Leave a Reply

Your email address will not be published.


*


*