“ടേക്ക് ഓഫ്” ( സിനിമ) – അനൂപ്‌ നെടുവേലി

ഭീകരതയ്ക്ക് മുന്നിലേക്കിറങ്ങിച്ചെന്ന ഒരുകൂട്ടം സാധാരണക്കാർ. ഭൂമിയിലെ മാലാഖമാർ എന്ന വിശേഷണം മാത്രം ബാക്കിയാക്കി കുടുംബത്തിൽ പട്ടിണിയും ദാരിദ്രവും പിടിമുറുക്കുമ്പോൾ മാലാഖമാർ പ്രതീക്ഷകളുമായി ഇറാഖിന്റെ മണ്ണിലേക്ക് ചേക്കേറുന്നു. ജീവിതാനുഭവങ്ങളെ സാക്ഷിയാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന ചിത്രം പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞാടിയ ഒരു ദൃശ്യാവിഷ്കാരമായി. ഐ.സ്.ഐ.സ് ഭീകരതയ്ക്കു നടുവിൽ അകപ്പെടുന്ന സമീറയും കൂട്ടുകാരികളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തിന്റെ ക്രൂരമുഖങ്ങൾ കാട്ടിത്തരുന്നു. കുടുംബത്തിലെ ക്ലേശങ്ങളും തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്‌ഥയും സമീറ എന്ന കഥാപാത്രത്തിലൂടെ പാർവതി അവിസ്മരണീയമാക്കി. മെനഞ്ഞെടുത്ത കഥയും കഥാപാത്രണങ്ങളുമല്ല മറിച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയിർകൊണ്ട കഥാപാത്രങ്ങൾ എല്ലാം മികവുറ്റതായിരുന്നു. ഷഹീദ് എന്ന കഥാപാത്രത്തിന് അവസ്‌ഥകൾക്കൊത്തുള്ള ചായങ്ങൾ പൂശിയ കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അത്ഭുതാവഹമായ പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തിൽ വളരെ കുറച്ചു സമയം മാത്രം വന്നുപോകുന്ന ഫൈസൽ എന്ന കഥാപാത്രവും വളരെ ശക്തമായിരുന്നു. ഇറാഖിലെ ഇന്ത്യൻ അംബാസിഡർ ആയി വന്ന ഫഹദ് ഫാസിലും തന്റെ അഭിനയ പൂർണത കൈവരിച്ചപ്പോൾ ചിത്രം പ്രതീക്ഷകൾക്കുമപ്പുറം കുതിച്ചുയർന്നു.

സംവിധായകൻ അയാളുടെ ജോലി പൂർണമായി നിർവഹിച്ചു. അകാലത്തിൽ വിടപറഞ്ഞ രാജേഷ് പിള്ള എന്ന സിനിമാ പ്രതിഭയ്ക്കുള്ള സ്മരണാഞ്ജലിയായിരുന്നു ഈ ചിത്രം. അതുകൊണ്ടുതന്നെ നവാഗതന്റെ യാതൊരു പാളിച്ചകളുമില്ലാതെ മഹേഷ് നാരായണൻ ഫ്രെയിമുകൾ ചിട്ടപ്പെടുത്തി. ഫ്രെയിമിനുള്ളിലെ കഥാപാത്രങ്ങളുടെ വികാരങ്ങൾ അഭിനേതാക്കളിലേക്ക് പകർത്തി. കൂടാതെ ചിട്ടപ്പെടുത്തിയ ഫ്രെയിമുകൾക്ക് സാനു ജോൺ വർഗ്ഗീസ് ക്യാമറ ചലിപ്പിച്ചപ്പോൾ ചിത്രത്തിന്റെ സാങ്കേതികതയും പ്രശംസനീയമായി. ഐ.എസ്.ഐ.എസ് ഭീകരരായി ചിത്രത്തിൽ അഭിനയിച്ചവരുടെ പ്രകടനവും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഭീകരരുടെ എല്ലാവിധ ചേഷ്ടകളും നിലനിർത്തിയിരുന്നു കഥാപാത്രങ്ങളുടെ പ്രകടനം. തിരക്കഥയിൽ പഴുതുകളില്ലെങ്കിൽ ചിത്രം പകുതി വിജയിക്കും എന്ന നിഗമനം ഇവിടെയും ശരിയായിരുന്നു. പഴുതുകൾ അടച്ച തിരക്കഥയാണ് മഹേഷ് നാരായണൻ ടേക്ക് ഓഫിനായി ചിട്ടപ്പെടുത്തിയത്. അതിൽ സംവിധാനവും, ക്യാമറയും, അഭിനയത്തികവും കൂടിക്കലർന്നപ്പോൾ ചിത്രം പൂർണതയിലെത്തി. ചിത്രം കടന്നുപോകുന്ന ഓരോ നിമിഷവും പ്രേക്ഷകർ മുൾമുനയിലായിരുന്നു. അതിനായി സ്വാഭാവികമായ ചില രംഗങ്ങൾ ചിത്രത്തിലലിഞ്ഞു പ്രേക്ഷകനു മുന്നിലൂടെ പോയി. വേറിട്ട പ്രേമേയങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വച്ചുകെട്ടുകൾ പ്രകടിപ്പിക്കുന്ന ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി സ്വാഭാവികത നിറഞ്ഞ ചിത്രമായി “ടേക്ക് ഓഫ്”.
14732121_1815874328659216_5004463647125724861_n

Be the first to comment

Leave a Reply

Your email address will not be published.


*


*