നിഘണ്ടു – ബിനുപ്രസാദ്‌ ശശിധരന്‍

സുനന്ദയുടെ
കണ്ണുകളിൽ നിന്ന്
പ്രണയത്തെ
വായിച്ചെടുത്തതിനെക്കുറിച്ച്
എട്ടാംക്ലാസ്സിലെ
പിൻബഞ്ചിൽ
ഞാനും
തടിയൻ സന്തോഷും
തർക്കിച്ചിരിയ്ക്കുമ്പോഴാണ്
‘നിഘണ്ടു’ എന്ന പദം
കൈവെള്ളയിൽ
വീണത്…

അനാകർഷകമായി
മാത്രം
ചരിത്രം
പഠിപ്പിയ്ക്കുമായിരുന്ന
‘ഡിറ്റക്ടീവായിരുന്നു’
തീർത്തും
അകാരണമെന്ന്
തോന്നിപ്പോയ
ആ ഡിസ്ക്കവറിയുടെ
ഉപജ്ഞാതാവ്

ഒരുപാടുകരഞ്ഞ്
പിന്നെ,
ഇടിവെട്ടിപ്പേടിച്ച്
മഴ തോർന്ന
ഒരു
ചിമ്മിനിവെട്ടത്തിലേയ്ക്കാണ്
അച്ഛൻ
ചെറിയൊരു
നിഘണ്ടു(വു)മായി
കയറിവന്നത്…

നാളേറെ
കഴിഞ്ഞിട്ടും
വായിയ്ക്കാത്ത
പുസ്തകങ്ങൾക്കൊപ്പം
ആവശ്യത്തിനെന്ന
വ്യാജേന
പലപ്പോഴായിക്കയറി
കൂട്ടിരിയ്ക്കുന്നുണ്ട്
ശ്രീകണ്ഠേശ്വരം
മുതൽ
കോളിൻസ് കോബ്യുൽഡ് വരെ..!

എന്നിട്ടും
ചിലതിന്റെയൊക്കെ
അർത്ഥമറിയാതെ
ഉണ്ണാതെ
ഉറങ്ങാതെ
കെറുവിച്ച്
വിഷമിച്ച്
നെഞ്ചിടിച്ച്
വിറച്ച്
നാണിച്ചിരിയ്ക്കാറുണ്ട്
ഞാൻ….
ചിലപ്പോൾ
ആരും കാണാതെ
കരഞ്ഞും .
17990883_1902830989963549_4640659242973073714_n

1 Comment

  1. അതെ. ചില വാക്കുകളുടെ അർത്ഥങ്ങൾ നിഘണ്ടുവിനപ്പുറത്തേക്കും കവിഞ്ഞൊഴുകും..വ്രണിതഹൃദയത്തോടെ തേങ്ങിക്കൊണ്ടിരിക്കുമ്പോൾ പരിമിതമായ അർത്ഥങ്ങളോടുകൂടി നിഘണ്ടു നമ്മെ നോക്കിച്ചിരിക്കും. നാം തേടുന്ന അർത്ഥങ്ങൾ വിദൂരതയിലെവിടെയോ അലയുന്നുണ്ടാകും..
    നല്ല കവിത…ആശംസകൾ.

Leave a Reply

Your email address will not be published.


*


*