അപ്പൻ – രാജേശ്വരി.ടി.കെ

രാവിലെ ഒരു കട്ടൻ കാപ്പികുടിക്കും അപ്പൻ
തലേന്നു കുടിച്ച പുളിച്ച കള്ളുമണം ബാക്കിയുണ്ടാവും
കീറിത്തുന്നിയ കൈലിയും തുളവീണ തോർത്തും
തമ്പ്രാന്റെ പറമ്പുചുറ്റി തേങ്ങയും മടലുമൊക്കെ പെറുക്കി
മുറ്റത്തിന് പുറത്തു പതുങ്ങിപ്പതുങ്ങി നിൽക്കും

കാലാവസ്ഥ പ്രവചനം നടത്തും കറവക്കാരിയോട്
അടിച്ചുതളിക്കാരി രണ്ടുദോശയും ചമ്മന്തിയും
ഇലകീറിൽ പുശ്ചത്തോടെ വിളമ്പും
പത്രപാരായണം കഴിഞ്ഞ തമ്പ്രാൻ നീട്ടിമൂളും
ആജ്ഞാനുസരണം അപ്പൻ വിയർത്തു പാടത്തും പറമ്പിലും

മൂടു കീറിത്തുന്നിയ നിക്കറും ബട്ടണില്ലാത്ത ഷർട്ടും
അമ്മ വീതിച്ചുതന്ന പഴങ്കഞ്ഞി മോന്തി പള്ളിക്കൂടത്തിലേക്കു
അപ്പനോട് കിന്നരിച്ചും വൈകീട്ടത്തേക്കുള്ള വിറകെടുത്തും
തമ്പ്രാന്റെ പശൂന് പുല്ലരിഞ്ഞും കൂലിയുടെ വീതം പറ്റുമമ്മ
കൂടെ കപ്പയോ ചെമ്പോ കിഴങ്ങോ ചക്കയോ ഒക്കെ
കാന്താരിയുംഇടക്കൊരു തേങ്ങയും അമ്മയുടെ കൂടെപോരും

കലംനിറയെ കഞ്ഞിയും കപ്പയും ചമ്മന്തിയും കാണും രാത്രി
അപ്പനന്തിക്കള്ള് മോന്തി അമ്മക്കുള്ളതുമായി വരും
അത്താഴം കഴിച്ചു കഥപറഞ്ഞു തിണ്ണയിലുറങ്ങും രണ്ടാളും
കാലംമാറി കഥനിന്നു സംവരണം വന്നു സർക്കാരുദ്യോഗമായി
മാളികവീടായി സമൃദ്ധഭോജ്യങ്ങളായി മണ്ണു പറ്റാതായി

അമ്മയുറങ്ങുന്ന മണ്ണിൻവിളി കേൾക്കാതെ അപ്പനിന്നും
തമ്പ്രാന്റെ പറമ്പിലു ചുറ്റിക്കറങ്ങും മക്കൾക്കു നാണക്കേടാക്കാൻ
കറവക്കാരിയോ അടിച്ചുതളിക്കാരിയോ ദോശയോയില്ല
എന്നാലുമപ്പനു പറമ്പുചുറ്റാതെ വയ്യ മടലു പെറുക്കാതെ വയ്യ
അട്ടംനോക്കി കട്ടിലുപറ്റിയ തമ്പ്രാനോ പറയാതെ വയ്യ
ഓനെന്തേലും കൊടുക്കണേ മണ്ണാകുംവരെ
ഓനാണീ മണ്ണിന്റെ മരത്തിന്റെയുടയോൻ
rajeswari_vettam

Be the first to comment

Leave a Reply

Your email address will not be published.


*


*