ഇരമ്പുന്ന കേൾവിയും തെളിയുന്ന കാഴ്ചയും- ശശി കണ്ണിയത്ത്

ഋതുക്കളുടെ സഹായമില്ലാതെ വളരുകയും വിടരുകയും ചെയ്യുന്ന ഒരേയൊരു പുഷ്പം സ്നേഹം മാത്രമാണ്. വയലിലെ പുഷ്പങ്ങൾ സൂര്യന്റെ മമതയുടെയും പ്രകൃതിയുടെ രാഗത്തിന്റെയും ശിശുക്കളാണ്. മനുഷ്യ ശിശുക്കൾ സ്നേഹത്തിന്റെയും കനിവിന്റെയും പൂക്കളാണ്..
(ഖലീൽ ജിബ്രാൻ.)
എൽ.കെ.ജി.തലം തൊട്ട് മുതുകിൽ വന്നു വീഴുന്ന പുസ്തക സഞ്ചിയുടെ ഭാരവും ചുമന്ന് നീങ്ങുന്ന കൊച്ചു കുട്ടികൾ ഇന്നൊരു പുതുമയുള്ള കാഴ്ചയല്ല.. പുലരിയും പൂക്കളും പക്ഷികളും മഞ്ഞും മഴയും കുളവും വയലുമെല്ലാം സമ്പന്നമാക്കുന്ന പ്രകൃതി ഭംഗികളും, കളിയും ചിരിയും പാട്ടുകളും മുത്തശ്ശിക്കഥകളുമെല്ലാമായി പുഷ്ക്കലമാവേണ്ടുന്ന ബാല്യകാലവും അന്യം നിന്ന് പോയ കുഞ്ഞ് മനസ്സുകൾ പഠനവും കമ്പ്യൂട്ടർ ഗെയിമുകളുമായി ഇന്ന് നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്. അതെല്ലാം തന്നെ ഗതകാലസ്മരണകളിലെ സുന്ദരമായ ഒരേടായി മാറിക്കഴിഞ്ഞു. അണു കുടുംബ വ്യവസ്ഥിതിയുടെ മുഖമുദ്രയായ ഫ്ലാറ്റ് ജീവിതങ്ങളിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇന്നത്തെ മുത്തശ്ശിമാരിൽ പലരും. നന്മയുടെയും വിശുദ്ധിയുടെയും നിറകുടങ്ങളായ അവരിൽ ഭൂരിഭാഗവും വൃദ്ധസദനങ്ങളിലെ അന്തേവാസികളായി ഒതുങ്ങിക്കഴിയുന്നതിന്റെ ദയനീയത, അണുകുടുംബ വ്യവസ്ഥിതിയുടെ തന്നെ ഭയാനകമായ പരിച്ഛദമല്ലാതെ മറ്റെന്താണ്..? വേദനയിൽ ഉറഞ്ഞു പോയ അവരുടെ ഹൃദയതാളങ്ങളുടെ മർമ്മരങ്ങൾ ഇന്നാരു കേൾക്കാൻ…

പോയ് പോയ കാലത്തിന്റെ ഈ നന്മകളോരോന്നും അതിന്റെ തനിമയോടെ വീണ്ടെടുക്കാൻ ഇനിയാവില്ലെങ്കിലും ഗൃഹാതുരത്വമുണർത്തുന്ന ആ രംഗങ്ങൾ മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുന്ന ചിലർക്കെങ്കിലും നമ്മുടെ കുഞ്ഞുങ്ങളിലേക്ക് അത് പകർന്നു നൽകാനായെങ്കിൽ, സ്നേഹത്തിന്റെയും കനിവിന്റെയും നനവൂറുന്ന മണ്ണിലേക്ക് വീഴുന്ന ആദ്യത്തെ വിത്തായിരിക്കും അത്. അതല്ലാതെ നമ്മുടെ സ്വാർത്ഥതയ്ക്കു വേണ്ടി അവരിലെ കുട്ടിത്തം തീർത്തും കവർന്നെടുത്ത് അറിവിന്റെയും ബുദ്ധിയുടെയും മാത്രമായ ലോകത്ത് ഒതുക്കി നിർത്താനുള്ള ശ്രമം, നാളെ അവരെ ഭിഷഗ്വരന്മാരും, ശാസ്ത്രജ്ഞൻമാരും, മറ്റ് ഉന്നത അധികാരികളുമൊക്കെയാക്കി മാറ്റിയേക്കാം. പക്ഷെ നല്ല മനുഷ്യരായി മാറ്റിയെടുക്കാൻ കഴിയണമെന്നില്ല. അല്ലെങ്കിൽ തന്നെ പണാധിപത്യം വെന്നിക്കൊടി നാട്ടിയ ജനാധിപത്യത്തിൽ, അതിജീവനത്തിനായി പെടാപാടുപെടുന്ന ക്രിമി ലെയറുകളിൽ എത്രയധികം പേർക്ക് സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുത്ത് അങ്ങനെയെല്ലാം ആയിത്തീരാൻ കഴിയുന്നുണ്ടു്…?

ജീവിത സൗഭാഗ്യങ്ങളുടെ ഉന്നത ശ്രേണിയിൽ വിഹരിക്കുന്ന ബഹു ഭൂരിഭാഗവും സാമൂഹിക പ്രതിബദ്ധതയുടെ ഒരു കണിക പോലും അവശേഷിക്കാത്ത, അവനവനാത്മസുഖമാചരിക്കുന്നതിൽ മാത്രം ജന്മ സായൂജ്യമടയുന്നവരാണ് എന്ന് തിരിച്ചറിയുമ്പോഴാണ്, മനുഷ്യനായത് കൊണ്ട് മാത്രം വലിയവനാകുന്നില്ല, മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാക്കുന്നത് എന്ന അവബോധം കൂടുതൽ ദീപ്തമാകുന്നത്. (അന്യന്റെ വേദനകൾ തന്റെത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ്, അവരെ ആശ്വസിപ്പിക്കാനും തണലേകാനുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സാന്ത്വന സ്പർശമേകുന്ന സന്നദ്ധ സംഘടനകളും, നിസ്വാർത്ഥമായി അതിനു വേണ്ടി സമയവും അർത്ഥവും കണ്ടെത്തുന്ന സുമനസ്സുകളും വാഴ്ത്തപ്പെടട്ടെ.).

കുട്ടികളുടെ അറിവിനെ അഥവാ ധിഷണയെ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം, അതിനോളം അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ള സഹാനുഭൂതിയിലും നന്മയിലും അധിഷ്ടിതമായ ചിന്തയെ – ഭാവനയെ ഉത്തേജിപ്പിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം നൽകാൻ ഇനിയും ഉദാസീനത കാണിച്ചു കൂട. ഈ ഭൂമിയിലെ എല്ലാ സൗന്ദര്യവും മഹത്ത്വവും മനുഷ്യന്റെ ഉള്ളിലെ ഒരൊറ്റ ചിന്തയിലൊ ഭാവനയിലൊ സൃഷ്ടിക്കപ്പെടുന്നു എന്നത്, അറിവിനേക്കാൾ പ്രാധാന്യമേറിയതാണ് ഭാവന എന്ന തിരിച്ചറിവിനെ സാധൂകരിക്കുന്നു. അറിവുകൾ പലതും പരിമിതമാണ് ഭാവനയ്ക്ക് അതിരുകളില്ല എന്നത് തന്നെയാണ് അതിന് കാരണം. തങ്ങൾക്ക് പകർന്നു കിട്ടിയ അറിവിനെ ബുദ്ധിയുടെയും ഭാവനയുടെയും മൂശയിൽ സ്ഫുടം ചെയ്‌ത് പരുവപ്പെടുത്തിയെടുത്തവരാണ്, മറ്റുള്ളവർ തെളിച്ച വഴികളിലൂടെ നടക്കാതെ പുതിയ വഴികൾ കണ്ടെത്തുകയും അവിടെ സ്വന്തം കാൽപ്പാടുകൾ പതിപ്പിക്കുകയും ചെയ്ത മഹാപ്രതിഭകൾ.

കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗ്ഗശേഷികളെ കണ്ടെത്താനുതകുന്ന വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിയ്ക്കൽ പ്രാഥമിക വിദ്യാലയങ്ങളായ വീടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും തന്നെയാണ് തുടങ്ങേണ്ടത്. അതിനുള്ള മനസ്സും സമയവും മാതാപിതാക്കൾക്കുണ്ടാവണമെന്നു മാത്രം. നമ്മൾ അവരെ സ്നേഹിക്കുന്നു അതുകൊണ്ട് അവരുടെ നല്ല ഭാവിയ്ക്കു വേണ്ടി എന്തൊക്കയോ ചെയ്തുകൂട്ടുന്നു എന്നതിലല്ല കാര്യം. കുട്ടികളുടെ മനസ്സറിയാതെ, അവരുടെ അഭിരുചികൾ എന്തെന്നറിയാതെയുള്ള ഏത് തരം കടന്നുകയറ്റങ്ങളും നമ്മുടെ സ്വാർത്ഥത, അല്ലെങ്കിൽ ഈഗോ യുടെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. കുട്ടികൾ നാടിന്റെ സമ്പത്താണെന്നും, അവരെ നാടിന്റെ തന്നെ പുനർനിർമ്മാണത്തിന്നും നവീകരണത്തിനും വേണ്ടി അവരവരുടെ അഭിരുചികൾക്കനുസൃതമായി വളർന്നു വികസിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് ചരിത്ര പരമായ തങ്ങളുടെ കടമയെന്നും എത്ര മാതാപിതാക്കൾ മനസ്സിലാക്കിയിട്ടുണ്ട്..? അങ്ങനെ വളർന്നു വികസിച്ച്, നാടും നഗരവും രാജ്യവും ലോകവും തന്നെ അംഗീകരിക്കപ്പെട്ട മഹാപ്രതിഭകളായി മാറിയ പല മക്കളുടെയും യശസ്സിന്റെ, ഹർഷോന്മാദത്തിന്റെ നിർവൃതി അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ.

യാതൊരു വിധ അംഗീകാരങ്ങൾക്കും വേണ്ടിയല്ലാതെ, അന്നന്നത്തെ അന്നത്തിന് വേണ്ടി തെരുവിലലയുന്ന കുരുന്ന് പ്രതിഭകളായ ഗായകന്മാരെയും, ചിത്രകാരന്മാരെയും, സർക്കസ് അഭ്യാസികളെയുമെല്ലാം നമ്മൾ പലപ്പോഴായി കണ്ടു മുട്ടാറുണ്ട്. അവർക്ക് ആരുടെയും പ്രോത്സാഹനങ്ങളില്ല, അംഗീകാരങ്ങളുമില്ല.തികച്ചും പ്രതികൂല സാഹചര്യങ്ങളുമായി മല്ലിട്ട് വളർന്നു വന്ന അവരിൽ ചിലരെങ്കിലും ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്നിരുന്നാലും ആരാലും അറിയപ്പെടാതെ, ജീവിതത്തിൽ ഒന്നുമായി തീരാതെ കൊഴിഞ്ഞു പോയവരാണ് ബഹു ഭൂരിഭാഗവും.അവർക്ക് ആരോടും പരാതികളില്ല പരിഭവവും. മഹത്തായ സ്വാതന്ത്ര്യത്തിന്റെ അറുപത്തി ഒമ്പതാം വാർഷികത്തിലും, ഉറ്റവരും ഉടയവരും ആരെന്നറിയാത്ത ഇത്തരം ബാല്യ കൗമാരങ്ങളുടെ എരിയുന്ന വയറിലെ തീയണയ്ക്കാതെ, ആഹ്ലാദത്തിന്റെ മധുരം നുണയുന്ന ഡൂൺ കുഞ്ഞുങ്ങളെ വർഷാവർഷം വിരിയിച്ചെടുക്കുന്ന ലോകത്തിലെ തന്നെ ബൃഹത്തായ ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഊറ്റം കൊണ്ടിരുന്ന കഴിഞ്ഞ കാല രാഷ്ടീയ അജണ്ടയിലെയും, ആധുനിക രാമ രാജ്യ അജണ്ടയിലെയും പൂരിതമാവാത്ത സമസ്യയായി അത് തുടർന്നു കൊണ്ടേയിരിക്കും. നന്മയുടെ പൂക്കളായി പരിമളം ചൊരിയേണ്ട അവരിൽ പലരും പിടിച്ചു പറിക്കാരും രക്തദാഹികളായ ക്രിമിനലുകളുമായാണ് വളർന്നു വരുന്നത്.

ഈ ഭൂമിയിൽ ഇതുവരെ ഉയിർ കൊണ്ടിട്ടുള്ള മറ്റ് ജീവിവർഗ്ഗങ്ങളിൽ നിന്നെല്ലാം മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, അവനിലെ ചിന്താശേഷിയും, ബുദ്ധിവികാസവും, വിവേചന ശേഷിയുമൊക്കെ തന്നെയാണ്. പക്ഷെ മറ്റ് ജീവിവർഗ്ഗങ്ങളിലൊന്നും കണ്ടു വരാത്ത ഏറ്റവും ദുഷിച്ചതും അപലപനീയവുമായ ഒരു പ്രവണതയാണ് മനുഷ്യനിലെ അതിരു കടന്ന സ്വാർത്ഥത. അത് അവനെ ഞാൻ എന്റെത് എനിക്ക് എന്നീ സംജ്ഞകളിൽ മാത്രം ഒതുക്കി നിർത്തുന്നു. അതിനെ പ്രഥമവും പ്രബലവുമായ ഇരകളായി തീരുകയാണ്‌ ഇന്നത്തെ കുഞ്ഞുങ്ങളിൽ പലരും. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം കണ്ടു ശീലിച്ച കണ്ണുകൾ സൂര്യപ്രകാശം കാണാൻ അസമർത്ഥമാകുന്നു എന്നത് പോലെ മനുഷ്യൻ സ്വതന്ത്രനായി പിറന്നാലും പലരും പൂർവ്വികന്മാർ പ്രയോഗത്തിൽ വരുത്തിയ നിശിത നിയമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും അടിമകളായ് തന്നെ തുടരും എന്ന ആപ്തവാക്യം ഇവിടെ യാഥാർത്ഥ്യമാവുകയാണ്. എങ്കിലും മാറേണ്ടത് നമ്മൾ തന്നെയാണ്. സ്വയം മാറ്റങ്ങൾക്ക് വിധേയനാകാത്ത ഒരാൾക്ക് സമൂഹത്തിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവില്ല. അങ്ങനെ മാറിച്ചിന്തിച്ചവരിൽ പലരും സമൂഹത്തിന് നൽകിയ മഹത്തായ സംഭാവനകളുടെ ഗുണഫലങ്ങൾ കൂടിയാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന നന്മകളിലേറെയും. അവരാരും തന്നെ സുഖലോലുപതയുടെ ഉപാസകരായി സ്വന്തമെന്ന പദങ്ങളിൽ ഒതുങ്ങിക്കൂടിയവരായിരുന്നില്ല.

എല്ലാവർക്കും മഹാന്മാരും മഹതികളുമൊന്നും ആയിത്തീരാൻ കഴിയണമെന്നില്ല എങ്കിലും, കുട്ടികളിലെ വ്യത്യസ്തങ്ങളായ കഴിവുകളെ – സർഗ്ഗവാസനകളെ – യാതൊരു വിധ താരതമ്യങ്ങൾക്കും വിധേയമാക്കാതെ അതിന്റെ തനിമയോടെ തന്നെ കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതോടൊപ്പം, തങ്ങളുടെ സാധ്യതകളെയും പരിമിതികളെയും ഉൾക്കൊള്ളാൻ കഴിയുംവിധം അവരെ പ്രാപ്തരാക്കുകയും ചെയ്തു കഴിഞ്ഞാൽ, അനാരോഗ്യകരമായ മത്സരബുദ്ധികളിൽ നിന്നും, അതിന്റെ പിരിമുറുക്കങ്ങളിൽ നിന്നും കുഞ്ഞു മനസ്സുകളെ മോചിപ്പിച്ചെടുക്കാം. അക്കാഡമിക്ക് പഠനത്തോടൊപ്പം സ്വന്തം ക്രിയാത്മകത കളിൽ സജീവമാകാൻ സമയം കണ്ടെത്തുകയും, അതിൽ സംതൃപ്തി തോന്നുകയും ചെയ്താൽ പതിയെ അതൊരു ശീലമായി വളർന്നു വരും.തന്നെക്കാൾ കഴിവുകളുള്ളവരുടെ വിജയത്തിൽ അസൂയാലുക്കളാവാതെ, സ്വന്തം ഉൽക്കർഷതയിൽ വളർന്നു വരുന്ന ഇങ്ങനെയുള്ള മനസ്സുകളിൽ സ്പർധയില്ല, സംഘർഷവുമില്ല. അംഗീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിലുള്ള നിറഞ്ഞ ചാരിതാർത്ഥ്യം മാത്രം.

കുരുന്നു ബുദ്ധിയിൽ തെളിഞ്ഞു വരുന്ന എത് ചെറിയ കാര്യവും തുറന്നു പ്രകടിപ്പിക്കാനും, നമുക്ക് പലപ്പോഴും നിസ്സാരങ്ങളെന്ന് തോന്നുന്ന അവരുടെ സംശയങ്ങൾ – ആകുലതകൾ – വളരെ ശ്രദ്ധയോടെ കേൾക്കാനും, അതിനുള്ള പരിഹാര നിർദ്ദശങ്ങൾ കൃത്യവും ലളിതവുമായി മനസ്സിലാക്കി കൊടുക്കാനും ശ്രമിക്കുന്നതോടൊപ്പം, സന്തോഷകരവും തെളിമയുമുള്ള ഒരു സൗഹൃദവലയം സൃഷ്ടിച്ചെടുക്കാനുമായാൽ അത് അവരിൽ തികഞ്ഞ ആത്മവിശ്വാസവും പരസ്പര ധാരണയും വളർന്നു വരാൻ സഹായകരമാകും. അങ്ങനെ വളർന്നു വരുന്ന മനസ്സുകളെ വളരെ ലാഘവത്തോടെ ആർക്കും ചതിക്കുഴികളിൽ വീഴ്ത്താനാവില്ല. പ്രത്യേകിച്ച് പെൺകുട്ടികളെ.. ഇത് പല മാതാപിതാക്കളും മനസ്സിലാക്കിയിട്ടും മറന്നു കളയുന്ന ആദ്യ പാഠമാണ്.

കുട്ടികളോടുള്ള അമിത ലാളന മൂലം അവരുടെ ഏതാവശ്യവും സാധിച്ചു കൊടുക്കുക എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വരുത്തിവെക്കുക തന്നെ ചെയ്യും. ഇത്തരം കുഞ്ഞുങ്ങൾ വളർന്നു വലുതാവുമ്പോൾ അവരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കുമെല്ലാം ഏതെങ്കിലും രീതിയിൽ ഭംഗം വന്നു കഴിഞ്ഞാൽ അതവരിലുണ്ടാക്കുന്ന നിരാശാ ബോധം അപകടകരമായ പല പ്രവണതകളിലേക്കും വഴിതിരിച്ചുവിടും.. എന്തിനും ഏതിനം കുറ്റങ്ങൾ ആരോപിക്കപ്പെട്ട്, വളരെ ചെറിയ തെറ്റുക്കൾക്ക് പോലും കഠിന ശിക്ഷകൾ ഏറ്റ് വാങ്ങി, സർഗാത്മകമായ കഴിവുകൾ പലതുമുണ്ടായിട്ടും അതൊന്നും പ്രകടിപ്പിക്കാൻ കഴിയാത്തതിന്റെ വേദനകൾ ഉള്ളിലൊതുക്കി, ഒന്നിനും കൊള്ളാത്തവനെന്ന അപകർഷതാബോധവും പേറി വളർന്നു വരുന്ന കുട്ടികൾ, പിന്നീട് മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമകളായി സ്വന്തം ജന്മത്തെ പഴിച്ചു കൊണ്ട് ദിശാബോധം തെറ്റി അലഞ്ഞു തിരിയുന്നവരും, തികച്ചും പ്രതിലോമകാരികളായി തീരുമെന്നതും തിരിച്ചറിയേണ്ടതുണ്ടു്.

ജീവിതയാത്രയിൽ വന്നു ഭവിക്കുന്ന പ്രതിബന്ധങ്ങളെയും, പ്രയാസങ്ങളെയും ധീരതയോടെ നേരിടാനും അവയെ മറികടക്കാനും പരിഹരിക്കാനും കഴിയുംവിധം തിരിച്ചറിവും ആത്മവിശ്വാസവും കുട്ടികൾക്ക് പകർന്നു നൽകണം. തെറ്റുപറ്റാത്തവർ യഥാർത്ഥത്തിൽ ഒന്നും ചെയ്യുന്നില്ല എന്നും, തെറ്റുകൾ വരുത്താതിരിക്കുമ്പോഴല്ല ഒരിക്കൽ ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാവുന്നതെന്ന അവബോധവും അവരിൽ വളർത്തിയെടുക്കണം. ആത്മവിശ്വാസവും, പ്രതീക്ഷകളും, സ്വപ്നങ്ങളുമെല്ലാം നാമ്പിടുന്ന ജീവിതയാത്രയുടെ പടവുകൾ ചവിട്ടിക്കയറുവാൻ ശേഷിയുള്ളവരാകാനുള്ള ഇത്തരം പാഠങ്ങളാണ് പ്രാഥമിക വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങേണ്ടത്.

അഭിനവ കാസനോവ മാരുടെ പ്രലോഭനങ്ങളുടെ ചതിക്കുഴികളിൽ വീണ് ഇനിയും നമ്മുടെ പെൺമക്കൾ ആത്മാഹുതിയുടെ വരണമാല്യം അണിയാതിരിക്കണമെങ്കിൽ, സ്വന്തം ശരീര സൗന്ദര്യത്തിന്റെ വിപണന സാധ്യത കണ്ടെത്തി, ഭരണ സിരാകേന്ദ്രത്തിന്റെ സ്വകാര്യ ഇടനാഴികളിൽ സ്വൈരവിഹാരം നടത്തിയ സോളാർ സുന്ദരിയെ പോലുള്ള വീരാംഗനകളും, മനുഷ്യനെന്ന പദത്തിന് തന്നെ തീരാ കളങ്കമായി മാറിയ, നൃശംസതയുടെ, കരാള തയുടെ ബീഭത്സരൂപങ്ങളായ പൾസർ സുനിയേയും, കൊടി സുനിയേയും, കേഡലിനെയും പോലുള്ള നരാധമന്മാരും ആ സുര താണ്ഡവമാടുന്ന ഇടങ്ങളായി ഇനിയും ദൈവത്തിന്റെ സ്വന്തം നാട് മാറാതിരിക്കണമെങ്കിൽ, ഗൃഹാന്തരീക്ഷത്തിൽ നിന്ന്, മാതാപിതാക്കളിൽ നിന്ന്, അമ്മമാരിൽ നിന്ന് തന്നെ തുടങ്ങാം നന്മയുടെ പ്രാഥമിക പാഠങ്ങൾ. പരസ്പരം പ്രണയത്തിന്റെ ചന്ദനമഴ ചൊരിയുന്ന ഭാര്യമാരും, തട്ടീം മുട്ടീം കഴിഞ്ഞുകൂടുന്ന അമ്മമാരും അമ്മായി അമ്മമാരും സ്ത്രീത്വത്തിന്റെ മഹനീയ ഭാവങ്ങൾ ഇങ്ങനെയാണ് സാർത്ഥകമാക്കേണ്ടത്.

സങ്കുചിത ദേശീയ, വംശീയ, ജാതീയതകളുടെ ഷോ വനിസ്റ്റ് കളായി വളരാൻ വിട്ടു കൊടുക്കാതെ, സകലവിധ അടിച്ചമർത്തലുകൾക്കും അതീതമായി നിലകൊള്ളുന്ന സ്വാതന്ത്ര്യത്തിന്റെ തന്നെ സവിശേഷ മൂല്യങ്ങളുടെ – ഉദാത്തവും ദീപ്തവുമായ മാനവികതയുടെ – ഉപാസകരാവാൻ, വിടർന്നു പരിമളം ചൊരിയുന്ന പൂവുകളിൽ നിന്ന് നന്മയുടെ മധു നുകരുകയും, സ്നേഹത്തിന്റെയും കനിവിന്റെയും പരാഗ രേണുക്കൾ പകർന്നു നൽകാൻ ഒരായിരം പൂക്കളിൽ പറന്നെത്തുകയും ചെയ്യുന്ന ഭ്രമര ദൃഷ്ടികളായ് സമുല്ലസിച്ചീടട്ടെ നമ്മുടെ കുഞ്ഞുങ്ങൾ.
sasi kanniyath

5 Comments

 1. തങ്ങളുടെ കുട്ടി ഡോക്ടറോ എഞ്ചിനീയറോ ഒക്കെയായിതീരാൻ വേണ്ടി ശ്രമിക്കുന്നവർ, മനുഷ്യനായി തീരാൻ ശ്രമിക്കുന്നില്ലെന്ന് വേണം കരുതാൻ. യന്ത്രങ്ങളെ ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി വിദ്യാശാലകൾ മാറുമ്പോൾ ആത്മാവ് നഷ്ടപ്പെട്ട വേഷങ്ങൾ പെരുകുകതന്നെ.. നല്ല എഴുത്ത് ശശിയേട്ടാ..

 2. ആദ്യം മക്കള്‍ മനുഷ്യഗുണമെന്തെന്നു അറിഞ്ഞു വളരട്ടെ. സ്നേഹവും കരുണയുമില്ലാത്ത കറുത്ത മനസ്സിന് ഡോക്ടറുടെ വെള്ളക്കുപ്പായം വെറുമൊരു ആഭരണം മാത്രമാണ്. നല്ല എഴുത്ത്, കൂടുതല്‍ വായിക്കപ്പെടെണ്ടത്.

 3. നല്ല ലേഖനം.. കുട്ടികളെ നന്മയുടെ പാതയിൽ മുന്നേറാൻ സഹായിക്കേണ്ടത് മുതിർന്നവർ തന്നെയാണ്.. അതിനു കഴിയാതെ വരുമ്പോൾ കുട്ടിക്കുറ്റവാളികളും ദുർഗുണപരിഹാര പാഠശാലകളും നാട്ടിൽ പെരുകുന്നു… നല്ല വിദ്യാഭ്യാസം നന്മയുള്ളതു കൂടിയവണം അല്ലേ സർ…. ആശംസകൾ

 4. “പരിമളം ചൊരിയുന്ന പൂവുകളിൽ നിന്ന് നന്മയുടെ മധു നുകരുകയും, സ്നേഹത്തിന്റെയും കനിവിന്റെയും പരാഗ രേണുക്കൾ പകർന്നു നൽകാൻ എല്ലാവർക്കും കഴിയുമാറാകട്ടെ.,
  നല്ല എഴുത്ത് ശശിയേട്ടാ..

 5. നെൽപ്പാടങ്ങളേയും ഉഷസ്സിലെ മഞ്ഞുതുള്ളികളേയും ആസ്വദിക്കുകയും അത് കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്ന ഒരു തലമുറയിന്നില്ല. ആ സംസ്കാരവും നശിച്ചുപോയി. മനുഷ്യൻ, ബന്ധങ്ങൾ കാത്തുസൂക്ഷിക്കപ്പെട്ടിരുന്ന കൂട്ടുകുടുംബങ്ങളിൽ നിന്നും സ്വകാര്യത നിറഞ്ഞു നിൽക്കുന്ന അണുകുടുംബത്തിലേക്ക് പോയപ്പോഴും അവസരങ്ങൾ തേടി പ്രവാസികളായപ്പോഴുംനഷ്ടപ്പെട്ടുപോയ ഒന്നാണത്. കാലത്തിന്റെ കുത്തൊഴുക്ക് എന്നൊന്നുണ്ടല്ലോ. പഴമ പറഞ്ഞുതന്നിരുന്ന മുത്തശ്ശിമാരും കാലയവനികക്കുള്ളിൽ മറഞ്ഞു..

  ഇന്നത്തെ തലമുറ പഠിപ്പിക്കുന്നതെന്താണ്? മത്സരിക്കാനും ഇന്റർവ്യൂകളിൽ നിറഞ്ഞുനിന്ന് അവസരങ്ങൾ വെട്ടിപ്പിടിക്കുവാനും മാത്രം. ഇതിനിടയിൽ ചിന്തിക്കാൻ പഠിപ്പിക്കുന്നതിന് സമയമെവിടെ? ചിന്തകളുടെ ഉദ്ദീപനവും ഭാവനയുമൊന്നമില്ലാതെ വെറും ബ്രോയിലർ കോഴികളെ പ്പോലെയാണ് തലമുറകളോരോന്നും വളർന്നുവരുന്നത്. അരാജകത്വം എന്നുതോന്നുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. പണക്കാരന്റെ മക്കൾക്ക് വളർന്നുവരാൻ സൗകര്യങ്ങളേറെയുണ്ട്. പക്ഷെ അവർ, പതിനാലോ പതിനഞ്ചോ വയസ്സുകഴിയുമ്പോൾ മടിയൻമാരായി സുഖലോലുപരായി ജീവിക്കാൻ പാകത്തിന് മനസ്സിനെ സെറ്റ് ചെയ്ത് വയ്ക്കും. മാത്രവുമല്ല അവരുടെ മാതാപിതാക്കൾ, ഒരു കലാകാരനോ, സാഹിത്യകാരനോ അല്ലെങ്കിൽ ഒരു ജേർണലിസ്റ്റോ ആയിത്തീരാൻ അവരെ പ്രൊത്സാഹിപ്പിക്കുന്നതുമില്ല. പണമുണ്ടാക്കാൻ പ്രാപ്തരാക്കുകയാണവരുടെ ലക്ഷ്യം. അതേസമയം ദരിദ്രരുടെ മക്കൾ കഴിവുണ്ടായിട്ടും, ജീവിതഭാരവും തലയിലേറ്റി ജീവിതം കളയേണ്ടിവരുന്നു.

  മറ്റൊന്ന്, പ്രവാസി ജീവിതത്തിനിടയിൽ സംഭവിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ അപചയമാണ്. ലോകത്തെമ്പാടും ഭാരതീയരുണ്ട്. പ്രത്യേകിച്ച് മലയാളികൾ. ഇവരെല്ലാം താമസിക്കുന്നത് ഒരു തരം “റെഡിമേഡ് കേരള”ത്തിലാണ്. യഥാർത്ഥ ഭാരതീയ സംസ്കാരമോ, അവർ ജീവിക്കുന്ന രാജ്യത്തിന്റെ സംസ്കാരമോ അവിടുത്തെ കുട്ടികൾ മനസ്സിലാക്കുന്നില്ല. നേരത്തെ പറഞ്ഞ ബ്രോയിലർ സംസ്കാരമാണ് ഇവിടെയെല്ലാം കാണാൻ സാധിക്കുന്നത്. ഇംഗ്ളീഷ് മീഡിയം സ്കൂളിൽ ഇംഗ്ളീഷ് എഴുതാനും വായിക്കാനും പഠിച്ച ശേഷം, റൈറ്റേഴ്സ്കഫേ പോലുള്ള ഓൺലൈൻ പ്ളാറ്റുഫോമുകളിൽ എന്തൊക്കെയോ എഴുതി കമന്റുകൾ നേടുന്ന കുറേ പിള്ളേരുണ്ടിപ്പോൾ. ആദ്യത്തെ ഉത്സാഹംകഴിയുമ്പോൾ എല്ലാം ഇട്ടെറിഞ്ഞ് കോർപ്പൊറേറ്റ് ലോകത്തേക്ക് തിരിച്ചുപോകുന്ന മിഡിൽക്ളാസ്സ്/ അപ്പർ മിഡിൽ ക്ളാസ്സ് പിള്ളേർ..
  കലയും സാഹിത്യവുമെല്ലാം ആജീവനാന്തം കൂടെ കൊണ്ടുപോകുന്നതിന്, ഏതെങ്കിലും ഒരു ഭാഷയിലധിഷ്ടിതമായ സംസ്കാരത്തിന്റെ ശക്തമായ അടിത്തറയുണ്ടാകണമെന്നാണ് എന്റെ വിശ്വാസം.കുറേ വർഷങ്ങൾ കഴിയുമ്പോൾ മലയാള ഭാഷക്കും സംസ്കാരത്തിനുമൊന്നും അവകാശികളില്ലാതാകും.. ഭാഷയറിഞ്ഞുകൂടാത്തവർ അതിന്റെ അവകാശികളാകുന്നതെങ്ങനെ??
  മനോഹരമായ രചന ശശി സർ. ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒന്ന്.

Leave a Reply

Your email address will not be published.


*


*