യാ ഹുദാ (നോവല്‍) – അനീഷ്‌ തകടിയില്‍

5. കാളീ മാ
___________

“അമ്മ തളർന്നു തുടങ്ങിയെടാ. ഇനിയെത്രനാൾ ഉണ്ടാവുമെന്നറിയില്ല”.
ആഞ്ചലീനയുടെ കണ്ണുകൾ നിറഞ്ഞു. മടിയിലിരുന്നു കളിക്കുന്ന മൂന്നുവയസ്സുകാരി മുന്നയുടെ മുടിയിഴകൾ മാടിയൊതുക്കുന്ന തിരക്കിലായിരുന്നു അവരുടെ കൈകൾ. മുന്നയുടെ അച്ഛൻ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. അമ്മ, അവളെ ഈ ലോകത്തു തനിച്ചു വിട്ടിട്ട് ആ ദിവസം തന്നെ മടങ്ങി. മധ്യപ്രദേശിലെ വിദിശയിലെ സഹരിയാ സമുദായത്തിൽ‌പ്പെട്ടവരാണിവർ. അസംഘടിതരായ ആദിവാസികൾ. ഇന്ത്യയുടെ പ്രധാനമന്ത്രിയാരെന്നു ചോദിച്ചാൽ അവർക്കിന്നും ജവഹർലാലാണ്. ഗാന്ധി വിഷ്ണുവിന്റേയും അംബേദ്കർ ബുദ്ധന്റേയും അവതാരമാണ്. മന്ത്രവാദവും വ്യാജവൈദ്യവും കള്ളവാറ്റും കാരണം തളർന്ന ഈ ഭൂമിയിലാണ് ഇളം കാറ്റുപോലെ ആഞ്ചെലീനയെത്തിയത്. അവരിലൂടെ ആ ജനത അക്ഷരങ്ങളെ അറിഞ്ഞു. അവകാശങ്ങൾക്കായിപ്പൊരുതി. വനവിഭവങ്ങൾ കൊള്ളയടിക്കുന്ന സേഠുമാരെ തുരത്തി. സ്നേഹത്തോടെ ആഞ്ചലീനയെ അവർ ‘കാളീമാ’യെന്നു വിളിച്ചു. ആ കാളീമായാണു പറയുന്നത് തളർന്നു തുടങ്ങിയെന്ന്.
ആനന്ദിന്റെ കണ്ണു നിറഞ്ഞു. അയാൾ അവരുടെ വിണ്ടുകീറിയ പാദത്തിൽ തൊട്ടു. നീരുവന്നു കെട്ടിയ മുട്ടുകളിൽ കൈകളമർത്തുമ്പോൾ ആ അമ്മ കണ്ണുകളടച്ചു, ഏതോ ധ്യാനത്തിന്റെ നിർവൃതിയിലെന്ന പോലെ. ഈ കാഴ്ചകളെല്ലാം കണ്ട് തെരേസ നിന്നു. അവള്ക്കി തെല്ലാം ഒരു സ്വപ്നമായിരുന്നു. തന്റെ അമ്മയെക്കാണാൻ വരുന്നോ എന്ന ആനന്ദിന്റെ ചോദ്യം അവളെ അമ്പരപ്പിച്ചെങ്കിലും ഇപ്പോൾ മനസ്സിലായി, വന്നില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെയെ ന്ന്. ഡൽഹിയിൽ നിന്നും മധ്യപ്രദേശിലേക്ക് ആദ്യം ട്രയിനിലും പിന്നെ ബസിലും യാത്ര ചെയ്യുമ്പോൾ അവൾ ഭാരതത്തിന്റെ മറ്റൊരു മുഖം കാണുകയായിരുന്നു. അധികാര വടംവലികൾക്ക് മഹാഭാരതകാലം മുതൽ സാക്ഷിയായ ഇന്ദ്രപ്രസ്ഥത്തിന്റെ മുഖമല്ല ഉൾനാടൻ ഗ്രാമങ്ങൾക്കുള്ളത്. നിഷ്കളങ്കരും ശുദ്ധാത്മാക്കളുമായ ഒരു വലിയ ജനത. അവരെ നാം ആദിവാസികൾ എന്നു വിളിക്കുന്നു. വാസ്തവത്തിൽ അവരുടേതല്ലേ ഈ ലോകം. നാം വെറും മുഖംമൂടികളല്ലേ? ഇപ്പോഴിതാ അവരുടെ ഇടയിൽ ദേവത പോലെ മറ്റൊരുവൾ. ആനന്ദിന്റെ അമ്മ, അല്ല ഇവരുടെ കാളീ മാ. ഈ കുറച്ചു ദിവസത്തെ പരിചയത്തിനിടയിൽ ആനന്ദ് തനിക്കാരെല്ലാമോ ആണ്. അയാളുടെ ചിന്തകളും എഴുത്തും കാഴ്ചകളും തന്നെ എവിടെയൊക്കെയോ വലിച്ചുകൊണ്ടു പോകുന്നു. ഈ ഇഴയടുപ്പങ്ങളെ എന്തുപേരു വിളിക്കണമെന്നറിയില്ല. എന്തു തന്നെയായാലും അത് നല്ലതിനെന്നറിയാം.
ആഞ്ചലീന തെരേസയുടെ മുടിയിൽ തഴുകി. ആനന്ദിനെ നോക്കി ചിരിച്ചു.
“How is your Researching”?
അറിയാവുന്ന ഇംഗ്ലീഷിൽ ആഞ്ചലീന ചോദിച്ചു. തെരേസ ആഞ്ചലീനയുടെ വാ പൊത്തി. “അമ്മയുടെ ഭാഷയിൽ ചോദിക്കൂ. എനിക്ക് ഇന്ത്യൻ ഭാഷകളെല്ലാം ഒരു വിധമറിയാം”. മൂന്നുപേരും ചിരിച്ചു. ഇതൊന്നുമറിയാതെ ആഞ്ചലീനയുടെ മടിയിൽ കിടന്നു മുന്ന സുഖമായ് ഉറങ്ങിക്കഴിഞ്ഞു. തെരേസയുടെ നോട്ടം മുന്നയിലാണെന്നു കണ്ട് ആഞ്ചലീന പറഞ്ഞു.
“ഇവളുടെ അച്ഛൻ കിഷൻ ചോട്ടു മരിച്ചിട്ട് ഒരു മാസം കഴിയുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ജനം മാവോവാദികളും നക്സലുകളുമൊക്കെയാവുന്നതിനു അവരെ കുറ്റം പറയാനൊക്കുമോ? അവർ ആയുധമെടുത്തെന്നിരിക്കും. കിഷനെ വെടിവച്ചുകൊന്നത് ഇന്ത്യൻ ആർമ്മിയാണ്. അതിന്റെ ശരിയും തെറ്റുമൊന്നും എനിക്കറിയില്ല. പക്ഷേ ഈ കുഞ്ഞിനെ ചേർത്തു പിടിക്കുകയെന്നതാണ് എന്റെ ശരി“.
അവർ കുഞ്ഞിനെ തറയിൽ വിരിച്ചിരിക്കുന്ന പുൽ‌പ്പായയിൽ കിടത്തി. പുല്ലുമേഞ്ഞ കുടിലിലേക്ക് ഇരുട്ടുകയറിത്തുടങ്ങി. ആഞ്ചലീന ചിമ്മിനി വിളക്കുകത്തിച്ചു. മണ്ണെണ്ണയുടെ ആളുന്ന ചൂര്.
തെരേസ ധ്യാനപൂർവ്വം അവരെ നോക്കി. ഒരു ജനതയുടെ കാളീമായാണ് മുന്നിലിരിക്കുന്നത്. പുരാണകഥയിലെ രൌദ്രയും ബീഭത്സയുമായ കാളിയല്ല. ശാന്തയായ കാളി. വിശന്നുകരയുന്ന കുഞ്ഞ്, അതു മനുഷ്യജീവിയാലും പട്ടിക്കുഞ്ഞായാലും ആ കുഞ്ഞിനു വേണ്ടി മുല ചുരത്തുന്ന അമ്മ. ആനന്ദിന്റെ അമ്മ തന്നെ ശർക്കും ഞെട്ടിച്ചിരിക്കുന്നു.
“മക്കളേ ആ കുടിലിൽ ആരുമില്ല. കിഷന്റെ കുടിലാണ്. അതിന്റെ അവകാശിയാണ് ഇവിടെക്കിടന്നുറങ്ങുന്നത്. നിങ്ങൾ അവിടെപ്പോയി വിശ്രമിക്കൂ“.
ആനന്ദ് പുറത്തിറങ്ങി. തെരേസ അവരുടെ കൃഷ്ണമണികളിലേക്ക് നോക്കി. ആ കണ്ണുകളിൽ ഒരു ചിമ്മിനി വിളക്ക് തെളിഞ്ഞു കത്തുന്നു. അവൾ ആ അമ്മയുടെ കൈകൾ ചുംബിച്ചു. അവർ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു. അവളുടെ ചെവിയിൽ പറഞ്ഞു.
“നീ എന്താണോ തേടുന്നത്, അത് നിന്റെയടുത്തെത്തും. ഒട്ടും വിദൂരമല്ലാത്ത നാളുകളിൽ. ശാന്തമായ് കിടന്നുറങ്ങൂ“.
അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“ആ ചെക്കൻ അലസനാണ്. പാതി സ്വപ്ന ജീവിയും പാതി സാമൂഹ്യ ജീവിയും. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഞാനും അനുരൂപും ഏതാണ്ടങ്ങനെ തന്നെയാണ്. തീയും വെള്ളവും പോലെ. പക്ഷെ ഒരിക്കലും കെട്ടുപോകാതെ പരസ്പരം കാത്തവർ“.
കുടിലിനു പുറത്തിറങ്ങി, കുറച്ചു നടന്നിട്ട് തെരേസ തിരിഞ്ഞുനോക്കി. ഏതോ ലോകത്തെ ആവാഹിച്ചുകൊണ്ട് കാളീമാ അവിടമാകെ പ്രകാശം പരത്തിയിരിക്കുന്നുണ്ടായിരുന്നു.
15732339_1853090154972679_3908091792069724073_o

2 Comments

  1. കാലത്തിന്റെ തെരുവിൽ എവിടെയെല്ലാമോ തെരേസമാരും ആഞ്ചലീനമാരും ഉറങ്ങാതിരിക്കുന്നു. അവരുടെയെല്ലാം ആ നിശബ്ദ സഞ്ചാരത്തിൽ നിന്നും ഇറ്റുവീഴുന്ന വെളിച്ചത്തിന്റെ ചാറിൽ ഈ ലോകം കെടാതിരിക്കുന്നു. എഴുത്ത് തുടരുക, ആശംസകൾ..

Leave a Reply

Your email address will not be published.


*


*