മണി ( MONEY ) താരമാകുന്ന ദേശങ്ങൾ (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

ഒരു ജനതക്ക് അവരുടെ മനസിനൊത്ത ഭരണാധികാരികളാണ് അവതരിക്കുകയെന്ന് മുമ്പേ കടന്നുപോയവർ കുറിച്ചുവച്ചത് അക്കാലത്തെ തമാശയാകാമെങ്കിലും ഇക്കാലത്ത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. പണവും അധികാരവും ഒരമ്മ പെറ്റ മക്കളെന്ന നിലക്ക് മുന്നോട്ട് പോകുമ്പോൾ അതിനെ പരിണയിക്കുന്നവർ അരങ്ങ് വാഴുമ്പോൾ കാര്യമായൊരു പ്രതീക്ഷയും വച്ചുപുലർത്തേണ്ടതില്ല. അടിയന്തിരാവസ്ഥക്ക് ഒത്താശ ചെയ്തവരും അതേ അവസ്ഥക്ക് ശേഷം വന്ന തെരഞ്ഞെടുപ്പിൽ അതേ അവസ്ഥയുടെ ചങ്ങാതിമാർക്ക് വോട്ടു ചെയ്തവരും അക്കാലത്ത് നിന്നും ഇക്കാലത്തേക്കുള്ള സഞ്ചാരപഥത്തിൽ സാമ്പത്തിമായി എത്രയെങ്കിലും ഉയർന്നിട്ടുണ്ടാവാം, എന്നാൽ സാംസ്കാരികമായോ രാഷ്ട്രീയപരമായോ വല്ലാത്തൊരു മുരടിപ്പിലേക്കല്ലേ തകിടം മറിക്കപ്പെട്ടത്. അതിനു ഉത്തരവാദികൾ ആരെന്ന് ചോദിച്ചുപോകുമ്പോൾ കിട്ടുന്ന അന്നം കൊത്തിപ്പറിച്ച് നാളെയെന്നൊരു ബോധമില്ലാതെ ഉറങ്ങുന്ന ജനത തന്നെയാണ് കുറ്റവാളികൾ.
എം.എം.മണിയുടെ സംസാരത്തിനു പുറകേ നീങ്ങുമ്പോൾ അതിനു മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളിൽ നിന്നും നാം വല്ലാതെ ഒഴുകിപോയിരിക്കുന്നു. എം.എം.മണി സ്കൂളിൽ പോയിട്ടില്ലെന്നും വിദ്യ നേടിയിട്ടില്ലെന്നും കറുത്തവനെന്നും പറഞ്ഞ് മണിയുടെ പ്രസംഗത്തെ ന്യായീകരിക്കുന്നവരോട് പോയ കാലത്തെ കമ്യൂണിസ്റ്റുകളെ നോക്കി കണ്ടവർ എഴുത്തില്ലെങ്കിലും വായനയും സംസ്കാരവും ഉള്ളവരാണ് കമ്യൂണിസ്റ്റുകൾ എന്ന് തോന്നിയിരുന്നു. അത് ശരിയാണുതാനും. വായനയും ചർച്ചകളും കൊണ്ട് സമ്പന്നമായിരുന്ന ആ കമ്യൂണിസ്റ്റുകാലം എവിടെയാണ്? ആരാണതൊക്കെ കീഴ്മേൽ മറിച്ചത്? അറിവ് നേടാൻ, സംസ്കാരം നേടാൻ സ്കൂളിലൊന്നും പോകേണ്ടതില്ല. പിറന്നുവീഴുന്നൊരു കുട്ടിക്ക് അതിന്റെ പരിസരവും കാലവും അതിലേക്ക് ഒഴുക്കിവിടുന്ന ഊർജ്ജം തന്നെ ധാരാളം. നാം ജീവിക്കുന്ന ചുറ്റുപാട് എത്രമേൽ മോശമായാലും, എത്രമേൽ സംസ്കാര ശൂന്യരായാലും ഒരു വ്യക്തിക്ക് തന്റെ വ്യക്തിത്വ വികസനത്തിനുള്ള ഊർജ്ജം പ്രകൃതി തന്നെ വിളമ്പുന്നുണ്ട്, നാമത് തിരിച്ചറിയാതെ പോകുന്നുവെന്ന് മാത്രം? നാം കൊണ്ടാടുന്ന മഹാനായ ദാർശനികൻ ശ്രീ രാമകൃഷ്ണ പരമഹംസൻ ഏതെല്ലാം കലാലയങ്ങളിൽ നിന്നും ബിരുദമെടുത്തിട്ടുണ്ട്! എല്ലാവർക്കും ശ്രീ രാമകൃഷ്ണ പരമ ഹംസനെ പോലെ ആകാൻ ആവില്ലെങ്കിലും പലർക്കും പലതും ആവാൻ കഴിയും.

എം.എം.മണി സംസാരിച്ചത് നാടൻ ഭാഷയിലെന്ന് പറഞ്ഞ് നമുക്ക് കൈകഴുകാനാവില്ല. മന്ത്രികസേരയിൽ എത്തുന്ന ആൾ സാഹിത്യ ഭാഷ തന്നെ സംസാരിക്കണമെന്നല്ല ഒരു മര്യാദയൊക്കെ വേണ്ടേ. എം.എം.മണി പൊമ്പിളൈ ഒരുമയെ കുറിച്ചല്ല മോശമായി പറഞ്ഞത് എന്നതിൽ തർക്കമൊന്നുമില്ല, പക്ഷേ മണി ഉപയോഗിച്ചിരിക്കുന്ന നാവിന്റെയും ശരീരത്തിന്റെയും ഭാഷ എന്തൊക്കെയായാലും ഒരു കമ്യൂണിസ്റ്റുകാരനിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഒരു കമ്യൂണിസ്റ്റെന്നാൽ നൂറ് ശതമാനവും ജനപക്ഷത്ത് നിൽക്കുന്നവനെന്നും, മാന്യതയുടെയും മനുഷ്യത്വത്തിന്റെയും മുഖം ഉള്ളവനെന്നും തന്നെയാണ്. കൂടാതെ എസ് രാജേന്ദ്രൻ എം.എൽ.എയുടെ തറ ഭാഷയും തിരുത്തപ്പെടണം. എസ്റ്റേറ്റ് തൊഴിലാളിയുടെ നാട്ടുഭാഷയിൽ സംസാരിച്ചാൽ തൊഴിലാളികളെ ഇക്കിളികൊള്ളിക്കാനായേക്കും പക്ഷേ പൊതുബോധത്തിനു അത് അരോചകമെന്ന് ഓർക്കുക.
ഇടതുപക്ഷത്തിനു പഠിക്കാൻ മുന്നിൽ വിമോചന സമരമുണ്ട്, ഇടതുപക്ഷം അധികാരത്തിലെത്തുന്നത് രുചിക്കാത്തവർ അക്കാലത്തെന്നല്ല എക്കാലത്തും സുരക്ഷിതരും ഇടതുപക്ഷത്തെ തകർക്കാൻ ഗൂഡാലോചന നടത്തുന്നവരുമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനു അധികാരം കിട്ടുന്നത് അവർക്ക് രുചിക്കില്ല, അവിടെ സൂക്ഷിക്കേണ്ടത് ഇടതുപക്ഷം തന്നെയാണ്. ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ഇലയിൽ പതിച്ചാലും കേട് ഇലക്ക് തന്നെയെന്ന ചൊല്ല് മറക്കാതിരിക്കുക. ജനം ഇടതുപക്ഷത്തിൽ നിന്നും കാര്യമായി പ്രതീക്ഷിക്കുന്നുണ്ട്. ഇടതുപക്ഷത്തിനു കാലിടറിയാൽ ജനമത് സഹിക്കില്ല. കിട്ടിയ ഭരണം സുതാര്യവും സൂഷ്മവുമാക്കി മുന്നോട്ട് പോകുക.
മൂന്നാറിൽ കുരിശ് തകർക്കപ്പെട്ടത് സർക്കാർ അറിഞ്ഞില്ലെന്ന് കേൾക്കുന്നു. എങ്കിൽ കുരിശ് തകർത്തവർക്ക് എന്തെങ്കിലും ഗൂഡ ലക്ഷ്യം ഉണ്ടാവാതെ തരമില്ല. കുരിശിൽ കൈവയ്ക്കുമ്പോൾ അതെ തുടർന്ന് ഒരു വർഗീയ ലഹള പ്രതീക്ഷിച്ചിരിക്കാം, ആ ലഹളയോടെ കയ്യേറ്റം ഒഴിപ്പിക്കൽ അവസാനിപ്പിക്കുകയുമാവാം. അല്ലെങ്കിൽ ആ ലഹളയിലൂടെ മറ്റൊരു വിമോചന സമരത്തെ അരങ്ങിലെത്തിക്കാം. അങ്ങനെ എന്തൊക്കെയോ കണക്കുകൂട്ടൽ ഉണ്ടായിരിക്കണം.
സാദാരണക്കാർ കൂരവച്ച് കെട്ടാൻ രണ്ട് സെന്റ് ഭൂമിക്ക് വേണ്ടി യാചനയോടെ നിൽക്കുന്ന മണ്ണിൽ കയ്യേറ്റക്കാർക്ക് എന്തുമാവാം എന്നൊരു മനസ് വച്ച് പൊറുപ്പിക്കാനാവില്ല. ജനകീയ സർക്കാർ ജനങ്ങളോടൊപ്പമാകണം. കയ്യേറ്റ മാഫിയകൾ പല രാഷ്ട്രീയ കക്ഷികളുടേയും വരുമാന ശ്രോതസ് ആവാം. അതുകൊണ്ട് അതിൽ കൈ വയ്ക്കുന്നത് അത്തരക്കാർക്ക് അസഹ്യമായി മാറുക സ്വഭാവികം. കുടിയേറ്റക്കാർക്ക് പട്ടയം ഉറപ്പാക്കുന്നതിനോടൊപ്പം മുഖം നോക്കാതെ കയ്യേറ്റക്കാരെ ഇറക്കിവിടാനുള്ള ആർജ്ജവവും ഉണ്ടാവണം. ‘ധർമ്മം സംരക്ഷിക്കാൻ ‘ ഇറങ്ങിയിരിക്കുന്ന സിപിഐ.ക്കാരാണ് ,വൻകിട കയ്യേറ്റക്കാർക്ക് അലോസരമുണ്ടാക്കിയ സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തെയും സ്പെഷ്യൽ സർക്കാർ പ്ലീഡർ പ്രമീള ഭട്ടിനെയും സ്ഥാനത്തുനിന്ന് നീക്കാൻ മുന്കയ്യെടുത്തതെന്നു കൂടി ഓർക്കണം ..
കാനം രാജേന്ദ്രൻ പലപ്പോഴും മറന്നുപോകുന്നു, തങ്ങൾ ഇടതുപക്ഷത്തെ കക്ഷിയെന്ന്. ഒരു കൂട്ടുകക്ഷി മന്ത്രിസഭയാകുമ്പോൾ കൂട്ടുത്തരവാദിത്വത്തോടെ മുന്നോട്ട് പോകണം. പല കാഴ്ച്ചപ്പാടുകൾ ഉള്ളവർ ആകുമ്പോൾ യോജിപ്പും വിയോജിപ്പും തമ്മിലുള്ള സംഘട്ടനങ്ങൾ സ്വഭാവികമാണ്. അത്തരം സംഘട്ടനങ്ങൾ മുന്നണിക്കകത്ത് വേണം ; അതല്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുനിന്ന് സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്ന തരത്തിലാവരുത്. കാനത്തിന്റെ പല പ്രസംഗങ്ങളും പ്രതിപക്ഷത്തിനു വടിയിട്ട് കൊടുക്കലായി മാറുന്നു. അത്തരം പ്രവണത അംഗീകരിക്കാനാവില്ല. ഒരു മേശക്ക് ചുറ്റുമിരുന്ന് ഘടക കക്ഷികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തവർ എങ്ങനെയാണ് ജനത്തിന്റെ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുക. അടിയന്തിരാവസ്ഥകാലത്ത് കോൺഗ്രസിന്റെ തൊഴുത്തിൽ പാർത്ത കാനത്തിന്റെ പാർട്ടിയുടെ ആ മുഷ്ക് ഇനിയും വിട്ടകന്നിട്ടില്ലെന്ന് വേണം കരുതാൻ. അധികാരത്തെക്കാൾ ജനമാണ് വലുതെന്ന ബോധം എല്ലാവരിലും ഉണ്ടാവട്ടെയെന്ന് ആഗ്രഹിച്ചുപോകുന്നു.
mkk

8 Comments

 1. എം എം മണി ബുദ്ധിമാനായ ഒരു രാഷ്ട്രീയക്കാരാനാണെന്ന് എനിക്ക് തോന്നുന്നു. തന്റെ മന്ത്രിപ്പണിയുമായി ബന്ധപെട്ട് അദ്ദേഹം എന്ത് ചെയ്തു അല്ലെങ്കില്‍ എന്ത് ചെയ്യുന്നു എന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല. അത് ചെയ്യാതിരിക്കാന്‍ ഒരു നേട്ടവും ഇല്ലാത്ത കുറെ കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു ചര്‍ച്ചയാക്കുന്നു . അതില്‍ മാധ്യമങ്ങളും പ്രതിപക്ഷവും വീണു പോകുന്നു. ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പെമ്പിളഒരുമയിലെ ചിലര്‍ നടത്തിയ അമിതാവേശത്തിലേക്ക് ജനങ്ങള്‍ വീണു പോകുന്നു. സര്‍ക്കാരിന്റെ നല്ലതും ചീത്തതുമായ പലതും ചര്‍ച്ച ചെയ്യാന്‍ ഇവിടെ ആളില്ല. എല്ലാവരും തെറിഭാഷയും നാട്ടു ഭാഷയും ചേര്‍ത്ത് ഡിക്ഷനറി ഉണ്ടാകാനുള്ള തിരക്കിലാണ്.

  • നന്മകൾ വേണ്ടാത്ത ജനതക്ക് തിന്മയെ ചുമക്കാൻ വിധി.. മാധ്യമങ്ങളാണ് തീരുമാനിക്കുക, ജനം എന്ത് വിഴുങ്ങണമെന്ന്.

 2. അറിവും സംസ്കാരവും നേടാൻ സ്കൂളില്‍ പഠിക്കേണ്ടതില്ല. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രി തീർച്ചയായും ജനപക്ഷത്ത് തന്നെയാണ് നിൽക്കേണ്ടതും അവർക്കുവേണ്ടി തന്നെയാണ് സംസാരിക്കേണ്ടതും..

 3. കൂരിശ് കുറ്റകൃത്തിന് ആയുധമാക്കിയതിൽ പ്രതിഷേധിക്കേണ്ടത് വിശ്വസികളാണ്. ചിലരൊക്കെ ആ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിന്റെ പേരിൽ ഒരു ലഹള ഉണ്ടാകേണ്ട സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല എന്നു വേണം അനുമാനിക്കാൻ എന്നു തോന്നുന്നു.
  പിന്നെ ഗ്രാമീണ ശൈലി. വീട്ടിൽ ഉടുക്കുന്ന കള്ളിമുണ്ട് നിയമസഭയിൽ ഉപയോഗിക്കാറില്ലല്ലോ. ഔചിത്യം പഠിക്കാനും അറിവു നേടാനും ഒൗപചാരിക വിദ്യാഭ്യസം വേണമെന്നില്ല.പരിശ്രമം വേണമെന്നു മാത്രം.

  • കുടിയേറ്റക്കാർ ഏത് കുട്ടിതേവാങ്കായാലും ഇറക്കിവിടണം. അതിനുള്ള ആർജ്ജവം ആർക്കുണ്ട്.

 4. “മണി മുഴങ്ങുന്നതാർക്ക് വേണ്ടി” എന്ന ചോദ്യം കേരള രാഷ്ട്രീയത്തിൽ പ്രസക്തമാകാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ശ്രീ. എം എം മണിക്ക് സ്കൂൾ വിദ്യഭ്യാസം കുറവാണെന്നും അതിനാൽ എന്തും പറയാമെന്നും ജനങ്ങൾ അത് ഉൾക്കൊള്ളണമെന്നും പറഞ്ഞ് അനുകൂലിക്കുന്നവർ , ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ് ചെയ്യുന്നത്..സ്കൂൾ വിദ്യഭ്യാസം കഴിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും, ചരിത്രത്തിൽ നിന്നും സ്വന്തം സമൂഹത്തിൽ നിന്നും അറിവും ഔചിത്യവും നേടിയവർ കേരളത്തിലുണ്ട്.. ശശി സാർ പറഞ്ഞതുപോലെ അതിനൊരു മനസ്സും പരിശ്രമവും വേണമെന്നെയുള്ളു. റഷ്യൻ വിപ്ലവ ചിന്തകളെ പാടിപ്പുകഴ്ത്തിയ ഗോർക്കിക്ക്, സ്വന്തം ജീവിതവും സമൂഹവുമായിരുന്നു സർവ്വകലാശാലകൾ.

  • ഗോർക്കിയുടെ അമ്മയൊക്കെ കക്ഷത്തിൽ കൊണ്ടുനടന്ന ചെറുപ്പങ്ങളെ ഓർക്കുന്നു, അക്കാലത്ത് ചിന്തയുടെ മാസികയും പലർക്കും അലങ്കാരമായിരുന്നു. അത് തുറന്നുനോക്കിയോ, വായിച്ചോ എന്നത് ഇന്നും എന്നിൽ ഉയരുന്ന ചോദ്യമാണ്..

Leave a Reply

Your email address will not be published.


*


*