ഒരു ആഞ്ചോ ജോയ് തെക്കേക്കര ജീവിതചിത്രം – ഗിരീഷ് വർമ്മ ബാലുശേരി

E._Santhoshkumarസിനിമ ഒരു അധിപൻ ഇല്ലാത്ത സാമ്രാജ്യമാണ് .ആരൊക്കെ വിജയിക്കുന്നുവോ അവർ സ്വയം ഒരു സാമ്രാജ്യം തീർക്കുന്നയിടം .അവിടെ അവരുടെ അനുയായിവൃന്ദങ്ങൾ തീർക്കുന്ന മായിക സാമ്രാജ്യത്തിൽ അടിമകളെ പോലെ ജീവിക്കേണ്ടി വരുന്ന രാജ്യസ്നേഹികളാകുന്ന സിനിമാപ്രജകൾ .അവിടം സന്ദർശിക്കാനെത്തുന്ന ആർക്കും എളുപ്പമൊരു കൂടാരം തീർക്കാൻ പോലും കഴിഞ്ഞില്ല എന്ന് വരാം. കൊച്ചു കൊച്ചു സിനിമാപ്രഭുക്കളുടെ മന്ദിരങ്ങൾ കയറിയിറങ്ങിയും , ചാൻസുകൾ ചോദിച്ചും , സംവിധാനമോഹം പ്രതീക്ഷിച്ചും കാലം ജീവിച്ചു തീർക്കുന്ന നിർഭാഗ്യവാന്മാരും ,നിർഭാഗ്യവതികളും . വന്നു പോകുന്ന മറ്റു ചിലർ ഉടനെ തന്നെ ചിലരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, ഭാഗ്യം കൊണ്ട് വലിയ താരങ്ങളാവുകയും ചെയ്യുന്നുമുണ്ട്. സിനിമ പ്രപഞ്ചം ഒരു മായികലോകമാണ് . കഴിവുള്ളവൻ ശ്രദ്ധ നേടും എന്ന് തീർത്തും പറയാൻ ആവാത്തൊരിടം .ശരിക്കും ഒരു നീരാളിപിടുത്തം തന്നെ. കുഞ്ഞു നാളിൽ നാട്ടിൻപുറങ്ങളിലെ ഓലക്കൊട്ടകകളിലെ നിഴൽ ചിത്രങ്ങളിൽ ആകൃഷ്ടരായി , നിഴലുകളെ പ്രണയിച്ചു നടന്നവർ പിന്നീട് വളരുമ്പോഴേക്കും അതിന്റെ വലയത്തിൽ പെട്ട് പോവുകയാണ്. സിനിമാ മോഹം മനസ്സിൽ പേറി കാലങ്ങളോളം അവർ ജീവിക്കും. അഭിനയിക്കാൻ വേണ്ടിയോ , ഒരു സിനിമ നിർമ്മിക്കാൻ വേണ്ടിയോ, സംവിധാനം ചെയ്യാൻ വേണ്ടിയോ സർവ്വവും മറന്ന് , സകലതും ഇല്ലാതാക്കി ആ വെള്ളി വെളിച്ചത്തിന്റെ പിന്നാലെ അലയും. ഒരിക്കലും എവിടെയും എത്താനാവാതെ ഒടുവിൽ തളർന്നു വീഴുമ്പോൾ കാലം ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ടാവും. പകച്ചു നിൽക്കുന്ന അവരുടെ മുൻപിൽ അപ്പോഴും സിനിമ തന്നെ .
അതപ്പോഴും മാടിവിളിച്ചുകൊണ്ട് . അത്തരക്കാർക്കു ഒരു കാലത്തും ആ മോഹത്തിൽ നിന്ന് മോചനം ലഭിക്കുന്നില്ല. എല്ലാം നശിച്ചുപോയവർ ,അവർക്കു ഒരു ഒരിക്കലും ഒരു തിരിച്ചു പോക്ക് ആവാത്തവിധം ഉറച്ചു പോവുകയാണ്. അതിന്റെ വൃത്തികെട്ട പിന്നാമ്പുറങ്ങളിൽ ജീവിതവുമായി മല്ലിട്ട് അവസാനം വരെ. ഏറ്റവുമൊടുവിൽ ആരുമറിയാതെ പുഴുത്തു നാറിയോ, ഒരു തുള്ളി വെള്ളവും കിട്ടാതെയോ ഒരന്ത്യവും ….
ഇത് ഒരു വിഭാഗം സിനിമാ മോഹികളുടെ അലച്ചിലുകളുടെ ഒരേകദേശ ചിത്രം മാത്രം… എങ്കിലും ഇതൊന്നുമല്ല സിനിമ എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമ പിന്നെയും ഓടുകയാണ്. മാറ്റങ്ങളിൽ നിന്ന് മാറ്റങ്ങളിലേയ്ക്ക് ..

ഈയൊരു ആമുഖത്തിന്റെ ഉദ്ദേശം ഈയാഴ്ചത്തെ മാതൃഭൂമി വാരികയിലെ ഇ . സന്തോഷ്കുമാറിന്റെ “സിനിമാ പറുദീസ” എന്ന അസാമാന്യ കഥയാണ്.
പ്രകൃതിയുടെ കൊടും വരൾച്ച നമ്മളുടെയൊക്കെ ശരീരത്തെയും മനസ്സിനെയും ആകെ തളർത്തുകയാണ്. സാഹിത്യരംഗവും ഇത്തരമൊരു വരൾച്ചയുടെ പിടിയിൽ തന്നെയാണ്. കവിതയായാലും, കഥയായാലും ഒരേപോലെതന്നെ. വായനയും , എഴുത്തും നിന്ന് പോകുകയാണെന്ന് തോന്നും വിധം. ആകെ ഒരു ബ്ലോക്ക്. ഈ വിഷമഘട്ടത്തിൽ ആണ് സന്തോഷ് നമ്മളെ ഈ പറുദീസയിലേയ്ക്ക് കൊണ്ടുപോകുന്നത്.
ആന്റോ ജോയ് തെക്കേക്കര എന്ന ഒരു സാധാരണ സിനിമാ കമ്പക്കാരന്റെ ജീവിതകഥ യാതൊരു വിധ കടും വർണനകളുമില്ലാതെ , ചായം തേക്കാതെ വായനക്കാരന്റെ മുൻപിൽ . ഒരു സിനിമാകൊട്ടകയിലെ ടിക്കറ്റുവിൽപ്പനക്കാരന്റെ മകനായ ആന്റോ ഒരു സിനിമാ മോഹിയായി വളർന്നുവരികയായിരുന്നു . ജീവിതത്തിന്റെ ഒരു ആശ്രയം എന്നതിലപ്പുറം മറ്റൊരു വിധേയത്വവും ആ അച്ഛന് സിനിമയോടില്ല. കൂടാതെ മകനെ അതിന്റെ മായിക വലയത്തിൽ നിന്നും എപ്പോഴും മാറ്റി നിർത്താനും അദ്ദേഹം ശ്രമിക്കുന്നു. എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും അന്റോയിലെ സിനിമാക്കാരൻ വളരുകയായിരുന്നു. അച്ഛന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ആന്റോ പ്രീഡിഗ്രിയിൽ തോൽക്കുന്നു.
ആന്റോയുടെ സിനിമാസങ്കല്പം ചേർന്ന് പോയിരുന്നത് ശുഭപര്യവസായി ആയി മാറുന്ന കുടുംബകഥകളോടും മറ്റുമായിരുന്നു. കേരളവർമ്മ കോളേജിലെ പഠനത്തിനിടയിൽ കോളേജിൽ വെച്ചുള്ള ലോകനിലവാരമുള്ള സിനിമാ പ്രദർശനത്തെ കുറിച്ചൊക്കെ പറയുന്നുണ്ട്. എസ് എഫ് ഐ മുന്നണിയുടെ നേതൃത്വത്തിൽ കോളേജിൽ കളിപ്പിക്കുന്ന അത്തരം സിനിമാ പ്രദർശനങ്ങളിൽ ഉറക്കം തൂങ്ങിയിരുന്ന ആന്റോയെ നമ്മൾ കാണുന്നുണ്ട്. അവിടുത്തെ ഒഡേസാ സഖാവിനെ കാലങ്ങൾക്കു ശേഷം കാണുമ്പോൾ ആന്റോ തന്റെ സിനിമാമോഹത്തെ കുറിച്ച് പറയുന്നു. സഖാവ് ഒരു കഥ പറയുകയാണ്. ആ കഥ പറയാനായി താരങ്ങളുടെ പിന്നാലെയുള്ള അലച്ചിലും,നിർമ്മാതാക്കളുടെ കാലുപിടിക്കലും ,സിനിമ നിർമ്മിക്കാൻ ഏറ്റ നരിമാൻ എന്ന മലയാളിയായ ബോംബെക്കാരന്റെ വരവും പോക്കും എല്ലാം ഒരു ചലച്ചിത്രം പോലെ തന്നെ തോന്നും.
സിനിമാ മോഹം തുടങ്ങിയവ നാൾ മുതൽ മോഹൻലാലിനെ വെച്ച് ആന്റോ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. കാലങ്ങൾ പോവുമ്പോഴും ആ മോഹം ഒരിക്കലും പൂവണിയാത്ത കിടക്കുകയാണ്. കൊല്ലങ്ങൾ കഴിയുമ്പോൾ സിനിമകളിലെ മാറ്റങ്ങൾ , താരങ്ങളുടെ ഉയർച്ചകൾ , പുറം കാഴ്ചകളിലെ വ്യതിയാനങ്ങൾ എല്ലാം ആന്റോയുടെ ആ സംരംഭത്തെ തന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് വലിച്ചു താഴ്ത്തുന്നു. എവിടെയുമെത്താതെ പോയ ഒരു സിനിമാകമ്പക്കാരന്റെ ഒതുങ്ങൽ അതി ദയനീയം തന്നെ.
ഈ പാച്ചിലിനിടയിൽ അച്ഛന്റെ അപകടമരണം , എപ്പോഴും വെറുതെ ഒറ്റയ്ക്ക് ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിന്നിരുന്ന അമ്മച്ചിയുടെ മരണം എല്ലാം ആന്റോയുടെ സിനിമാ ‘തിരക്കിനിടയിൽ ‘ വന്നു ഭവിക്കുന്ന ദുരന്തങ്ങൾ . ഒന്നിലും പങ്കെടുക്കാനാവാതെ അയാൾ ഒറ്റപ്പെടുന്നു.
തൃശൂരിന്റെ സിനിമാ തീയ്യേറ്ററുകളുടെ ഒരു നിര തന്നെ ഈ കഥയിൽ വന്നുപോകുന്നുണ്ട്. ആന്റോയുടെ ചെറുപ്പകാലത്തെ ആശ്വാസ കേന്ദ്രങ്ങളായവ .
മോഹങ്ങളെല്ലാം അവസാനിപ്പിച്ചു കൊണ്ട് ആന്റോ വീണ്ടും തൃശൂരിൽ . അവിടെ വെച്ച് പഴയ ഒരു പരിചയക്കാരന്റെ വീണ്ടും കാണുന്നു. അയാൾ വഴി ഓണക്കാലത്തെ ഒരു പ്രതാപൻ പുലിയായി ആന്റോ മാറുകയാണ്. പുലിക്കളിയിലെ തന്തപ്പുലി. കാലം സമ്മാനിച്ച കുടവയർ അവിടെ ഒരുപകാരമാവുകയാണ് . സിനിമ കൊണ്ട് ഒരുത്തനെയും രസിപ്പിക്കാൻ കഴിയാതിരുന്ന അന്റോക്ക് ഒരൊറ്റ ദിവസം കൊണ്ട് ഒരു നാടിനെ , ഒരു നഗരത്തെ കയ്യിലെടുക്കാൻ കഴിയുന്നു. നഗരപ്രദിക്ഷിണത്തിൽ അലറിവിളിച്ചും, തുള്ളിചാടിയും ഒരു പകൽ മുഴുവൻ ആന്റോ തന്തപുലിയായി നഗരം കീഴടക്കുന്നു. കുട്ടികൾ, വലിയവർ എല്ലാം അയാളിൽ ആകൃഷ്ടരാവുന്നു. നാക്കു നീട്ടിയ പുലിയുടെ മുഖം വരച്ച വയറുമായി നഗരം മുഴുവൻ അലഞ്ഞൊടുവിൽ രാഗം തീയേറ്ററിന്റെ പടിക്കൽ ആന്റോ ബോധം നശിച്ചു വീഴുന്നു. ബോധം വന്നൊടുവിൽ എഴുന്നേൽക്കുമ്പോൾ ചുറ്റും ആരാധകവൃന്ദം ..വല്ലാതെ വികാരപരവശനായ ആന്റോ വിറയലോടെ എഴുന്നേൽക്കുന്നു . അപ്പോൾ അയാൾ കാണുകയാണ്. ആന്റോയ്ക്കു തോന്നുകയാണ്. വടക്കുന്നാഥൻ ക്ഷേത്രത്തിനു മുകളിൽ ,ആയിരക്കണക്കിന് കുടമാറ്റം നടന്ന ഓർമ്മകൾ താങ്ങി നിൽക്കുന്ന ആകാശത്തിന്റെ തിരശീലയിൽ ” ഒരു ആഞ്ചോ ജോയ് തെക്കേക്കര ജീവിതം ” എന്ന് എഴുതിക്കാണിക്കുന്നതായി .
” ഒരു ആഞ്ചോ ജോയ് തെക്കേക്കര ചിത്രം ” എന്ന വലിയ മോഹം സാക്ഷാൽക്കരിക്കാനാവാതെ തിരശീലയ്ക്ക് പിന്നിൽ ഒരു നിഴൽ പോലുമാവാതെ മറയുന്നു സാക്ഷാൽ ആന്റോ ….

സിനിമയ്ക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയ ആന്റോമാർ ഏറെയുണ്ട് ഇവിടെ. അവർക്കു വേണ്ടിയുള്ള ഒരു സമർപ്പണം ആണീ കഥ.
കുന്നുകൾ നക്ഷത്രങ്ങൾ , അന്ധകാരനഴി എന്നീ അസാമാന്യ നോവലുകൾ രചിച്ച ശ്രീ ഇ . സന്തോഷ്കുമാറിൽ നിന്നും ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്…
വായനയുടെ വരൾച്ചയിലേയ്ക്ക് നിങ്ങൾ ഒരു ചാറ്റൽമഴയായി നിറയുക…
ആശംസകൾ ..

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ഏപ്രിൽ 2
282284_442765109075761_273895322_n

7 Comments

  1. Dear Gireesh, thank you so much for writing about the story and sending the link to your write-up. I liked your review. Though the story is about cinema, no other field is an exception. Only a very few people succeed, the majority will be left behind. But as you know, nothing succeeds as the success itself. Thank you so much.

  2. നന്ദി സന്തോഷ് സർ…
    വായിച്ചതിന്. പ്രതികരിച്ചതിന്… <3

    • ഇമ്മാതിരി എഴുതിയതിനുള്ള ശിക്ഷ കൈയോടെ തരുന്നു വര്‍മ്മാജിക്ക്. വേഗം ആ കഥ എനിക്ക് e mail ചെയ്യൂ….വായിക്കണം! E. സന്തോഷ്‌കുമാറിന്റെ അന്ധകരനാഴി രണ്ടുവര്‍ഷം മുന്‍പ് വായിച്ചിട്ടുണ്ട്. ഞാന്‍ FB യില്‍ പോസ്റ്റും ചെയ്തിരുന്നു. സന്തോഷം. നന്ദി.

  3. നല്ല കഥയെക്കുറിച്ചുള്ള നല്ലൊരു റിവ്യൂ…ഭാവുകങ്ങൾ. സന്തോഷ് കുമാർ & ഗിരീഷ്

Leave a Reply

Your email address will not be published.


*


*