മാധ്യമ സിന്റിക്കേറ്റ് സജീവമാകുന്നത് (എഡിറ്റോറിയല്‍ )– എം.കെ.ഖരീം

മാധ്യമങ്ങൾക്കൊരു പെരുമാറ്റച്ചട്ടം അനിവാര്യമായ കാലത്താണ് നിൽപ്പ്. മാധ്യമങ്ങൾക്ക് മൂക്കു കയറിടുന്നത് ജനാധിപത്യത്തെ ഹനിക്കുമെന്ന് പറഞ്ഞ് ചർച്ചകളിൽ സജീവമാകാൻ ഏറെപേർ ഉണ്ടാവാം. കിട്ടിയ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തൊരു ജനതയാണ് നാം. ഒരാളുടെ സ്വാതന്ത്ര്യമെന്നത് അപരന്റെ മൂക്കിൻ തുമ്പിൽ വരേയുള്ളൂ എന്ന് പലരും മറന്നുപോകുന്നു.

‘പോൺ വീഡിയോ‘ കയറ്റിവിടുന്ന ലാഘവത്തോടെ ഒരു മന്ത്രിയുടേതെന്ന് ആണയിട്ട് ഇറക്കിവിട്ട സംഭാഷണത്തെ മാധ്യമപ്രവർത്തനമെന്ന് പറഞ്ഞാൽ നിലവിൽ സത്യസന്ധത പുലർത്തുന്ന പല മാധ്യമപ്രവർത്തകർക്കും നാണക്കേടാവും. സത്യസന്ധതയെന്നത് ഇന്ന് മാധ്യമങ്ങളിൽ ചുഴിഞ്ഞുനോക്കിയാൽ എത്രയെണ്ണം കാണുമെന്ന് കണ്ടറിയണം. ചരമകോളത്തിൽ പോലും മായം കലർത്തിവിടുന്ന കാലമാണിത്.
രാഷ്ട്രീയ പക്ഷം, മത പക്ഷം കച്ചവടപക്ഷം എന്നിങ്ങനെ പക്ഷങ്ങൾ പിടിച്ച് നിലയുറപ്പിച്ച മാധ്യമലോകത്ത് മനുഷ്യപക്ഷം ചികഞ്ഞ് പോയാൽ അബദ്ധമാകും. മുമ്പ് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കേ മാധ്യമ സിന്റിക്കേറ്റ് എന്ന് വലതുചാഞ്ഞ് നിന്ന് ഇടത് വേഷം കെട്ടിയ മാധ്യമപ്പടയെ ചേർത്ത് പറഞ്ഞത് പലരും മറന്നിട്ടുണ്ടാവില്ല. അന്നത്തെ മാധ്യമങ്ങളുടെ പണി വി . എസ്.അച്ചുതാനന്ദനെ  പാർട്ടിക്ക് മീതെ ചായ്ച്ച് വളർത്തി പാർട്ടിയെ തന്നെ ഇല്ലാതാക്കാനുള്ളൊരു തന്ത്രമായിരുന്നെന്ന് അറിഞ്ഞിട്ടും അജ്ഞത നടിച്ച ബുദ്ധിജീവികളുമുണ്ട്. ബുദ്ധിജീവി ചമഞ്ഞ പലരും മാധ്യമ ചർച്ചാ റൂമിലിരുന്ന് തങ്ങൾക്കാവും വിധം ഇടതുപക്ഷത്തെ ആക്രമിച്ചത് അന്നത്തെ പ്രേക്ഷകരിൽ പലരും ഓർത്ത് ഊറിചിരിക്കുന്നുണ്ടാവും. മറ്റൊന്ന്, അതിനൊക്കെ മുമ്പ് അരങ്ങേറിയ ചാരക്കഥ ഇന്നും പലർക്കും കയ്പ്പേറിയ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാക്കിയത്. കരുണാകരനെ പുകച്ച് ചാടിക്കാൻ അതേ പാളയത്തിൽ നിന്നുള്ളവർ കളിച്ച കളികളും ചുക്കാൻ പിടിച്ച് മാധ്യമങ്ങളേയും മലയാളി മറക്കാതിരിക്കട്ടെ.

എന്നാൽ നാമെല്ലാം മറന്നുപോകുന്നു, എന്തുകൊണ്ടെന്നാൽ സത്യം ചികയുന്നതിനെക്കാൾ അന്നന്നത്തെ വിവാദങ്ങൾ വെട്ടിവിഴുങ്ങി രാത്രിയിലേക്ക് സഞ്ചരിക്കുന്നവർക്ക് മറ്റെന്താണ് കഴിയുക. മലയാളി ബോധം എന്തെന്ന് അറിഞ്ഞുകൊണ്ട് ആ മനസ് തങ്ങളിലേക്ക് അടുപ്പിക്കാനുള്ള തന്ത്രങ്ങൾ ഇരുട്ടിന്റെ പക്ഷം മെനഞ്ഞുകൊണ്ടിരിക്കും. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയിലേക്ക് എത്തിച്ച് തല്ലികൊല്ലുന്ന തന്ത്രം ആരോഗ്യകരമായൊരു ഇടത്തിനു പറ്റിയതല്ല. എന്നാൽ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതൊക്കെയാണ്. കെട്ടലോകത്ത് കെട്ട വേഷങ്ങൾ പെരുകാതിരിക്കുന്നതെങ്ങനെ. കെട്ട ലോകത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ഓരോ വ്യക്തിയും ഉത്സാഹിക്കേണ്ടതുണ്ട്. മനസ്ഥിതി മാറിയാൽ വ്യവസ്ഥിതി മാറുക തന്നെ. മാറ്റം നമ്മിൽ നിന്നും ഉണ്ടാവട്ടെ.

വിവാദങ്ങൾക്കിടയിൽ മന്ത്രി രാജി വച്ചു, നന്ന്. ആ കക്ഷിയിലെ മറ്റൊരു വ്യക്തി മന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്നു. അതും നല്ലത് തന്നെ. ഭരിക്കാൻ ആളില്ലാതെ ജനം വലയരുതല്ലോ. ജനത്തെ ഭരിക്കാൻ തനിക്ക് കഴിയാതെ പോയതിൽ ഖേദിക്കേണ്ടിവരരുത്. സ്ത്രീയുമായി രതി സംസാരിച്ചുവെന്ന കുറ്റമാണ് ശശീന്ദ്രനുമേൽ വീണതെങ്കിൽ കുപ്പായം തുന്നി കാത്തിരിക്കുന്ന വ്യക്തിയോ? കിളിരൂർ കേസി ആരോപണവിധേയനായ വ്യക്തിയല്ലേ തോമസ് ചാണ്ടി. അപ്പോൾ പിടിച്ചതിനും വലുതാണ് അളയിലെന്ന തലത്തിലേക്ക് കാര്യങ്ങൾ പോകരുത്. മറ്റൊന്ന് ഇടതുപക്ഷം ബി.ജെ.പി.യെ എതിരിക്കുമ്പോൾ ബി.ജെ.പിക്ക് ഭരണം പിടിക്കാൻ ഗോവയിൽ സഹായം ചെയ്യുന്ന കക്ഷിയാണ് എൻ.സി.പി.എന്ന് മറന്നുകൂടാ. ആ കക്ഷിയെ കേരളത്തിൽ തങ്ങളുടെ ഘടകകക്ഷിയാക്കുന്നതും മന്ത്രി സഭയിൽ അംഗമാക്കുന്നതും ഇടതുമനസുകളെ അസ്വസ്ഥമാക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ നെറിവ് വേണം. നെറിവില്ലെങ്കിൽ പിന്നെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലെന്ത് വ്യത്യാസമാണുള്ളത്. പ്രേമചന്ദ്രന്റെ പാർട്ടിയെ ഇടതുപക്ഷം കൈവിട്ടതുകൊണ്ട് ഇടതുപക്ഷത്തിനു ക്ഷീണമൊന്നും സംഭവിച്ചിട്ടില്ല. വെറും അധികാരത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഈർക്കിലി പാർട്ടികളെ അടുപ്പിക്കാതിരിക്കുക. എൻ.സി.പി. പോലുള്ള കക്ഷികൾ ഇടതുപക്ഷത്തിനു ബാധ്യത തന്നെയാണ്. മോഹൻ ദാസ് കരം ചന്ദ് ഗാന്ധി പറഞ്ഞു, ലക്ഷ്യം നന്നായാൽ പോരാ മാർഗവും നന്നാവണമെന്ന്. അതുകൊണ്ട് നല്ലൊരു ലക്ഷ്യം വച്ച് മുന്നോട്ട് പോകുന്ന ഇടതുപക്ഷം ഒരു പുനപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
mkk

2 Comments

 1. മാധ്യമങ്ങൾ കച്ചവട മനസ്സുമായി മാത്രം പ്രവർത്തിക്കാതെ ആദർശത്തിലൂന്നേണ്ടത് ഒരു തിരിച്ചു വരവിന്റെ ആവശ്യകത മാത്രമല്ല കാലത്തിന്റെ ആവശ്യം കൂടിയാണെന്നുള്ളത് ശരിവെക്കുന്നതാണ് ചാനൽ ഒരുക്കിയ കെണിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും.

  ആർക്കും ആരെയും കെണിയിൽ പെടുത്താം.അതൊരു കഴിവല്ല. ചെയ്തത് ശരിയോ എന്ന ചോദ്യം ഉള്ളിൽ ഉയരാതെ പോകത്തക്ക നിലയിൽ അധഃപതനമുണ്ടായിരിക്കുന്നു എന്നത് ചൂണ്ടുന്നതാണ് ഏറ്റവും ഒടുവിൽ ഉണ്ടായ ഫോൺ വിവാദം. അതുകൊണ്ടു തന്നെ ഇരയ്ക്ക് അർഹിക്കാത്ത അനുകമ്പ കിട്ടി.ഉദ്ദേശിച്ച ഫലം അതിന് യത്നിച്ചവർക്കും കിട്ടി. എന്നാൽ ഇത് ആർക്കു വേണ്ടി എന്ന ചോദ്യം ഒരു കീറാമുട്ടിയായി ഇപ്പോഴും ജനത്തിന്റെ മനസ്സിൽ കിടക്കുകയും ചെയ്യുന്നു.

 2. മാധ്യമ സിൻഡിക്കേറ്റ് എന്ന് അർത്ഥമാക്കിയിരുന്നത് ,ഒരു കൂട്ടം
  മാധ്യമ പ്രവർത്തകർ ഒത്തുകൂടി വാർത്ത ചമച്ചു വിതരണം ചെയ്യുന്നതതിനെ ആയിരുന്നു ..എന്നാൽ ഇന്നത് ഒരുപടി കൂടി കടന്നു
  ‘മാധ്യമ ഭീകരത ‘ എന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു !ആരാണ്
  ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദികൾ ? അവരാരായാലും അവരെ
  LDF സർക്കാർ സംരക്ഷിച്ചു നിർത്തിയിരിക്കുന്നെന്നും ജിഷ്ണുവിന്റെ
  കുടുംബം സമരത്തിനിറങ്ങുമ്പോൾ മാത്രം അവരുമായി ‘ഒത്തുകളി ‘
  നടത്തി രംഗം തണുപ്പിക്കുന്നെന്നും നിരന്തരം വാർത്തകൾ ചമച്ചു കൂട്ടി
  അവർ ജന മനസ്സുകളിലേക്ക് പ്രവഹിപ്പിക്കുന്നു !രജനി എസ് ആനന്ദ്
  മുതൽ നിരവധി വിദ്യാർത്ഥികൾ സ്വാശ്രയ വിദ്യാഭ്യാസ ലോബിയുടെ
  പീഡനം സഹിക്ക വയ്യാതെ ഇവിടെ ജീവിതം ഒടുക്കിയിട്ടുണ്ട് ..
  അന്നൊന്നും ഉണ്ടായിട്ടില്ലാത്ത നടപടികളാണ് സർക്കാർ ജിഷ്ണുവിന്റെ
  ആത്മഹത്യയെന്ന്‌ കരുതിയ സംഭവത്തിൽ സ്വീകരിച്ചതെന്ന് കാണാൻ
  കഴിയും ..ശരിയായ ,കൃത്യതയാർന്ന അന്വേഷണത്തെത്തുടർന്നാണ്
  അതൊരു കൊലപാതകമാണോ എന്ന സംശയം പോലും ബലപ്പെട്ടത്‌ ..
  പ്രാരംഭ ഘട്ടത്തിൽ പോലീസ് കാട്ടിയ അലംഭാവത്തെ പർവ്വതീകരിച്ചുകാട്ടി ,ഉന്നത കോൺഗ്രസ്സ് കുടുംബങ്ങളിൽ പെട്ട
  പ്രതികളെ ഇടതു സർക്കാർ സംരക്ഷിക്കുന്നെന്നു കാട്ടാൻ കാണിക്കുന്ന
  വ്യഗ്രത ആരെ സഹായിക്കാനാണെന്ന് അറിയില്ല ..ഏതു വഴികളിലൂടെ
  പോലീസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്ന് നമ്മുടെ
  മാധ്യമങ്ങൾ നിർദ്ദേശിക്കുന്നു ..അതിനു വഴങ്ങാത്ത സർക്കാരിന്
  എതിരെ ജന്മനസ്സുകളിലേക്കു കൂടുതൽ കൂടുതൽ വിഷലിപ്ത വാർത്തകൾ എത്തിക്കാൻ മത്സരിക്കുന്നു ..അത് ഇപ്പോൾ പ്രതികൾക്ക്
  അനുകൂലമായ നിലപാടെടുക്കാൻ കോടതികളെ പ്രേരിപ്പിക്കുന്ന
  സ്ഥിതിയാണ് സംജാതമാക്കിയിട്ടുള്ളത് ..പൊതുജനാഭിപ്രായം
  കാണക്കാക്കിയല്ല പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടതെന്ന
  പരാമർശം പോലും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്
  മാധ്യമങ്ങൾ ഗൗരവത്തോടെ കാണുമോ ?

Leave a Reply

Your email address will not be published.


*


*