കര്‍മ്മയോഗം (കഥ ) – പ്രദീപ്‌ പാമ്പിങ്ങല്‍

 

images“ചന്ദ്രാ…” ആ വിളി ചന്ദ്രനെ വീണ്ടും ഓര്‍മ്മകളുടെ കയത്തില്‍നിന്നും തന്‍റെ പ്രിയ്യ കൂട്ടുകാരനായ രാകേഷിന്‍റെ അടുത്തേക്ക് കോരിയെടുത്തുകൊണ്ടുവന്നു.
ചന്ദ്രന്‍ എട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടില്‍ നിന്നും എങ്ങോട്ടോ ഇറങ്ങിപുറപ്പെട്ടതാണ്.ആത്മീയതയുടെ വഴിയിലൂടെ ഒരുപാട് ഓടി. പല സ്ഥലങ്ങള്‍ പല ആശ്രമങ്ങള്‍.., ഇന്നാണ് അയാള്‍ നാട്ടിലെത്തിയത്. അപ്പോഴാണ്‌ തന്‍റെ ഒരേ ഒരു കൂട്ടുകാരന്‍ നാലുവര്‍ഷം മുന്‍പ് ഉണ്ടായ ഒരു അപകടത്തില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ചുകിടക്കുകയാണെന്ന് അറിഞ്ഞ് ഉടന്‍ കാണാന്‍ വരികയായിരുന്നു. രാകേഷ് കിടക്കുന്ന ആ ഇടുങ്ങിയ മുറിയില്‍ വെളിച്ചം കയറിവരാന്‍ പോലും പിശുക്കുകാട്ടിയിരുന്നു. മുറിയിലാകെ മൂത്രത്തിന്‍റെയും കുഴമ്പിന്‍റെയും മറ്റും ദുര്‍ഗന്ധം വമിക്കുന്നുണ്ട്. കിടന്ന കിടപ്പില്‍ തന്നെയാണ് എല്ലാം നടത്തുന്നത്.
രാകേഷ് ഒരു നെടുവീര്‍പ്പോടെ പറഞ്ഞുതുടങ്ങി, “നാലുവര്‍ഷം മുന്‍പ് ജോലിചെയ്യുന്ന സ്ഥലത്ത് ലിഫ്റ്റ്‌ എന്തോ തകരാര് സംഭവിച്ച് ഏറ്റവും മുകളിലെ നിലയില്‍ നിന്നും അതിശക്തമായി താഴേക്കുപതിക്കുകയായിരുന്നു,” അയാളുടെ മുഖം അന്നത്തെ ഓര്‍മ്മയിലാകണം  നിശബ്ദതക്ക് ശേഷം വീണ്ടും പറഞ്ഞ് തുടങ്ങി, “ആ അപകടത്തില്‍ കാലിന്‍റെ പെരുവിരല്‍ മുതല്‍ നട്ടെല്ലുവരെയുള്ള എല്ലുകള്‍ നുറുങ്ങി. ഡോക്ടര്‍മാര്‍ക്ക് പറ്റാവുന്നത്രയും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് ഓപ്പറേഷനുകള്‍, കുറെ കടം മാത്രം ബാക്കിയാക്കി. ഇന്ന് എല്ലാവര്‍ക്കും ഒരു ഭാരമായി കിടക്കുന്നു. മൂത്രം ഒഴിക്കാന്‍ തോന്നുമ്പോള്‍ ഭാര്യയെ വിളിക്കേണ്ട വിഷമം ഓര്‍ത്ത് കുറച്ചുനേരം പിടിച്ചു കിടക്കും, പക്ഷെ ചിലപ്പോള്‍ അറിയാതെ മൂത്രം കിടക്കയില്‍ പോകും, ആദ്യമൊക്കെ സ്നേഹത്തില്‍ ശകാരിച്ചിരുന്ന ഭാര്യ ഇപ്പോള്‍ പ്രാകികൊണ്ടാണ് തുണിയെല്ലാം മാറ്റുന്നത്.” അയാളുടെ കഴുത്തിലെ പേശികള്‍ വലിഞ്ഞുമുറകുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞുകവിയാന്‍ നില്‍ക്കുന്ന ഏതോ ജലസംഭരണി പോലെ തോന്നിച്ചു.
ഇനിയും പറയാനുള്ള ശക്തിക്കുവേണ്ടിയാകണം കുറച്ചുനേരം വീണ്ടും മൌനം, “ ചന്ദ്രാ, നിനക്കറിയാലോ ഈ വീട് നില്‍ക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത് ഒരു ചെറ്റക്കുടിലായിരുന്നു, ഇരുപതാം വയസ്സില്‍ അച്ഛന്‍റെ മരണം എന്നെ നല്ലൊരു വണ്ടിക്കാളയാക്കി. സഹോദരിമാരും അമ്മയും കൂടിയ കുടുംബത്തിന്‍റെ എല്ലാ ഭാരവും വലിക്കുന്ന കാള. അന്നത് സന്തോഷമായിരുന്നു എനിക്ക്. സഹോദരിമാര്‍ക്ക് നല്ല ഭര്‍ത്താക്കന്മാരെ കണ്ടുപിടിച്ചു നല്ലരീതിയില്‍ കെട്ടിച്ചുവിട്ടു. ഞാന്‍ അറബിനാട്ടില്‍ ഒഴുക്കിയ വിയര്‍പ്പിന്‍റെ രുചിയറിയാത്ത ഒരു മണല്‍തരിപോലും ഈ വീട്ടിലില്ല. എന്നിട്ടും കഴിഞ്ഞ ദിവസം ഒരു സഹോദരി അമ്മയോട് പറയുന്നത് കേട്ടു, ചേട്ടന്‍ കിടക്കുന്നതുകൊണ്ട് വീട്ടിലാകെ ചീത്ത മണമാണ് എന്ന്, കുട്ടികള്‍ക്കും ഭര്‍ത്താവിനും വന്നാല്‍ ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല എന്ന്. അതുകൊണ്ട് പുറത്ത് ഒരു ചായ്പ് ഉണ്ടാക്കി ചേട്ടനെ അങ്ങോട്ട്‌ മാറ്റാന്‍…” വീണ്ടും മൌനം…. “ചന്ദ്രാ…എല്ലുകള്‍ നുറുങ്ങിയപ്പോളും കിടന്ന് കിടന്ന് ശരീരം പൊട്ടി ഒലിച്ചപ്പോളും ഇത്രയും വേദനിച്ചില്ല, ഇന്നലെ മോള്‍ പറയുന്നു, അടുത്താഴ്ച അവളെ പെണ്ണ്കാണാന്‍ വരുന്നവര്‍ വീട്ടിലെ ഈ അവസ്ഥയില്‍ ഒഴിഞ്ഞുപോകും എന്ന്. ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്ന, എന്നെ അത്രമാത്രം സ്നേഹിച്ചിരുന്ന എന്‍റെ മോളുപോലും ഈ മുറിയിലേക്ക് ഒന്ന് കയറിവന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇവര്‍ തരുന്ന ഭക്ഷണം പോലും വളരെ കുറച്ചേ ഞാന്‍ കഴിക്കാറുള്ളൂ, കുറച്ചല്ലേ കക്കൂസില്‍ പോകേണ്ടതുള്ളൂ എന്ന് കരുതിയാണ്, അല്ലാതെ ഇവര്‍ പറയുമ്പോലെ രുചിപിടിക്കാഞ്ഞിട്ടോ നല്ല കറികള്‍ ഇല്ലാതെയോ അല്ലാ ചന്ദ്രാ,..” രാകേഷിന്‍റെ കണ്ണുകള്‍ പെരുമഴക്കാലം കടമെടുത്തിരുന്നു, ചുണ്ടുകള്‍ വിതുമ്പിവിറച്ചു, ചന്ദ്രന്‍റെയും…
രാകേഷ് ചന്ദ്രനെ അടുത്തേക്ക് വിളിച്ചു, കൈകള്‍ രണ്ടു കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു, “ എങ്ങിനെയെങ്കിലും എന്നെ ഒന്ന് കൊന്നു താ ചന്ദ്രാ…ഇനിയും പറ്റാത്തതുകൊണ്ടാ, ഇത്രയും നാള്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇനിയും ഇങ്ങനെ എല്ലാവരാലും വെറുക്കപ്പെട്ട്‌….വേണ്ട ചന്ദ്രാ….ദയവായി എന്നെ ഒന്ന് കൊന്നു താ.”
ചന്ദ്രന്‍ അവിടെ നിന്നും നേരെ പോയത് എന്നും അവരുടെ വിഹാരകേന്ദ്രമായിരുന്ന ക്ഷേത്രപറബിലെ വലിയ ആല്‍ത്തറയിലേക്കാണ്. അവിടെ വിറകൊള്ളുന്ന ആലിലകളെ അയാള്‍ ആദ്യമായി കാണുന്നപോലെ മേല്പോട്ട് നോക്കികിടന്നു. ചന്ദ്രന്‍റെ മനസ്സില്‍ പഴയ കാലങ്ങള്‍ ഓടിമറഞ്ഞു. ചന്ദ്രനും രാകേഷിനും പതിനെട്ടു വയസ്സുള്ളപ്പോളാണ് ഒരു രാത്രി ചന്ദ്രന്‍റെ വീടിനു തീപിടിച്ചത്. നാട്ടുകാര്‍ വെള്ളമൊഴിച്ചും മറ്റും പരമാവധി തീ കെടുത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അഗ്നി സംഹാരതാണ്ടവമാടികൊണ്ടിരുന്നു. അതിനിടയില്‍ തന്നെ പിടിച്ചുവച്ച എല്ലാ കൈകളും തട്ടിമാറ്റി തന്‍റെ പ്രിയ്യ കൂട്ടുകാരനെ രക്ഷിക്കാന്‍ ആളികത്തികൊണ്ടിരിക്കുന്ന ആ വീടിനുള്ളിലേക്ക് ഓടിക്കയറി പുകമൂലം ബോധംകെട്ടു കിടന്നിരുന്ന ചന്ദ്രനേയും വലിച്ചുവാരി പുറത്തുവന്ന രാകേഷ് അന്ന് ചന്ദ്രന് നല്‍കിയത് ഒരു രണ്ടാം ജന്മമായിരുന്നു. അന്ന് ആ തീയില്‍ ചന്ദ്രന് നഷ്ടപ്പെട്ടത് എല്ലാമായിരുന്ന അച്ഛനെയും അമ്മയെയും സഹോദരിയെയും. മണിക്കൂറുകള്‍ക്ക് മിന്നലിന്‍റെ ചിറകായിരുന്നു. സമയം ഒരുപാടായിരിക്കുന്നു. ചന്ദ്രന്‍ ആല്‍ത്തറയില്‍ നിന്നും ഇറങ്ങി ക്ഷേത്രത്തിനുപിന്നിലെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്തേക്ക് നടന്നു, അവിടെ നിന്നും മഞ്ഞകോളാമ്പി പൂവിന്‍റെ കായും കുറച്ചു ഉമ്മത്തും പൊട്ടിച്ച് കവലയിലെ കടയില്‍ നിന്നും കുറച്ചു വെളിച്ചെണ്ണയും വാങ്ങി നേരെ വീട്ടിലേക്കു നടന്നു. വീടെന്നാല്‍ ഒരു മുറിയും അടുക്കളയും, ചന്ദ്രന്‍ നാടുവിട്ട ശേഷം അയാളുടെ അമ്മാവന്‍ അത് വാടകക് നല്‍കിയിരിക്കുകയായിരുന്നു.ചന്ദ്രന്‍ അവിടെ ചെന്ന് അടുപ്പ് കൂട്ടി മഞ്ഞകോളാമ്പി പൂവിന്‍റെ കായും ഉമ്മത്തും ചേര്‍ത്തു എണ്ണ കാച്ചി. അത് ആറിയപ്പോള്‍ രണ്ടു ചെറിയ കുപ്പികളില്‍ നിറച്ചുവച്ചു.
പിറ്റേന്നു രാവിലെ ചന്ദ്രന്‍ രാകേഷിനെ കാണാന്‍ ചെല്ലുമ്പോള്‍ അയാള്‍ കണ്ണടച്ചു കിടക്കുകയായിരുന്നു. കാല്‍ പെരുമാറ്റം കേട്ട രാകേഷ് കണ്ടത് ചന്ദ്രനെയാണ്, “ നീ വന്നു ല്ലേ, എനിക്കറിയാം നീ വരുമെന്ന്, നീ എന്നെ സഹായിക്കാന്‍ തീരുമാനിച്ചു അല്ലെ”
ചന്ദ്രന്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന ആ ചെറിയ കുപ്പിയില്‍ നിന്നും കുറച്ചു എണ്ണ എടുത്തു രാകേഷിന്‍റെ നെറുകയിലും കാലിനടിയിലും പുരട്ടി.
“ നിനക്കൊര്‍മയുണ്ടോ ചന്ദ്രാ, ഇങ്ങിനെ ഒരു എണ്ണയെ കുറിച്ച് അറിഞ്ഞ നമ്മള്‍ ഈ എണ്ണ കാച്ചി ഒരു വലിയ എലിയെ പിടിച്ച് അതിന്‍റെ തലയില്‍ രണ്ടു ദിവസം തേച്ചപ്പോളെക്കും ആ എലി ചത്തുപോയത്. ചന്ദ്രാ എനിക്ക് മരിക്കും മുന്‍പ് നമ്മള്‍ ഓടിക്കളിച്ച വഴികളിലൂടെ ഒന്ന് പോകാന്‍ ഒരാഗ്രഹം, നമ്മുടെ നാട്ടുവഴികളും ക്ഷേത്രക്കുളവും…കവലയും പഠിച്ച സ്കൂളും എല്ലാം ഒന്ന് കൂടി കാണാന്‍ ഒരു ആഗ്രഹം. അറിയാം ഇത് ഒരു അതിമോഹമാണെന്ന്, എന്നാലും….”
പിറ്റേ ദിവസം ചന്ദ്രന്‍ വന്നത് ഒരു ടാക്സി കാറുമായിട്ടാണ്. രാകേഷിനെ പുറത്തു കൊണ്ടുപോകുന്നതില്‍ ആര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നില്ല. കാറില്‍ കിടത്തി തലയിണയും മറ്റും വച്ച് തല ഉയര്‍ത്തി പുറം കാഴ്ചകള്‍ കാണും വിധം ക്രമീകരിച്ചു. വാഹനം അയാളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ഓടിക്കൊണ്ടിരുന്നു. വൈകീട്ട് വീട്ടില്‍ തിരച്ചുവിടുമ്പോള്‍ ചന്ദ്രന്‍ അയാളുടെ തലയിലും കാലിലും എണ്ണ പുരട്ടികൊടുത്തു.
മൂന്നു ദിവസങ്ങള്‍ കടന്നുപോയി, രാകേഷ് കൂടുതല്‍ ഉന്മേഷവാനായിരുന്നു, അയാള്‍ ഭാര്യയേയും മകളെയും മറ്റ് എല്ലാവരെയും കാണണമെന്ന് ആവശ്യപ്പെട്ടു, അയാള്‍ അയാളുടെ അമ്മയുടെ കൈകള്‍ പിടിച്ച് നെഞ്ചോടു ചേര്‍ത്തുവച്ചു, എല്ലാവരോടുമായി അയാള്‍ പറഞ്ഞു, എനിക്കറിയാം എല്ലാവര്ക്കും ഞാനൊരു ഭാരമാണ്, ഇന്ന് ഞാന്‍ മനസ്സറിഞ്ഞു എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത്രയും വര്ഷം എന്‍റെ മൂത്രവും മലവും എടുത്ത് എന്നെ പരിപാലിച്ച എന്‍റെ ഭാര്യയോട്, എന്നും ദുഃഖം മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട എന്‍റെ അമ്മയോട്… അപ്പോളേക്കും അയാളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു, ചുണ്ടുകള്‍ ആലിലകളായി… കണ്ണുകളില്‍ ഇടവപ്പാതി പെയ്തിറങ്ങി… അയാളുടെ കുടുംബാങ്ങളുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. എല്ലാവരും ആ മുറിവിട്ടുപുറത്തിറങ്ങി.
പിറ്റേന്നു രാവിലെ ഗ്രാമമുണര്‍ന്നത്‌ രാകേഷിന്‍റെ വീട്ടിലെ നിലവിളികള്‍ കേട്ടിട്ടായിരുന്നു, വിവരം അറിഞ്ഞവര്‍ അറിഞ്ഞവര്‍ ആ വീട്ടിലേക്കോടി…. ഒരാളൊഴിച്ച്, ചന്ദ്രന്‍ ഒഴിച്ച്.. പക്ഷെ ഒരു കൂട്ടം ഉറുമ്പുകള്‍ ചന്ദ്രന്‍ കിടന്നുറങ്ങിയിരുന്ന ആ മുറി ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചിരുന്നു….
pradeep

10 Comments

  1. കഥ ഇഷ്ടമായി ഇനിയും എഴുതുക.. ആശംസകൾ നേരുന്നു .

  2. ആശംസകൾ നേരുന്നു, കഥ ഇഷ്ടമായി, ഇനിയും എഴുതുക

  3. പ്രദീപേട്ടാ കഥ വളരെ നന്നായിരുന്നു ചില വരികൾ ആത്മാവിനെ സ്പർശിക്കുന്ന പോലെ ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു

  4. ചില ഇലക്കളുടെ മണം എത്ര കെഴുകി കളഞ്ഞാലും കൈകളിൽ നിന്നു പോവുകയില്ല. എന്റെ സുഹൃത്ത് പ്രദീപിന്റെ കഥയും മനസ്സിൽ ഒരു നെമ്പരം ബാക്കി വെച്ചു കടന്നു പോവുന്നു . ഒരു പക്ഷെ കഥാക്കരന്റെ വിജയം അതായിരിക്കാം.

  5. നന്നായിട്ടുണ്ട് പ്രദീപ്…. ഇനിയും എഴുതുക…. എല്ലാ ആശംസകളും നേരുന്നു…

  6. ഒരു കൂട്ടം ഉറുമ്പുകള്‍ ചന്ദ്രന്‍ കിടന്നുറങ്ങിയിരുന്ന ആ മുറി ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചിരുന്നു…

    അപ്രതീക്ഷിത ക്ലൈമാക്സ്..!
    ഭാവുകങ്ങൾ പ്രദീപ് ജീ..

Leave a Reply

Your email address will not be published.


*


*