പ്രമുഖയല്ലാത്ത കാരണത്താൽ -ജ്വാലാമുഖി

i_am_the_man_who_walks_alone_by_lady_erinഇരുട്ടിന്റെ കൂട്ടിൽ ഉറങ്ങാൻ കിടന്നു. കണ്ണടയ്ക്കാതെ ഭൂതകാലത്തേക്ക് പരതിയിറങ്ങി. മറവിയുടെ കയങ്ങളിൽ ഓർമ്മയുടെ ചെറുദീപങ്ങൾ കത്തിച്ചു വച്ച് കാത്തിരുന്നു . അവ്യക്തമായ മുഖങ്ങൾക്കുമേൽമഴ പോലെ ചുഴികൾ വന്നു മൂടി. എവിടെയോ വച്ച് എനിക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു!
അധ്യായം ഒന്ന്
————–
‘തങ്കേ…’ വളരെ അകലെ നിന്നൊരു വിളിയൊച്ച.
പിടഞ്ഞെഴുന്നേറ്റ് ചെവിയോർത്തു. തെരുവ് നായ്ക്കളുടെ കടിപിടിയും കുരയും ഒഴിച്ചാൽ നിശബ്ദം .
കടത്തിണ്ണയിലും ഫുട്പാത്തിലും ഉറങ്ങുന്ന നാടോടികൾ.. കുറേ അകലെ പകൽ പോലെ സജീവമായ നഗരപാത.
ഇവിടെ .. ഈ ഇടറോഡിൽ ഇരുട്ട് മാത്രം ..
നരച്ച കൺപീലികൾക്ക് താഴെ വെളുത്ത മൂടൽ വീണ കണ്ണുകൾ അമർത്തി തുടച്ച് ഒരു നെടുവീർപ്പോടെ വീണ്ടും കിടന്നു .
കടത്തിണ്ണയ്ക്ക് മണ്ണെണ്ണ യുടെ മണം..
മറവിയുടെ കയത്തിൽ നിന്നൊരു മണ്ണെണ്ണ വിളക്ക് പൊന്തി വന്നു.
വളയിട്ട കൈകൾ വിളക്ക് തുടച്ച് മണ്ണെണ്ണ ഒഴിച്ച് ഒരു ചെറു വെട്ടം കൊളുത്തി വച്ചു .
പ്രകാശം…!
ഇരുട്ടിൽ നിന്നാരോ മുറ്റത്തേക്ക് കയറി വന്നു .
‘തങ്കേ…!’
‘എന്തോ…?!’
‘അതങ്ങ് ഒറപ്പിച്ചു. മേടം പത്തിന്.’
സമ്മതം ചോദിച്ചില്ല. എതിർവാ പറഞ്ഞുമില്ല. മേടം പത്തിന് ആരോ വന്ന് കൈ പിടിച്ചു . കല്യാണം കഴിഞ്ഞു .
‘ബൌ..ബൌ..’ ആരെയോ പേടിച്ച് ഓടി വന്നൊരു തെരുവ് നായ തലയ്ക്കൽ പതുങ്ങി നിന്ന് കുരച്ചു.
ഓർമ്മകൾ ചിതറിത്തെറിച്ചു.
അരികിൽ വച്ചിരുന്ന കമ്പെടുത്ത് ഓങ്ങി. നായ മുറുവിക്കൊണ്ട് ഓടിപ്പോയി.
കുറച്ചകലെയുള്ള കനാലിൽ നിന്ന് ദുർഗന്ധവും പേറി ഒരു പാതിരാക്കാറ്റ് തൊട്ടുതലോടി. മുഖം ചുളിച്ചു നിശ്വസിച്ചു കൊണ്ടു തിരിഞ്ഞു കിടന്നു.
മണ്ണെണ്ണ മണം മറവിയിലാഴ്ന്നു പോയിരുന്നു .
ഇപ്പോൾ മൂക്കിൽ തുളച്ച് കയറുന്നത് മദ്യത്തിന്റെ ചൂരാണ്.
മൂക്കും വായും ആരോ പൊത്തിപ്പിടിക്കുന്നു. മിഴിഞ്ഞ കണ്ണുകളിൽ നിഴൽ പോലെ അവ്യക്ത രൂപങ്ങൾ..
അവർ നാലു പേർ ഉണ്ടായിരുന്നു!
അധ്യായം രണ്ട്
—————
കല്യാണം കഴിഞ്ഞ് ഓരോ കൊല്ലവും ഓരോന്ന് എന്ന കണക്കിൽ നാല് പേരെ പെറ്റു. മൂന്നാണും ഒരു പെണ്ണും.
നാല് കൊല്ലം മുൻപ് അതിയാൻ പോയ ശേഷമാണ് വീട്ടിൽ ഒറ്റയ്ക്കായത്. ഒറ്റയ്ക്ക് എന്ന് തോന്നിയിട്ടില്ല . വല്ലതും വച്ചുണ്ടാക്കി തിന്നാൻ ആവതുണ്ട്. എന്നിട്ടും മൂത്തവൻ ദിവാരൻ നിർബന്ധിച്ച് അവന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി . അവന്റെ ഭാര്യ ഒരു കരിങ്കാളി. ആദ്യം മുതലേ അവളെ മനസ്സിന് പിടിച്ചിട്ടില്ല. പിന്നെ എങ്ങനെ ആ വീട്ടിൽ നിൽക്കും? എങ്ങനെയും തിരിച്ചു വരണം എന്ന് മാത്രമായി ചിന്ത . മുറുമുറുത്ത് നടന്നു .
അങ്ങനെയിരിക്കെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കാണാതായി. അവളാണ് അടിച്ചു വാരാൻ മുറിയിൽ കയറിയത്.
എനിക്ക് സംശയമില്ല . ഞാൻ അവളെ നോക്കി ആക്രോശിച്ചു : കള്ളി!!!!
മരുമകൾ തലതല്ലി കരഞ്ഞു .
ദിവാരന്റെ മൂത്ത മകന് പിന്നേട് കുളിമുറിയിൽ നിന്ന് മാല കിട്ടുന്നത് വരെ ഞാനവളെ നിർത്താതെ പ്രാകി.
എനിക്കുറപ്പാണ്, അവൾ തന്നെയാണ് മാല കട്ടതും കുളിമുറിയിൽ കൊണ്ടു വച്ചതും. കള്ളി!
അന്ന് രാത്രി ദിവാരൻ അടുത്തു വന്നപ്പോൾ ഒന്നേ ആവശ്യപ്പെട്ടുള്ളൂ: എനിക്ക് തിരിച്ചു പോണം.
അവൻ എതിര് പറഞ്ഞില്ല .
അന്നവനെ മദ്യം മണത്തിരുന്നു!
അധ്യായം മൂന്ന്
—————
ഇരുട്ടിലൂടെ വേഗത്തില്‍ നടക്കുകയാണ്. നാലുപേർ! ആരുടേയോ ചുമലിലാണ് ഞാൻ. പൊളിഞ്ഞ സ്കൂൾ മതിലിനിടയിലൂടെ അകത്തേക്ക് ..
കുതറാൻ പോലും കെൽപ്പില്ലാതെ കിടക്കുകയാണ്. ചുക്കിച്ചുളിഞ്ഞ കൈകൾ ആടിക്കളിക്കുന്നതു പോലെ പിടിതരാതെ ഓർമ്മകൾ…
കണറ്റിൻ കരയിൽ തളർന്നു വീണപ്പോൾ ഇതുപോലെ വാരിയെടുത്ത് ചുമലിലിട്ട് ആശുപത്രിയില്‍ കൊണ്ടു പോയത് രണ്ടാമത്തെ മോനാണ്: രാമേന്ദ്രൻ.
‘ഞാൻ അന്നേരം വന്നില്ലാരുന്നെങ്കിലോ അമ്മാ?’ അവൻ കൈ പിടിച്ചു ഗദ്ഗതപ്പെട്ടു.
പിന്നെ രണ്ടു മാസം അവന്റെ വീട്ടിൽ. പൊരുത്തപ്പെട്ടില്ല. പെൻഷൻ കിട്ടിയ പൈസ കാണാതായപ്പൊ കലമ്പിക്കൊണ്ട് തിരിച്ചു പോന്നു.
ഇടക്കൊരു വീഴ്ച പറ്റിയപ്പൊ മൂന്നാമത്തെ ചെറുക്കൻ സതീശനും വിളിച്ചു കൊണ്ടു പോയി . ഒരു മാസം.. അതിനപ്പുറം അവിടെയും തങ്ങിയില്ല. അവന്റെ കോളേജില്‍ പഠിക്കുന്ന പിള്ളേര്..
അസത്തുക്കള്! പഠിക്കാനാണെന്ന് പറഞ്ഞ് വേഷം കെട്ടി തെരുവിലിറങ്ങി ഉമ്മ വച്ച് കളിക്കുന്ന പഷ്ക്കാരികള്!
തണുത്ത തറയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ ഓർമ്മകൾ ഞെട്ടലോടെ പിൻവാങ്ങി.
അധ്യായം നാല്
__________
വായിലേക്ക് ഒരാൾ എന്തോ കുത്തിയിറക്കി. തീവെള്ളം പോലെ തൊണ്ട പൊള്ളിച്ചു കൊണ്ട് ഒരു ദ്രാവകം ഉള്ളിലേക്ക് ഒഴുകിയിറങ്ങി.
മദ്യത്തിന്റെ ചൂര്… ശക്തമായി മനം പുരട്ടി. കയ്യും കാലും ആരൊക്കെയോ പിടിച്ചു വച്ചിരിക്കുന്നു!
‘എന്നെ കയ്യും കാലും കെട്ടിയിട്ടിട്ടാ നോവിക്കുന്നത് അമ്മമ്മേ…’ കുഞ്ഞോളുടെ നിലവിളി ഓർമ്മ വന്നു . ഒൻപത് വയസ്സുള്ള കുഞ്ഞോളും അവളുടെ ചേച്ചി കുഞ്ഞാറ്റയും..
നാലാമത്തവൾ , ഒരേയൊരു പെൺതരി സാവിത്രിയുടെ മക്കൾ..
ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോയപ്പൊ കുടുംബത്തു നിന്ന് പുറത്താക്കപ്പെട്ടവൾ.. കെട്ട്യോൻ അപകടപ്പെട്ട് മരിച്ചു . രണ്ട് പിള്ളേരേം അവളേം വേറൊരുത്തൻ പൊറുപ്പിക്കുകയാണ്.
വാർക്കപ്പണിയെടുത്ത് ചേരിയിൽ കഴിയുന്ന കുടുംബം . ഒരിക്കൽ കണ്ടപ്പോൾ ഇളയകുഞ്ഞ് ഒരുപാട് കരഞ്ഞു . അവളെ പുതിയ അച്ഛന്റെ കൂട്ടുകാരൻ ഉപദ്രവിക്കുമെന്ന്!
ആൺമക്കളോട് പറഞ്ഞ് സാവിത്രിയേം പിള്ളേരേം കൂടെ കൊണ്ടു വന്നു താമസിപ്പിക്കണം എന്ന് തീരുമാനിച്ചിരുന്നപ്പോഴേക്കും..
അടുത്ത വീട്ടിലെ പെണ്ണാണ് പറഞ്ഞത് , രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ തൂങ്ങി മരിച്ച വാർത്ത!
നില തെറ്റി ഇറങ്ങി ഓടി. കിട്ടിയ വണ്ടി .. എത്തിയ സ്ഥലം .. ഏതോ വലിയ നഗരം..
കയ്യില്‍ പണമില്ല. കഴുത്തില്‍ കിടന്ന മാല കാണാനില്ല..
എങ്ങോട്ടെന്നറിയാതെ നടന്നു ..കുഴഞ്ഞു വീഴും വരെ.
അധ്യായം അഞ്ച്
————
ആശുപത്രി വാസം.. ആരോ നീട്ടിയ ആഹാരം കഴിച്ചു . ആരും വരാനില്ലാത്തത് കൊണ്ട് ആരോടും പറയാതെ ഇറങ്ങി നടന്നു . ഓർമ്മകൾ മറവിയിൽ ചേക്കേറിയിരുന്നു.
പേര് പോലും നാവിലെത്താതെ കബളിപ്പിക്കുന്നു..
നഗരത്തില്‍ ചുറ്റി നടന്നു . വിശന്നപ്പോൾ കൈ നീട്ടാൻ പഠിച്ചു . രാത്രി കടത്തിണ്ണയിൽ ചുരുണ്ടുകൂടി.
എങ്കിലും എവിടെയോ ഒരു നുറുങ്ങുവെട്ടം.. പ്രതീക്ഷയുടെ..
ഭാഗം ആറ്
__________
കഴുത്തിന് കീഴോട്ട് മരവിച്ച് പോയിരിക്കുന്നു .. ഇത് മൂന്നാമനോ നാലാമനോ..?
ഇതിനൊരു അവസാനമില്ലേ?
നോട്ടം ഉറയ്ക്കുന്നില്ല. കണ്ണുകൾ അടഞ്ഞു പോകുന്നു . നാലുപേരെ ഊട്ടിയ പാലാഴി പേപ്പട്ടികൾ കടിച്ചു മുറിച്ചിരിക്കുന്നു..
നാലുപേർ കിടന്നിടവും ഭൂമിയിലേക്കവർ വന്ന വഴിയുമെല്ലാം ഉഴുതുമറിക്കപ്പെട്ടിരിക്കുന്നു..
വിഷബീജങ്ങളാൽ അവ കളങ്കപ്പെട്ടിരിക്കുന്നു.
ഹാ.. അവസാനത്തെ പിടച്ചിൽ….
നാളെ പത്രത്തിന്റെ ഉൾപ്പേജിൽ ഒരു വാർത്തയുണ്ടാകും:
തെരുവിൽ ഉറങ്ങി കിടന്ന എഴുപത്തഞ്ചുകാരിയെ മദ്യം കൊടുത്ത് കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.
ഒറ്റക്കോളം വാർത്ത. കണ്ടാൽ വായിച്ച് ഒന്ന് നെടുവീർപ്പിടണം..
അത്ര മാത്രം …
വീട്ടിൽ അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും സുഖം തന്നെയല്ലേ എന്ന ചോദ്യവുമായി ഇടയ്ക്ക് ഞാൻ ചിന്തകളിൽ കൂട് കൂട്ടിക്കൊള്ളാം…
വിട…
(അവസാനിച്ചു)
10291170_1528492510809835_4059151667957413811_n

Be the first to comment

Leave a Reply

Your email address will not be published.


*


*