സായന്തനങ്ങളുടെ ചക്രവാളങ്ങളിലേയ്ക്ക് (കവിത )-ധന്യ മഹേന്ദ്രൻ

hqdefaultപ്രിയനേ,
എനിക്ക്
നിന്നിലെരിയുന്ന
അഗ്നിയുടെ
ഉൾത്തളങ്ങളിലെ
തണുപ്പാകണം.
നിന്നിൽ തിളയ്ക്കുന്ന
ഊഷരതയിലേ –
യ്ക്കാഴ്ന്നിറങ്ങുന്ന
മഴനൂലുകളുടെ
ചുംബനങ്ങളുടെ
ചൂടാകണം.
നീ വെടിഞ്ഞ
ദാഹത്തിന്റെ
തെളിനിലങ്ങളിൽ
ഉയിർകൊള്ളുന്ന
പുൽനാമ്പുകളിലെ
സൂര്യനാകണം.
നിന്റെ ഉണ്മകളിൽ
പെയ്തു നിറയുന്ന
വാക്കുകളുടെ
മഞ്ചാടിക്കുന്നിറങ്ങിയ
സ്വപ്നങ്ങളുടെ
തേരാളിയാവണം.
നീ കോറിയിട്ട
വരകളുടെ
മിഴികളെത്താത്ത
നോവിന്റെ
ആകാശങ്ങളിൽ
കൈവിരലുകൾ
കൊരുത്തുപിടിച്ച്
ഒരു യാത്ര പോകണം
സായന്തനങ്ങളുടെ
ചക്രവാളങ്ങളിലേയ്ക്ക്

1 Comment

Leave a Reply

Your email address will not be published.


*


*