ചൂത് (കഥ) – സക്കീന യൂസഫ്

imagesകണ്ണുതുറക്കുമ്പോൾ പങ്കയുടെ കറക്കമാണ്, അരികെ നിൽക്കുകയായിരുന്ന നഴ്സ് കൈതണ്ടയിൽ പിടിച്ചിട്ടുണ്ട്. ചുറ്റും നോക്കി. താൻ മരിച്ചിട്ടില്ല, ഇത് ആശുപത്രിയാണ്. മൂടൽ മഞ്ഞിലെന്നോണം വാതിലിലെ ചില്ലിനപ്പുറം നോക്കുന്ന സൽമാനുണ്ട്. അപ്പോൾ ആ മുഖത്ത് അരിശമോ, ആശ്വാസമോ? അരിശമായിരിക്കും, താനെന്തേ മരിച്ചില്ലെന്ന ചിന്തയാവും. അല്ലെങ്കിൽ ആശുപത്രി ബിൽ വകയിൽ ചിലവാകുന്ന തുകയെ കുറിച്ചുള്ള ആധിയോ? അവനെന്നും താനൊരു ശല്യക്കാരിയാണല്ലോ എന്നോർക്കുമ്പോൾ സ്വയം ശപിക്കുകയേ നിവൃത്തിയുള്ളൂ.
എന്തായാലും താൻ മരിച്ചിട്ടില്ല. താൻ മരിക്കരുതെന്ന് കാലം വാശിപിടിക്കുന്നുണ്ടാവാം. അല്ലെങ്കിൽ തന്നെ താൻ ജീവിച്ചാലും മരിച്ചാലും കാലത്തിനെന്ത്! ഒരാളുടെ മരണമോ ആത്മഹത്യയോ ആർക്കും അങ്ങനെ വലിയ വിഷയമൊന്നുമല്ലാത്ത ലോകത്ത് പരിഭവങ്ങളില്ലാതെ ചുരുങ്ങുക.
എങ്കിലും ഈ ആയുസ് ഇനിയും നീട്ടിവലിച്ച് കൊണ്ടുപോകണമെന്നോ? ഒരുപക്ഷേ തനിക്ക് പോലും അറിയാത്ത എന്തോ നിയോഗം ഉണ്ടാവണം, അല്ലെങ്കിൽ എന്തോ ഒന്ന് തന്നിലേക്ക് വന്നുചേരാനുണ്ടാവണം. വന്നുചേരുക, ഒരു അരച്ചിരി ചിരിക്കാൻ ശ്രമിച്ചപ്പോൾ ചുണ്ടുകൾ കോടി. താൻ എന്തൊക്കെ പ്രതീക്ഷിച്ചു, എല്ലാം ജലരേഖപോലെയായി.
ഒരിക്കൽ സ്തെതസ്കോപ്പ് തൂക്കി ഓപ്പറെഷൻ തീയറ്ററിലും ആശുപത്രി വാർഡിലുമൊക്കെയായി കറങ്ങി നടക്കുന്നൊരു ചിത്രം എത്രയോ കൊണ്ടുനടന്നിട്ടുണ്ട്. ഒരു ഡോക്ടർ ആകണമെന്ന മോഹം, ചവിട്ടിമെതിച്ച് കൊലവിളിച്ച കാലമേ നിന്നോട് അൽപ്പം പോലും സ്നേഹമില്ല. ഒരു ഡോക്ടർ മാത്രമല്ലല്ലോ മരിച്ചത്. താൻ എന്നേ തന്നിൽ തന്നെ തൂങ്ങിമരിച്ചവൾ. ഇത് തന്റെ പ്രേതമാണ്.
ഒരിക്കൽ തനിക്കൊരു ഡോക്ടറാവണമെന്ന് ചൊല്ലിയപ്പോൾ വെറ്റിലക്കറയിലൂടെ ചിരിച്ചൊരു ബന്ധുവിനെ ഓർക്കുന്നു, ഓ പിന്നെ പെണ്ണിന്റെയൊരു പൂതി. പതിനെട്ട് തികയുമ്പോൾ ഒരു പുരുഷന്റെ കയ്യിൽ പിടിച്ച് കൊടുത്ത് ബാധ്യത തീർക്കുന്ന പഴമയുടെ ആ പരിഹാസ ചിരിയാണത്. പെണ്ണ് നെഗളിച്ചാൽ പെരുവഴിയെന്നൊരു ചൊല്ലും ആ കുമ്മായം അടർന്ന മുറിയിൽ ചിലമ്പിച്ചത് ഓർക്കുന്നു.
വരണ്ട മരച്ചാർത്തിലേക്ക് നോക്കി ജനാലക്കരികെ കിടന്നു. പൊടിപിടിച്ച ഇലകൾ തന്നെയാണ് തന്നിലും. മഴക്ക് വേണ്ടിയുള്ള ഇലയുടെ ആ കാത്തിരുപ്പ് തന്നെ തന്നിലും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആവേശം. എന്നാൽ തന്റെ കാതുകളിൽ മുഴങ്ങുന്നത് മെതിയടികളുടെ ആ കിരുപ്പുള്ള ശബ്ദമാണ്.
‘മാഡത്തിനു നാളെ പോകാലോ..’ സിസ്റ്ററാണ് പറയുന്നത്.. ‘ ഇനി കടും കയ്യൊന്നും ചെയ്യല്ലേ, ഒന്നൂല്ലെങ്കിൽ ഇത്രയൊക്കെ പഠിച്ച ആളല്ലെ.’
ചിരിക്കാൻ ശ്രമിച്ചു, ചുണ്ടുകൾ വരണ്ടു കോടി. വീട്ടിൽ പോയിട്ടെന്തിന്. ആശുപത്രിയിലാകുമ്പോൾ ഇടക്ക് നഴ്സുമാരെയെങ്കിലും കാണാം. കുടുംബക്കാർ വരുന്ന പതിവില്ലല്ലോ. സഹോദരിമാർ പോലും അകലം പാലിക്കുന്നു. താൻ ചെയ്ത തെറ്റെന്ത്! താൻ ജനിച്ചത് തന്നെയാണ് തെറ്റ്. ജനിച്ചാൽ ജീവിക്കണം, പിന്നെ മരിക്കണം. പക്ഷേ താൻ ജീവിതമെന്ന തുരുത്തിൽ പൊടിപിടിച്ച് കിടക്കുന്നു. ഇവിടെ നിന്നും മോചിപ്പിക്കാൻ ഏത് കരങ്ങൾ. ഇരുട്ടിലൂടെ ഒരു വിരൽ നീണ്ടുവരുന്നുണ്ടോ? ഇല്ല വെറും തോന്നലാണതൊക്കെ. ഒരായിരം തോന്നലുകളുടെ നേരമ്പോക്കായി മാറിയിരിക്കുന്നു ജീവിതമെന്ന തെരുവ്.
വീട്ടിലേക്കുള്ള വഴിയിൽ പള്ളിക്ക് മുന്നിലെത്തിയപ്പോൾ ഉമ്മിയുടെ ഖബറിടത്തിലേക്ക് എത്തിനോക്കി. താൻ ഒരിക്കൽ പോലും ഖബറിടത്തിൽ പോയിട്ടില്ല. സ്തീകൾക്ക് ഖബർ സന്ദർശനം അനുവദനീയമല്ലല്ലോ. സൽമാനുമായി ആ വിഷയത്തിൽ മുമ്പ് കലഹിച്ചിട്ടുണ്ട്. പുണ്യാത്മാക്കളുടെ ഖബറിടങ്ങൾ സ്ത്രീകൾക്ക് അനുവദിക്കുകയും സ്വന്തം തള്ളയുടെ ഖബർ വിലക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്തിട്ടുണ്ട്.
‘നീ വല്യ വിപ്ലവോന്നുംകൊണ്ടുവരണ്ട. മരിച്ച് കഴിയുമ്പോൾ ആ കാട്ടിൽ ചെന്ന് കിടക്കണോങ്കിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞാ മതി. ‘ സൽമാൻ പറഞ്ഞു.
തന്റെ നാവിറങ്ങിപോയതല്ല, താൻ തന്റെ നാവിനെ ഉള്ളിൽ തന്നെ കുഴിച്ചിട്ടു എന്ന് പറയാം. എന്തിനാണ് തർക്കിക്കുന്നത്. തനിക്ക് തന്റെ ഉമ്മി പുണ്യാത്മാവോ എന്ന് നോക്കിയിട്ടല്ല, തനിക്ക് ഉമ്മി താൻ കണ്ട ദൈവം തന്നെയാണ്. പിറവി നൽകിയവൾ തനിക്ക് കാണാവുന്ന ദൈവം തന്നെ. അത് ലോകം അംഗീകരിക്കില്ലെങ്കിലും.
കുറെകാര്യങ്ങൾ, അനുഭവങ്ങൾ എല്ലാം എഴുതുകയോ മറ്റൊരാളോട് പറയുകയോ വേണം. എഴുതാൻ വയ്യ. പറയാൻ ഒരാളില്ല. താൻ തന്നോട് എത്രനേരം പറഞ്ഞുകഴിഞ്ഞു. കഥയാക്കി എഴുതിയാൽ അത് തന്റെ ജീവിതമായി ലോകം കൊണ്ടാടും. എത്രകാലമെന്നു കരുതിയാണ് എല്ലാം തന്നിൽ അടിഞ്ഞുകൂടുക. ഒരിക്കലത് പൊട്ടിത്തെറിക്കണം. കുപ്പിയിലെ അഴുക്ക് കൂനക്കകത്ത് ഇത്തിരി വെളിച്ചമുണ്ട്, അതിനു പിന്നിലൊരു തിരിയുണ്ട്. അത് തനിക്ക് അനുഭവിക്കണമെങ്കിൽ കുപ്പി പൊട്ടുകയോ, അഴുക്ക് നീക്കം ചെയ്യുകയോ വേണം. എവിടേയോ വായിച്ചത് ഓർക്കുന്നു, പ്രണയിക്കുക, പ്രാണൻ കലക്കുക. ആ കലക്കത്തിൽ നിന്നും പുറം കാഴ്ച നഷ്ടപ്പെട്ട് അകത്തെക്ക് കുതിക്കുക. ഈ പ്രായത്തിലോ ഒരു പ്രണയം. അതിനു പ്രതേക കാലമൊന്നുമില്ലെന്ന് അറിയാഞ്ഞിട്ടല്ല. ഒരിക്കൽ പ്രണയിച്ച് അപൂർണതയിൽ കൊഴിഞ്ഞ് പൂവല്ലെ താൻ. ഇനിയുമൊന്ന് വയ്യ. പിന്നെ എവിടെയാണ് ശാന്തിയുടെ ഗാനം? എവിടെയൊക്കെയോ ആത്മാക്കൾ കറങ്ങി തിരിയുന്നുണ്ട്. ആത്മാക്കളുടെ ലോകത്തെ കുറിച്ച് ഓത്തുപള്ളികാലത്ത് കേട്ടത് ഓർക്കുന്നു. ആ ലോകം, തിളങ്ങുന്ന ആ ലോകത്തേക്ക് തന്റെ ആത്മാവിനെ വലിച്ചുകെട്ടുക. പിന്നെ അതിൽ നിന്നുള്ള തീയിൽ നിന്നും താൻ വേവുക. അവിടെയോ തനിക്ക് മോചനം. ഭ്രാന്ത്, താൻ ഭ്രാന്തിലേക്ക് ഒഴുകുന്നു.
ആ ഇടം, കൂറ്റൻ കെട്ടിടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. തന്റെ തറവാട് വീട് നിന്ന ഇടം. കിഴക്ക് ഭാഗത്തൊരു തോട് ഒഴുകിയിരുന്നു. അതിന്റെ അപ്പുറവും ഇപ്പുറവും തഴച്ചുവളർന്നിരുന്ന കാട്ട് ചേമ്പുകൾ. ഇന്നും ഭീതിയാണ്, മഴ അലറിവിളിച്ച ആ രാത്രി. തന്റെ പാവാട ഞൊറിവിലേക്ക് വിറയലോടെ എത്തിയ വിരലുകൾ. അവിടെ മഴയുടെ ആരവത്തിൽ ലയിച്ച കിതപ്പുകൾ. എത്ര അകറ്റിയിട്ടും ഉടലിൽ ചേരയെ പോലെ ഇഴഞ്ഞ കൈകൾ. രതി ഒരു വെറുപ്പായത്, വീണിട്ടും ഞെരിഞ്ഞൊരു കരിയിലയിലേക്ക് താൻ. പുലർന്നപ്പോൾ അതൊരു കിനാവെന്ന് ഓർക്കാൻ ശീലിച്ചു. എന്നാൽ പിന്നേയും.
നിരത്തിൽ കാറിതുപ്പി. ഒരിക്കലും ഓർക്കാതിരിക്കാൻ ശ്രമിച്ച രംഗങ്ങൾ. ബാല്യത്തെ പോലും ശപിച്ചെറിഞ്ഞത്. ഇപ്പോഴും തുടകൾക്കിടയിൽ ആ വഴുക്കൽ ഉള്ളത് പോലെയാണ്. താൻ മാത്രമറിയുന്നതും തന്നിൽ തന്നെ കുഴിച്ചിട്ടതും തന്നെ വെറുപ്പിന്റെ ഇരുട്ടിലേക്ക് എറിയുന്നതുമായ രംഗങ്ങൾ. ഇതൊക്കെ മറ്റൊരാളോട് ഒന്ന് പറഞ്ഞാലെന്ത്. പക്ഷേ ആരേയും വിശ്വസിക്കാനാവില്ല. പിന്നെ അതുമതി, അതുപറഞ്ഞ് തന്നെ മുതലെടുക്കാൻ. എവിടെയും സ്വാർത്ഥവേഷങ്ങളാണ്.
തനിക്ക് വീതമായി കിട്ടിയ ഇടമെവിടെ? താൻ പിച്ചവച്ച മണ്ണെവിടെ. താൻ പിറക്കും മുമ്പ് ഉപ്പയെ കുടകൊണ്ട് തല്ലി തെങ്ങിൻ തോപ്പിൽ തള്ളിയവർ എവിടെ? തന്റെ പിറവി ഇപ്പോഴും ഒരു ശാപമായി തന്നെതന്നെയാണ് വേട്ടയാടുന്നത്. താൻ പിറക്കരുതെന്ന് ചൊല്ലിയ തങ്ങൾ പള്ളിക്കാട്ടിലെ ആറടി മണ്ണിൽ ഒടുങ്ങി. ഉമ്മി പോയ പാത ഉപ്പ പോയ പാത.. എല്ലാ പാതയും ഒന്നുതന്നെ.
16142454_1737812542911645_6748358654341029721_n

1 Comment

Leave a Reply

Your email address will not be published.


*


*