മാൻഹോൾ ( സിനിമ) – അനൂപ്‌ നെടുവേലി

മാൻഹോളിൽ പണിയെടുക്കുന്നവരുടെ കഥ പറയുന്ന ഒരു ചിത്രം. വിധു വിൻസെന്റ് സംവിധാനം ചെയ്ത “മാൻഹോൾ”. സിനിമ എന്ന കലാസൃഷ്ടി അല്ലെങ്കിൽ ദൃശ്യമാധ്യമം ഇന്ന് നിലകൊള്ളുന്നത് വേറിട്ട തലങ്ങളിലാണ്. സിനിമ ചിരിക്കാനും ചിന്തിപ്പിക്കാനും ജീവിതാവസ്ഥകളുടെ നടന പ്രതിഫലനമാണെന്നുമുള്ള പറഞ്ഞു വയ്ക്കലുകൾ ഇന്നില്ല. മറിച്ച് ചിരിക്കാൻ ഒരു സിനിമ ചിന്തിപ്പിക്കാൻ ഒരു സിനിമ സാഹചര്യങ്ങൾ മുതലെടുത്ത് പെരുമാറാൻ മറ്റ് ചില സിനിമകൾ.

യാഥാർഥ്യ ബോധത്തോടുകൂടി ഒരു സമൂഹത്തിന്റെ ദുസ്സഹമായ ജീവിതം വരച്ചുകാട്ടുന്ന ചിത്രമാണ് മാൻഹോൾ. വിധു വിൻസെന്റ് എന്ന മാധ്യമ പ്രവർത്തകയുടെ ആദ്യ ചിത്രം. മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന അവാർഡും രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ ചിത്രം അത് ഊന്നൽ നൽകിയ വിഷയത്തിൽ വിജയിച്ചു എന്ന് തന്നെ പറയാം. ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള മാനുവല്‍ സ്‌കാവെന്‍ജിംഗ് ഇന്നും നമ്മുടെ ചുറ്റും നടക്കുന്നു എന്ന് ചിത്രം തെളിയിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവർ ദാരിദ്ര്യം മൂലം ആത്മാഭിമാനവും അന്തസ്സും പണയപ്പെടുത്തി പരിഷ്‌കൃത സമൂഹം അറപ്പോടെയും വെറുപ്പോടെയും നോക്കുന്ന ജോലിയിൽ ഏർപ്പെടുമ്പോൾ അവർ ഏറ്റുവാങ്ങുന്ന ജീവിത ക്ലേശങ്ങൾ വിധു അതിന്റെ പൂർണതോതിൽ പകർത്തിയെടുത്തു. തറയിൽ വീഴുന്ന ആഹാര സാധനം കയ്യുറയിട്ട് എടുത്തു കളഞ്ഞ് നന്നായി കൈകഴുകുന്ന ഞാനും നിങ്ങളുമുൾപ്പെടുന്ന സമൂഹം ചിത്രത്തിനു മുന്നിലിരിക്കുമ്പോൾ നമ്മുടെ തന്നെ വിസർജ്യ വസ്തുക്കളുടെ ഇടയിലേക്കിറങ്ങി അത് വൃത്തിയാക്കുന്ന ഞാനും നിങ്ങളുമല്ലാത്ത കുറച്ചുപേർ മുന്നിലൂടെ കടന്നുപോകും. യാതൊരു സുരക്ഷാ മാർഗ്ഗങ്ങളും ഉപയോഗിക്കാതെ അഴുക്കുചാലുകളിലേക്കും വിസർജ്യ കുഴികളിലേക്കും എടുത്തുചാടുന്നവനോട് വിലപേശുന്ന ഒരു സമൂഹത്തെയും ചിത്രത്തിലൂടെ കാണാം. ദരിദ്രത്തിനു മുകളിലും ചെറിയ ചെറിയ സന്തോഷങ്ങളിൽ അമിതോത്സാഹം കാണിക്കുന്ന കുടുംബങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകും. മാൻഹോളിലെ മരണങ്ങൾ കുടുംബങ്ങളെ അനാഥമാക്കുന്നു. അന്നത്തിനു വേണ്ടി കുഴിയിലേക്കിറങ്ങുന്നവൻ തിരിച്ചു കയറുമെന്ന യാതൊരു ഉറപ്പും എല്ലാ.

മാൻഹോൾ എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊത്ത അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് എടുത്തുപറയേണ്ടതാണ്. മുൻനിര ചലച്ചിത്ര താരങ്ങളെ മാറ്റിനിർത്തി കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ നാടകാഭിനേതാക്കളും മറ്റും ചിത്രത്തിന്റെ മുഖ്യ ഭാഗമായി. മുരുകൻ, പാപ്പാത്തി, അയ്യൻ, ശാലിനി തുടങ്ങിയ കഥാപാത്രങ്ങൾ മികവുറ്റതാണ്. മുരുകൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുൻഷി ബിജു തന്മയത്വമുള്ള അഭിനയ ശൈലി പുറത്തെടുത്തു. കൂടാതെ പാപ്പാത്തിയായി അഭിനയിച്ച ഷൈലജ തന്റെ അഭിനയ മികവ് തെളിയിച്ചു. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. വളരെ സ്വാഭാവികമായ അഭിനയത്തിലൂന്നി അവരുടെ ജീവിതം കലർപ്പില്ലാതെ ക്യാമറയിൽ പകർത്തിയത് സജികുമാറാണ്.

ചിത്രം മുന്നോട്ടുവച്ചത് സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ്. അത് പ്രേക്ഷകർ കണ്ട് വിലയിരുത്തിയതുമാണ്. കുറച്ചു മണിക്കൂറുകൾ കണ്ടു മറക്കാനും ചിരിച്ചു തള്ളാനുമുള്ളതല്ല സിനിമകൾ. മറിച്ച് സിനിമ പറഞ്ഞു നിർത്തിയിടത്തു നിന്നും സമൂഹം അത് ചർച്ചചെയ്തു തുടങ്ങുമ്പോഴാണ് അവിടെ ആ സിനിമയുടെ വിജയം പ്രതിഫലിക്കുന്നത്. അക്കാര്യത്തിൽ മാൻഹോൾ വിജയപഥത്തിലെത്തിയെന്ന് നിസംശയം പറയാം.
14732121_1815874328659216_5004463647125724861_n

Be the first to comment

Leave a Reply

Your email address will not be published.


*


*