ഗോൾമുഖത്ത് (കവിത ) -മൂസ്സ എരവത്ത്

goal-postഇന്നു വിയർപ്പുപെയ്തു
കുതിർന്ന മൈതാനത്തു
അവശേഷിച്ച മഴയുടെ വഴുക്കലുകളിൽ
വീണലസിയ പിറക്കാതെ പോയ ഗോളുകളെയോർത്തു
നമുക്കൊരുമിച്ചൊന്നാർപ്പുവിളിക്കണം .
പെനാല്‍റ്റിയിൽ മരിച്ചുവവീഴുന്ന ഗോളികളുടെ
ആത്മാവുകൾ ശൂന്യതയിൽ
പ്രതിരോധിക്കുന്ന പന്തു
ഗോൾവലയിലൊരു ആരവം കുരക്കിയിടുന്നുണ്ട് . . .
കോർണറുകളിൽനിന്നു വില്ലുപോലെ വളഞ്ഞുവരുന്ന
ഒരു കാറ്റിനെസ്വപ്നം കാണുന്ന 

മെലിഞ്ഞ കാലുകളാവാം നമുക്ക് . .
വളരെ അലക്ഷ്യമായി ആരോ അടിച്ചകറ്റിയ ഒരുപന്തിനെയോർത്തു
വിങ്ങുന്ന കുമ്മായവരകൾ
വെറും അതിരുകളല്ല . .
ആരോ കാൽചുട്ടിലേക്കു വലിച്ചെറിഞ്ഞ
പാസ്സുകളുടെ വേഗത്തെ
വിധിയെന്നു സ്കോർചെയ്യാം .
ഓർക്കാപ്പുറത്തൊരു നീണ്ട വിസിലിൽ
എല്ലാം നിശ്ചലമാവുമെന്നുറപ്പുണ്ടെങ്കിലും അടുത്ത ഗോൾപോസ്റ്റിലേക്കുള്ള
ഒരുകുതിപ്പിന്റെ ചിറകാവുന്നുണ്ട് മൈതാനം .
ഗോൾമുഖത്തു
ഒറ്റക്കുനിൽക്കുന്നവന്റെ
നിസ്സഹായത നമുക്കിപ്പോൾ
കണ്ണാടിയില്‍ കാണാനാവും .
ഒരിക്കൽ പോലും ഗോളിയായിട്ടില്ലെങ്കിലും .
317660_148454068633643_852450321_n

 

Be the first to comment

Leave a Reply

Your email address will not be published.


*


*