ചിരിയുടെ സെൽഫികൾ -(ബിന്ദു ഹരികൃഷ്ണൻ)

15747730_1699259276766972_1022253033102231777_nപ്രിയങ്കരനായ ചാത്തൻസ്
____________________
“നിങ്ങളെന്താ പയ്യനെക്കുറിച്ചുമാത്രം പുകഴ്ത്തുന്നത്? ചാത്തൻ അധഃകൃതനായതുകൊണ്ടാണോ? എന്നാലങ്ങനെയല്ല. ചാത്തൻസും നല്ലൊരു ബുദ്ധിജീവിയാ. എനിക്ക് ചാത്തൻസിനെയാണിഷ്ടം . പക്ഷാഭേദം കാണിക്കാതെ മ്മടെ ചാത്തൻസിന്റേം ഒരു കഥയെടുത്തിടിഷ്ടാ” . അടുപ്പമുള്ളൊരു ചങ്ങാതീടെ വക അഭ്യർഥനയാണ്. ആയതുകൊണ്ട് ഈ ലക്കം ചിരി സെൽഫി ചാത്തൻസ് വക.
ചാത്തൻസ് ഉറക്കപ്പായവിട്ട് സ്വയം പൊക്കിയെടുക്കുന്നതിനു മുൻപ് ഉരുവിടാറുള്ള മംഗള ശ്ലോകത്തോടെ ആരംഭിക്കാം.

‘ വെള്ളച്ചീസുപ്രജാ ചാത്താ
പൂർവ്വാ സന്ധ്യാപ്രവർത്തതേ
ഉത്തിഷ്ഠ ചെറുമധ്വജ
ത്രൈലോക്യം വിപ്ലവം കുരു.’

ഇങ്ങനെ തുടങ്ങുന്ന ചാത്തന്റെ അദ്ധ്വാനത്തിന്റെ ഒരു ദിവസം അവസാനിക്കുന്നത് നോക്കാം.

‘ ആരു പറഞ്ഞു, ആരു പറഞ്ഞു, എൻ
പ്രിയമാനസനു പിരാന്താണെന്നാരു പറഞ്ഞു?’

പഞ്ചായത്ത് റേഡിയോ, ഗാനതല്ലിപ്പൊളിജം പാടി. വൈകുന്നേരത്തെ ആദ്യത്തെ പാട്ടായിരുന്നു. അപ്പോൾ കൃത്യം ആറര മാണി, ചാത്തൻസ് വിചാരിച്ചു. പിന്നണി ഗായകസംഘം ആകാശവാണിയെ അരമണിക്കൂർ പാട്ടത്തിനെടുത്ത് ചലച്ചിത്ര ഗാനപരിപാടി നടത്തുന്ന സുമുഹൂർത്തം. അത് കഴിഞ്ഞാൽ കാർഷിക രംഗമായി. വയലും വീടും വിലാപം . വായും വയറും പരിപാടിയെന്ന് പറയുന്നതായിരിക്കും ശരിയെന്നു കർഷകത്തൊഴിലാളിക്കു തോന്നി. വയറിന്റെ വിളി നിവർത്തിക്കാൻ ഉദ്യോഗസ്ഥന്മാർ വായിട്ടടിക്കുന്നു. കൃഷിയെക്കുറിച്ചു അവർക്കെന്തറിയാം? അല്ലെങ്കിൽ മഴയെക്കുറിച്ച്, വർഷിച്ചശേഷമാണ് സാമാന്യം ശക്തിയോടെയും താളത്തിൽ മിതമായും പെയ്ത മാരിയെക്കുറിച്ചു പ്രവചനമുണ്ടാകുന്നത്.

കാളം പോലെ വിടർന്നു നിൽക്കുന്ന റേഡിയോവിന്റെ ദ്രോഹഭാഷിണിയോട് ചാത്തൻസിനു ചോദ്യങ്ങൾ ചോദിക്കാൻ തോന്നി. പെട്ടെന്നൊരു കനത്ത മഴയോടെ പിറന്ന മകീര്യം ഞാറ്റുവേല പിന്നെ വർഷിക്കാത്തതെന്താണ്? ആരാണ് വേണ്ടെന്നു പറഞ്ഞത്? മഴയില്ലെങ്കിലും കുളിരെങ്ങനെയുണ്ടായി? വസന്ത വന്ന കോഴിയെപ്പോലെ ആകാശം മേഘം തൂങ്ങി മ്ലാനമായി നിൽക്കുന്നതെന്തുകൊണ്ട്? കാത്തുനിന്നാൽ ഒരു പിന്നണിഗാനമായിരിക്കും ഉത്തരം എന്നുകണ്ടപ്പോൾ അവൻസ് നടന്നു.

നിരത്തിൽ നിന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞപ്പോൾ എതിരേ ദീപമയം. പെട്രോമാക്സ് ഒന്നു പൂർണ്ണമായി പ്രകാശിക്കുന്നു. ചാരായം എന്നെഴുതിയ ചുവന്ന ബോർഡിനു കീഴെ സ്വയംപ്രഭനായാണ്‌ വിളക്കൻ വിലസുന്നത്. രംഗസംവിധാനം കണ്ടപ്പോൾത്തന്നെ പ്രകൃത്യാ അദ്ധ്വാനിക്കുന്നവന് തണുപ്പ് അൽപ്പം കുറവു തോന്നി. അവസാനത്തെ കുറച്ചടികൾ അവൻസ് നീട്ടിച്ചവുട്ടി.

തുറന്നിട്ട വാതിൽവഴിയും വാതായന സുവിശേഷങ്ങളിലൂടെയും നീന്തിയെത്തുന്ന പെട്രോമാക്സ് വെളിച്ചത്തിൽ ചാന്തപ്പൻ ഒറ്റമുറിയിലെ നീളൻ മേശയ്ക്കു പിന്നിൽ മുതലാളിയുടെ റോളിൽ ഇരുന്നു പ്രവേശിച്ചു. മേശപ്പുറത്തു ചാരായപീപ്പ, ചില്ലറ അളവുനിറച്ച കുപ്പികൾ, ഷോഡകൾ , വിംഡോകൾ, മറ്റും വീര-മധുരപാനീയങ്ങൾ. നിലത്ത് വാത്തുമുട്ടയുടെ പുറംപൂച്ചുകൾക്കു സമാനമായ തോടുകൾ. മുതലാളിയ്ക്കഭിമുഖമായിക്കിടക്കുന്ന ബഞ്ച് പറ്റുകാർക്കു സുഖമായി ഇരിക്കാനുള്ളതാണ്.

ചാത്തൻസ് കടന്നു ചെല്ലുമ്പോൾ കസ്റ്റമേഴ്സ് ആരുമില്ല. പൂർണ്ണ തൃസ്സൂർ ശൈലിയിൽ ചാന്തപ്പൻ കർഷകത്തൊഴിലാളിയെ അഭിവാദ്യം ചെയ്തു.

‘ എന്തൂട്ടാ ചാത്തൻസ് ? വന്നേ.’
അവശത ഭാവിച്ച്‌ ചാത്തൻസ് ബെഞ്ചിലിരുന്നു. ചാന്തപ്പൻ ചോദിച്ചു.

എന്താ മിണ്ടാത്തത്? പാടത്തു പണി കഴിഞ്ഞോ?
ആഴിപ്പാടം തവിടുപൊടി. കര ബാക്കിയാണ് .
ബാക്കീന്നു പറഞ്ഞാലോ?
നടാൻ വെള്ളമില്ല.
എന്തൂട്ടാ പഞ്ഞം?
ഭൂമി തണുത്തുവെങ്കിലും ജലാശയങ്ങൾ നിറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഭൂഗർഭത്തിലെ ഉറവകൾ ജ്വലിച്ചു ബഹിർഗ്ഗമിച്ചുതുടങ്ങിയിട്ടുമില്ല.
കണകുണ പറയാണ്ട് ബാക്കി വിശേഷം പറ.
ഭൂഭാഗഭംഗികളിൽ പച്ച പൂർണ്ണമായും വിടർന്നു കഴിഞ്ഞിരിക്കുന്നു.
പച്ച കള . മ്മക്ക് വേണ്ടത് ചോപ്പല്ലേ?
അതു പറയാനുണ്ടോ?
ചോപ്പ്ന്ന് പറഞ്ഞാല്ണ്ടല്ലാ, നല്ല ഏ ക്ലാസ്സ് മണിമണിപോലത്ത കസറൻ വിപ്ലവം, ഏത് ?

റേഡിയോവിൽ ഒരു പിന്നണിഗായിക വഴിപാട് ഏറ്റെടുത്തിരിക്കുന്നു. ത്രേതായുഗത്തിൽ ഒരു ശ്രീരാമനെക്കുറിച്ചുള്ള പാട്ടാണ് കാറ്റിൽ വരുന്നത്. എസ്‌കേപിസം, ചാത്തൻ വിചാരിച്ചു. ഈ കാലഘട്ടത്തിലെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ചു പറയാതെ അവയിൽ നിന്നൊഴിഞ്ഞുമാറി, കഴിഞ്ഞ കാലത്തെ ഏതോ കഥ പറയുകയാണ്. കുറ്റമാണോ വിപ്ലവം ഈ രാജ്യത്ത് തഴഞ്ഞു പോകുന്നത്?

തണുത്ത ഒരു കാറ്റ് ‘ സ്‌കൂമു് ‘ എന്ന് ഷാപ്പിനകത്തു വന്നു വീണു. ചാത്തൻസിന്റെ കുടിക്കേണ്ടെന്ന തീരുമാനത്തിന് കാറ്റൻസ് വായ്ത്തലവച്ചു. അവൻസ് പറഞ്ഞു: ഒരമ്പത് തന്നാട്ടെ.
ചാന്തപ്പൻ ചിരിച്ചു.
ഡാ ചാത്തൻസ് , ചോദിക്കണോണ്ട് വിഷമം തോന്നരുത്. ഏതു?
ഇല്ല.
നെന്റെല് കാശ്ണ്ടാ?
ഇല്ല.
പിന്നെങ്ങന്യാഡാ ?
ചാത്തൻസ് കയർത്തു:
വിപ്ലവം സംസാരിക്കുന്ന നിങ്ങൾക്ക് ഒരു സഖാവിന് അമ്പതു തന്നുകൂടാ അല്ലെ?

( വി കെ എൻ — മകീര്യം )
bindu_vettam

Be the first to comment

Leave a Reply

Your email address will not be published.


*


*