യാ ഹുദാ (നോവല്‍ )-അനീഷ് തകടിയിൽ

പരദേശികൾ   ( അദ്ധ്യായം 4 )
________________________
ബെൻ കി അൻസാൻ; തെരേസയുടെ പ്രൊഫസറാണ്. താന്ത്രിക് ബുദ്ധമതം പഠിപ്പിക്കുന്നു. ആനന്ദ് സമ്മാനമായി നല്കിയ ചിത്രം അദ്ദേഹത്തെ ഉന്മത്തനാക്കി. ബെന്‍ കിയുടെ കുഞ്ഞുകണ്ണുകള്‍ വിടർന്നു. ഏതോ കഥകളിൽ വായിച്ചിട്ടുള്ള ബോധിസത്വനെപ്പോലെയാണ് ആനന്ദിനു തോന്നിയത്. അദ്ദേഹത്തിന്റെ വേഷം ദലൈലാമയുടെ വിശുദ്ധവസ്ത്രമായ ‘ചോ ഗോസ് നാം ജാറി’നെ ഓർമ്മിപ്പിച്ചു. തെരേസയുടെ തലയിൽ കൈവച്ച് അദ്ദേഹം പുഞ്ചിരിച്ചു. അവൾ കരഞ്ഞു എന്തിനെന്നില്ലാതെ. കണ്ണുനീർ തുടച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“മോചനത്തിനുള്ള വഴി ഞാൻ നിങ്ങൾക്കു കാണിച്ചു തരുന്നു. മോചനം നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എന്റെ വാക്കുകളല്ല. ബുദ്ധൻ പറഞ്ഞതാണ്. മോചനം വേണ്ടത് അവനവനിൽ നിന്നുതന്നെയാണ്. എല്ലാത്തരം sufferings ൽ നിന്നുമുള്ള മോചനം“.
കുറച്ചുനേരത്തെ നിശ്ശബ്ദത. ബെൻ കിയുടെ മുണ്ഡിതശിരസ്സിൽ അസ്തമയ സൂര്യന്റെ പ്രകാശം വീണു തിളങ്ങുന്നുണ്ടായിരുന്നു.
“അഭയാർത്ഥിപ്രശ്നത്തിന് എന്നെങ്കിലും പരിഹാരമുണ്ടാകുമോ“?
ആനന്ദിന്റെ ചോദ്യം അദ്ദേഹത്തെ ചിന്താകുലനാക്കി.
“അന്യനാട്ടിൽ അഭയാർത്ഥിയായിക്കഴിയുന്ന ഒരു ജനതയുടെ പ്രതീകമാണു ഞാൻ. ബുദ്ധൻ ജനിച്ചത് നേപ്പാളിലാണെങ്കിലും, ബോധോദയം നേടിയത് ഇവിടെ നിന്നുമാണ്. ഭാരതം ഞങ്ങൾക്ക് വിശുദ്ധദേശമാണ്“.
രവീന്ദ്രൻ നായരുടെ ചായയെത്തി.
“ഇത് രവീന്ദ്രൻ നായർ. വർഷങ്ങളായി ഡൽഹിയിലെത്തിയിട്ട്. ഇപ്പോൾ ഡൽഹിയുടെ മറ്റൊരു മുഖം“. ആനന്ദ് ബെൻ കിയോടു പറഞ്ഞു.
രവീന്ദ്രന്‍ നായര്‍ ചിരിച്ചു.
“ഞങ്ങളുടെ നാട് ഇപ്പോൾ ഇതു തന്നെ സാര്‍. കേരളം പെറ്റമ്മയാണെങ്കിലും ഡൽഹി തന്നെയാണു പോറ്റമ്മ“.
ചായകൊടുത്തിട്ട് രവീന്ദ്രൻ നായർ പോയി.
“കണ്ടോ ആനന്ദ്? ഈ രവീന്ദ്രൻ തന്നെയല്ലേ സത്യത്തിൽ നിങ്ങളുടെ മുന്നിലിരിക്കുന്ന ബെൻ കി അൻസാൻ എന്ന ഈ ഞാനും. ഭാഷയും സംസ്കാരവും മാറുന്നുവെന്നു മാത്രം. ഞാനും അയാളും അഭയാർത്ഥികൾ തന്നെ“.
പിരിയാൻ നേരം ബെൻ കി ആനന്ദിനോടു പറഞ്ഞു.
“നമുക്ക് വീണ്ടും കാണണം. ഇവൾ ആകെ അപ്സെറ്റ് ആണ്. ഒരു മാറ്റം വേണം. എങ്ങോട്ടെങ്കിലും ഇവളേയും കൂട്ടൂ“.
ആനന്ദ് തലയാട്ടി. ബെൻ കി യാത്ര പറഞ്ഞിറങ്ങി.
ആനന്ദും തെരേസയും ചെങ്കോട്ടയിലെക്ക് നടന്നു. കാതടപ്പിക്കുന്ന സൈറൺ മുഴക്കി ലൈറ്റിട്ട കുറേ അകമ്പടി വാഹനങ്ങൾ അവരെ കടന്നുപോയി. പ്രധാനമന്ത്രിപടയുടെ ആഡംബരക്കാറും അകമ്പടിയായി അംഗരക്ഷകരും. ഏറ്റവും പിറകിൽ ആംബുലൻസ്.
“ആനന്ദ്, നിങ്ങൾ അതു കണ്ടോ. എന്റെ തലമുറ ഭരിച്ചുമുടിച്ച രാജ്യം. തകർത്തുതരിപ്പണമാക്കിയ സാമ്രാജ്യം. ഇപ്പോൾ ഒരാഘോഷമാണ് എവിടേയും. ജനാധിപത്യത്തിന്റെ ആഘോഷം. ഇതേ സ്ഥലത്തല്ലേ പണ്ടു കലാപം നടന്നത്. 1857ൽ“?
“അതെ. കലാപകാരികൾ മുഗൾ ചക്രവർത്തിയെ ഇന്ത്യയുടെ രാജാവായി വാഴിച്ചു. നിവൃത്തിയില്ലാതെയാണ് അദ്ദേഹം വഴങ്ങിയത്. സമ്മതിച്ചില്ലെങ്കിൽ കലാപകാരികൾ കൊല്ലും. സമ്മതിച്ചാൽ ബ്രിട്ടീഷുകാരും. ഒരർത്ഥത്തിൽ ഗതികേട് തന്നെ“.
തെരേസ ഏറെ നേരം ഒന്നും മിണ്ടിയില്ല. ഒരു നെടുവീര്പ്പോടെ അവള്‍ പറഞ്ഞു.
“ഡൽഹി എന്നെ അദ്ഭുതപ്പെടുത്തുന്നു. ഇവിടുത്തെ തെരുവുകളും ശിലകളും മരങ്ങളും പോലും ചരിത്രം പറയുന്നു“.
“അതെ , തെരേസാ, അത്തരത്തിലൊരുപാടു കാഴ്ചകളുണ്ട്. ഒരുകാലത്തെ രാജഭരണത്തിന്റെ തുടർച്ചക്കളും ജനാധിപത്യത്തിന്റെ വിഴുപ്പലക്കലിന്റെ ഇരകളും ആഘോഷത്തിമിർപ്പിൽ ചവിട്ടേറ്റുവീണുപോയവരുമായ വലിയൊരു ജനത. survival of the fittest എന്നല്ലേ? കരുത്തൻ മാത്രം അതിജീവിക്കുന്നു“.
ചെങ്കോട്ടയില്‍ അവരെത്തുമ്പോള്‍ നല്ല തിരക്കായിരുന്നു. മുക്കിലും മൂലയിലും നിന്ന് സ്മാർട്ട് ഫോൺ ആകാശത്തേക്കുയർത്തി സെൽഫി എടുക്കുന്നവർ. ‘feeling excited at Delhi’ എന്ന് സ്റ്റാറ്റസ് update ചെയ്യുന്നവർ . ഒഴിഞ്ഞ കോണുകളിൽ മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കൾ. കടല കൊറിച്ചു നടക്കുന്ന ഏകാന്ത പഥികർ. യൂണിഫോം ഇട്ടു അച്ചടക്കത്തോടെ വരിവരിയായി നീങ്ങുന്ന സ്കൂൾ വിദ്യാർഥികൾ . ആട്ടിൻപറ്റത്തെ നയിക്കുന്ന ഇടയന്മാരെ പോലെ രണ്ടോ മൂന്നോ അധ്യാപകർ . ആ കുട്ടികൾ ഈ കാഴ്ചകളൊന്നും കാണുന്നില്ല. അവർ വരിവരിയായി നടക്കാൻ ശ്രദ്ധിക്കുന്നു. അധ്യാപകരാകട്ടെ discipline ലംഘിക്കുന്ന വിരുതന്മാരെ കണ്ണുരുട്ടി വിറപ്പിക്കുന്നു.
എല്ലാത്തിനും സാക്ഷിയായി ചെങ്കോട്ടയുടെ മിനാരങ്ങൾ. കാഴ്ചകൾ മടുക്കുന്നില്ല. ഓരോ ദിവസവും പുതിയത്. പുതിയ മുഖങ്ങൾ , പ്രതീക്ഷകൾ , നിശ്വാസങ്ങൾ.
ചരിത്രം വിളമ്പിക്കുഴഞ്ഞ നാവുകളുമായി ഗൈഡുകൾ നടക്കുന്നു. ഒരു റഷ്യൻ കുടുംബത്തിനു മുഗൾ ചരിത്രം വിശദീകരിക്കുന്ന തിരക്കിലാണ് രാംസിംഗ് . കഴിഞ്ഞ 30 വർഷമായി ഡൽഹിയിലെ ഓരോ ചരിത്ര സ്മാരകങ്ങളിലും രാംസിങ്ങിന്റെ ശബ്ദം മുഴങ്ങാറുണ്ട് .
മുഗൾ ചക്രവർത്തിമാരുടെ പേരുകളും അവരുടെ ഭരണ പരിഷ്കാരങ്ങളും എണ്ണി എണ്ണിപ്പറയുന്നു രാം സിംഗ് .
“സാബ് ആദ്യം ഇന്ത്യയിൽ എത്തിയത് ബാബറാണ് . പേർഷ്യയിൽ നിന്നും വന്ന പോരാളി. ഇബ്രാഹിം ലോദിയെ കീഴ്പ്പെടുത്തി അദ്ദേഹം ഡൽഹിയിലെ രാജാവായി. രാജാവല്ല ചക്രവർത്തി തന്നെ. അതോടെ മൂന്നു നൂറ്റാണ്ടുകൾ പിന്നിട്ട സുൽത്താൻ ഭരണം അവസാനിച്ചു. പിന്നീട് ഹുമയൂൺ. അദ്ദേഹം അൽ‌പ്പം ദുർബലനായിരുന്നു. ഷെർഷാ സൂരിയെന്ന ആക്രമണകാരിയായ മനുഷ്യൻ ഇടയ്ക്കിടെ വന്നു ഡൽഹിയെ വിറപ്പിച്ചു. ഹുമയൂൺ ഭയന്നിരിക്കണം. അതിദാരുണമായ അന്ത്യമായിരുന്നു. ലൈബ്രറിയിൽ നിന്നും ഇറങ്ങിവരുമ്പോൾ കാൽ വഴുതി വീണു മരിച്ചു. പാവം““!
പറയുമ്പോൾ നാടകീയത കൂടിയതിനാലാവണം കേട്ടുനിന്നവർക്ക് ചിരിയാണ് വന്നത്.
“പിന്നെ ജലാലുദ്ദീൻ അക്ബർ . അദ്ദേഹം മഹാനായിരുന്നു. ഞങ്ങൾ ഹിന്ദുക്കൾ സുരക്ഷിതരായിരുന്നു. ജസിയ നിർത്തിച്ചു“.
“ജസിയ“? ആരോ സംശയമുന്നയിച്ചു.
““അതെ, മേം സാബ്. ജസിയ. മുസ്ലീങ്ങൾ അല്ലാത്തവർ സർക്കാരിനടക്കേണ്ട പ്രത്യേക നികുതി. അക്ബർ അത് നിർത്തി. രജപുത്രന്മാരുമായി ചങ്ങാത്തം സ്ഥാപിച്ചു. അദ്ദേഹം സൂഫിയായിരുന്നു. മിയാ താൻസെന്നിന്റെ സംഗീതത്തിൽ ലയിച്ചു നൃത്തം ചെയ്യുന്ന സൂഫി. നയതന്ത്രജ്ഞനുമായിരുന്നു. പിന്നീട് സലിം. ഔദ്യോഗിക നാമം. ജഹാംഗീർ. ബാപ്പയുടെ അത്ര പോര. അവിടവിടെ സംഘർഷങ്ങൾ തുടങ്ങി. രാജപുത്രന്മാരുമായി തെറ്റി. സിഖുകാർ കലാപം തുടങ്ങി. മറാത്തയിലും സംഘർഷം തുടങ്ങി. അത് കഴിഞ്ഞു ഷാജഹാൻ. നല്ല ഭരണാധികാരി ആയിരുന്നോ എന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. എന്തായാലും കുറെ നിർമ്മിതികൾ നടന്നു. തജ്മഹൽ ഉൾപ്പെടെ. അതുകൊണ്ടാണല്ലോ ഞങ്ങൾ ഗൈഡുകൾ ജീവിച്ചു പോകുന്നത്. ബാപ്പയെ തടവിലാക്കി ഇളയ  മകൻ ഔറംഗ സേബ് ചക്രവർത്തിയായി. അപ്പോഴേക്കും ബ്രിട്ടീഷുകാർ ഭാരതത്തിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. പിന്നീട് വന്നവരെല്ലാം ദുർബലരായിരുന്നു. പേരിന് ഒരു ചക്രവർത്തി. അവസാനത്തെയാൾ ബഹദൂർഷാ സഫർ . അദ്ദേഹം മഹാനായിരുന്നു. അഭിമാനി. ധീരൻ. അഗാധ പാണ്ഡിത്യമുള്ളയാൾ“ .
ഈ കാഴ്ചകളെല്ലാം കണ്ട് ആനന്ദിന്റെ ചുമലിൽ ചാരി തെരേസയിരുന്നു. ആനന്ദ് അവളെത്തന്നെ നോക്കുകയായിരുന്നു. അവളുടെ സ്വർണ്ണനിറമുള്ള മുടിയിൽ വെയിലടിക്കുമ്പോൾ വല്ലാത്തൊരു ചന്തം. പിന്നെ നെറ്റിയിൽ തൊട്ടിരിക്കുന്ന ആ ചുവന്ന പൊട്ടും. അവളുടെ ക്യാമറയിൽ പതിഞ്ഞ ആ വൃദ്ധന്റെ ചിത്രം അയാൾ പരിശോധിച്ചു.
“തെരേസാ, ഇത്തരം സൂഫികൾ ഈ ദേശത്ത് ധാരാളം  ഉണ്ട്. അയാൾക്ക് നിങ്ങളുമായി ബന്ധമുണ്ടെന്നു കരുതാൻ പ്രയാസമുണ്ട്. പിന്നെ ബന്ധമെന്നു പറയുന്നത് രക്തബന്ധം മാത്രമല്ലല്ലോ. സൌഹൃദവും ശത്രുതയുമൊക്കെ ഒരർത്ഥത്തിൽ ബന്ധം തന്നെ“.
തെരേസ ഒന്നും മിണ്ടാതെയിരുന്നു.
“ഞാനൊന്നു ചോദിക്കട്ടെ തെരേസാ; എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യൻ ഫിലോസഫി തെരഞ്ഞെടുത്തത്? പഠനം മാത്രമായിരുന്നോ ലക്ഷ്യം? അതോ വേറെ എന്തെങ്കിലും ലക്ഷ്യമുണ്ടോ ?”
“ഉണ്ട്. പക്ഷേ ഇപ്പോൾ വെളിപ്പെടുത്തില്ല. എന്റെ അന്വേഷണം സത്യമാണെങ്കിൽ ആദ്യം അതറിയുന്നത് നീ തന്നെയായിരിക്കും“.
അവൾ ആനന്ദിന്റെ തോളിലേക്ക് ചാഞ്ഞു. അപ്പോഴും അവള്‍ അസ്വസ്ഥയായിരുന്നു. അവളുടെ ക്യാമറയില്‍ പതിഞ്ഞ ആ വൃദ്ധ മുഖത്തെക്കുറിച്ച് ഓർത്തു . ഈ സമയം അകലെ ഒരു തെരുവിൽ തെരേസയെ കുഴക്കിയിരുന്ന പ്രശ്നം നിലക്കടല പൊട്ടിച്ചു തിന്നുന്ന തിരക്കിലായിരുന്നു. നിലത്തു വീഴുന്ന നിലക്കടലകളുടെ തോടിനെ ചൂണ്ടി അയാൾ പറഞ്ഞു.
ബാബർ, ഹുമയൂൺ, അഖ്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറാംഗസീബ്…….പിന്നെ കുറേപതിരുകൾ, വെറും തോടുകൾ, ഒടുവിൽ ബഹദൂർ ഷാ സഫർ, ദാ ഇപ്പോ സുൽത്താൻ ജലാലുദ്ദീൻ സഫർ എന്ന തെരുവുതെണ്ടിയും. യാ ഹുദാ നീ അറിയുന്നതിനും അപ്പുറം, നിറയുന്നതിനും അപ്പുറം. നീ അതീതരിലും അതീതൻ. ഞാനോ വെറുമൊരു പരദേശി“!
15732339_1853090154972679_3908091792069724073_o

2 Comments

  1. മോചനത്തിനുള്ള വഴി ഞാൻ നിങ്ങൾക്കു കാണിച്ചു തരുന്നു. മോചനം നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എന്റെ വാക്കുകളല്ല. ബുദ്ധൻ പറഞ്ഞതാണ്. മോചനം വേണ്ടത് അവനവനിൽ നിന്നുതന്നെയാണ്. എല്ലാത്തരം sufferings ൽ നിന്നുമുള്ള മോചനം“.
    ഓരോ ലക്കവും അവസാനിക്കുമ്പോള്‍ വായന അടുത്ത ലക്കത്തിനായി മുറിയുന്നത് അസ്വസ്ഥമാക്കുന്നു. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകളും

  2. വായിച്ചതിൽ സന്തോഷം. ആ അസ്വസ്ഥതയിൽ ഞാനും പങ്കു ചേരുന്നു. താങ്കളെപ്പോലെ ഞാനും അതനുഭവിക്കുന്നു.

Leave a Reply

Your email address will not be published.


*


*