കവിയാണ് പോലും കവി (കവിത ) – ശാഫി ഞാറപ്പുലാക്കൽ

3e1995a23916d7a407c25940b0991818വെളിച്ചം വറ്റിയ ജീവിതത്തിൽ നിന്ന്
കവിത പുളിപ്പിച്ചെടുക്കാ൯ വേണ്ടി മാത്രം—
അയാൾ
അക്ഷരങ്ങളുടെ തൊലിയുരിയാറുണ്ടായിരുന്നു..

അതിനു വേണ്ടിമാത്രം
അക്ഷരങ്ങൾക്ക്
വാക്കുകളുടെ കുപ്പായമണിയിച്ച്
ചിന്തയുടെ വെയിലത്ത് നിർത്താറുണ്ടായിരുന്നു..

മുതിർന്നവർ ഭ്രാന്തനെന്നും
കുട്ടികൾ കവിയെന്നും
സീൽ വെച്ച അന്ന്
അപ്രതക്ഷ്യനായതാണ്..
പിന്നീട്
അപ്പൂപ്പ൯ താടിയിൽ ആത്മാവ് കൊരുത്തിട്ട്
കാറ്റ് കൊള്ളുന്നതായാണ് കണ്ടത്…

പുഴ കുടിച്ച് നീലിച്ച കവിളിലൊഴികെ
തൊലിപ്പുറത്തെല്ലാം
ഒരു കാടിറങ്ങി വന്ന് പച്ച കുത്തിയിരുന്നു..

ചുരുട്ടിപ്പിടിച്ച കൈകളിലൊക്കെയും
ഇടവഴികളും കുന്നുകളുമായിരുന്നു.
നക്ഷത്ത്രങ്ങളെ കോരിവെച്ച കണ്ണുകളിൽ
മിന്നാമിനുങ്ങ് കൂട് കെട്ടിയിരുന്നു..

ഒടുവിൽ
പോസ്റ്റുമോർട്ടം റിപ്പേർട്ടിൽ
സംസാരിക്കാ൯ ഭാഷയില്ലാത്ത അയാൾ—
അവസാനം കഴിച്ചത് പച്ചമണ്ണാണെന്നറിയുന്നു..
ശ്വസിക്കാ൯ ഓക്സിജ൯ സിലിണ്ടറും
കുടിക്കാ൯ കുപ്പിവെളളവും
സ്വന്തമായുളള പാവം മനുഷ്യർ—
നെഞ്ച് കലങ്ങി,കറുത്ത കൊടിയും കെട്ടി—
റെഡിമെയ്ഡ് ദുഃഖം രേഖപ്പെടുത്തുന്നു..

ഒന്നുമറിയാത്ത ക്രൂരരായ കുട്ടികൾ
ചിരിച്ച് കൊണ്ട് പറയുന്നു
“ഗ്രാമം കൂടി ചുരുട്ടിയെടുക്കാമായിരുന്നു,
കവിയാണ് പോലും കവി…”

17101767_602104476649746_1077997051_n

2 Comments

Leave a Reply

Your email address will not be published.


*


*