നെല്ലും പതിരും (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220പ്രശ്നങ്ങള്‍ നിലനില്‍ക്കേണ്ടത് ജനപക്ഷത്തല്ലാത്ത ഭരണകൂടങ്ങളുടെ ആവശ്യമാണ്‌.. അവർ അതിലാണ് നിലനിൽക്കുന്നതെന്ന് സാരം. ഒരു മേശക്കു അപ്പുറവും ഇപ്പുറവും ഇരുന്നു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തുള്ളൂ.. പക്ഷേ തീര്‍പ്പുണ്ടാക്കില്ല.. ജനശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ആവശ്യമായി വരുന്നു. ലോകത്ത് സമാധാനം വരിക എന്നതിനെക്കാൾ തങ്ങളുടെ കീശകളും കസേരകളും സുരക്ഷിതമാക്കാനാവും അത്തരം ആളുകൾ ശ്രമിക്കുക. രോഗങ്ങൾ ഇല്ലെങ്കിൽ എങ്ങനെ മരുന്നുല്പാദനം നടക്കും. അപ്പോൾ മരുന്ന് കച്ചവടക്കാരുടെ പ്രാർത്ഥന ലോകം മുഴുക്കേ രോഗം വരാനാവും. എങ്കിലല്ലേ ഉല്പന്നം ചിലവാകൂ. അത് തന്നെയാണ് ആയുധ വിപണിയിലും സംഭവിക്കുന്നത്. യുദ്ധങ്ങൾ കിനാവുകണ്ടുകൊണ്ട് തന്നെയാണ് അവരും വെടിക്കോപ്പുകൾ നിർമ്മിക്കുക. അത്തരക്കാർ എത്ര ധർമ്മം പ്രസംഗിച്ചിട്ടും കാര്യമില്ല. യാതൊരാൾ ചെയ്യുന്ന കർമ്മം ലോകത്ത് മൊത്തമായോ ഏതെങ്കിലും ഒരു ചെറിയ ദേശത്തോ, ഏറ്റവും ചെറിയ ആൾക്കൂട്ടത്തിനോ എന്തിനേറെ ഒരു വ്യക്തിക്കോ പ്രാണിക്കോ നാശം വിതക്കുമെങ്കിൽ ആ കർമ്മത്തിൽ ധർമ്മം ഉണ്ടാവുന്നതെങ്ങനെ. എന്തെല്ലാം ലോക സമാധാന ഗാഥകൾ രച്ചിച്ചാലും നാഗസാക്കിയും വിയറ്റ്നാമും ഇറാക്കും മറ്റും മറ്റും ലോകത്ത് പടർത്തിയത് അശാന്തി തന്നെയാണ്.

വർത്തമാന കാലത്ത് മനുഷ്യൻ മരണവ്യാപാരികളായി അധപ്പതിച്ചിരിക്കുന്നു. സിനിമയിലാവട്ടെ മറ്റ് സാഹിത്യ രംഗത്താവട്ടെ മാഫിയകളുടെയോ, ഫാസിസ്റ്റുകളുടെയോ കടന്നുകയറ്റം അവഗണിക്കാനാവാത്ത വണ്ണം നിലയുറപ്പിച്ചിരിക്കുന്നു. സിനിമ മസ്തിഷ്കത്തെ തടവിലാക്കി കാഴ്ച്ചയുടെ ലോകത്തേക്ക് വലിച്ചെറിയുന്നു, വായനയുടെ തലമോ മസ്തിഷ്കത്തെ ഉണർത്തുകയും. വായനയെ തകിടം മറിച്ചുകൊണ്ട് കാഴ്ച്ചയുടെ ഫ്രെയിമുകൾ മുന്നോട്ട് കുതിക്കുമ്പോൾ മസ്തിഷ്ക മരണങ്ങൾ ധാരാളം സംഭവിക്കുന്നുണ്ട്. കാഴ്ച്ചയുടെ ലോകത്തിനാണ് എളുപ്പം നുണകൾ പ്രചരിപ്പിക്കാനാവുക.
സിനിമയിൽ ഇന്നെന്നല്ല എന്നും സ്ത്രീ വിരുദ്ധത മാത്രമല്ല മുസ്ലീം ദലിത് വിരുദ്ധതയും നിറഞ്ഞാടുന്നു. എന്തിനേറെ കറുപ്പ് പോലും അകറ്റിനിർത്തേണ്ടതെന്ന് ചില സിനിമകൾ പറയാതെ പറഞ്ഞുപോകുന്നു.

കലാലയങ്ങൾ കേന്ദ്രീകരിച്ച് വളരുന്ന മാഫിയ നമ്മുടെ വിദ്യയെ ശ്വാസം മുട്ടിച്ചുകൊല്ലുന്നു. ഒരു വിഷ്ണുവല്ല, എത്രയോ വിഷ്ണുമാർ നീതി ലഭിക്കാതെ അലയുന്നു. പട്ടയമില്ലാത്ത നാലു സെന്റ് ഭൂമിയിൽ കൂര വച്ച് കിടക്കുന്നവന്റെ തെറ്റ് മാത്രം തെറ്റായി ഊതിവീർപ്പിക്കുമ്പോൾ സാമ്പത്തിക, രാഷ്ട്രീയ , മത തണലുള്ള കുറ്റവാളികൾ വിശുദ്ധരായി മാറുമ്പോൾ പുറമ്പോക്കിലെ തകരജീവിതങ്ങൾ എത്ര നിസ്സഹായരായി മാറുന്നു.. കലാലയങ്ങളിൽ മാഫിയകൾക്ക് മേയാൻ ഇടം നൽകിയത് നമ്മുടെ കച്ചവട രാഷ്ട്രീയമല്ലാതെ മറ്റെന്ത്! വിദ്യ ദരിദ്രനു അപ്രാപ്യമാക്കിയവർ, ജാതിമതങ്ങൾക്കായി സംവരണം ചെയ്ത് വിറ്റവർക്ക് അവരുടെ മക്കളും ചെറുമക്കളും സുരക്ഷിതരെന്ന് ആശ്വസിക്കാം.

മലകൾ വെട്ടി വയലുകൾ നികത്തി കോൺക്രീറ്റ് കൃഷിയിറക്കി നാം കാലാവസ്ഥയെ എന്നേ തകിടം മറിച്ചിരിക്കുന്നു. മഴ വഴിമാറിപോകുമ്പോൾ, വേനൽ കത്തിയാളി ശിഷ്ടം നിൽക്കുന്ന കൃഷിയിടങ്ങളെ കരിച്ചുകളയുമ്പോൾ പക്ഷിക്ക് ഇരിക്കാൻ പോലും തണൽ നിഷേധിച്ച മനുഷ്യർ ജലവൈദ്യുത പദ്ധതിക്കായി ആതിരപ്പള്ളിയെ തെക്കോട്ടെടുക്കാൻ ഉത്സാഹിക്കുന്നു. ഒരു ഭാഗത്ത് മരം വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം, മറുഭാഗത്ത് മരത്തിന്റെ കടക്കൽ കോടാലി വയ്ക്കുക. വൈദ്യുതിക്കായി മറ്റു മാർഗങ്ങൾ ആരായണം, അതല്ലാതെ പ്രകൃതി സമ്പത്ത് വെട്ടിനിരത്തരുത്
mk.k_vettam

3 Comments

  1. ജനപക്ഷത്ത് അല്ലെന്നു അവകാശപ്പെടുന്ന ഒരു ഭരണകൂടവും ജനാധിപത്യത്തിൽ സാദ്ധ്യമല്ല. അങ്ങനെ വരുമ്പോൾ പ്രശ്നങ്ങൾ അവസാനിച്ച ഒരു സമൂഹം അവരെ സംബന്ധിച്ച് ഒരു വെല്ലുവിളി തന്നെയാണ്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിൽ ആരുമായും അവർക്ക് സഖ്യത്തിൽ ഏർപ്പെടേണ്ടി വരുന്നു. ഇതിനെ നിലനില്പിന്റെ പ്രശ്നമായി കാണാം. അതിന്റെ ദുരിതം അനുഭവിക്കേണ്ടത് സാധാരണ ജനങ്ങളായി മാറുന്നത് അവരെ അലട്ടാത്ത പ്രശ്നമാകുന്നത് അതുകൊണ്ടാണ്. ഇക്കാര്യത്തിൽ സാധാരണ ജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിർണ്ണായകമാകും. അതിന് അവർക്കു കഴിയും വരെ ഈ പ്രതിസന്ധി തുടരുക തന്നെ ചെയ്യും.

  2. മതവും രാഷ്ട്രീയവുമായ ‘ഇസങ്ങള്‍’ പലതും ആട്ടിന്‍ തോലണിഞ്ഞ ചെന്നായകള്‍ക്ക് സമമാണ്. ധര്‍മ്മസംരക്ഷണം എന്ന് പറഞ്ഞു നടക്കുന്ന പലരും അധര്‍മ്മത്തിന്റെ പാതയിലും. തിരിച്ചറിഞ്ഞിട്ടും കയ്യടിക്കേണ്ടി വരുന്ന ജനതയുടെ സമീപനം മാറേണ്ടിയിരിക്കുന്നു.

  3. വൈദ്യുതി എന്നത് ഇന്ന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു വസ്തുവായി
    മാറിക്കഴിഞ്ഞു ..ലളിതവും പാർശ്വഫലങ്ങളൊന്നുമില്ലാതെയും
    ഉണ്ടാക്കാൻ ആവുന്ന വിധത്തിലല്ല ഇന്നത്തെ അതിന്റെ ആവശ്യകത ..
    ജലവൈദ്യുത നിലയങ്ങൾ ,താപനിലയങ്ങൾ ,ആണവ നിലയങ്ങൾ
    എന്നിവയെ ആശ്രയിച്ചാണ് ലോകമെങ്ങും വൈദ്യുതി പാരമ്പര്യമായി ഉൽപ്പാദിപ്പിക്കുന്നത് ..ഇവ പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യരാശിക്ക്
    മൊത്തമായും ദോഷമുണ്ടാക്കും എന്നത് വിസ്മരിക്കുന്നില്ല ..പക്ഷെ
    പകരം എന്ത് സംവിധാനമാണ് വൈദ്യുതി ഉൽപ്പാദനത്തിനായി
    നമുക്ക് മുന്നിലുള്ളത് ?കാറ്റാടി യന്ത്രങ്ങൾ ,സോളാർ ,കടൽ തിരമാലകൾ എന്നിങ്ങനെയുള്ള പാരമ്പര്യേതര മാർഗ്ഗങ്ങൾ പല
    കേന്ദ്രങ്ങളിൽ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും അതൊന്നും
    ഒരിടത്തും ശാസ്ത്രീയമായി ഒരു ബദലെന്നു ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല ..സമൂഹത്തിന്റെ വൈദ്യുതി ആവശ്യമെന്ന
    മഹാനദിക്കുള്ളിലേക്ക് ഒഴുകിയെത്തുന്ന ചില ചെറു കൈവഴികൾ
    മാത്രമായേ അതിനെ നമുക്ക് കണക്കാക്കാനാകൂ ..ഇത്തരം
    സാഹചര്യത്തിൽ ,ജനജീവിതത്തിന് ആണവ നിലയത്തെയും താപ നിലയത്തെയും അപേക്ഷിച്ചു താരതമ്യേന കുറച്ചുമാത്രം ആപത്ശങ്ക
    ഉണ്ടാക്കുന്ന ജലവൈദ്യുത പദ്ധതികളെ എങ്ങനെ തള്ളിക്കളയാൻ
    സാധിക്കും ..അതിരപ്പള്ളി പദ്ധതിയാണെങ്കിൽ പരിസ്ഥിതി നാശം
    പരമാവധി കുറച്ചുകൊണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ..
    കേരളത്തിന് വേണ്ട വൈദ്യുതിയുടെ കാൽ ഭാഗം പോലും ഇവിടെ
    ഉൽപ്പാദിപ്പിക്കാൻ ഇന്ന് നമുക്കാവുന്നില്ല !നദികൾ കൊണ്ട് സമൃദ്ധമായ
    നമ്മുടെ കൊച്ചുനാട്ടിൽ വൈദ്യുതിക്ക് വേണ്ടി ആശ്രയിക്കുന്നത്
    അന്യസംസ്ഥാനങ്ങളിലെ താപനിലയങ്ങളെയും ആണവ നിലയങ്ങളെയുമാണ് ..അവ പരിസ്ഥിതിക്ക് ചേർന്ന പദ്ധതികളാണെന്നു പാരിസ്ഥിതിക വാദക്കാർ പറയുമെന്ന് തോന്നുന്നില്ല !അതുകൊണ്ടാണ് തമ്മിൽ ഭേദം ജല പദ്ധതികളെന്നു
    പറയേണ്ടി വരുന്നത് ..ആരോഗ്യപരിപാലന രംഗത്ത്‌ വിപ്ലവകരമായ
    മുന്നേറ്റങ്ങൾക്ക് സഹായകമായ അലോപ്പതി മരുന്നുകൾ പലതും
    മനുഷ്യ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉളവാക്കുന്നതുകൂടിയാണ് ..
    അതുകൊണ്ടു അതിനി ഉൽപ്പാദിപ്പിക്കരുതെന്നു നമുക്ക് വാദിക്കാനാകുമോ ?

Leave a Reply

Your email address will not be published.


*


*