ആമിയും കമലും പിന്നെ പ്രേക്ഷകരും – രാഖിയ മേനോൻ

431907_650709708279704_367369836_nകമൽ, ആമിയെന്ന പേരിൽ മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ഒരു സിനിമയെടുക്കുന്നെന്ന് കേൾക്കുമ്പോൾ പലരിലും അമ്പരപ്പാവും ഉണ്ടാക്കുക. ആമിയോട് നീതി പുലർത്തുവാൻ കമൽ എന്ന സംവിധായകന് കഴിയുമോ? സിനിമയുടെ ഫ്രെയിമിനു പറ്റിയ രൂപത്തിൽ ജീവിതത്തെ വളച്ചൊടിച്ചാൽ അതെങ്ങനെയിരിക്കും?. നീതി പുലർത്താൻ കമലിനു പൂർണ്ണമായും കഴിഞ്ഞാൽ ആ മനുഷ്യൻ ചങ്കൂറ്റം എന്നതിലും അപ്പുറം നേരുള്ള ഒരു മനുഷ്യനാണെന്ന് പറയാം. ഇല്ലായെങ്കിൽ കച്ചവട താല്പര്യം മുൻ നിർത്തിയും പലരും ആരോപിക്കുന്ന വർഗീയ വാദിയുടെ കുപ്പായത്തിൽ ഒതുങ്ങി വെറുമൊരു പാവയും ആണെന്ന് പറയേണ്ടി വരും. ആർക്കൊക്കെയോ വേണ്ടി നട്ടെല്ല് പണയം വെച്ച് തുള്ളുന്നൊരു പാവ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ, കാരണം മാധവിക്കുട്ടിയുടെ ആരാധകർ കാത്തിരിക്കുന്നത് ഒരിക്കൽ കൂടി മാധവിക്കുട്ടിയെ കാണാനാണ്. അതല്ലാതെ മാധവിക്കുട്ടിയുടെ പ്രേതത്തെ പ്രതീക്ഷിച്ചല്ല.
മാധവികുട്ടിയെന്നോ, കമലാ ദാസ് എന്നോ ആമിയെന്നോ അടയാളപ്പെടുത്തുന്ന ആ എഴുത്തുകാരി മലയാളത്തിന്റെ സ്വന്തം ഹൃദയം തന്നെയാണ്. എഴുത്തുകളാൽ ആളുകളെ ഭ്രമിപ്പിച്ച , മൃദുലമായ സംസാരത്താൽ ഏവരെയും സദസ്സിൽ പിടിച്ചിരുത്തിയ കമല ദാസിന്റെ അല്ല മലയാളികളുടെ മാധവിക്കുട്ടിയുടെ കഥ യാതൊരു നേട്ടങ്ങളും ആഗ്രഹിക്കാതെ കമൽ എന്ന സംവിധായകന് പറയാൻ കഴിയുമോ എന്ന ചോദ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു പൂർണ്ണ ഉത്തരവാദിത്തം ആ മനുഷ്യന് മാത്രമാണ്.അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കാണ്.
കമലിനെ കമാലുദീനായി ചിത്രീകരിക്കുംവരെ ആർക്കും യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ കമാലുദീൻ എന്ന കമൽ സകല വെല്ലുവിളികളും ഏറ്റെടുത്തു മുന്നോട്ട് പോകുമ്പോൾ കമലയെ പ്രണയിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയെ ചിത്രത്തിൽ എങ്ങനെയാവും പകർത്തുക! ആ വ്യക്തി മാധവിക്കുട്ടിയെ സുരയ്യ ആക്കാൻ പ്രേരിപ്പിച്ച കഥകൾ പുറത്തു കൊണ്ടുവന്നാൽ അതിലൂടെ ആ വ്യക്തിയുടെ നേട്ടങ്ങൾ പകർത്തിയാൽ കമൽ വിജയിച്ചു. എന്നാൽ വർഗീയതയില്ല ഇല്ല എന്ന് നാഴികക്ക് നാൽപ്പതു വട്ടം ചവച്ചു തുപ്പുന്ന ഓരോ വ്യക്തികളും സമുദായത്തെ പൊക്കി പിടിച്ചു കൊണ്ട് വന്നാൽ കമൽ എന്ന സംവിധായകന് അടി പതറിയാൽ അത് വെറുമൊരു തോൽവിയാകും. അങ്ങനെ വലിയൊരു തോൽവിയിലേക്ക് കമൽ എന്ന സംവിധായകൻ പതിക്കാൻ പാടില്ല. കമൽ എന്ന സംവിധായകൻ നൽകിയ നല്ല സിനിമകൾ കണ്ട് കമലിനെ സ്നേഹിച്ചവർക്ക് അത് സഹിക്കില്ല.
ഒരു കാലത്തിന്റെ ഇതിഹാസത്തെ അവർ കടന്നു പോയ വഴികളെ അവരുടെ ബാല്യം മുതൽ വാർദ്ധക്യം വരെ അതെ തീക്ഷ്ണതയിൽ, അതെ വ്യാപ്തിയിൽ ഒരു സമൂഹത്തെ തുറന്നു കാണിച്ചാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല. കാരണം മാധവിക്കുട്ടിയെ ഒരാൾ മതമെന്ന വിപത്തിൽ കുടുക്കിയിരുന്നു. അവരുടെ മക്കൾ അതിനെ ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് മരിച്ചപ്പോൾ പാളയം പള്ളിയിൽ ഖബർ അടക്കിയത്. മുണ്ടും വേഷ്ടിയും അണിയാൻ കൊതിച്ച അമ്മക്ക് മകൻ പർദ്ദ വാങ്ങി കൊടുത്തതും മതമെന്ന ഭ്രാന്തിൽ വിരളി പൂണ്ട ഒരു സമൂഹത്തെ ഭയന്ന് മാത്രം.
കേരളം ഞെട്ടലോടെ ഏറ്റുവാങ്ങിയ വാർത്തയായിരുന്നു മാധവികുട്ടി സുരയ്യ ആയത്. വർഗീയതക്ക് വാതിൽ തുറന്നതു വഴി മതം മാറ്റിയ വ്യക്തിയുടെ കീശ വീർത്തിരിക്കാം. അല്ലെങ്കിൽ ആ വ്യക്തി സ്വപ്നം കാണുന്ന സ്വർഗം ലഭിക്കുമെന്ന് കരുതി അതിന്റെ ലഹരിയിൽ കഴിയുകയാവാം. നമുക്കിനി ആ വിഴുപ്പ് അലക്കേണ്ടതില്ല. മാധവിക്കുട്ടിയെ സൂരയ്യയിൽ നിന്നും മോചിപ്പിച്ച് ആ പഴയ മാധവിക്കുട്ടിയായി കിട്ടിയെങ്കിൽ എന്നാശിക്കുന്ന എത്രയോ മലയാളികൾ കണ്ടേക്കും.
ഏവരും ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ഈ ചിത്രത്തോട് കമൽ എന്ന സംവിധായകന് പുലർത്തുന്ന നീതി നാളെ ചോദ്യം ചെയ്യപ്പെട്ടാൽ, അഴിഞ്ഞു വീഴുന്ന പൊയ്‌മുഖങ്ങളുടെ യാഥാർഥ്യം നമുക്ക് മനസ്സിലാക്കുവാൻ കഴിയും. നമുക്ക് കാത്തിരിക്കാം, ആ സിനിമ എങ്ങനെയെല്ലാം നമുക്ക് മുന്നിലെത്തുമെന്ന്, ഇനി സിനിമ പറയട്ടെ കമൽ എവിടെ നിൽക്കുന്നുവെന്ന്.
10947167_1074524225907150_4873608239155720008_n (1)

Be the first to comment

Leave a Reply

Your email address will not be published.


*


*