നിറക്കൂട്ട് (കഥ ) – മോളി ജബീന

16473216_1760205570672342_2681620235184607336_nപൊക്കിൾച്ചുഴിയിൽ നിന്ന് മുകളിലേക്ക് ചായം മുക്കി വരച്ച ഒറ്റമഞ്ഞവര. ആ ഒറ്റവരയിൽ നിന്നൊരായിരം പൂർവ്വജന്മങ്ങളുടെ നിലവിളി അവന്തികയുടെ കാതിലേക്ക് അലച്ചെത്തിക്കൊണ്ടിരുന്നു.വരയുടെ ചുവട്ടിൽ പൊടുന്നനെ വേരുകൾ മുളച്ചു.ആ വേരുകൾ അവളിൽ നിന്ന് അയാളിലേക്ക് പടർന്നു. മഞ്ഞവരയിലേക്ക് നിറങ്ങൾ ഒലിച്ചെത്തിക്കൊണ്ടിരുന്നു… ചുവപ്പ്, കറുപ്പ്,വെളുപ്പ്, അങ്ങനെയങ്ങനെ ..ഏഴുനിറങ്ങൾ കൂടി കലർന്ന് മഞ്ഞവര ഒരായിരം നാഗങ്ങളായി മാറി.പലനിറങ്ങളിൽ അവളിലൂടെ ഇഴഞ്ഞുനടന്നു..
ബോധമുണരുമ്പോൾ കാശിയുടെ ഇരുണ്ടനിറത്തിൽ താൻ അലിഞ്ഞുകിടക്കുകയാണെന്ന് അവന്തിക കണ്ടെത്തി. അവനിൽ ചിതറിക്കിടക്കുന്ന തന്നെ അടുക്കിപ്പെറുക്കി അവൾ വീണ്ടും പഴയരൂപത്തിലേക്കുയർന്നു.
പുറത്തെ നേർത്ത ഇരുട്ടിലേക്ക് ഇറങ്ങുംമുൻപ് കാശിയിലേക്ക് ഒന്നുകൂടി തിരിഞ്ഞുനോക്കി.തന്നെനോക്കി കിടക്കുകയാണവൻ, കയ്യിലെ ചായം മുക്കിയ ബ്രെഷിൽ നിന്നും മഞ്ഞനിറം ഒലിച്ചുകൊണ്ടിരിക്കുന്നു..
പടിപ്പുര കടക്കുമ്പോൾ പുറത്തേക്ക് തന്നെ അന്വേഷിച്ചിറങ്ങുന്ന ഹരിയെ കണ്ടു.
തുടരെ വന്ന ചോദ്യങ്ങൾക്കൊക്കെ മറുപടി പറഞ്ഞെന്നു വരുത്തി. ഹരിയുടെ അമ്മയുടെ ചാട്ടുളിക്കണ്ണുകൾ തന്റെമേൽ തറഞ്ഞുകയറുന്നത് കണ്ടില്ലെന്നുനടിച്ച്‌ അകത്തേക്ക്‌നടന്നു.
ഹരിക്കും അമ്മയ്ക്കും ഭക്ഷണം വിളമ്പി നല്ല തലവേദന താൻ കിടക്കുകയാണെന്ന് പറഞ്ഞ് അവന്തിക തന്റെ എഴുത്തുമുറിയിലേക്ക് നടന്നു.
എഴുത്തുമേശയിലേക്ക് തലചായ്ച്ച്‌വെച്ച് അവന്തിക പകലിലേക്ക് മടങ്ങിപ്പോയി. ഓഫീസിലേക്ക് പോകുംവഴിയാണ് കാശിയെ കാണാറ്..ഇസ്‌ത്തിരിയിട്ടു ജീവിതം പുലർത്തുന്ന മണിയമ്മയുടെ മകൾ ലക്ഷ്മിക്ക് ഊരുതെണ്ടലിനിടയിൽ എവിടുന്നോ കിട്ടിയ കൂട്ട്.ബസ്റ്റോപ്പിന് പുറകിലെ ഒറ്റമുറി വീടിനു മുറ്റത്ത് കാശി വരച്ചുകൊണ്ടിരിക്കുന്നത് കാണാം. ഒരു കൗതുകത്തിനാണ് ഇടയ്ക്ക് വരച്ചുവെച്ച ചിത്രങ്ങൾ കാണാൻ പോയിത്തുടങ്ങിയത്. പ്രണയത്തിന്റെ, പ്രകൃതിയുടെ നിറക്കൂട്ടുകൾ കലർന്ന വിസ്മയലോകം പതുക്കെ തന്നിലേക്ക് കൂടി വ്യാപിക്കുന്നത് താനറിയാതെ പോയി.
വൈകിട്ട് ഓഫീസ് വിട്ടുവരുമ്പോൾ ലക്ഷ്മി കാത്തുനിൽക്കുന്നുണ്ടായിരുന്നു, എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിൽ മണിയമ്മയും കൂട്ടിനുണ്ട്. അവൾ ചോദിച്ച കാശെടുത്തു കൊടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് കാശിയെന്ന് ലക്ഷ്മി പരിഹസിച്ചു ചിരിച്ചു. ഒന്ന് കണ്ടുപോവാമെന്നെ കരുതിയുള്ളൂ.
കാശിയുടെ കണ്ണിൽ തന്നോട് തെളിഞ്ഞുകാണുന്ന ബഹുമാനത്തിലേക്ക്‌തന്റെ പ്രണയം
അവളറിയാതെ വഴുതിവീണു.
ബഹുമാനിക്കപ്പെടാനാണ് ഓരോ പെണ്ണും കൊതിക്കുന്നതെന്ന് അവളോർത്തു.ഹരിയുടെ ആവശ്യമില്ലാത്ത വാശികൾക്കിടയിൽ ഒലിച്ചുപോകുന്ന തന്റെ ജീവിതത്തെ പലപ്പോഴായി വെറുത്തുതുടങ്ങിയിരുന്നു..
പ്രണയവിവാഹമായിരുന്നു തങ്ങളുടേത്.വീട്ടുകാരുടെ എതിർപ്പിനെ മറന്ന് ഹരിയുടെ കൂടെ ഇറങ്ങിത്തിരിച്ചതാണ്. 10 വർഷങ്ങൾ കഴിഞ്ഞു, വീട്ടിലേക്ക് പിന്നെ കയറിയിട്ടേ ഇല്ല. കുഞ്ഞുങ്ങളില്ലാത്തത് തന്റെ കുറ്റം കൊണ്ടാണെന്ന ഹരിയുടെ വാദം കേൾക്കുമ്പോഴൊക്കെ വീട്ടിലേക്കോടിച്ചെന്ന് ‘അമ്മമടിയിലെ സാന്ത്വനത്തിലേക്ക് വീഴാൻ തോന്നാറുണ്ട്. തെക്കേമുറ്റത്ത് പൂവിട്ടുനിൽകുന്ന ചെമ്പകമരത്തിനോട് കുഞ്ഞുന്നാളിലെന്നപോലെ കൂട്ടുകൂടാനും.
“എല്ലാം നിന്റെ പ്രോബ്ലം ആണ്, ഞാനെല്ലാ ടെസ്റ്റും
നടത്തി, എനിക്കൊരു കുഴപ്പവുമില്ല,” ഹരി വീണ്ടും പഴയ ആവശ്യവുമായി വന്നിരിക്കുകയാണ്, ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന്. പക്ഷെ ബന്ധുക്കൾക്കിടയിൽ തനിക്കാണ് കുഴപ്പമെന്ന് താൻ പറയണം.പുരുഷന്മാർക്ക്
കുറവുകൾ ഇല്ലല്ലോ.ഉണ്ടെങ്കിൽതന്നെ അത്‌ മറ്റാരും അറിയാതെ തന്റേതെന്ന മട്ടിൽ കുരിശിൽ നിന്നുകൊടുക്കേണ്ടത് സ്ത്രീയുടെ കടമയാണല്ലോ.അവന്തികയ്ക്ക് തന്നോടുതന്നെ സഹതാപം തോന്നി. ആ ദിവസത്തിന് ശേഷം കാശിയെ കണ്ടിട്ടില്ല.കാണാതിരിക്കാൻ ഒഴിഞ്ഞുമാറി നടന്നു.വഴിയിൽ വെച്ച് ലക്ഷ്മിയെ കാണുമ്പോളെക്കെ കാശി തന്നെ തിരക്കാറുണ്ടെന്ന് അവൾപറഞ്ഞു.
ഹരി പിന്നെയുമെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, ഒന്നും അവന്തികയുടെ കേൾവിപ്പുറത്ത് പോറൽപോലുമേല്പിച്ചില്ല.അവളുടെ മനസ്സ് മുഴുവൻ പ്രേഗ്നെൻസിടെസ്റ്റ് കാർഡിലെ ചുവന്ന വരകളിലായിരുന്നു.അവ ചുവപ്പിൽ നിന്ന് നേർത്ത മഞ്ഞവരകളായി രൂപാന്തരം പ്രാപിക്കുന്നുണ്ടായിരുന്നു.
16387059_1760208127338753_1824798207268264529_n

1 Comment

Leave a Reply

Your email address will not be published.


*


*