ഉത്തരമില്ലാതെ – രതീഷ്. പി.എസ്

hqdefaultവർഷങ്ങൾക്ക് ശേഷം തിരികെ വരുമ്പോൾ പഴയ ഗ്രാമകവലയെ എടുത്തുമാറ്റി നെഞ്ചു വിരിച്ച കെട്ടിടങ്ങൾ അമ്പരപ്പിക്കുന്നില്ല. എവിടെയും അതുതന്നെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്. താനോ പഴയ പത്താം ക്ലാസ് പയ്യനിൽ നിന്നും മുതിർന്നിരിക്കുന്നു. ആ വളർച്ചയിൽ താനിവിടെയുണ്ടായിരുന്നെങ്കിൽ ഈ മാറ്റമൊന്നും എളുപ്പം ബാധിക്കില്ലായിരുന്നു. പക്ഷേ അക്കാലത്തെ ഇടവഴിയും ഏകാന്തമായ ശവപ്പറമ്പും ഒട്ടും മാറ്റമില്ലാതെ അസ്വസ്ഥമാക്കികൊണ്ടിരിക്കുന്നു. അതെന്നും തന്നോടൊപ്പം സഞ്ചരിക്കുന്നുണ്ടല്ലോ, ദില്ലിയിലെ തെരുവിലായാലും മുംബയിലെ സബർബൻ വണ്ടിയിലായാലും ഒട്ടും മങ്ങാതെ.
നാടും വീടും വിട്ട് പോകണമെന്ന് ആഗ്രഹിച്ചതല്ല, വീടിനോട് ചേർന്നുള്ള ആ ഒറ്റമുറിയായിരുന്നല്ലോ ശരിക്കും തന്റെ ലോകം. അവിടെ ആ ഏകാന്തതയിൽ താൻ മറ്റൊരാളായി മാറുക, വികാരങ്ങളെല്ലാം നോട്ടുപുസ്തകത്തിൽ നിറക്കുക. അപ്പോൾ നെഞ്ചിലാകെ വല്ലാത്തൊരു നിറവായിരുന്നു. വിവാഹവും കുടുംബവും വേണ്ടെന്ന് വച്ചവന്റെ തലയി വന്നുവീണ പെണ്ണ്. അത് ആസൂത്രിതമായിരുന്നെന്ന് വൈകിയാണ് അറിഞ്ഞത്. അപ്പോഴേക്കും തനിക്കൊരു കുഞ്ഞ് പിറന്നിരുന്നു. അവിടെ മറ്റൊരു യാത്ര ആരംഭിക്കുകയായിരുന്നല്ലോ!
വഴിവക്കിലെ കടയിൽ നിന്നും ചായ വാങ്ങി, അലസമായി ഊതികുടിച്ചു. നല്ല ക്ഷീണമുണ്ട്, കസേരയിൽ ഇരുന്ന് മനസ് മേയാൻ വിട്ടു. അത് അതിന്റെ വഴിയേ യഥേഷ്ടം സഞ്ചരിക്കട്ടെ, ശരീരം ഇവിടെ വിശ്രമിക്കട്ടെ.
ഒന്നര കിലോമീറ്ററേ ഉളളു വീട്ടിലെത്താൻ; ആ ദൂരമത്രയും ശാന്ത സുന്ദരമെങ്കിലും വീടുകൾ നന്നേ ചുരുക്കം. ഏറിയ പങ്കും മുളങ്കാട് പിടിച്ചു കിടക്കുന്ന പാഴ് പറമ്പുമാണ്. അതിനിടയിൽ പറയത്തക്കതായി ഉളളത് ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഒരു ശവക്കോട്ടയാണ്. അതു താണ്ടി വേണം വീടെത്താൻ എന്നോർക്കുമ്പോഴേ കൈകാലുകൾക്ക് പെരുപ്പാണ്. എത്ര ആഞ്ഞ് പിടിച്ച് നടന്നാലും വീടെത്തില്ല. കാലുകൾ മനസിനൊപ്പം ചലിക്കാറില്ലെന്നതാണ് വാസ്തവം. എന്തിനേറെ കുട്ടിക്കാലത്തെ സ്വപ്നങ്ങളിൽ പേടിപ്പെടുത്തുന്ന ഒരേയൊരു രംഗമേ ഉണ്ടായിരുന്നുളളു. ശവക്കോട്ടയ്ക്ക് മുന്നിലൂടെയുളള വഴിയിലൂടെ ഏകനായി നടന്ന് നീങ്ങുന്നത്. അതും രാത്രിയുടെ അന്ത്യ യാമങ്ങളിൽ.
സ്ക്കൂളിലേക്കുള്ള യാത്ര പകൽ വെട്ടത്തിലായിട്ടുപോലും ശവക്കോട്ടയും പരിസരവും ഭീതിവിതച്ചുകൊണ്ട് തുറിച്ചുനോക്കി..
പത്താംതരത്തിന് മഹാത്മയിൽ ചേർന്നതോടെ, പരീക്ഷയോടനുബദ്ധിച്ചുള്ള കുറച്ചു ദിവസങ്ങൾ രാത്രി കാലങ്ങളിലും ക്ലാസുണ്ടെന്ന് അറിയിപ്പു കിട്ടി. രാത്രി പോകേണ്ട ബുദ്ധിമുട്ട് മനസ്സിലാക്കിയിട്ടാവണം മാമ്മൻ ഒരു പുതിയ സൈക്കിൾ വാങ്ങിത്തന്നു. സ്കൂൾ വിട്ട് വീട്ടിൽ വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് രാത്രിയിലേക്കുളള ഭക്ഷണവുംകൊണ്ടു വേണം രാത്രി ക്ലാസ്സിന്പോകാൻ. കുളിയും തീറ്റയും കഴിഞ്ഞ് വരുമ്പോഴേക്കും സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കും. ശവകോട്ടയ്ക്ക് മുന്നിലെ വഴി ഇരുനൂറ് മീറ്ററോളം ദൂരം കയറ്റമാണ്. സൈക്കിളിലാണെങ്കിലും ഇറങ്ങി തളളി വേണം മുന്നോട്ട് പോകാൻ. തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു   . ആ വഴിയിലൂടെ രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കാൻ പോവുകയാണ്. ആരെയെങ്കിയും കൂട്ടിന് വിളിച്ചാലോ എന്നോർത്ത് വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങവെ അമ്മാമ്മ ചോദിച്ചു.
” ഒറ്റയ്ക്കു പോകാൻ പേടിയുണ്ടെങ്കിൽ നീ മാമ്മ നേം കൂടി കൂട്ടിക്കോ. ”
ഹാവു.. ആശ്വാസമായി എന്നു സമാധാനിക്കാൻ നെടുവീർപ്പിട്ടില്ല’ അതിന് മുന്നെ വീട്ടിൽ തീപ്പെട്ടി വാങ്ങാൻ വന്ന അടുത്ത വീട്ടിലെ രമണി ചേച്ചി പറഞ്ഞു..
” എയ്.. അവൻ ആൺക്കുട്ടിയല്ലെ..? അവൻ ഒറ്റയ്ക്ക് പോക്കോളും. അല്ലേ ടാ മോനെ ”
സങ്കടത്തിന്റെ പാരമ്യത്തിൽ എത്തിയിരുന്നെങ്കിലും ധൈര്യമുളളവനാണന്ന് ഒരു സ്ത്രീ സാക്ഷ്യപെടുത്തിയതോർത്ത് അതിനെ ഖണ്ഡിച്ച് പേടിയാണെന്ന് പറയാൻ തന്നിലെ ദുരഭിമാനം അനുവദിച്ചില്ല. ഒരു വശത്ത് പേടിയെങ്കിൽ മറുവശത്ത് അഭിമാന പ്രശ്നവും. താൻ വല്ലാത്തൊരു അവസ്ഥയിലായി.. അവസാനം താനാ തീരുമാനം എടുത്തു. ഒറ്റയ്ക്കു തന്നെ പോവാം. ഉമ്മറപടിയിൽ നിന്ന് അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു..
” അമ്മാമേ ഞാനിറങ്ങുവാ.. ”
മറുപടി കേൾക്കാനുളള സാവകാശംപോലും കാണിക്കാതെ താൻ ആൺകുട്ടിയാണെന്ന ഊർജ്ജത്തിൽ യാത്ര പുറപ്പെട്ടു. എതാണ്ട് ശവക്കോട്ടയുടെ കയറ്റം എത്താറായി. ഉളളിൽ പതുങ്ങികിടന്ന ഒരു ഭയം തുടലഴിഞ്ഞ് തലക്ക് മീതെ പത്തിവിടർത്തിയാടുന്നത് പോലെ. തിരിച്ച് വീട്ടിൽ പോയാലോന്ന് പലവട്ടം ആലോചിച്ചു. രമണി ചേച്ചിയുടെ വാക്കുകൾ ചെവിയിൽ അലയടിച്ചു.
എസ് ആകൃതിയിലുള്ള മുളം പട്ടിൽ നിറഞ്ഞ രണ്ടു വഴികൾ കൂടി ചേരുന്ന ഒരു വളവ്. വഴി രണ്ടായി തിരിയുന്നു; ഒന്ന് ഇരുഞ്ഞൊരിടവഴി മറ്റേത് കണ്ണംകുളം വഴി പുതുരുത്തി പള്ളിയിലേക്കുളളതാണ്.
ശവക്കോട്ട പ്രദേശത്ത് പണ്ട് പട്ടൻമ്മാർ താമസിച്ചിരുന്നതാണ്. കാല ക്രമേണ അവരുടെ ഇല്ലങ്ങളെല്ലാം ക്ഷയിച്ചു. ഒരു വീടൊഴികെ ഇന്നിവിടെ ബാക്കി ആരുമില്ലതാനും.
കയറ്റമെത്തി ഇനി ഇറങ്ങി നടക്കണം കുത്തനെയുളള മുഴുവൻ ദൂരവും സൈക്കിൾ ചവിട്ടി തന്നെ കയറുക അത്ര എളുപ്പമല്ല. പെട്ടന്നാണ് ആ പ്രദേശത്ത് പലതും കണ്ടിട്ട് പേടിച്ച് ചികിത്സ തേടുന്നവരുടെ മുഖം ഓർമ്മ വന്നത്. വിറയൽ ശരീരത്തിലാകെ ബാധിക്കും മുമ്പ് പേടിച്ച് വീണു കിടക്കുന്ന എന്നെ എല്ലാവരും കൂടി എടുത്തു കൊണ്ട് പോകുന്നത് താൻ ആ നിമിഷം മനസ്സിൽ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല.
എതോ ഒരു ശക്തി തന്നിലേക്ക് പ്രവേശിക്കുന്നതായി അനുഭവപ്പെട്ടു. സൈക്കിളിൽ നിന്ന് ഇറങ്ങിയില്ല ആഞ്ഞു ചവിട്ടി ആ കയറ്റം കേറാൻ തീരുമാനിച്ചു. ആ ഭയപ്പാടിനിടയിൽ സൈക്കിൾ പഞ്ചറായാലോ ചങ്ങല തെറ്റിയാലോ എന്നൊന്നും ചിന്തിച്ചതേയില്ല. അപ്പോൾ എങ്ങനെയും ശവക്കോട്ട കടക്കുകയെന്നതായിരുന്നു. കയറ്റം പകുതി പിന്നിട്ടു.
ആരോ പിന്നിൽ നിന്നും വിളിക്കണപോലെ തോന്നി. മോക്ഷം കിട്ടാതലയുന്ന വല്ല ദുരാത്മാക്കളുമായിരിക്കും. പേടി കാരണം തിരിഞ്ഞു നോക്കിയില്ല ശവക്കോട്ട എത്തിയപ്പോൾ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേയില്ല. അങ്ങനെ ആ കയറ്റം പുഷ്പ്പം പോലെ ചവിട്ടി കയറ്റി അഭിമാനപൂരിതനായി അന്തരംഗം. സന്തോഷം സഹിക്കാൻ പറ്റുന്നില്ല. ഇനി ക്ലാസ്സ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഇറക്കമല്ലെ ബ്രേക്ക് പിടിക്കാതെ വിട്ടാൽ മതി വേഗം വീടെത്താം.
രക്ഷപ്പെട്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
പക്ഷെ, കയറ്റം അവസാനിച്ചിടത്ത് ഒരു പഞ്ചായത്ത് പൈപ്പുണ്ട് അവിടെ ഒരാൾ നിൽക്കുന്നു. അതും അധികമാരും ഉപയോഗിക്കാത്ത പൈപ്പിനടുത്ത് . അരികിലെത്താറായപ്പോളാണ് അതൊരു സ്ത്രീയാണെന്ന് മനസ്സിലായത്. അവർ തന്നെ കണ്ട് റോഡിലേക്ക് കയറി നിന്നു.
സൈക്കിൾ നിർത്താതെ വേറെ വഴിയില്ല.!!
” ഈശ്വരാ.. ” അറിയാതെ മനസ്സിൽ വിളിച്ചു പോയി.
” ഒറ്റയ്ക്ക് പോകാൻ പേടിച്ചിട്ട് ആരേങ്കിലും വരുന്നത് നോക്കി നിൽക്കുവായിരുന്നു. എന്നെ ഇറക്കം ഒന്ന് കടത്തി തരാമോ..?? ”
ആ സ്ത്രീ അപേക്ഷിച്ചു.
താൻ സമ്മതിക്കിലെന്ന് മനസ്സിലാക്കിയിട്ടാവാം അവർ പറഞ്ഞു..
“വാർക്ക പണി കഴിഞ്ഞ് വരാണ്. സാധനം വാങ്ങിക്കാൻ കടയിലൊന്നു കേറീയപ്പോഴേക്കും നേരം വൈകീ. മോൻ ആൺകുട്ടിയല്ലേ… ധൈര്യായിട്ട് എനിക്ക് വരാലോ നിന്റെ കൂടെ..?? കണ്ണംകുളം വഴി ഞാൻ പുതുരിത്തിക്ക് ഒറ്റയ്ക്ക് പോക്കോളാം ആ തിരിവു വരെ ആക്കിയാൽ മതി. ”
മാത്രമല്ല, “നീയൊരു ആൺകുട്ടിയല്ലെ ” ഈ വാചകം വീണ്ടും തന്നെ വിഷമിപ്പിച്ചു. അവർ ഒരു പാവം സ്ത്രീയാണെന്നു തനിക്കും തോന്നി. ആ പ്രദേശത്ത് അസമയത്ത് ഒരു സ്ത്രിയുടെ കൂടെ തന്നെ അരേങ്കിലും കണ്ടാലോന്ന് ഭയന്ന് അവരോട് പറഞ്ഞു..
” നിങ്ങൾ മുമ്പേ നടന്നോളൂ ഞാൻ പിറകെ വരാം ”
അവർ നടന്നു കുറച്ചു പിറകിലായി താൻ സൈക്കിളിൽ അമ്മയുടെ പ്രായമുള്ള സ്ത്രീയെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷവും തിരിച്ചുള്ള യാത്ര ആലോചിച്ച് വിഷമവും ഉണ്ടായി. അത്രയും ദൂരം തങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല.
തനിക്ക് മുന്നേ ഒരു നിഴലുപോലെ അവർ നടന്നു നീങ്ങുന്നത് പിറകിൽ നിന്നും കാണാമായിരുന്നു. അങ്ങനെ അവസാനം തന്റെ ജോലി കഴിയാറായി. ആ എസ് വളവ് എത്തിയതും എന്നോട് നന്ദി പറഞ്ഞ് അവർ പോകുന്നതായി ഞാൻ സങ്കൽപ്പിച്ചു. അവർ ആ വളവിലേക്ക് പ്രവേശിച്ച നിമിഷം തനിക്കവരെ കാണാൻ പറ്റാതെയായി. പിറകിലിൽ ഉണ്ടായിരുന്ന താൻ വളവിൽ എത്തിയപ്പോൾ സ്വാഭാവികമായും അവരെ കാണേണ്ടതാണ്.
ആ സ്ത്രീ എവിടെയാണ്? കണ്ണംകുളം വഴി തുടങ്ങുന്നിടത്ത് ഒന്ന് എത്തി നോക്കി ആകെ അന്ധകാരം മാത്രം. ശരീരം വിയർക്കാൻ തുടങ്ങി.. ധൈര്യം സംഭരിച്ച് ഒരു പ്രാവശ്യം ഒരുകയറ്റം ചവിട്ടി കയറ്റിയതിന്റെ ആത്മവിശ്വാസത്തിൽ വീണ്ടും ആ കയറ്റം കയറി പോയി.
എന്തേ അവർ തന്നോട് യാത്ര പറയാതെ പോയത്..?
ഇന്നും തനിക്കതിന് ഉത്തരം കിട്ടിയിട്ടില്ല..
“എന്താ മാഷേ നിന്നുകളഞ്ഞത്?”
അതേ സ്ത്രീ തന്നെ. അതേ പാത, താൻ ഇന്ന് ആ കുട്ടിയല്ലെങ്കിലും അവൾക്ക് മാത്രം വളർച്ചയില്ലാതെ. കാലുകൾ അവൾക്കൊപ്പം സഞ്ചരിക്കാൻ വഴങ്ങുന്നില്ല. അവൾ താങ്ങി, ആ കൈക്കെന്ത് തണുപ്പ്. മരണത്തിന്റെ നരച്ച തണുപ്പോ, അല്ലെങ്കിൽ തണുത്ത ആ ശരീരം തന്നിൽ നിന്നും ചൂട് ചോര കുടിച്ച് ചീർക്കാൻ വെമ്പൽ കൊള്ളുകയോ. അവളുടെ നോട്ടം ടോർച്ചിലെ വെളിച്ചം പോലെ തന്റെ കണ്ണിലേക്ക്. അവിടെ കാഴ്ച്ചകൾ അവസാനിക്കുകയാണോ എന്ന് ശങ്കിക്കാതെയല്ല.. പരിസരമാകെ വിറപ്പിച്ച് കാറ്റും, ഇടിമിന്നലും. ആ ഇടം ഏതാണ്: സ്വയം ചോദിച്ചുകൊണ്ടിരുന്നു.
16997947_1789137891112443_8576567282168310155_n

Be the first to comment

Leave a Reply

Your email address will not be published.


*


*