2

ചിരിയുടെ സെൽഫികൾ (തുടര്‍ച്ച ) – ബിന്ദു ഹരികൃഷ്ണൻ

mamukkoya-112മാനുകളും മയിലുകളും നൃത്തം ചവിട്ടുന്ന ഈ മാലിനീ തീരം നമ്മെ വല്ലാതാഹ്ളാദഭരിതനാക്കുന്നു . മഹർഷേ…. ഇത് നമ്മുടെ നാട്ടു രാജ്യം തന്നെയോ?’
മഹർഷി : എന്തെയ് മോനെ? (വയ്പ്പ് താടിയും മുടിയും കമണ്ഡലുവുമൊക്കെയായി മഹർഷി ദുഷ്യന്തമഹാരാജാവിനെ സാധാരണമായൊരു നോട്ടം നോക്കുന്നു )
ദുഷ്യന്തൻ : അതാ അങ്ങോട്ട് നോക്കൂ . അതൊരാശ്രമ കന്യകയല്ലേ.. അതോ അപ്സരസ്സോ? അവളെയൊരു വണ്ട് വല്ലാതെ ശല്യം ചെയ്യുന്നല്ലോ. ഈ തപോവനത്തിലും സ്ത്രീയ്ക്ക് പീഡനമോ?.

‘ പടച്ച തമ്പുരാനേ , ബണ്ടെന്ന്വച്ചാൽ ഏജ്‌ജാദി ബണ്ട് ? അതോ രണ്ടുമൂന്ന്വറ്റാണോ . പത്തു നാൽപ്പത് വണ്ട് കൂടീട്ടല്ലേ ഒരു പെണ്ണിനെ പീഡിപ്പിക്കണത്.’
‘നശിപ്പിച്ചു ‘.
‘നശിപ്പിച്ചൂന്ന് ചോദിക്കാനുണ്ടോ? പത്തുനാപ്പതു വണ്ടുകൂടെ.. പിന്നെ നശിക്കൂലേ ?’
” എന്റെ അബ്ദുക്കാ നിങ്ങളിതിനകത്ത് മഹർഷിയാ അല്ലാതെ മുസലിയാരല്ല. മാപ്പിളഭാഷ പറഞ്ഞീ നാടകം കൊളമാക്കരുത് ട്ടോ?”

‘കുമാരാ അനക്കീയ്യിടെയായി വർഗ്ഗീയത കുറേ കൂടുന്നുണ്ട്. കലാകാരന്മാർ തമ്മിൽ വർഗ്ഗീയത പാടില്ലെടോ . മലബാറിൽ ഏതു മഹർഷി ജനിച്ചാലും ഇങ്ങനേ പറയൂ. ‘(മഹർഷിയുടെ പഞ്ച് ഡയലോഗ് .)

‘ അപ്പൊ അബ്ദുക്ക ഈ നാടകം കൊളമാക്കാൻ തന്നെ തീരുമാനിച്ചു അല്ലെ?’

‘ അതുകൊണ്ടല്ലേ പച്ച മലയാളത്തില് അബ്ദുക്ക പറഞ്ഞത് ഞമ്മക്കീ സന്യാസീം മഹർഷീമൊന്നും മാണ്ടാ, മ്മള് ദുഷ്യന്തനായിക്കോളാന്ന് ‘.

‘ആ … ആയിക്കോളൂ… കെട്ടിക്കോളൂ… പക്ഷെ നാടകത്തിന്റെ പേര് മാറ്റേണ്ടിവരും. ‘ദുഷ്യന്തന്റെ സുന്നത്തു കല്യാണ’ മെന്നു. ‘

അപ്പോഴാണ് വികാരം വ്രണപ്പെട്ട സംവിധായകന്റെ വരവ് . മഹർഷിക്കവിടേം ഡയലോഗുണ്ടായി .

‘ അത്ര വികാരമുള്ള സംവിധായകന്റെ ഓളെവിടെ? എന്താണോളെ പേര്? ആ …….! ശകുന്തള ‘.

ദുഷ്യന്തവേഷത്തിൽ തന്നെ തന്റെ തൊഴിലിൽ വ്യാപൃതനാകുന്ന ബാർബർ കുമാരനും പതിവുകാർക്കു കടുപ്പത്തിൽ ചായയടിക്കുന്ന കണ്ണ്വമഹർഷിയും ഒപ്പനപ്പാട്ടിന്റെ ശീലിൽ ബാലെയിലെ ഗാനം ചിട്ടപ്പെടുത്തുന്ന അബ്ദുമഹർഷിയും നാടകം നടക്കുന്ന സ്റ്റേജിൽ വെറുതെ ഒരു രംഗപ്രവേശനം നടത്തുന്ന ഫാദർ വട്ടക്കുഴിയും ഒക്കെക്കൂടി ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടൊരു സിനിമ, ബെന്നി പി നായരമ്പലം തിരക്കഥയെഴുതി, ശശിശങ്കറിന്റെ സംവിധാനത്തിൽ 1997 -ൽ പുറത്തിറങ്ങിയ ചിത്രം, മന്ത്രമോതിരം. മാമുക്കോയയെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ മാമുനി വേഷം മനസ്സിൽ പൊങ്ങിവരും, കൂടെയാ ഡയലോഗും. തനി മലബാറുകാരൻ മഹർഷി.

ഒരു ഹാസ്യനടൻ എന്നതിലപ്പുറം മാമുക്കോയ കൈകാര്യം ചെയ്ത എത്രയോ ഗൗരവമുള്ള കഥാപാത്രങ്ങൾ നമുക്കു മുൻപിലുണ്ട്. എടുത്തു പറയേണ്ടുന്നത് ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയമാണ്. 2004 ലെ സ്പെഷ്യൽ ജ്യൂറി പുരസ്കാരം നേടിയ ആ കഥാപാത്രം, അതിലെ ഓരോ അഭിനയ മുഹൂർത്തങ്ങൾ , സിനിമാസ്വാദകരിൽ ആ ഒറ്റച്ചിത്രം വരച്ചിടും മാമുക്കോയയിലെ നടനെ. ‘ഇന്ത്യൻ റുപ്പിയിലും’ ഹാസ്യത്തിൽ നിന്നും മാറിയൊരു റോളായിരുന്നു.

1979- ൽ ‘അന്യരുടെ ഭൂമി’യിൽ തുടങ്ങി 2016- ൽ ‘ഒപ്പ’ത്തിൽ എത്തിനിൽക്കുമ്പോൾ അദ്ദേഹം പൂർത്തിയാക്കിയത് 259 സിനിമകൾ! അതിലധികവും നമ്മളെ കുടുകുടെ ചിരിപ്പിച്ചവ. കല്ലായി കൂപ്പിലെ തടിയളവുകാരൻ , നാടകനടൻ, സിനിമാനടൻ അങ്ങനെയങ്ങനെ ആടിത്തീർത്തുകൊണ്ടിരിക്കുന്ന ജീവിതകഥയ്‌ക്ക്‌ ‘ജീവിതം ‘ എന്നുതന്നെ പേരിട്ട് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് . , ബാലേഷ്‌ണാ കൊച്ചുകള്ളാ!!! എന്നൊരു കള്ളച്ചിരിയോടെ നമുക്കിടയിലിപ്പോഴും നിറഞ്ഞുനിൽക്കുന്നു മാമുക്കോയ.
15774894_1846927452220570_6121471411237422864_o

Uncategorized

vettam online

2 Comments

  1. ചിരിയുടെ സെല്‍ഫികള്‍ ആസ്വദിക്കുന്നു, ഇനീം തുടരട്ടെ. ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *