കുട നന്നാക്കുന്ന ചോയി – ഗിരീഷ് വർമ്മ ബാലുശേരി

kuda-nannakunna.jpg.image.250.375മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ എന്നീ നോവലുകളുടെ അരികു പിടിച്ചെഴുതിയ ഒരു എം മുകുന്ദൻ നോവലാണ് കുട നന്നാക്കുന്ന ചോയി . മറ്റു രണ്ടു നോവലുകളിലെ എഴുത്തിന്റെ സമാനത ഒഴിച്ചാൽ പ്രമേയം തീർത്തും വ്യത്യസ്തമാണ്. കഥ പറച്ചിലിന്റെ രസബലൂൺ ഇടയ്ക്കിടെ പൊട്ടിച്ചുകൊണ്ടു പുതിയ ബലൂണുകൾ വീർപ്പിച്ചു നിർത്തുമായിരുന്നു ശ്രീ മുകുന്ദൻ തന്റെ ആദ്യ രണ്ടു നോവലുകളിലും . എന്നാൽ കുട നന്നാക്കുന്ന ചോയിയിൽ ഒരു രസബലൂൺ കഥാവസാനം വരെ ജിജ്ഞാസ കൊണ്ട് വീർപ്പിച്ചു നിർത്തിയിരിക്കുകയാണ് അദ്ദേഹം. അതവസാനം മാത്രം പൊട്ടുമ്പോൾ ഏതു രസമാണ് വായനക്കാരനിൽ നിറയുക എന്നത് ഇന്നത്തെ കാലത്തെ വായനക്കാരന്റെ മതവും,രാഷ്ട്രീയവും കലർന്ന മനസ്സിന്റെ നിലപാട് പോലിരിക്കും.

ഫ്രഞ്ച് അധിനിവേശത്തിന്റെയും ,ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും ഇടയിൽ പെട്ടുഴലുന്ന മാഹിയുവത്വത്തിന്റെ ചെറുത്തുനിൽപ്പ് ദാസനിലൂടെ തീവ്രമായി തന്നെ മുകുന്ദൻ തുറന്നുകാണിക്കുന്നുണ്ട്. ശ്രീ മുകുന്ദന്റെ മാസ്റ്റർപീസ് ആയി എന്നെന്നും അറിയപ്പെടുന്ന കൃതി മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ആണെന്ന് ഉറപ്പിച്ചു പറയാം.

ഫ്രഞ്ച് അധിനിവേശത്തെ തൂത്തെറിയാനും, ഇന്ത്യൻ യൂണിയനിൽ ലയിക്കാനുമുള്ള തീവ്ര അഭിനിവേശം ദാസൻ സ്വജീവൻ ബലി കഴിക്കുന്നതിലേക്കും വരെ എത്തിക്കുമ്പോൾ അത് യുവത്വത്തിനെ ഏതൊക്കെയോ സമർപ്പണത്തിന്റെ വേദികൾ വരെ കൊണ്ടെത്തിക്കുകയാണ് . ധീരരക്തസാക്ഷികളാവുകയാണ് അവർ.
അത് വെച്ച് താരതമ്യം ചെയ്യുമ്പോൾ മനസ്സുകൾ നിഗൂഢകേന്ദ്രങ്ങളാക്കി ഇന്ത്യൻ സമൂഹത്തിൽ നിന്നും അകന്നുപോകുന്ന ചോയിയെ എന്ത് പേരിട്ടു വിളിക്കും!!

ഫ്രാൻസിലേക്ക് കപ്പൽ കയറിപ്പോവുന്ന മാഹിയിൽ കുട നന്നാക്കിയിരുന്ന ചോയിയെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. മാഹിയിൽ കുട നന്നാക്കിയിരുന്ന ഏക ആൾ ആയിരുന്നു ചോയി. ചോയി പോയതോടെ ചോയിക്കു പകരം മറ്റൊരാൾ വന്നേക്കും എന്ന് മാഹിക്കാർ സമാധാനിക്കുന്നുണ്ട്. ചോയിയെ യാത്രയയക്കാൻ കുറെയേറെ പേർ കടപ്പുറത്തു വന്നിരുന്നു. അവിടെവെച്ചാണ് നാട്ടുകാർ കാണെ ഒരു ലെക്കോട്ട് ( കവർ ) ചോയി മാധവനെ ‘രഹസ്യമായി’ ഏൽപ്പിക്കുന്നത്. തന്റെ മരണം വരെ അത് സൂക്ഷിച്ചു കൊള്ളണം എന്നും ശേഷം മാത്രമേ തുറക്കാവൂ എന്നും പറഞ്ഞേൽപ്പിക്കുന്നു.
അതിനു ശേഷം ഉറക്കം നഷ്ടപ്പെടുന്ന നാട്ടുകാരെ നമ്മൾ കാണുന്നു. നൂറുകുമാരനും,പത്രാസുകാരൻ പത്രോസും, മുച്ചിറിയൻ കോരനും,കൊപ്പരക്കാരന്റവിട കുഞ്ഞമ്പുവും,കക്കുയിയിൽ തോലനും ,മാധവിഅമ്മായിയും എല്ലാം ലെക്കോട്ടിനുള്ളിലെ രഹസ്യം അറിയാതെ ഉഴലുകയാണ്. ലെക്കോട്ട് ആരും കാണാതെ ഒളിപ്പിച്ചു വെച്ച മാധവൻ ഹീറോയാവുകയാണ്. സത്യസന്ധമായി തന്റെ കടമ നിറവേറ്റുകയാണ്‌ മാധവൻ. പെങ്ങൾ രാധ പലവട്ടം ചോദിച്ചിട്ടും കാണിക്കാതെ എവിടെയോ ഒളിപ്പിച്ചു വെക്കുകയാണവൻ . ജനപ്രതിനിധി കണ്ണൻ കള്ളക്കേസിൽ കുടുക്കി കാണാതായെന്ന് പറയുന്ന തന്റെ വാച്ച്‌ തപ്പിയെടുക്കാൻ പോലീസിനെ മാധവന്റെ വീട്ടിലേയ്ക്കു വിടുന്നത് വരെ പോകുന്നു കാര്യങ്ങൾ. തങ്ങളെ ഒരിക്കലും ബാധിക്കാത്ത കാര്യങ്ങളിൽ വേവലാതിപ്പെടുന്ന മനുഷ്യരെ വരച്ചുകാണിക്കുകയാണ് ഈ നോവലിലൂടെ ശ്രീ മുകുന്ദൻ ഒരു തരത്തിൽ.

വൈദേശിക അധിനിവേശത്തിനപ്പുറം മതം ചുറ്റിപ്പിണഞ്ഞ ദേശീയതയെ വാരിപ്പുണരാൻ വെമ്പുന്ന കാലത്തിന്റെ മാറ്റത്തെ അതിശയിപ്പിക്കുന്ന രീതിയിൽ ആണ് മുകുന്ദൻ ചോയിയിലെ ലെക്കോട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.നൂതനമായ ഈ ശൈലി അഭിനന്ദനീയം തന്നെ. ഈയൊരു ഫിനിഷിങ് പോയന്റിലേയ്ക്ക് നമ്മെ കഥാകാരൻ നയിക്കുമ്പോൾ വഴി നിലച്ചു പോയ പുരോഗമനചിന്താഗതികളെ കുറിച്ചും, യുവത്വത്തിന്റെ ഇന്നത്തെ ലക്ഷ്യമില്ലാത്ത പാച്ചിലിനെ കുറിച്ചും വെറുതെയൊന്നോർത്തുപോവും . തങ്ങളുടെ ഊർജം വേണ്ടാത്തിടങ്ങളിൽ പൊഴിച്ച് കളയുന്ന അവരുടെ കർമ്മകുശലതയെക്കുറിച്ചും… സമീപകാലത്തെ ചുംബന സമരവും, ബീഫ് പോരാട്ടങ്ങളും ഉദാഹരണം.

ഞെട്ടിക്കുന്ന ഒരു സത്യമായി ലെക്കോട്ടിനുള്ളിലുറങ്ങിയത് ഇന്ത്യൻ യുവത്വത്തിന്റെ വഴിതെറ്റിയലയുന്ന ചിന്താധാരകളുടെ അഴുകിയ മുഖങ്ങളാണ് .
സത്യത്തിൽ ഇത്തരത്തിൽ ഒരു ബോംബാണ് അതിൽ അടങ്ങിയിരിക്കുന്നത് എന്നതിന്റെ ഒരു സൂചന പോലും നോവലിസ്റ്റ് നൽകുന്നില്ല. കുട നന്നാക്കുന്ന ചോയിയുടെ മനസ്സ് എങ്ങിനെ കാവിവൽക്കരിക്കപ്പെട്ടു എന്നത് അടഞ്ഞൊരു അദ്ധ്യായം ആയി ഇതിൽ നിറഞ്ഞു നിൽക്കുന്നു. ഇത്തരത്തിൽ ഒരു സമീപനം ശ്രീ മുകുനന്ദൻ ഈ നോവലിലൂടെ നടത്തിയിരിക്കുന്നത് പ്രശംസാർഹം തന്നെയാണ്. ഭീകരമായഒരു മാനസികാധപ്പതനത്തെ രസാവഹമായ രീതിയിൽ, തെല്ലൊരു പരിഹാസത്തോടെ , ജിജ്ഞാസ നിലനിർത്തിക്കൊണ്ട് അവതരിപ്പിക്കാൻ കഴിഞ്ഞതും കാണാവുന്നതാണ്.

അടിച്ചേൽപ്പിക്കലിന്റെ ഒരു തത്വശാസ്ത്രം അല്ല മാനസികാധ:പതനത്തിന്റെ അല്ലെങ്കിൽ ഒരു കീഴടങ്ങലിന്റെത് എന്ന് നമ്മൾ വായിച്ചെടുക്കുമ്പോൾ സ്വീകരണത്തിന്റേത് എന്ന ചോയിമാർ വിളിച്ചുപറയുന്നതും കേൾക്കാം . ഐ എസ് കിരാത സേനയിലേക്ക് മരണദൂതുമായി പോകുന്ന മറ്റു ചിലരെയും ഇത്തരുണത്തിൽ ഓർത്തുപോകുകയാണ്. ഇന്ത്യൻ ജനതയുടെ, കേരള ജനതയുടെ യുവത്വത്തിന്റെ താളം തെറ്റിയുള്ള യാത്ര ഈയടുത്ത കാലത്ത് വർദ്ധിച്ചിരിക്കുകയാണ് . മാനവികതയുടെ കൂട്ട് ചേർന്ന് പോകേണ്ട യുവത്വം അസുഖകരമായ കൂടിച്ചേരലിലേയ്ക്കും , വിനാശകരമായ ചെയ്തികളിലേയ്ക്കും സ്വയമേവ നടന്നുപോവുമ്പോൾ “അരുത് ” എന്ന് പറയേണ്ടത് ജീവിതം കണ്ടവരുടെ കടമ. സാഹിത്യകാരന്മാർക്ക് ഏറെ ഉത്തരവാദിത്വമുണ്ട് ഇതിൽ. കുട നന്നാക്കുന്ന ചോയിയുടെ ഒരു സ്ഫോടനം നടത്താൻ ശ്രീ മുകുന്ദന് കഴിഞ്ഞു എന്ന് നമുക്ക് ആശിക്കാം.

എന്നാൽ ചോയിയുടെ കഥ അവസാനിക്കുന്നില്ല എന്നാണറിയുന്നത്. ഇതിന്റെ തുടർച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരുന്നു. നൃത്തം ചെയ്യുന്ന കുടകൾ എന്ന പേരിൽ ഈ കഥ തുടരുന്നു . അതിലൂടെ കുടകൾ തണലേകുന്ന പ്രത്യയശാസ്ത്രമാവുമോ അതോ ഒരിടിത്തീ വീഴലിൽ താങ്ങാനാവാതെ കരിഞ്ഞു പോവുന്ന പാഴ്ജന്മങ്ങൾ ആവുമോ എന്ന് നമുക്ക് കണ്ടറിയാം … വായിച്ചറിയാം…

പുസ്തകം : കുട നന്നാക്കുന്ന ചോയി
പ്രസാധകർ : ഡീ സി ബുക്ക്സ്
വില : 202 / –
282284_442765109075761_273895322_n

2 Comments

  1. പുസ്തക നിരൂപണത്തിന്‍റെ ഒരു രസബലൂണ്‍…..!! അഭിനന്ദങ്ങള്‍.

Leave a Reply

Your email address will not be published.


*


*