പ്രത്യാഗമനം ( കഥ )- അബിത ഷിജിൽ

adult-male-stands-alone-sunrise-staring-towards-foggy-lake-morning-quite-makes-inspirational-location-32704346പോയ്‌പോയ കാലത്തിന്റെ പഴകിയ ഓർമ്മകൾ വേട്ടയാടുന്നതുകൊണ്ടാകണം ആരവങ്ങൾക്കിടയിലും ഇരുളടഞ്ഞ സന്ധ്യയിൽ തനിയെയിരിക്കാൻ ആഗ്രഹിച്ചത്. പലപ്പോഴും അങ്ങനെയാണ്, ഇരുട്ടിനോട് നിശബ്ദമായി സംസാരിച്ചിരുന്നാൽ മനസിനു ഒരയവൊക്കെ കിട്ടും. ചിലപ്പോൾ ഇരുട്ട് ദു:ഖമെന്ന് ചൊല്ലുന്നവരെയോർത്ത് ചിരിക്കും. ഇന്ന് അങ്ങനെയല്ലല്ലോ,
ഇന്നത്തെ ദിവസത്തിന് പ്രത്യേകതയുണ്ടല്ലോ, ഇന്നാണ് ക്രിസ്മസ് രാത്രി. തങ്ങൾ ഫ്ലാറ്റിന്റെ അന്തേവാസികൾ ആ ഒരു രാത്രിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. തങ്ങൾക്കെല്ലാം ഒരുമിച്ച് കൂടി മതിമറന്ന് സന്തോഷിക്കാം. ഭാര്യയും കുട്ടിയും താനും, ഇന്നത് തെറ്റിച്ചെന്ന് പറയാം, എന്തിനെന്ന് അറിയില്ല അവരെ വിട്ട് താൻ ഇറങ്ങിതിരിച്ചു. എന്തോ ഒന്ന് തന്നെ വല്ലാതെ പിടിമുറുക്കുന്നുണ്ടായിരുന്നു. എവിടെക്കോ എടുത്തെറിയാൻ തിരക്കുകൂട്ടുന്ന അദൃശ്യകരങ്ങൾ.
ഓർമ്മകളോ സങ്കൽ‌പ്പങ്ങളോ എന്ന് തിട്ടപ്പെടുത്താനാവാത്തൊരു വഴിയാണ് മുന്നിൽ നീണ്ടുകിടക്കുന്നതെന്ന് ഇടക്ക് ഓർത്തു. അവിടെ പരുന്തിനേക്കാൾ ഉയരത്തിൽ പറന്നു. തന്റെ സ്വപ്നങ്ങളും അങ്ങനെയൊക്കെ ആയിരുന്നല്ലോ! ഏറ്റവും ഉയരങ്ങൾ കീഴടക്കി മുകളിൽ നിന്ന് താഴേക്ക് നോക്കി ചിരിക്കുക. ഒരുതരം പരിഹാസത്തോടെ .
ഒരുകാലത്ത് ഗായു അതിന്റെ ഇരയായിരുന്നു എന്നു വേണമെങ്കിൽ പറയാം . മുറപെണ്ണ്….. എന്തുപറഞ്ഞാലും കേട്ടാലും കുണുങ്ങി ചിരിക്കുന്ന പ്രകൃതക്കാരി. ഇത്രയും കാലത്തെ ജീവിതത്തിന് ഇടയിലും നിറമുള്ള സ്വപ്‌നങ്ങൾ അവളെ കുറിച്ച് മാത്രമായിരുന്നു. അല്ലെങ്കിൽ അവൾ തന്നെയായിരുന്നല്ലോ തന്നിൽ നിറക്കൂട്ടോരുക്കിയത് കുട്ടേട്ടനെ കണ്ടതുമുതലാണല്ലോ താനിങ്ങനെ കീഴ്മേൽ മറിഞ്ഞത്. അയാൾ പലതും ഓർമ്മിപ്പിക്കയോ തന്നെ കുത്തിയിളക്കുകയോ ആയിരുന്നു ആ നിമിഷങ്ങളിൽ. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നവർക്ക് പറഞ്ഞിരിക്കാൻ എന്തെല്ലാം കാണും. പഴയ നാട്ടിൻപുറം, പഴയ വയൽക്കാറ്റ്. അതൊന്നും ഇല്ലാത്ത നഗരത്തിൽ അതിനെ മനസിൽ വിളിച്ചിരുവരുത്തി ആ കാലത്തിലേക്ക് ഇറങ്ങിതിരിക്കുക. കുട്ടേട്ടൻ വരുന്നു എന്ന് കേട്ടപ്പോൾ പെട്ടെന്നൊരു ഉത്സാഹമൊക്കെ ആയിരുന്നു.
കോളിംഗ് ബല്ലമർത്തി നിൽക്കുന്ന കുട്ടേട്ടന്റെ മുഖം ഒട്ടും പ്രസന്നമല്ലെന്ന് കണ്ടപ്പോഴേ രംഗം പന്തിയല്ലെന്ന് തോന്നിയിരുന്നു. ഒന്നുകിൽ കുട്ടേട്ടന്റെ ജോലി നഷ്ടപ്പെട്ടിരിക്കാം, അല്ലെങ്കിൽ വാടക കൊടുക്കാനില്ലാതെ വന്നപ്പോൾ ആ വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നിരിക്കാം. നഗരജീവിതം കീഴ്മേൽ മറിയാൻ ഏറെ നേരമൊന്നും വേണ്ടല്ലോ. മനുഷ്യനു മനുഷ്യനെ വിശ്വാസമില്ലാത്തൊരു ലോകമാണിതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂട്ടത്തിൽ പലരും സ്വന്തം നാട്ടുകാരെയോ ബന്ധുക്കളെയോ അടുപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നത് കാണാം. അവർ തങ്ങൾക്കൊരു ബാധ്യതയായാലോ എന്ന ചിന്തയാണ് പലരേയും ഭരിക്കുന്നത്.
‘ എന്തുപറ്റി കുട്ടേട്ടാ?’
‘ വാ പറയാം.’ അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ അകത്തേക്ക് കയറി, കസേരയിൽ ഒറ്റയിരുപ്പായിരുന്നു. തുടർന്ന് അയാൾ പറഞ്ഞു: ‘ നിന്നെ ഒരൂട്ടം അറിയിക്കാനാ ഓടിയെത്തിയത്. കേൾക്കുമ്പോൾ ഞെട്ടരുത്.’
‘കുട്ടേട്ടാ?!‘
അവൾ ഇന്നും വിവാഹം കഴിച്ചിട്ടില്ല. തനിക്കായ് കാത്തിരിപ്പുണ്ടെന്ന്. മനസിലോ തല മുതൽ പെരുവിരൽ വരെയോ ഇടിവെട്ടിയിറങ്ങുന്നത്. അതൊരു ഞെട്ടലായിരുന്നു എന്നതിനേക്കാൾ തന്റെ തകർച്ചയായിരുന്നു എന്ന് പറയുന്നതാണ് ശരി. അപ്പോഴേക്കും അന്നത്തെ ആ ഇരുട്ട് അതിലേറെ കനത്തോടെ തന്നെ ആക്രമിക്കാൻ തുടങ്ങി. ആ ഇരുപ്പിൽ വീണുപോയേക്കുമെന്ന് പോലും തോന്നി.
കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോഴേക്കും വിഷയത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു .കുട്ടേട്ടൻ വിടുന്ന ലക്ഷണമില്ല. അയാൾക്ക് പലതും പറയാനുണ്ട്, താനും അവളുമായി മറ്റെന്തൊക്കെയോ കൂട്ടിയിണക്കാനുണ്ട്. അപ്പോളെക്കും ഒരു രക്ഷകയെന്നപോലെ മാലതിയും മകളും കടന്നു വന്നു . തന്റെ ഭാര്യയും മകളും ആണന്ന് കുട്ടേട്ടനെ പരിചയപെടുത്തി . അപ്പോൾ അയാളിലൊരു ഇടിമുഴക്കം ഉണ്ടായോ, അയാൾ ഇല്ലാത്തൊരു ഇരുട്ടിന്റെ അടിത്തട്ടിലേക്ക് പതിക്കുന്നുവോ. പിന്നീടൊന്നും പൂരിപ്പിക്കാനാവാതെ ആ ചുണ്ടുകൾ നിശ്ചലമാകുന്നത് കണ്ടു . പിന്നെ അയാൾക്ക് എങ്ങനെയെങ്കിലും രംഗം വിട്ടാൽ മതിയെന്നായി. പോകാൻ നേരം ഇത്രമാത്രം കുട്ടേട്ടൻ കാതിൽ മന്ത്രിച്ചു;
“നീ അവളെ ചെന്നൊന്നു കാണണം , മരിക്കും മുൻപ് …. കാൻസർ ആണ് അവൾക്ക് … ഇനി എത്രനാൾ കൂടി… വിറയ്ക്കുന്ന കൈത്തലങ്ങളിൽ ഒന്ന് മുറുകെ പിടിച്ചതല്ലാതെ ഒരുവാക്ക് പോലും മിണ്ടാനായില്ല.
തന്റെ മുറപ്പെണ്ണ്. എന്നാണവൾ തന്നിലൊരു നാളമായി വളരാൻ തുടങ്ങിയത്? “എന്നുമുതൽക്കാണ് തന്റെ കണ്ണുകൾ ഉടലളക്കാൻ ശീലിച്ചത് ആദ്യമാദ്യം അതിനു പ്രത്യേകിച്ചൊരു അർത്ഥവും ഇല്ലായിരുന്നുവെന്നത് നേര്. എങ്കിലും മനസ്സിന്റെ ഉള്ളറയിൽ എവിടെയോ അവൾ നീറിപുകയാൻ തുടങ്ങി. അടിവേരുകൾ കൂടുതൽ ശക്തിയാർജിച്ച് തന്നെയൊരു തേരുപോലെ വലിച്ചുകൊണ്ടിരുന്നു.
നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് പുറകിലേക്ക് പാണ്ടൻ കുതിരയെ പോലെ മനസ് പായുകയാണ് ….. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ്.
അന്ന് ഗായുവുമായി ഉള്ളിൽ ഏങ്ങലടിക്കുന്ന തിരകളുടെ പൊരുൾ പങ്കുവയ്ക്കണമെന്നേയുണ്ടായിരുന്നുള്ളൂ. തന്നെ അവൾക്ക് മുന്നിൽ തുറന്നുപിടിക്കുക, ഹൃദയത്തിൽ ഒരൊപ്പായി അവളെ പതിപ്പിക്കുക. ക്രിസ്മസ് കരോൾ കാണാൻ പോകണം എന്ന് പറഞ്ഞ അവളെയും കൂട്ടി ഇരുട്ടിനെ കീറിമുറിച്ച് നടക്കുമ്പോൾ ആ ഇരുട്ടെല്ലാം തന്റെ മനസ്സിലെക്കാണ് വന്ന് കയറിയതെന്നു അറിഞ്ഞില്ല. കൈതക്കാട്ടിൽ തേവിയ തോടിനോട് ചേർന്ന് താനവളെ വട്ടം പിടിച്ചത്, തന്നോട് അണച്ചുപിടിച്ചത്…. പക്ഷേ അവൾ എതിർക്കാൻ ശ്രമിച്ചപ്പോൾ ഏതൊരു പുരുഷനേയും പോലെ താനും-…. കൈതക്കാട്ടിൽ എന്താണപ്പോൾ അമറുന്നത് എന്നറിയില്ല. തന്നിൽ നിന്നും എല്ലാ ഭയവും ഒഴിഞ്ഞിരുന്നു. താൻ താനല്ലാതായി കഴിഞ്ഞിരുന്നു. അതിനിടയിൽ അവൾ അലമുറയിട്ട് കരയുമെന്നൊ നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടുമെന്നോ ഓർത്തില്ല . അവളുടെ ഓട്ടം അവസാനിക്കുന്നത് അമ്മാവനരികെയാവുമെന്നും, അവിടെ നടന്നത് വള്ളിപുള്ളി വിടാതെ അവൾ അവതരിപ്പിക്കുമെന്നും ഊഹിച്ചു. അതുകൊണ്ടാണ് അമ്മാവന്റെ ശിക്ഷ ഭയന്ന് നാടുവിട്ടത്.
ഓർമകൾ വേട്ടയാടിക്കൊല്ലുമെന്നുറപ്പായപ്പോൾ പിന്നെ നേരെ വണ്ടി കയറുകയായിരുന്നു. നാളെ രാത്രി അതേ ഇരുണ്ട ക്രിസ്മസ് രാത്രി നാട്ടിലെത്താം.
ട്രയിനിറങ്ങി മാറ്റമില്ലാതെ നിലനിൽക്കുന്ന തടിപ്പാലം കടന്ന് നടക്കുമ്പോളും അവളുടെ ചിരിയും മുഖവും മാത്രമായിരുന്നു മനസ്സിൽ. ത്രസിപ്പിക്കുന്ന നോട്ടവും കൊതിപ്പിക്കുന്ന ചന്ദന ഗന്ധവും അത്തിപ്പഴം പോലുള്ള ചുണ്ടുകളും മൂടറ്റം ചുളിഞ്ഞു പുഴ പോലെ കിടക്കുന്ന കേശഭാരവും…. ഇന്നും അവളോട് വല്ലാത്തൊരു കൊതി തന്നെയാണ് – അടങ്ങാത്ത അലകൾ തന്നെയാണ് തന്നിലവൾ.

സൂര്യരഥം പിൻവലിച്ച് ക്രിസ്മസ് പാപ്പാ ചന്ദ്രരഥവുമായി പുറപ്പെട്ടിരിക്കുന്നു. ചുവന്നു തുടുത്ത കിരണങ്ങൾ മാഞ്ഞ്, ഇരുട്ടിന്റെ കമ്പളം ആകാശമാകെ പുതച്ചിരിക്കുന്നു. തന്നിലെ സാത്താനെ പുറത്ത് ചാടിച്ച അന്നത്തെ ക്രിസ്മസ് ദിനത്തിലെ അതേ ഇരുട്ടും രാവും. നാടാകെ മാറിയിരിക്കുന്നു, ജീവിതത്തിൽ കറുത്തൊരദ്ധ്യായം തുന്നിച്ചേർത്ത കൈതക്കാടും തോടും ഇന്നില്ല. അവിടെ ഒരു മണിമാളികയാണിപ്പോൾ. തന്റെ ഓർമ്മകളുടെ താജ്മഹലാണെന്ന് തോന്നിക്കും പോലെ,
കുട്ടികൾ ക്രിസ്മസ് പാപ്പായുമായി തലങ്ങും വിലങ്ങും പാട്ടും പാടി ഉല്ലസിച്ച് നടക്കുകയാണ്. ഈ തിരക്കുകൾക്കിടയിൽ ആരും തന്നെ തിരിച്ചറിയുന്നില്ലെന്നത് സമാധാനിപ്പിച്ചു. ശരിക്കും താനൊരു ഭീരുതന്നെയെന്നോർത്ത് ലജ്ജ തോന്നിയ നിമിഷം

പാടം കടന്ന് ചെല്ലുന്നതാണ് വീട് ; അകലെ നിന്നേ കാണാം തറവാടിന്റെ രാജകീയ കവാടം . നെഞ്ചിടിപ്പോടെയാണ് ഓരോ കാലടികളും മുന്നോട്ട് വെച്ചിരുന്നതെങ്കിലും ഗായുവിനെ കാണാനുള്ള ആവേശം കുത്തി നിറച്ച് നടപ്പിന് വേഗം കൂട്ടി.
ലഹരിയിലാണ്ടവനെ പോലെ മുറ്റത്ത് കാലുകൾ ഉറക്കാതെ നൃത്തം വെക്കാൻ തുടങ്ങി പരിസരമാകെ പുകഞ്ഞെരിഞ്ഞ ചന്ദന തിരിയുടെയും എരിഞ്ഞമർന്ന മനുഷ്യമാംസത്തിന്റെയും ഭർഭയുടെയും രൂക്ഷഗന്ധം തളം കെട്ടിയിരിക്കുന്നു .പകുതി മരവിച്ച ശരീരവുമായി ഇടറുന്ന ശബ്ദത്തിൽ ‘ഇവിടെയാരുമില്ലേ ,’എന്ന് ചോദിക്കാൻ നന്നേ പണിപ്പെട്ടു. ഗായുവാകരുതേ ഈ മണ്ണിലലിഞ്ഞിറങ്ങിയതെന്ന് മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.
പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയാണ് അന്നേരം പൂമുഖത്ത് പ്രത്യക്ഷപ്പെട്ടത് –
ഗായു- “!!
തന്റെ ശബ്ദം വല്ലാതെയിടറിയിരുന്നു. തന്നെ കണ്ടതോടെ കരഞ്ഞു തളർന്ന ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അണമുറിയാതെ ധാരധാരയായ് പൊഴിയാൻ തുടങ്ങി . ആ കണ്ണുനീർ തന്നോട് മൌനമായ ഭാഷയോടെ പലതും സംസാരിച്ചുകൊണ്ടിരുന്നു – താനറിയാതെ പോയ പൊയ്പോയ കാലത്തിലെ കുറെയേറെ കഥകൾ.
ആ കണ്ണുകൾക്ക് ഗായുവിന്റെ കണ്ണിന്റെ അതേ വശ്യതയും തീഷ്ണതയുമായിരുന്നു “മോളെ”!! എന്നുവിളിക്കാനുള്ള ശ്രമത്തിനെ വൃഥാവിലാക്കികൊണ്ട് ആ പടിയിൽ തന്നെ താൻ കുഴഞ്ഞ് വീണു. വേച്ചു വെച്ച് കുഴിമാടത്തിന്റെ അരികിൽ എത്താൻ നന്നേ പാടുപെട്ടു. മാപ്പ് പറയാൻ പോലും നിന്ന് തരാതെ തന്നെ പാപഭാരത്തിന്റെ കൈപ്പുനീരിലാഴ്ത്തി അവളെ വാരീപുണർന്നു വാവിട്ട് കരഞ്ഞു നിലവിളിച്ചു . ഒരു ഭ്രാന്തനെപോലെ… കാറ്റായി അവൾ സ്വാന്തനമേകി . കാറ്റിന്റെ വിരലുകൾ തന്നെ ചേർത്തുപിടിച്ചു. അവളുടെ സാമിപ്യം തിരിച്ചറിഞ്ഞു. പറഞ്ഞു തീർക്കാനുള്ളതൊക്കെയും പറഞ്ഞ് തീർത്തെന്ന നിർവൃതിയോടെ തിരിഞ്ഞ് നോക്കാതെ പടിയിറങ്ങുമ്പോൾ വരാന്തയിൽ കണ്ട ആ കണ്ണുകൾ തന്നെ തിരിച്ചുവിളിച്ച് കൊണ്ടിരുന്നു. ഒരു പിൻതുടർച്ച പോലെ. ഈ തിരിച്ചു പോക്കും ഒരു പ്രത്യാഗമനത്തിന് തന്നെയാകണമെന്ന് മനസ്സ് മന്ത്രിച്ചു – മകളെ… ഈ അച്ഛന് മാപ്പ് തരൂ… തന്റെ ശബ്ദം, തന്റെ ശ്വാസമെല്ലാം പുറത്തേക്ക് വരാതെ ഉള്ളിൽ ചുഴിയായി മാറി. രാത്രിയുടെ കരങ്ങൾ തന്നെ വിരിഞ്ഞുമുറുക്കുന്നു. താൻ താനല്ലാതാവുകയാണോ, അല്ലെങ്കിൽ എന്നന്നേക്കുമായി ഈ ഇരുട്ടിൽ കുഴിച്ചുമൂടപ്പെടുകയാണോ. അകലെ ആ ഓട്ടുവിളക്കിലെ തിരി കാറ്റെടുത്ത് നീക്കിയത് പോലെ തന്നിൽ നിന്നും തന്നേയും ആരോ…
17021572_1791072657585633_8969442360411606020_n

1 Comment

Leave a Reply

Your email address will not be published.


*


*