കെലിൻ (സിനിമ ) -അനൂപ്‌ നെടുവേലി

kelin_zoomവിവസ്ത്രയായ ഒരു പെൺകുട്ടിയെ അവർ ഒരുക്കുകയാണ്. ദേഹത്ത് വാസനതൈലം പുരട്ടി വസ്ത്രങ്ങളും ആടയാഭരണങ്ങളും അണിയിച്ച് തലയിൽ ഒരു പ്രത്യേക തരം കിരീടം ചൂടി അവളെ പുറത്തേക്കിറക്കി. മഞ്ഞു മലകളാൽ ചുറ്റപ്പെട്ട കുടിലിൽ നിന്നും അവൾ പുറത്തേയ്ക്കിറങ്ങി, ഒരു ഒറ്റപ്പെട്ട വീട്ടില്‍നിന്നും. കുതിരയുമായി കാത്തുനിന്ന ഒരാൾക്കൊപ്പം അവളെ വീട്ടുകാർ പറഞ്ഞു വിടുന്നു. അവൾ നടന്നു പോകുന്ന വഴിക്കു പിന്നാലെ ശുദ്ധികലശമെന്നോണം വെള്ളം തളിച്ചു വൃത്തിയാക്കുന്ന അമ്മ. മുഖത്തെ വിഷാദത്തിന്റെ ചുവപ്പ് വ്യക്തമായി പ്രതിഫലിപ്പിച്ച് കടന്നു പോകുന്ന അവളാണ് ‘കെലിൻ’.

കെലിൻ എന്ന ചിത്രം പ്രേക്ഷകനോട് ഉരിയാടുന്നില്ല. പ്രകൃതിയുടെ ശബ്ദവും യാദൃച്ഛികമായ ചില മുരൾച്ചകളും മാത്രമാണ് ചിത്രത്തിൽ ഉടനീളം. അതുകൊണ്ടു തന്നെ കെലിൻ എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ച ഏർമേക് ടർസുനോവ് ‘കെലിനി’ൽ വ്യത്യസ്‌തത പുലർത്തി വിജയത്തിലെത്തിച്ചു. കസാക്കിസ്‌ഥാനിലെ അൽത്തായി മലനിരകളിൽ ചിത്രീകരിച്ച ചിത്രം ഭാഷയില്ലാത്ത ചരിത്രാതീത കാലത്തെ ഒരു ത്രികോണ പ്രണയമാണ് ഇതിവൃത്തമാക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ മാനസ്സികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ചിത്രം പങ്കു വയ്ക്കുന്നു. പണമില്ലാത്തവനിലെ പ്രണയത്തിൽ നിന്നും കെലിനെ വലിച്ചിഴച്ച് പണമുള്ളവന് കൈമാറുമ്പോൾ നിസ്സഹായാവസ്‌ഥയുടെ പ്രതിഫലനം വ്യക്തമാണ്. തന്റെ ഭർത്താവിൽ നിന്നും ആദ്യം അവളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ലൈംഗിക അതിക്രമം ദിവസങ്ങളുടെ കടന്നുപോക്കിൽ അവളും ആസ്വദിക്കുന്നു. തുടർന്ന് കെലിന്റെ ഭർത്താവ് മരിക്കുന്നു. അയാളുടെ ശവശരീരവും പേറി മല മുകളിൽ കഴുകന്റെ വരവും കാത്തു കെലിനും അയാളുടെ അമ്മയും സഹോദരനും ദിവസങ്ങളോളം കാത്തിരിക്കുന്ന രംഗം ഏറെ വേദനിപ്പിക്കുന്നതാണ്. തുടര്‍ന്ന് തന്റെ ഭർത്താവിന്റെ കൗമാരക്കാരനായ അനുജനുമൊത്ത് കെലിൻ കിടപ്പറ പങ്കിടുകയും ചെയ്യുന്നു. അത് കെലിന്റെ ഭർതൃമാതാവിന് താല്പര്യവുമായിരുന്നു. മുറികൾ യാതൊന്നുമില്ലാത്ത കുടിലിൽ അവർ എല്ലാത്തിനും സാക്ഷിയുമായിരുന്നു.

തുടർന്നുള്ള സംഭവ വികാസങ്ങളിൽ കെലിന്‍ തന്റെ പൂർവ്വ സ്നേഹിതനെ കാണുകയും ഭർതൃസഹോദരനിൽ നിന്നും ലഭിക്കാത്ത ലൈംഗികതയുടെ പൂർണ്ണത അയാളിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു.
വ്യത്യസ്‍തമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും  പുറകെ സഞ്ചരിക്കുന്ന ചിത്രം മുറാട്ട് അലിയേവിന്റെ ഛായാഗ്രഹണ വൈദഗ്ദ്യത്തില്‍  പ്രേക്ഷകനില്‍    കാഴ്ചകളുടെ വിസ്മയമൊരുക്കി. സംഭാഷണം ഇല്ലാത്തതു കൊണ്ടുതന്നെ ഈടിൽ കസൈനോവിന്റെ സംഗീതം ചിത്രത്തിൽ ഉടനീളം ഒഴുകി നടന്നു. കൂടാതെ പ്രേക്ഷകരിൽ ഏകാഗ്രത കൊണ്ടുവരാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
നിറവയറുമായി എഴുന്നേറ്റു നിന്ന് മുന്നിലെ മരത്തടിയിൽ മുറുകെപ്പിടിച്ചു പ്രസവ വേദനക്കൊടിവിൽ കെലിന്റെ ശബ്ദമിടറി കുഞ്ഞിന്റെ കരച്ചിൽ ഉയർന്നപ്പോൾ ചിത്രം നമ്മോടു പറയാൻ ശ്രമിച്ച സാമൂഹിക പ്രസക്തിയും അതിലുപരി മനുഷ്യ മനസ്സുകളുടെ ചാഞ്ചാട്ടവും അക്ഷരങ്ങളിൽ എഴുതി ചേർക്കുന്നതിനുമപ്പുറമാണ്. ചിത്രത്തിലുടനീളം നമ്മെ ചിന്തിപ്പിക്കുന്ന, ഞാനും നിങ്ങളും കണ്ടിട്ടില്ലേ എന്ന് സ്വയം ചോദിച്ചു പോകുന്ന മുഹൂർത്തങ്ങളിലൂടെ ചിത്രം കടന്നുപോയി. കാഴ്ചക്കാരനോട് കെലിൻ ഉരിയാടിയില്ലെങ്കിലും കെലിനെപ്പറ്റി പ്രേക്ഷകർ ചർച്ച ചെയ്തു. ഇനിയും അത് തുടരും….
14732121_1815874328659216_5004463647125724861_n

Be the first to comment

Leave a Reply

Your email address will not be published.


*


*