യാ ഹുദാ (നോവല്‍)- അനീഷ്‌ തകടിയില്‍

അദ്ധ്യായം മൂന്ന് — ദർപ്പൺ
______________________

പുതിയ ഡയറക്ടർ ചാർജെടുക്കാൻ വരുന്നതിന്റെ തിരക്കിലാണ് ദർപ്പൺ ടി.വി. ചാനല്‍ സദാസമയവും പിരിമുറുക്കത്തിലാണ്. ഇരുപത്തിനാലു മണിക്കൂറും തിരക്കുതന്നെ.അതിരാവിലെ തുടങ്ങുന്ന വാർത്താസംപ്രേക്ഷണം, ലൈവ് ഷോ, ഇന്റർവ്യൂകൾ , പാർലമെന്റ് റിപ്പോർട്ടിംഗ്, കറന്റ് അഫയേഴ്സ്, സംവാദങ്ങൾ, പിന്നെ വൈകുന്നേരം 7 മണി മുതൽ രാത്രിയോളം നീളുന്ന വിചാരണകൾ, വിഴുപ്പലക്കൽ , ചെളിവാരിയെറിയൽ. അങ്ങനെ പോകുന്നു ഓരോ ദിനവും. പുതിയ ഡയറക്ടർ ശിവ പ്രസാദ് ചൌഹാൻ. വെളുത്തു മെലിഞ്ഞു മനുഷ്യൻ . അധികം പ്രായമില്ല. അപാര തലക്കനം. ഒരു മസിലു പിടിത്തം കാണാം നടപ്പിലും ഭാവത്തിലും. ആനന്ദിന് അയാളെ തീരെ സുഖിച്ചില്ല. ‘ശവപ്രസാദ്’ എന്നായിരുന്നു കൂടുതൽ ചേരുക. അയാളോർത്തു.

ഉച്ചയ്ക്ക് മീറ്റിങ്ങാണെന്നു ഓഫീസ് അസിസ്റ്റന്റ്‌ മോഹൻ വന്നു പറഞ്ഞു. മോഹൻ ബംഗാളിയാണ്. അയാൾ ഇടയ്ക്കിടെ ചുണ്ട് കടിക്കും. കിളി കരയുന്ന പോലെയുള്ള ശബ്ദം. ബംഗാളിനെ കുറിച്ചു പറയുമ്പോൾ നൂറു നാവാണ്. ആനന്ദും ബംഗാളിയായതിനാൽ അയാൾ വെറുതെയെന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. അയാൾ മിക്കവാറും ഒറ്റയ്ക്കായിരുന്നു. അധികം ആരോടും ബഹളം വയ്ക്കാതെ സ്വന്തം ലോകത്ത്. പുതുതായി ജേർണലിസം കോഴ്സ് കഴിഞ്ഞ് internship നു വന്ന പിള്ളേർ ആകെ ഉഷാറിലാണ്. വളരെ ത്രില്ലിൽ . ഭാരതത്തിന്റെ നാലാം നെടുംതൂണിന്റെ ശക്തി അവർ ആസ്വദിക്കുന്നു. ആനന്ദ് ഉള്ളിൽ ചിരിച്ചു. നാളത്തെ കൂലിയെഴുത്തുകാർ . അല്ലാതെയെന്ത്‌ ?
ഏതൊക്കെയോ മുതലാളിമാർക്ക് വേണ്ടി എഴുതുന്നു, ഓടുന്നു. കുറച്ചു നാൾ കഴിഞ്ഞ് ഈ കൂട്ടില്‍ നിന്നും മറ്റൊന്നിലേക്ക്‌ . മാ‍ധവ്ജിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ജീർണ്ണവസ്ത്രം ഉപേക്ഷിച്ചു മറ്റൊന്ന്’. അല്ല, അയാളുടെ സ്വന്തം പ്രയോഗമല്ല. ഗീതയിലോ മറ്റോ ഉള്ളതാണ് . ഒരർത്ഥത്തിൽ ഇത് ജീർണ്ണവസ്ത്രം തന്നെ. അപ്പോൾ നമ്മൾ ജീർണ്ണലിസ്റ്റുകള്‍ . ആനന്ദിനു ചിരിയും ദേഷ്യവും വന്നു.
പുതിയ ഡയറക്ടർ സ്വയം പരിചയപ്പെടുത്തി. അയാളുടെ പഴയ കുറെ വീരഗാഥകൾ പറഞ്ഞു. പുറകിൽ ക്യാമറമാൻമാർ കമന്റടിച്ചു തകർക്കുന്നു. എം.ഡി . ശ്രീറാം സിൻഹ പതിവുപോലെ മീശ പിരിച്ചു കൊണ്ടിരിക്കുന്നു.
““ഇയാൾ ബാക്കിയുള്ളതും കൂടി പിഴുതെടുക്കും“.
ക്യാമറാമാൻ അഭിജിത്ത് പിറുപിറുത്തു. ഒരു ചിരി ഉയർന്നെങ്കിലും പെട്ടെന്നെല്ലാവരും സ്വയം നിയന്ത്രിച്ചു.
“ ഇന്ന് മുതൽ ഞാൻ നിങ്ങൾക്ക്‌ പുതിയ assignment തരാൻ പോകുന്നു. സീനിയർ പ്രൊഡ്യൂസേഴ്സ് നിങ്ങളുടെ റെഗുലർ ഡ്യൂട്ടിയോടൊപ്പം രണ്ടു പ്രോഗ്രാമുകൾ കൂടി ചെയ്യണം. രാഷ്ട്രീയം വേണമെന്നില്ല. അതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷെ ഒന്നുണ്ട്. ഞങ്ങൾ ഈ സ്ഥാപനം നടത്തുന്നത് ലാഭമുണ്ടാക്കാനാണ്. നാട് നന്നാക്കാൻ മാത്രമല്ല”.
എം. ഡി പറഞ്ഞു. ശിവപ്രസാദ് കൈയടിച്ചു.
മീറ്റിംഗിൽ ഇരിക്കുമ്പോഴും ആനന്ദ് മറ്റെങ്ങോ ആയിരുന്നു. കുറെക്കഴിഞ്ഞാണ് സ്ഥലകാലബോധം വീണ്ടുകിട്ടിയത്.
ഓ ഇനി ഒരു പ്രോഗ്രാം കൂടിയോ? ആലോചിക്കാൻ വയ്യ. ഇപ്പോൾ തന്നെ സമയം തികയുന്നില്ല. അപ്പോഴിനി പുതിയൊരു സബ്ജക്റ്റ് കണ്ടെത്തണമല്ലോ. അയാളോർത്തു
“സാറിനെ എം.ഡി. അന്വേഷിക്കുന്നു”. മോഹൻ വന്നു പറഞ്ഞു. അയാൾ എം. ഡി. യുടെ മുറിയിലേക്ക് ചെന്നു.
എം.ഡി. തന്റെ ഒട്ടും ചെറുതല്ലാത്ത കുടവയർ കോട്ടിനുള്ളിൽ ഒളിപ്പിച്ച് കസേരയിൽ ചാരിക്കിടക്കുന്നു.
“സാർ”
“അതെ, ആനന്ദ് , ഞാൻ പലപ്പോഴും പറയണമെന്നു വിചാരിക്കുകയായിരുന്നു. നിങ്ങൾക്ക് ഞാൻ ശമ്പളം തരുന്നത് എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനാണ് . അല്ലാതെ മറ്റു പ്രസിദ്ധീകരണങ്ങളിൽ എഴുതാനല്ല. ഇതിവിടെ പറ്റില്ല. നിങ്ങളുടെ കഴിവിനെ ഞങ്ങൾ അംഗീകരിക്കുന്നു. എന്ന് കരുതി ഇത്തരം പരിപാടികൾ ഇവിടെ കാണരുത്”.
ആനന്ദ് പല്ല് ഞെരിച്ചു.
“ഞാൻ സാറിന്റെ ചാനൽ assign ചെയ്ത എല്ലാ ഡ്യൂട്ടികളും ഭംഗിയായി തീർത്തിട്ടുണ്ട്. എന്റെ പ്രോഗ്രാം റേറ്റിംഗിൽ ആണോ അല്ലയോ എന്ന് സാർ അന്വേഷിച്ചു നോക്കൂ. പിന്നെ, എന്റെ ഫ്രീ ടൈം എങ്ങനെ spend ചെയ്യണമെന്നു ഞാനാണ് തീരുമാനിക്കേണ്ടത് . നിങ്ങളല്ല. നിങ്ങൾ സമയം കിട്ടുമ്പോൾ കള്ളു കുടിക്കുന്നില്ലേ ? രാത്രിയിൽ കാട്ടികൂട്ടുന്ന വൈകൃതങ്ങളൊക്കെ ഇവിടെ പാട്ടാണ്. പക്ഷെ ഇതൊന്നും എന്റെ വിഷയമല്ല. അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ. ഇത് എന്റെ സ്വകാര്യതയാണ്‌. എന്റെ വ്യക്തിത്വം ഞാൻ നിങ്ങളുടെ സ്ഥാപനത്തിന് തീറെഴുതി തന്നിട്ടില്ല. പിന്നെ, നിങ്ങൾ അറിയാത്ത ഒരു കാര്യമുണ്ട്. ബംഗാളിലെ ആദ്യകാല കമ്മ്യൂണിസ്റ്റായിരുന്ന അനുരൂപ് മുഖർജിയുടെ മകനാണ് ഞാൻ. എന്റെ അച്ഛനും ജേർണലിസ്റ്റായിരുന്നു. തീ കൊണ്ടെഴുതിയ ജേർണലിസ്റ്റ് . ഞാനും തീയിൽ കുരുത്തതാ സാർ. പെട്ടെന്നൊന്നും വാടില്ല”.
ആനന്ദ് മുറിയിൽ നിന്നും ഇറങ്ങിപ്പോയി. എം. ഡി . തരിച്ചിരുന്നു. അയാളോർത്തു, അനുരൂപ് മുഖർജിയുടെ മകൻ ഇങ്ങനെയായില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ആനന്ദ് ആകെ കലിയിളകിയിരിക്കുമ്പോൾ തെരേസയുടെ ഫോൺ.
“ആനന്ദ്, ഞാൻ നാഷണൽ ലൈബ്രറിയിൽ ഉണ്ട്. പറ്റുമെങ്കിൽ കാണാം“.
“ഓക്കെ, വൈകുന്നേരം കാണാം“. അയാൾ ഓഫീസ് വിട്ടിറങ്ങി.
15732339_1853090154972679_3908091792069724073_o

3 Comments

  1. എഴുത്ത് പുരോഗമിക്കുന്നു, രുചികരമായ ഭാഷയോടെ, ദേശത്തിന്റെ പോയ കാലത്തിലൂടെ വായനക്കാരെ കൈപിടിച്ചുനടത്തുന്നത്.. എഴുത്ത് തുടരുക, ആശംസകളോടെ..

Leave a Reply

Your email address will not be published.


*


*