പാത്തുവിന്‍റെ ‘പുല്ലിംഗം’ (കഥ) – സുരേഷ് പ്രാര്‍ത്ഥന

16998845_1050347715070690_3082899366418671630_nപാത്തുവിനെ എങ്ങനെ വേണമെങ്കിലും പരിചയപ്പെടുത്താം. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിന്നോ, കൌമാരത്തിന്റെ കരുതലില്‍ നിന്നോ, യൗവനത്തിന്റെ ആകുലതകളില്‍ നിന്നോ, എവിടെ നിന്ന് വേണമെങ്കിലും പാത്തുവിനെ പരിചയപ്പെടുത്തി തുടങ്ങാം. എവിടെ നിന്ന് തുടങ്ങിയാലും പാത്തു ഒരു കഥാപാത്രമായി മാത്രം ഒതുങ്ങില്ല, കാരണം പാത്തു തന്നെ ഒരു കഥയാണ്, വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അപ്പുറത്തുള്ള ഒരു വലിയ കഥ.

അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു രാത്രി, മരക്കച്ചവടക്കാരന്‍ അവറാന്‍കുട്ടി മുറ്റത്ത് അസ്വസ്ഥനായി ഉലാത്തുന്നു (ഭാര്യയുടെ ഇതിനു മുമ്പുള്ള നാല് പ്രസവത്തിലും അവറാന്‍കുട്ടി ഇങ്ങനെ ഉലാത്തിയിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു!). അവറാന്‍കുട്ടിയുടെ ഉമ്മ അടച്ചിട്ട വാതിലിന്റെ കട്ടിളയില്‍ ചാരിയിരുന്ന് തന്റെ പത്ത് വിരലിലെ നഖങ്ങളും ഏകദേശം തിന്നു തീര്‍ത്തിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കൈകള്‍ മേലോട്ടുയര്ത്തി പ്രാര്‍ത്ഥിക്കുന്നുണ്ട് . അവറാന്‍കുട്ടിയുടെ മൂത്ത മകള്‍ പാതി തുറന്ന വാതിലിലൂടെ നീണ്ടു വരുന്ന കൈകളിലേക്ക് പഴന്തുണികളും ചൂട് വെള്ളവും ഇടയ്ക്ക് കൈമാറുന്നു. മറ്റു മൂന്നു പെണ്മക്കള്‍ വരാന്തയുടെ ഒരു കോണില്‍ ഭയം നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്നു. അടച്ച മുറിയില്‍ പേറ്റിച്ചി വേലമ്മ തന്റെ ജീവിതത്തിലെ പരീക്ഷണം നിറഞ്ഞ മറ്റൊരു പ്രസവം കൂടി എടുക്കുകയാണ്. ഇത്രയും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാത്തതല്ല അവറാനെയും ഉമ്മയേയും അലട്ടുന്നത്. എട്ടാംമാസം തൊട്ട് തുടങ്ങിയ ‘ഉച്ചാച്ചി’യുടെ ‘ഊത്ത് പ്രാര്‍ത്ഥനകളില്‍’ കോഴിക്കൂട് മൊത്തം കാലിയായിരിക്കുന്നു. ഓരോ ആഴ്ചയിലും ഉച്ചാച്ചി ഊതി കുമിള പൊന്തിച്ച വെള്ളം വെറും വയറ്റില്‍ കുടിച്ച് അവറാന്‍ കുട്ടിയുടെ കെട്ട്യോള്‍, ബീയാത്തു, പല തവണ ശര്‍ദ്ദിച്ചിരിക്കുന്നു  (ഉച്ചാച്ചിയുടെ അഭിപ്രായത്തില്‍ രണ്ടു തവണ ശര്‍ദ്ദിച്ചാല്‍  പോലും ജനിക്കുന്നത് ആണായിരിക്കും!). ‘ആ പണ്ടാറക്കാലനോട് പല്ല് വെളുക്കീട്ടു വന്നിട്ട് ഊതാന്‍ പറയീ’ എന്ന ബീയാത്തുവിന്റെ വിലാപം അവറാന്‍കുട്ടിയും ഉമ്മയും കാര്യമാക്കിയില്ല . ഉച്ചാച്ചിയുടെ കാറ്റ് കയറിയ വെള്ളത്തില്‍ പെണ്‍കുട്ടികളെ സൃഷ്ടിക്കുന്ന ജിന്നുകളെ ബീയാത്തു ഓക്കാനിച്ചു കളയുന്നത് കണ്ടു അവറാന്‍ കുട്ടിയും ഉമ്മയും ഒരുപാട് സന്തോഷിച്ചു. ഉച്ചാച്ചി സാധാരണക്കാരനല്ലെന്നും, വലിയ സിദ്ധിയുള്ള ആളാണെന്നു ഉച്ചാച്ചിയടക്കം പലരും പറഞ്ഞ് അവറാന്‍കുട്ടിക്ക് അറിയാം. ഇരുട്ട് മാറുന്നതിനുമുമ്പ് പള്ളിയിലെത്തി ഖബറില്‍ നിന്നും നാട് തെണ്ടാന്‍ ഇറങ്ങിയ ജിന്നുകളെയെല്ലാം തന്റെ ബാങ്ക് വിളികൊണ്ട് ഉച്ചാച്ചി അവരവരുടെ ഖബറുകളിലേക്ക് ആട്ടിപ്പായിക്കുന്നു. ജിന്നുകള്‍ ഇല്ലാത്ത വഴിയിലൂടെ ആളുകള്‍ സമാധാനത്തോടെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് മടങ്ങുന്നു. പനി വന്നും വയറിളക്കം വന്നും കിടക്കപ്പായയില്‍ നിന്ന് എണീക്കാന്‍ കഴിയാത്തവര്‍, ഉച്ചാച്ചി ‘ഊതി’ കുമിള പൊന്തിയ വെള്ളം കുടിച്ചാല്‍ പയറുപോലെ ഓടിനടക്കുമെന്ന് പലരും വിശ്വസിക്കുന്നു (അങ്ങനെ വെള്ളം കുടിച്ച് ആരെങ്കിലും മയ്യത്തായാല്‍ അത് ഉച്ചാച്ചിയില്‍ വിശ്വാസമില്ലാതെ വെള്ളം കുടിച്ചതുകൊണ്ടാണ് എന്ന് പറയാന്‍ ഉച്ചാച്ചി ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്!). ഓരോ ആഴ്ചയും അഞ്ചിന്റെ ഒരു നോട്ടും കീശയിലിട്ടു പല്ലിന്റെ ഇട തോണ്ടി ഉച്ചാച്ചി പുറത്തിറങ്ങുമ്പോള്‍ ബീയാത്തൂന്റെ വലിയ വയറില്‍ നോക്കി പറയും ‘അവറാനേ ജ്ജ് ബേജാറാവണ്ട, ഇത്തവണ അണക്ക് ഒരു ആങ്കുട്ടി ആവും, മ്മള് പടച്ചോനോട് പറഞ്ഞതൊക്കെ മൂപ്പര് കേട്ടിരിക്ക്ണ്’. ഉച്ചാച്ചി പ്രാര്‍ഥിച്ചിട്ട് പലര്‍ക്കും ആണ്‍കുട്ടികള്‍ ഉണ്ടായ കഥ അവറാനും കേട്ടിട്ടുണ്ട് (അതില്‍ പലതും ഉച്ചാച്ചി തന്നെ പറഞ്ഞതാണെങ്കിലും!).

പടച്ചോന് ഉച്ചാച്ചിയുടെ പ്രാര്‍ത്ഥന ഇഷ്ടപ്പെട്ടില്ലായിരിക്കും!. ഒരു കുഞ്ഞു കരച്ചിലിനെ തുടര്‍ന്നു വേലമ്മ വാതില്‍ തുറന്നു നിരാശയോടെ ‘ഇതും പെണ്ണാ’ ന്നു പറഞ്ഞ് വാതിലടച്ചു (വേലമ്മയ്ക്കും വിഷമമുണ്ട്, പെണ്ണിനെ കയ്യില്‍ കൊടുത്താല്‍ ‘പേറ്റ് കാശ്’ പകുതിയിലേറെ കുറയുമെന്നത് നാട്ടു നടപ്പാണ്!). പാത്തുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആരംഭമായിരുന്നു അത്.

പ്രതീക്ഷിച്ചപോലെ ബീയാത്തു ആണിനെ പെറ്റില്ലെങ്കിലും അവറാന്‍കുട്ടിക്ക് ഭാര്യയോടോ കുഞ്ഞിനോടോ സ്നേഹത്തിനു കുറവൊന്നും ഉണ്ടായില്ല. ഉപ്പൂപ്പയില്‍ നിന്നും ബാപ്പയിലേക്കും അവിടെ നിന്ന് തന്നിലേക്കും കൈമാറിയ മരമില്ല് നടത്തിക്കൊണ്ടുപോകാന്‍ തനിക്ക് ശേഷം ഒരു ആണ്‍ തരി ഉണ്ടായില്ലല്ലോ എന്നത് മാത്രമാണ് അവറാന്‍ കുട്ടിക്കുള്ള ഏക വിഷമം.

പാത്തുവിന്റെ ജനനത്തിനു ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് കോഴിക്കൂട്ടിലേക്ക് എത്തി നോക്കി ഉച്ചാച്ചി എത്തി. ‘സ്വന്തമായി ഉണ്ടാക്കിയ’ ഒരു ‘പഴഞ്ചൊല്ലും’ കൊണ്ടായിരുന്നു ആളുടെ വരവ്. ‘ആറിലെ പേറു ആണാകും’ എന്ന ‘പഴഞ്ചൊല്ലിനോടൊപ്പം’ ഉച്ചാച്ചി തന്റെ നാക്ക് ഒന്ന് കൂടി നീട്ടിയെറിഞ്ഞു. ആറാം ‘അങ്കത്തിന്റെ’ തുടക്കം തൊട്ട് പ്രാര്ഥന തുടങ്ങിയാല്‍ ഒന്നിന് പകരം രണ്ട് ആണ്‍കുട്ടികളെ നേടി തരാമെന്നു പറഞ്ഞ്, അഞ്ചു രൂപയുടെ പുതിയ നോട്ടും പ്രതീക്ഷിച്ചിരുന്ന ഉച്ചാച്ചി കണ്ടത് ‘ജിന്ന്’ കയറിയ ബീയാത്തുവിനെയാണ്. ‘കള്ള നായിന്റെ മോനെ, അന്റെ കക്കൂസ് മണക്കണ തൊള്ളോണ്ട് ഊതീട്ട്ള്ള വെള്ളം കുടുപ്പിച്ചിട്ട് ജ്ജ് ഇയ്ക്ക് ആങ്കുട്ടീനെ ഇണ്ടാക്കണ്ട’ എന്ന് പറഞ്ഞ് ചിരവയുമായി അടുക്കളയില്‍ നിന്നും അലറി വന്ന ബീയാത്തുവില്‍ നിന്നും ഉച്ചാച്ചി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആണ്‍കുട്ടികള്‍ക്ക് വേണ്ടി ‘ഊത്ത് പ്രാര്‍ത്ഥന ‘ നടത്താന്‍ ഉച്ചാച്ചി ആ കരയില്‍ ഒരു വീട്ടിലും പിന്നെ ചെന്നിട്ടില്ല.

ബാപ്പയുടെ പ്രതീക്ഷയ്ക്കൊത്ത് ഒരു ‘ആണ്‍ കുട്ടിയായി ജനിക്കാഞ്ഞതില്‍’ ആദ്യമൊക്കെ പാത്തുവിന് വിഷമമുണ്ടായിരുന്നു. പെണ്ണുങ്ങള്‍ക്ക്‌ ചെയ്യാനാകാത്ത എന്തൊക്കെ കാര്യങ്ങള്‍ ആണുങ്ങള്‍ ചെയ്യുന്നുണ്ടെന്നായിരുന്നു പാത്തുവിന്റെ നോട്ടം. തേങ്ങയും അടയ്ക്കയും പറിക്കാനും, വണ്ടി ഓടിക്കാനും ബാപ്പയുടെ മില്ലില്‍ മരം ഈരാനും മറ്റും ആണുങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പാത്തു കണ്ടു. ഇതൊക്കെ പെണ്ണുങ്ങള്‍ക്കും കഴിയില്ലേ എന്ന ചിന്തയും പാത്തുവിന്റെ കുഞ്ഞു മനസ്സില്‍ തോന്നാതിരുന്നില്ല.

ചേച്ചിമാരുടെകൂടെ ഗ്രാമത്തിലെ ഏക എയിഡഡ് സ്കൂളില്‍ പഠിക്കാന്‍ പോയപ്പോഴാണ് പാത്തു ഒരു കാര്യം കൂടി അറിഞ്ഞത്. ആണ്‍കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് ‘പാത്താന്‍’ പോകാം പെണ്‍കുട്ടികള്‍ക്ക് ‘മറ’ ഇല്ലാത്തതിനാല്‍ സ്കൂളില്‍ പാത്താന്‍ പാടില്ല. ചെക്കന്മാര് വരിവരിയായി നിന്ന് മൂട് വട്ടത്തില്‍ കറക്കി മൂത്രിച്ച് ചിരിച്ച് ചിരിച്ച് ക്ലാസില്‍ കയറി വരുമ്പോള്‍ പാത്തുവിന് കലിപ്പ് കയറും. രണ്ടു കൊല്ലം ഈ ‘അനീതി’ സഹിച്ചു നിന്ന പാത്തു മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ചേച്ചിമാരുടെ എതിര്‍പ്പ് വക വെയ്ക്കാതെ മറ്റു കുട്ടികളെയും കൂട്ടി മാനേജരോടും പ്രാധാനധ്യാപകനോടും പാത്താന്‍ ഒരു ‘മറ’ വേണമെന്ന് ആവശ്യപ്പെട്ടു. സ്വതവേ പിശുക്കനായ മാനേജര്‍ കുട്ടികളുടെ ആവശ്യം ചിരിച്ചു തള്ളി. നിവൃത്തിയില്ലാതെ ആദ്യമായി പാത്തുവും കൂട്ടരും ‘സമര’ രംഗത്തെക്കിറങ്ങി. മുദ്രാവാക്യം വിളിക്കാതെയും കൊടിപിടിക്കാതെയുമുള്ള സ്കൂളിലെ ആദ്യ സമരം. സ്കൂളില്‍ ഇന്‍സ്പെക്ഷന്‍  നടക്കുന്ന ദിവസം പാത്തുവും കൂട്ടരും ഓഫീസ് റൂമിനു മുമ്പിലുള്ള മുറ്റത്ത് വട്ടത്തില്‍ ഒത്തുചേര്ന്നു . ഓരോരുത്തരും തങ്ങളുടെ പാവാട ഇരുകൈ കൊണ്ടും പിടിച്ചു ഒന്ന് കറങ്ങി നിലത്തിരുന്നു. ഇന്സ്പെക്ഷന്  വന്നവരും അദ്ധ്യാപകരും കുട്ടികളുടെ പുതിയ ‘കളി’ കൌതുകത്തോടെ വീക്ഷിക്കുകയായിരുന്നു. എന്തായാലും കുട്ടികളുടെ ‘വട്ടത്തില്‍ പാത്തി’ കളിയോടെ, ‘മറ’ എന്ന ആവശ്യം മാനേജര്‍ക്ക് അംഗീകരിക്കേണ്ടതായി വന്നു. ഒപ്പം, പാത്തു, സ്കൂളില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു താരമായി തീര്‍ന്നു  .

സ്കൂള്‍ പറമ്പില്‍ അധികം ഉയരമില്ലാത്ത ഒരു പുളിമരമുണ്ട്‌. അതില്‍ കയറി പുളി പറിക്കാന്‍ പെണ്‍കുട്ടികളെ അനുവദിച്ചിരുന്നില്ല. ‘അത് എന്തുകൊണ്ട്’ എന്ന പാത്തുവിന്റെ ചോദ്യത്തിന് പത്മിനി ടീച്ചര്‍ അവളുടെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. പെണ്‍കുട്ടികള്‍ ഇരിക്കുന്ന ബെഞ്ചിന്റെ ഇടയിലൂടെ ചെക്കന്മാരുടെ ‘ആന കളിയും’ തുടര്ന്ന് ‘ജ്ജ് കണ്ടോ’ ‘ജ്ജ് കണ്ടോ’ ന്നുള്ള ചോദ്യങ്ങളുടേയും പൊരുള്‍ പാത്തുവിനു മനസ്സിലായത് അപ്പോഴാണ്‌. പാത്തു വീട്ടിലെത്തി ബീയാത്തുവിനോട് കാര്യം പറഞ്ഞു. ‘ജട്ടി ഇടാതെ ഞ്ഞ് ഞമ്മള്‍ സ്കൂളില്‍ പോകൂല’ പാത്തു മാത്രമല്ല മറ്റുള്ള പെണ്‍കുട്ടികളും ‘ജട്ടി സമരത്തിന്റെ’ ഭാഗമായതോടെ സ്കൂളില്‍ അടുത്ത ദിവസങ്ങളില്‍ ഹാജര്‍ വളരെ കുറവ്. തയ്യല്‍ക്കാരന്‍ വേലായുധന്റെ തുരുമ്പ് പിടിച്ച കത്രികക്കും ചവിട്ടു മഷീനും ആ ആഴ്ചയില്‍ തീരെ വിശ്രമമുണ്ടായിട്ടില്ല. ആ സമരവും വിജയമായിരുന്നു, ‘ലിംഗ സമത്വം’ തിരിച്ചറിഞ്ഞ് അടുത്ത വര്‍ഷങ്ങളില്‍ പുളിമരം നിറയെ കായ്ച്ചു.

അനീതിയോടുള്ള പാത്തുവിന്റെ പ്രതികരണം സ്കൂളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഇടുങ്ങിയ വഴിയില്‍ പതുങ്ങി നിന്ന് പെണ്‍കുട്ടികളുടെ ചന്തിക്ക് പിടിച്ച് ഓടിപോകുന്ന ഞൊണ്ടി കുഞാനെ പിന്തുടര്‍ന്ന്, കയ്യില്‍ കോമ്പസ്സ് കുത്തിയിറക്കിയത്, പെണ്‍കുട്ടികളെ കാണുമ്പോള്‍ മാത്രം മൂത്ര ശങ്ക തീര്‍ക്കുന്ന കുട്ടിശങ്കരന്റെ സുനാമണിയില്‍ നായ്ക്കുരണ പൊടി എറിഞ്ഞത്, അങ്ങനെ പലതും പാത്തുവിന്റെ നേതൃത്ത്വത്തില്‍ നടന്ന പോരാട്ടങ്ങളില്‍ ചിലത് മാത്രമായിരുന്നു.

പാത്തു വളര്‍ന്നു, പത്താം ക്ലാസിനു ശേഷം പഠിക്കാന്‍ പാത്തു പോയില്ല. ഒഴിവു കിട്ടുന്ന സമയങ്ങളില്‍ ബാപ്പയുടെ കൂടെ മില്ലില്‍ പോയി കാര്യങ്ങള്‍ നോക്കാനായിരുന്നു പാത്തുവിന് താല്പര്യം. ബൈക്കും ജീപ്പും ഓടിക്കാന്‍ പഠിച്ച പാത്തു, കാടും മലയും കയറി മരം എടുക്കാനും അത് മില്ലിലെത്തിച്ച് വിറക് ചുരുക്കി ഈര്ന്നു ‘സൈസുകള്‍’ തരം തിരിക്കാനും പഠിച്ചു. നിക്കണ മരത്തെ നോക്കി അത് മുറിച്ചാല്‍ ഇത്ര ‘കുബി’ ഉണ്ടാകുമെന്നുള്ള പാത്തുവിന്റെ കണക്ക് അവറാന്‍കുട്ടിയെക്കാള്‍ കൃത്യമായിരുന്നു. ആണ്‍കുട്ടി ഇല്ലെങ്കിലും മില്ല് നടത്തിക്കൊണ്ടു പോകാമെന്ന് അവറാന്‍കുട്ടിക്ക് ആശ്വാസമായെങ്കിലും പാത്തുവിന്റെ പല കാര്യങ്ങളിലും അവറാന്‍കുട്ടിയും ഭാര്യയും ഭയപ്പെട്ടിരുന്നു. തെങ്ങിലും കമുകിലും കയറുക, വീശിവലയെടുത്ത് പുഴയില്‍ പോയി മീന്‍ പിടിക്കുക, ചൂണ്ടയിടുക, പുതുക്കിന് വെള്ളം കയറുമ്പോള്‍ പുലര്ച്ചെ പോയി പാടത്ത് നിന്ന് മീന്‍ വെട്ടി പിടിക്കുക അങ്ങനെ നാട്ടില്‍ പെണ്‍കുട്ടികള്‍ ചെയ്യാന്‍ മടിക്കുന്ന പലതും ചെയ്യാന്‍ പാത്തുവിന് ആവേശം കൂടുതലായിരുന്നു. പാത്തുവിന്റെ ഈ ‘അടക്കവും ഒതുക്കവും’ ഇല്ലായ്മ കണ്ട് പാത്തു ആണായി മാറുകയാണെന്ന് പോലും നാട്ടില്‍ സംസാരമുണ്ടായി. ഈ സംസാരത്തിന്റെ തുടക്കം നാട്ടിലെ ഒരു ഇടത്തരം ജന്മിയായ ‘നായര്‍ സഖാവ്’ എന്നറിയപ്പെടുന്ന കുഞ്ഞന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു (ഇത് വിശ്വസിച്ച് കുളിക്കടവില്‍ സംശയത്തോടെ ഒളിഞ്ഞു നോക്കിയ ചില പെണ്ണുങ്ങളുടെ ‘സംശയം’ പാത്തു തീര്ത്തു കൊടുത്തിട്ടുണ്ട്!).
കുഞ്ഞന്‍ നായരുടെ പേരിനൊപ്പം ‘സഖാവ്’ കയറിയതെങ്ങിനെയെന്നു പുതു തലമുറയ്ക്കറിയില്ല. കളത്തില്‍, കൊയ്ത്തുകാരുടെ കൂലിക്ക് നെല്ലളക്കുമ്പോള്‍ നാട്ടു നടപ്പനുസരിച്ചുള്ള ‘എട്ടിനൊന്നു പതം’ തന്റെ കളത്തില്‍ മാത്രം ‘പത്തിനൊന്ന് പത’ മാക്കുന്ന ‘സോഷ്യലിസ്റ്റ്’ ചിന്താഗതി ചില ‘കൊടുക്കല്‍’ ‘വാങ്ങലുകളെ’ തുടര്ന്നുള്ള ‘പാര്ട്ടി ശാസന’ പേടിച്ചു പലരും കണ്ടില്ലെന്നു നടിച്ചിരുന്നു. തന്റെ ‘പെണ്മയെ’ ചോദ്യം ചെയ്ത കുഞ്ഞന്‍ നായര്ക്ക് ഒരു പണി കൊടുക്കണമെന്ന് പാത്തു വിചാരിച്ചു നടക്കുന്ന സമയം. പാര്ട്ടിയില്ലാത്ത പാത്തു തൊഴിലാളികളുടെ ഇടയില്‍ കൂലി പ്രശ്നം വിഷയമാക്കിയതോടെ അവര്‍ കൊയ്ത്തില്‍ നിന്ന് വിട്ടു നിന്നു. വിളഞ്ഞ നെല്ല് നശിക്കാന്‍ തുടങ്ങിയതോടെ കുഞ്ഞന്‍ നായര്‍ കീഴടങ്ങി. നാട്ടു നടപ്പ് അനുസരിച്ചുള്ള കൂലി കൊടുക്കാന്‍ തുടങ്ങിയതിനോടൊപ്പം ആപത്തില്‍ സഹായിക്കാത്ത പാര്ട്ടി യോടുള്ള പ്രതിഷേധമായി കുഞ്ഞന്‍ നായര്‍ ‘സഖാവ്’ എന്ന വാല് മുറിച്ചു വെറും കുഞ്ഞന്‍ നായരായി.

പാര്ട്ടി യുമായി ബന്ധപ്പെട്ടല്ലെങ്കിലും ഒരു സമരം നയിച്ച പാത്തുവിന് പാര്ട്ടി്ക്കാരുടെ ഇടയില്‍ മതിപ്പ് കൂടി. പക്ഷെ, നിര്‍ഭാഗ്യവശാല്‍ കുഞ്ഞന്‍ നായരുടെ അകന്ന ബന്ധുവായ ലോക്കല്‍ സെക്രട്ടറി പാത്തുവിനെ കൂടെ ചേര്ത്ത് ഒരു ‘മതേതര കുടുംബ മുന്നണി’ ഉണ്ടാക്കാനാണ് താല്‍പ്പര്യപ്പെട്ടത്‌. വലിയൊരു വിവാഹ വിപ്ലവത്തിലൂടെ രാഷ്ട്രീയത്തില്‍ ഒരു പാട് ഉയരാമെന്നുള്ള അദ്ദേഹത്തിന്റെ പ്രണയാഭ്യര്ത്ഥന പാത്തു ചിരിച്ചു തള്ളി. ‘മതേതര അഡ്ജസ്റ്റ്മെന്റ് കുടുംബ ജീവിതത്തെക്കാള്‍ മഹത്തരമാണ് ജനിച്ച മതവും വിശ്വാസവും അനുസരിച്ച് മനുഷ്യനായി ജീവിക്കുക’ എന്ന പാത്തുവിന്റെ തിയറിയില്‍ സഖാവിന്റെ പ്രണയ വിപ്ലവം കരിഞ്ഞു ചാമ്പലായി.

പക്ഷെ, ഈ സംഭവങ്ങള്‍ പാത്തുവിന്റെ മനസ്സില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. തനിക്ക് ഒരു ഇണ വേണമെന്നും ഒരു കുടുംബം വേണമെന്നുമുള്ള ആഗ്രഹം പാത്തു വീട്ടില്‍ പറയാതെ പറഞ്ഞു. ഒപ്പം കുറച്ചു നിര്‍ദ്ദേശങ്ങളും വെച്ചു. ഒന്ന്, ആള് സ്ത്രീധനം ചോദിക്കരുത്, രണ്ട്, സ്വന്തമായി വരുമാനമുള്ള ആളായിരിക്കണം, മൂന്ന്, തന്റെ ഉമ്മയ്ക്കും ബാപ്പയ്ക്കും ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ വയസ്സ് കാലത്ത് കഷ്ടപെടാന്‍ ഇട വരരുത്, അതുകൊണ്ട് അവരെ കൂടി നോക്കാന്‍ തയ്യാറുള്ള ആളായിരിക്കണം, എന്നിങ്ങനെ.

പാത്തു ആഗ്രഹിച്ച പോലെ ഒരാളെ, വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും, അവറാന്‍കുട്ടി കണ്ടെത്തി. ഇന്ന് ഭര്‍ത്താവും കുട്ടികളും പേരക്കുട്ടികളുമായി പാത്തു സന്തോഷത്തോടെ കഴിയുന്നു. മുപ്പതു വര്‍ഷത്തിനുള്ളില്‍ പതിനാലു പ്രസവങ്ങള്‍!. എല്ലാം കത്രിക കാണാത്ത തനി നാടന്‍!. കഴിഞ്ഞ ഏതാനും പ്രസവങ്ങള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്ത രണ്ടു മക്കളും പ്രസവിക്കാന്‍ ഉണ്ടായിരുന്നു. ‘എന്തെ പാത്തു പതിനാലില്‍ നിര്ത്തിയതെന്ന്’ ചോദിച്ചാല്‍ പുള്ളിക്കുപ്പായത്തിനുള്ളില്‍ വലിയ അമ്മിഞ്ഞകള്‍ ഇളക്കി ഒരു ചിരിയുണ്ട് ‘കെട്ട്യോള്ടേം മക്കള്ടെം പേറ് ഒപ്പാകുമ്പോ ഓലുക്ക് വല്യ നാണാ…..’.
15965388_1007511099354352_1520521367397252896_n

6 Comments

  1. തുടക്കം മുതലേ എഴുത്ത് ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിൽ വളരെ സന്തോഷം പകരുന്നൊരു കഥയാണിത്, നല്ല കയ്യൊതുക്കം. ആശംസകൾ. ഇനിയും നന്നാവട്ടെ.. സ്നേഹം..

Leave a Reply

Your email address will not be published.


*


*