സി.പി. അബൂബക്കര്‍ സാഹിത്യത്തിലെ കനൽച്ചാലിലൂടെ – എം.കെ.ഖരീം

16864758_1790660720960160_383774185969872531_nപ്രമുഖ കവിയും നോവലിസ്റ്റും ദേശാഭിമാനി വാരിക പത്രാധിപരുമായ പ്രൊഫസര്‍ സി.പി അബുബക്കറുമായി നോവലിസ്റ്റ് എം.കെ.ഖരീം നടത്തിയ അഭിമുഖം.

തിരസ്‌കാരത്തിന്റെയും കൂട്ടിക്കൊടുപ്പിന്റേയും പ്രതിഷ്ഠകളുടെയും വേദിയായി മാറികൊണ്ടിരിക്കുന്ന സാഹിത്യ പാതയില്‍ നന്മകള്‍ തിരശീലക്ക് പുറകില്‍ ഒതുക്കപ്പെടുന്നു. ഇവിടെ ആരൊക്കെ സാഹിത്യകാരാവണം ആരൊക്കെ ആയികൂടെന്ന് ചില ബുദ്ധിജീവികള്‍ തീരുമാനിക്കുമ്പോള്‍ നഷ്ടം ഭാഷക്ക് തന്നെ. പ്രൊഫസര്‍ സി.പി.അബൂബക്കര്‍ എന്ന കവിയെ നോവലിസ്റ്റിനെ സാഹിത്യ വ്യവഹാരികള്‍ ഏതോ കള്ളിയിലേക്ക് ഒതുക്കി തങ്ങളുടെ ഇടം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നുവോ! അങ്ങനെ ചിന്തിച്ചാല്‍ തെറ്റില്ല. സി.പി.യെ ഒരു പരിഭാഷകനോ പാര്‍ട്ടി പ്രാസംഗികനോ ആയി കാണാന്‍ അവര്‍ക്കൊട്ടു മടിയുമില്ല. പക്ഷേ സി.പി കവിയോ നോവലിസ്‌റ്റോ ആയികൂടാ. മുപ്പതിലേറെ കവിതകള്‍ നോവല്‍, പരിഭാഷകള്‍, ചരിത്ര പുസ്തകങ്ങള്‍ സി.പിയുടെതായുണ്ട്. പക്ഷേ അക്കാദമികള്‍ ് കണ്ണുതുറക്കില്ല. അക്കാദമികള്‍ക്ക് താല്പര്യം മുന്നില്‍ ചൊറിഞ്ഞ് നില്‍ക്കുന്നവരോടാണ്.

1 കവിതയിലേക്കുള്ള സി.പി.യുടെ വരവ്. കവിതക്ക് ഊജ്ജം ലഭിക്കുന്ന മേഖലകള്‍..

ഉത്തരം . കവിതയിലേക്ക് ഒരു കവി എങ്ങനെയാണ് കടന്നുവരിക? സത്യത്തില്‍ ഞാനെങ്ങനെ കവിതയിലേക്കുവന്നുവെന്ന് എനിക്കറിയില്ല. പട്ടിണിയുടെ ദിവസങ്ങളില്‍ ഉമ്മ ചൊല്ലുമായിരുന്ന പൂന്താനം കവിതകളിലൂടെയാണോ? അല്ല. എത്രപേര്‍പൂന്താനത്തെ വായിക്കുന്നു? കവിയുടെ കഥയെന്നൊരു കഥ ഞാനെഴുതിയിട്ടുണ്ട്. എന്റെ ഒന്നോ രണ്ടോപുസ്തകങ്ങളില്‍ ആ കവിത ചേര്‍ത്തിട്ടുണ്ട്.
സംക്ഷേപിച്ചാല്‍ അത് വേറൊരുതരത്തില്‍ പറയാമെന്നു തോന്നുന്നു. പ്രകൃതിനിയമമാണത്. ഓരോ മനുഷ്യനെയും രൂപപ്പെടുത്തുന്ന നികടസാഹചര്യങ്ങളുണ്ടാവാം. അപ്പോഴും ഒരാള്‍ അടിസ്ഥാനപരമായി എന്താണെന്നത്, എന്തായിത്തീരുമെന്നത് പ്രകൃതിയുടെ നിശ്ചയമാവണം. അല്ലെങ്കില്‍ എങ്ങനെയാണ് നല്ല ജീവിതസാഹചര്യമുള്ളപലരും മോഷ്ടാക്കളായി മാറുന്നത്? എന്തുകൊണ്ടാണ് നല്ലസംഗീതജ്ഞര്‍ക്കുണ്ടാവുന്ന മക്കള്‍ ഗായകരല്ലാതാവുന്നത്? ശരിയാണ്, പ്രകൃതിനിയമമാണത്. ഞാന്‍ കവിതയെഴുതിയതും ഈ പ്രകൃതിനിയമമനുസരിച്ചാവണം.

2 നാം പലപ്പോഴും സാഹിത്യത്തിലെ സവര്‍ണ മേല്‍ക്കോയ്മയെ ചുറ്റിപറ്റി വാചാലരാവുന്നുണ്ട്. എങ്കില്‍ സവര്‍ണ പക്ഷമെന്നത് അത് ഏതൊരു മതത്തിലും ദൃശ്യമെന്ന് തോന്നുന്നു. ഉദാഹരണത്തില്‍ മുസ്ലീം സമുദായത്തിലെ സവര്‍ണര്‍. അതായത് വൈക്കം മുഹമ്മദ് ബഷീര്‍ കഴിഞ്ഞാല്‍ ഒരു എം.എം ബഷീറൊക്കെ ആവാം, പിന്നെ ആ താവഴി കെ.ഇ.എന്‍ പോലുള്ളവര്‍ക്ക് നല്‍കി മറ്റൊരു വഴിക്ക് ഒഴുക്കാം എന്നൊക്കെയുണ്ടോ?

ഉത്തരം ഇത്തരം വിവാദങ്ങളില്‍ കുടുങ്ങാന്‍ ഞാന്‍ തയ്യാറല്ല. അതില്‍ ഭയമുണ്ടായിട്ടല്ല. ജാതിമതകാര്യങ്ങളെ പറ്റി ഞാന്‍ അഭിപ്രായം പറയുന്നില്ല. ഒരുപരിവര്ത്തനവും അംഗീകരിക്കാത്ത ആളുകളെ പറ്റി എന്തു പറയാനാണ്? മലയാളം പഠിച്ചവരൊക്കെ സാഹിത്യകാരന്മാരാണെന്നാണ് ഇവിടുത്തെ നിയമം. അവരാണ് മലയാളകവിതയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. അത്രദയനീയമാണ് അത്. അതിലുപരി എം എം ബഷീറിനെപോലുള്ള, കെ ഇ എന്‍ പോലുള്ള, എഴുത്തുകാര്‍ എന്നോട് നല്ലപരിഗണന പ്രകടിപ്പിക്കുന്നവരാണ്.

എനിക്കു കിട്ടുന്ന അംഗീകാരം സാഹിത്യത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. ചിലര്‍ക്ക് കൂടുതല്‍ അംഗീകാരം കിട്ടുന്നു, ചിലര്‍ക്കു കിട്ടുന്നില്ല. ഞാന്‍ അത്രയേ അര്‍ഹിക്കുന്നുണ്ടാവൂ എന്നാണെന്റെ തോന്നല്‍. പിടിച്ചുകയറാന്‍ ഒരു ചെറുവള്ളികിട്ടിയാല്‍ ഉയരത്തിലെത്താനാകുമോ? ഇല്ല. ചിലഉയരങ്ങള്‍ക്ക് വലിയ അര്‍ത്ഥമൊന്നുമില്ല. ചിലഅവാഡുകള്‍നോക്കൂ. ഒരര്‍ത്ഥവുമില്ല. ഞാന്‍ തന്നെ ചില അവാഡ് കമ്മിറ്റികളിലുണ്ടായിരുന്നിട്ടുണ്ട്. അവിടെയൊക്കെ സമിതിക്കാര്‍ക്ക് മിക്കപ്പോഴും സ്വന്തം നോമിനികളുണ്ട്. അവര്‍ക്ക് അവാര്‍ഡ് നല്‍കണമെന്നത് നിര്‍ബ്ബന്ധമാണ്.. ഇന്ന് അവാര്‍ഡ് ക്ഷണം നടത്തിയിട്ട് മൂന്നാം നാള്‍ പ്രഖ്യാപിക്കപ്പെടുന്ന അവാര്‍ഡുകളുണ്ട്. വയലാര്‍ അവാഡും വ്യത്യസ്തമാണെന്ന് തോന്നുന്നില്ല. ഒരിക്കലും സംഗതമല്ലാത്ത ചിലകൃതികള്‍ക്കാണ് അവാര്‍ഡുകള്‍ ചിലപ്പോള്‍ ചെന്നുചേരുന്നത്. ബഷീറിനു വയലാര്‍ അവാര്‍ഡ് ലഭിച്ചിട്ടില്ലല്ലോ. ബഷീര് ഗ്രന്ഥങ്ങളെഴുതിയിട്ടില്ലെന്നല്ലെ വയലാര്‍ അവാര്‍ഡ് സമിതിയുടെ അഭിപ്രായം! അതിന്റെ എല്ലാമായ ത്രിവിക്രമന്‍പിള്ള ( അതോ നായരോ) പ്രസംഗിക്കുന്നത് ഞാന്‍ നേരിട്ട് കേട്ടതാണ് ഇക്കാര്യം. ബഷീറിനു കിട്ടാത്ത അവാര്‍ഡ് ശ്രീയു കെ കുമാരന്ന് ലഭിക്കുന്നുണ്ട്. ബഷീറിനേക്കാള്‍ മഹാനായ, അല്ലെങ്കില്‍ ബഷീറിന് സമശീര്‍ഷനായ, എഴുത്തുകാരനാവണം അദ്ദേഹം. അതെ അദ്ദേഹം വലിയൊരുഗ്രന്ഥം എഴുതിയിട്ടുണ്ട്. വലിയ ഗ്രന്ഥം മതി. നാടുനീളെ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്ന ചില യുവകവികളെ എനിക്കറിയാം. അതൊക്കെ വെറുതെ വിടുന്നതാണ് നല്ലത്.

3 സി.പിയുടെ മുറിവേറ്റവരുടെ യാത്രകള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയൊരു നോവലാണെന്ന് പറഞ്ഞാല്‍? അതായത് ചിലരുടെ പുസ്തകങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നൊരു മുന്‍ വിധി മലയാള സാഹിത്യ രംഗത്തുണ്ടോ?

ഉത്തരം മുന്‍ വിധികള്‍ ആവശ്യത്തിലധികം ഉണ്ട്. ചര്ച്ച ചെയ്യപ്പെടേണ്ടരചനയാണ് മുറിവേറ്റവരുടെ യാത്രകള്‍ എന്ന ആ നോവല്‍ . ഞാന്‍ എഴുത്തുകാരന്‍ മാത്രമല്ല, വായനക്കാരനുമാണല്ലോ. എന്റെ എഴുത്ത് നടന്നു കഴിഞ്ഞാല്‍ പിന്നെ ആ രചനയുള്‍പ്പെടെ അനേകം കൃതികളുടെവായനക്കാരനുമാണ് ഞാന്‍. വായന ഒരു നിയോഗമാണെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ വായനയ്ക്കുള്ള കുഴപ്പം അതിനു അച്ചടക്കമില്ലെന്നതാണ്. ചിലകൃതികളില്‍ ഞാനങ്ങു കുടുങ്ങിനിന്നുപോവും. ആത്മായനങ്ങളുടെ തമ്പുകള്‍ക്ക് ഞാനെഴുതിയ അവതാരിക ഒരു വെറുംവാക്കായിരുന്നില്ലെന്നാണ് അതിനര്‍ത്ഥം. ഇപ്പോള്‍ നോക്കുക, കഴിഞ്ഞ കുറെ മാസങ്ങളായി ഞാന്‍ രണ്ടുപുസ്തകങ്ങളില്‍ കുടുങ്ങിക്കിടപ്പാണ്. മാര്‍ക്വേസിന്റെ ലിവിങ്ങ് ടു ടെല്‍ ദ ടേയ്ല്‍( Living To Tell The Tale) ഒരു പുനര്‍വായനയാണ് എന്നിട്ടും അത് വരികളാസ്വദിച്ച് വായിക്കുകയാണ് ഞാന്‍. അസര്‍് നഫീസിയുടെ റീഡിങ്ങ് ലോലിത ഇന്‍ ടെഹറാന്‍( Reading Lolita In Teheran) . അതും കൈകളില്‍ വന്നിട്ട് മാസങ്ങളായി. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ പ്രസക്തമായ ഒരു രചനയാണ് അസര്‍നഫീസിയുടെ പുസ്തകം. അതിലൊരുപാട് രചനകളെ പറ്റി പരാമര്‍ശമുണ്ട്. അവയും കൂടി വായിച്ചുകൊണ്ട് അതും പുനര്‍വായന നടത്തുകയാണ്. പുസ്തകങ്ങളുടെ കെണിയില്‍നിന്ന് രക്ഷയൊന്നുമില്ല എനിക്ക്. ഓരോ സന്ദര്ഭത്തിലും ഓരോന്നുവായിക്കുന്നു. അതിന്റെ ലാഭനഷ്ടങ്ങള്‍ നോക്കാറില്ല.

അതായത് വായനക്കാരനെന്ന നിലയില്‍് മുറിവേറ്റവരുടെ യാത്രകള്‍ എന്ന നോവല്‍ നല്ലസംവാദവും പഠനവും അര്ഹിക്കുന്ന കൃതിയാണെന്നാണ് ഞാന്‍ കരുതുന്നത്. ദേശകൃതികള്‍ എന്നൊരു സംവര്‍ഗ്ഗം മലയാളത്തിലുണ്ടായിട്ടുണ്ടല്ലോ. അതിലൊന്നും എന്റെ കൃതിയെ ആളുകള്‍ പെടുത്തിക്കണ്ടില്ല. ചീനംവീട് എന്നദേശത്തിന്റെ തനിമയുള്‍ക്കൊള്ളുന്നുണ്ട് ആ നോവല്‍. ആ ദേശം സംവാദങ്ങളില്‍ വരാനര്‍ഹതയില്ലാത്തതാണോ? ഇത് സ്വന്തമായി പറയുന്നത് ഉചിതമാണോ? അറിയില്ല. മറ്റാരും ശ്രാദ്ധമൂട്ടാനില്ലെന്ന് ഉറപ്പായാല്‍ ഇരിക്കെപ്പിണ്ഡം നടത്താമല്ലോ. അതാണെന്നു കരുതിയാല്‍ മതി. ഞാന്‍ അമ്പതിലേറെ കൊല്ലമായി എഴുതുന്നു. പട്ടിക്കു മണത്തുനോക്കാനോ പൂച്ചയ്ക്കു നുണച്ചുനോക്കാനോ പറ്റാത്ത കവിതകളെഴുതുന്നു. നോക്കൂ, അവ മനുഷ്യന് പറ്റേണ്ടതാണെന്നുതന്നെ ഞാന്‍ കരുതുന്നു.

4 മുറിവേറ്റവരുടെ യാത്രയില്‍ താങ്കളുടെ ആത്മാംശം കലര്‍ന്നിട്ടുള്ളതായി തോന്നി, കഥാപാത്രമായി പോലും താങ്കളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. മായന്‍ മുസല്യാരിലൂടെ ചികഞ്ഞ് ചെന്നാല്‍ സി.പിയിലാണ് ആ വേരുകള്‍ എത്തുന്നതെന്ന് തോന്നുന്നു.

ഉത്തരം നോവലില്‍ ആത്മാംശം ഉണ്ടെന്നതുശരിയാണ്. മായന്മുസലിയാര്‍ ചീനംവീട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹം ആറേഴുതലമുറമുമ്പുള്ള എന്റെ പ്രപിതാമഹനാണ്. ഉമ്മ വഴിയും ഉപ്പവഴിയും എന്റെ പ്രപിതാമഹനാണ് അദ്ദേഹം. അതിലപ്പുറം അദ്ദേഹത്തെ പറ്റി അറിവില്ല എനിക്ക്. ആ പ്രദേശത്ത് ഉരുത്തിരിഞ്ഞുവന്ന കുറെ മിത്തുകളുണ്ട് അദ്ദേഹത്തെ പറ്റി. അവയുടെ രൂപപ്പെടലുകള്‍ എങ്ങനെ നടന്നുവെന്നാണ് ഞാന്‍ പരിശോധിച്ചത്. ഇത്തരം മിത്തുകള്‍ അനേകം ദിവ്യപുരുഷന്മാരെ പറ്റിയുണ്ട്. അപ്പോഴും പറയട്ടെ, മുറിവേറ്റവരുടെ യാത്രകള്‍ ചരിത്രനോവലല്ല.

5 ദര്‍ശനങ്ങളുടെ ഉദ്യാനമാണ് മുറിവേറ്റവരുടെ യാത്രകള്‍. ഹിന്ദുവെന്നോ മുസ്ലീമെന്നോ ഇല്ലാത്തൊരു തലത്തില്‍ ദൈവപുഞ്ചിരി അനുഭവിക്കാനാവുന്നു. താങ്കളൊരു നിരീശ്വരവാദിയെന്ന് പറയുന്നില്ല, നിരീശ്വരവാദിക്കും ദൈവത്തിന്റെ സ്പര്‍ശം അനുഭവിക്കാനാവും. താങ്കളില്‍ മുഴച്ചുനില്‍ക്കുന്ന സൂഫിസം ഒരാത്മീയതയുടെ ഒഴുക്ക് സൃഷ്ടിക്കുന്നുണ്ട്.

ഉത്തരം ഖരിം, സത്യം , ഞാനൊരുവിശ്വാസിയല്ല. അതിനര്‍ത്ഥം എനിക്ക് ആത്മീയതലങ്ങളില്ലെന്നല്ല. ആത്മീയതലമുള്ളവരെല്ലാം ഉടനെ ആത്മാവ് പുനര്‍ജ്ജനിക്കുമെന്ന് വിശ്വസിക്കുന്നവരാണെന്ന ഒരു മൂഢധാരണയുണ്ട്. എനിക്ക് മയക്കോവ്‌സ്‌കിയുടെയും ജലാലുദീന്‍ റൂമിയുടെയും കവിത ആസ്വദിക്കാന്‍ കഴിയും. മുറിവേറ്റവരുടെ യാത്രകള്‍ എന്നനോവലില്‍ ദാര്‍ശനികമായ ഒരുതലമുണ്ട്. പക്ഷെ അനന്തമായ മാനവികതയാണ് എന്നെ നയിക്കുന്ന പ്രഥമവികാരം. സഹിഷ്ണുത, മനുഷ്യസ്‌നേഹം ഇവയില്ലാതെ ചരിത്രത്തിനുപോലും മുന്നോട്ടുപോകാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിനു ഇന്നത്തെ സാഹചര്യേങ്ങളില്‍ മാറ്റമുണ്ടാവണം. ആ മാറ്റത്തിനുവേണ്ടിയാണ് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. എനിക്ക് ദര്‍ശനം ഒരു പ്രപഞ്ചപരിശോധനാരീതിയാണ്.

6 മായന്‍ മുസല്യാരും മേമം നമ്പൂതിരിയേയും വായിച്ച് പോകുമ്പോള്‍ ജലാലുദ്ദീന്‍ റൂമിയേയും ഷംസ് അല്‍ തബ്രിസിയേയും അനുഭവിക്കാനാവുന്നു. എന്നാല്‍ ആ രണ്ട് കഥാപാത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സി.പി എന്ന കവിയാണ്. ഒരു കവിയെന്നാല്‍ കാമുകനും വിപ്ലവകാരിയുമാണ്.

ഉത്തരം സത്യമായും അങ്ങനെയുള്ള താരതമ്യങ്ങളില്‍ എന്നെ ഉള്‍പ്പെടുത്തരുതേ. റൂമിയെയും അത്താറിനെയും ഞാന്‍ വായിച്ചിട്ടുണ്ട്. മന്‍സൂര്‍ ഹല്ലാജും റാബിയ അല്‍ ബസ്രിയും എനിക്ക് പഥ്യമാണ്. പക്ഷികളുടെമേളനം പോലൊരു കവിതയെഴുതാന്‍ കഴിഞ്ഞാല്‍ അതിനുശേഷം ആത്മഹത്യചെയ്യാമെന്നാണ് എപ്പോഴും ഞാന്‍ കരുതുന്നത്. പിന്നൊന്നും നേടാനില്ല.
താരതമ്യങ്ങളില്‍ കാര്യമില്ലെന്ന് സാഹിത്യവിദ്യാര്‍ത്ഥികള്‍ ഉറച്ചു മനസ്സിലാക്കണം. ഓരോ എഴുത്തും വ്യത്യസ്തമാണ്. ഓരോ എഴുത്തുകാരനും എഴുത്തുകാരിയും വ്യത്യസ്തമാണ്. താരതമ്യത്തിനുവേണ്ടി എത്രയായിരം സഞ്ചികകളാണ് വ്യയം ചെയ്തിരിക്കുന്നത്? ദുര്‍വ്യയം തന്നെയാണത്. രാഷ്ട്രീയമുള്ള കവികളുടെ കൂട്ടത്തില്‍ പാബ്ലോ നെരൂദയുണ്ട്, കെ പി ജി യുണ്ട്, പന്തളം സുധാകരനുണ്ട്, യു കെ കുമാരനുണ്ട്, ഈ ഞാനുമുണ്ട്. നോക്കൂ പാബ്ലോ നെരൂദ! അദ്ദേഹവുമായി മറ്റുള്ളവര്‍ക്ക് എന്തുതാരതമ്യം? നെരൂദയെയും കുഞ്ഞുമനുഷ്യരെയും താരതമ്യം ചെയ്യരുത്.

7 സാഹിത്യം ഒരു രാഷ്ട്രീയപ്രവര്‍ത്തനം പോലുമായി തോന്നിയിട്ടുണ്ട്. സാഹിത്യത്തിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയത്തിലെ രാഷ്ട്രീയക്കാരനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? താങ്കളുടെ രാഷ്ട്രീയത്തെ കുറിച്ച് വായനക്കാര്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്. അതേകുറിച്ചൊന്ന് വിശദീകരിക്കാമോ?

ഉത്തരം Politics is the most creative of all arst( പോളിറ്റിക്‌സ് ഈസ് ദ മോസ്റ്റ് ക്രിയേറ്റീവ് ഓഫ് ഓള്‍ ആര്‍ട്‌സ്) എന്നൊരു വചനമുണ്ട്. മരണത്തിന്റെ മുഖത്തുനോക്കി മുന്‍പാകിസ്താന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോ എഴുതിയതാണത്. അദ്ദേഹം ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്നു. പക്ഷെ ഈ പ്രസ്താവത്തിലന്തര്‍ലീനമായ സത്യം അനിഷേധ്യമാണ്. എനിക്ക് രാഷ്ട്രീയവും സാഹിത്യപ്രവര്‍ത്തനവും രണ്ടല്ല, ഒന്നുതന്നെയാണ്. എന്റെ വ്യക്തിത്വം അങ്ങനെയൊരു രീതിയിലാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. അര്‍ത്ഥപൂര്‍ണ്ണമായ രാഷ്ട്രീയപ്രവര്‍ത്തനം എനിക്ക് ഒരു കാവ്യരചനപോലെ സര്‍ഗ്ഗാത്മകമാണ്. ഏത് കര്‍മ്മത്തിലേര്‍പ്പെട്ടാലും വ്യക്തി ഞാന്‍ തന്നെയാണ്. എന്റെ കര്‍മ്മം രാഷ്ട്രീയമാവാം, സാഹിത്യമാവാം, അദ്ധ്യാപനമാവാം, എന്തുമാവാം. എന്റെ രാഷ്ട്രീയപ്രവര്‍ത്തനം വളരെ ചെറിയപ്രായത്തില്‍ ആരംഭിക്കുന്നതാണ്. ഞാനൊരു പോളിറ്റിക്കല്‍ അനിമല്‍ തന്നെയാണ്. Man is a political animal ( മാന്‍ ഈസ് എ പോളിറ്റിക്കല്‍ അനിമല്‍) എന്ന് അരിസ്‌റ്റോട്ടില്‍ പറയുന്നുണ്ടല്ലോ. നാമൊക്കെ രാഷ്ട്രീയമുള്ളവരാണ്. രാഷ്ട്രീയം മഹാപാതകമാണെന്നനിലയില്‍ സ്വന്തം അഭിപ്രായങ്ങള്‍ മൂടിവെക്കുകയാണ് മിക്കവരും. രാഷ്ട്രീയപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയം വേണമെന്നൊന്നുമില്ല. എനിക്ക് കക്ഷിരാഷ്ട്രീയമുണ്ട്.

വിമോചനസമരത്തില്‍ പങ്കെടുത്തുപോയതിന്റെ പശ്ചാത്താപമാണ് എന്റെ പില്‍ക്കാല രാഷ്ട്രീയജീവിതമെന്നു ഞാന്‍ കരുതുന്നു. അങ്ങനെയാണ് 1960കളുടെ മദ്ധ്യത്തില്‍ ഞാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകനാകുന്നത്. ആദ്യം യുവജനസംഘടനയിലാണ് വന്നത്. പിന്നെ കേരളവിദ്യാര്‍ത്ഥിഫെഡറേഷന്റെ പ്രസിഡണ്ടായി മൂന്നുകൊല്ലം പ്രവര്‍ത്തിച്ചു. പ്രതികൂലസാഹചര്യങ്ങള്‍ നിരവധിയുണ്ടായിരുന്ന കാലത്താണ് അക്കാലത്ത് ഇടതുപക്ഷവിദ്യാര്‍ത്ഥിസംഘടന പ്രവര്‍ത്തിച്ചിരുന്നത്. ഭീകരമായ മര്‍ദ്ദനത്തിന് ഞാന്‍ വിധേയനായിട്ടുണ്ട്. കോണ്‍ഗ്രസ്സ്- കെ എസ് യു പ്രവര്‍ത്തകരായിരുന്നു ആക്രമണകാരികള്‍. അന്ന് കെ എസ് യു വിനെതിരായി ഒരിലപോലും അനങ്ങാന്‍ അവര്‍സമ്മതിക്കുമായിരുന്നില്ല, കോളേജുകളിലും സ്‌ക്കൂളുകളിലും. 1970 ഡിസംബര്‍ 31ന് എസ് എഫ് ഐ സംസ്ഥാനസെക്രട്ടറിയായി കുറെമാസങ്ങള്‍ കൂടി നിന്നു. ശാരീരികാസ്വാസ്ഥ്യം മൂലം എനിക്കത് തുടരാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ എസ് എഫ് ഐ അഖിലേന്ത്യാ രൂപീകരണസമിതിയിലും പിന്നെ എസ് എഫ് ഐ കേന്ദ്രപ്രവര്‍ത്തകസമിതിയിലും പ്രവര്‍ത്തിച്ചു. ഇടയ്‌ക്കൊരു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു, പാര്‍ട്ടി, 1970ല്‍ നിലമ്പൂരില്‍. 1967ല്‍ മുസ്ലിംലീഗുമൊത്ത് ചേര്‍ന്നായിരുന്നു സ. കുഞ്ഞാലിയുടെവിജയം. അദ്ദേഹത്തെ കോണ്‍ഗ്രസ്സുകാര്‍ വെടിവെച്ചുകൊന്നു. അതെ അഹിംസ പാടിപ്പറക്കുന്ന കോണ്‍ഗ്രസ്സുകാര്‍തന്നെ. സിറ്റിങ്ങ് എം എല്‍ എ യെ. എത്ര മനോഹരമാണ് ചിലരുടെ അഹിംസയെന്നോര്‍ത്തുനോക്കൂ.
ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റു. പിന്നെ പാര്‍ട്ടി തെരഞ്ഞെടുപ്പുരംഗത്ത് എന്നെ പരീക്ഷിച്ചില്ല.

എന്റെ രാഷ്ട്രീയാനുഭവങ്ങള്‍ വൈവിധ്യപൂര്‍ണ്ണമാണ്. അവയെ എന്തു ചെയ്യാനാകുമെന്ന് ഞാന്‍ ആലോചിച്ചുനോക്കിയിട്ടില്ല. അവയെക്കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടോ? അറിയില്ല. ആരും എന്നോട് അവയെ പറ്റിയൊന്നുംഅന്വേഷിക്കാറില്ല. വിദ്യാര്‍ത്ഥി സംഘടനാനേതാവായിരുന്നഏറ്റവും സീനിയറായ ആളുകളില്‍ ഒരാളാണ് ഞാന്‍. എസ് എഫ് ഐ രൂപീകരണസമിതിയില് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍. തൊട്ടടുത്ത് സമ്മേളനം നടന്നാല്‍പോലും എന്നെ ആരെങ്കിലും പരിഗണിക്കുന്നത് കണ്ടിട്ടില്ല. ഇത് പരാതിയല്ല. അനുഭവം വലിയൊരുസമ്പത്താണെന്ന് അറിയാത്തതുകൊണ്ടാവാം. ഞാനാരോട് പരാതിപ്പെടാനാണ്?

മുപ്പതിലേറെ പുസ്തകം എഴുതിയ, സാഹിത്യം എഴുതിയ ഒരാളാണ് ഞാന്‍. ഏറെ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി. എ എല്‍ ബാഷാമിന്റെ The Wonder That Was India(ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ), വാന്‍ലൂണിന്റെ The Story Of Mankind( ദ സ്‌റ്റോറി ഓഫ് മാന്‍ കൈന്റ്) എന്നിങ്ങനെ. ഒന്നിനും കൊള്ളാത്ത വിവര്‍ത്തനകൃതികള്‍ പ്രഘോഷിക്കപ്പെടുമ്പോള്‍ ഈ ഗ്രന്ഥങ്ങളെ പറ്റി ആരെങ്കിലും ഒരുവാക്കുരിയാടുമോ? ഇല്ല. അവരതുകണ്ടിട്ടില്ല. ബാഷാമിന്റെയും വാന്‍ലൂണിന്റെയും പുസ്തകങ്ങളുടെ പരിഭാഷ അസൂയാര്‍ഹമാം വിധം നല്ലതാണെന്ന് ഞാന്‍ അവകാശപ്പെടുന്നു. 1922ലെഴുതിയ വാന്‍ലൂണ്‍കൃതിക്കും 1954ല്‍വന്ന ബാഷാം കൃതിക്കും മലയാളത്തിലുണ്ടാവുന്ന ആദ്യവിവര്‍ത്തനങ്ങളാണ് എന്റേത്. എന്റേതായത് കൊണ്ടാവണം അത് ആരും തിരിഞ്ഞുനോക്കിയില്ല. ചിലര്‍വാങ്ങിവായിക്കുന്നുണ്ട്. ബാഷാം കൃതിക്കുള്ള എന്റെ വിവര്‍ത്തനംആധാരമാക്കി, അതിലെ പാസേജുകള്‍തന്നെ എടുത്തെഴുതി ഒരാള്‍ മലയാളത്തിലൊരുനോവലെഴുതിയിട്ടുണ്ട്. ഏതെങ്കിലുംഅക്കാദമി അതു കാണുന്നുണ്ടോ? ഏതെങ്കിലും അവാഡിന് അവ പരിഗണിച്ചോ? ഇല്ല. കാരണം, ഞാനാണ് അതിന്റെ വിവര്‍ത്തകന്‍. ഇവനാര് ഇതൊക്കെ ചെയ്യാന്‍? അതാണ് മനോഭാവം. ഇത് പാരനോയ ഒന്നുമല്ല. അനുഭവസത്യമാണ്. എന്റെ നോവലും കവിതയും കാണാത്തതുപോലെ വിവര്‍ത്തനങ്ങളും ആരും കാണുന്നില്ല. ശൂന്യാകാശത്തിലേക്കു എന്നെ പറപ്പിക്കാനാരുമില്ല. ഇതും പരാതിയല്ല. ശൂന്യാകാശത്തേക്കു പറപ്പിക്കപ്പട്ടത് ഒരു നായയായിരുന്നുവല്ലോ.

8 സി.പി എന്ന എഴുത്തുകാരന്‍, സി.പി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. അത് രണ്ടും രണ്ടാണോ അല്ലെങ്കില്‍ ഒന്ന് തന്നെയോ?

ഉത്തരം രണ്ടും ഒന്നുതന്നെ. രണ്ടും പരസ്പരപൂരകമാണ് എന്നു പറയുന്നതാവാം ശരി. ഏതു തിരക്കിലും ഒരു കവിത മനസ്സിലേറിക്കൊണ്ടാണ് ജീവിച്ചുവന്നത്. അടിസ്ഥാനപരമായി കവിയാണ് ഞാനെന്ന് കരുതാനാണ് എനിക്കിഷ്ടം. ആയിരത്തിലധികം കവിതകള്‍ ഞാനെഴുതിയിട്ടുണ്ട്. അവയിലൊരു അരശതമാനം സ്വീകാര്യമായകവിതകളുണ്ടാവണ്ടേ?
പൈങ്കിളിത്തം ഏറെയുള്ള കവിതാശതങ്ങളെഴുതിയ ഒരു കവി എന്റെ ഈ വരികളെ പറ്റി പറഞ്ഞതെന്താണെന്നോ?
പാടമെങ്ങു പുഴയെങ്ങ് കൈത
പൂത്തുനില്ക്കും കരയെങ്ങുപോയി?
കൈതപൂത്തു മണം പൊഴിക്കുമ്പോള്
വീര്‍പ്പിടുന്ന കരളെങ്ങുപോയി? ( തീപ്പക്ഷിയുടെപാട്ട കോണ്ടിനെന്റ് മാസിക)  ഈ വരികള് ആ കവിതയെ പൈങ്കിളിയായി മാറ്റുന്നുവെന്ന്. അത് നല്ല കവിതയുടെലക്ഷണമല്ലെന്ന്. എന്താണ് ഞാന്‍ പറയേണ്ടത്?

9 സി.പി എന്ന പ്രസാധകനേയും സി.പി എന്ന പത്രാധിപരേയും ഏതാണ്ട് ഒരേ സമയം കാണുകയുണ്ടായി. ചിന്തയില്‍ നില്‍ക്കുമ്പോള്‍ പുസ്തകങ്ങളുടെ ഒരു വസന്തം തന്നെ ആയിരുന്നുവെന്ന് വേണം കരുതാന്‍. ആയിടെ പുറത്തുവന്ന പുസ്തകങ്ങളുടെ നിര കണ്ടാല്‍ അങ്ങനെ തോന്നും.

ഉത്തരം: സഹ്യപ്രസാധനയിലൂടെ മധുരം മലയാളത്തിലൂടെ നേടിയെടുത്ത അനുഭവങ്ങള്‍ വഴിയാണ് ചിന്തപബ്ലിഷേഴ്‌സിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ എനിക്കു കഴിഞ്ഞത്.

10 താങ്കള്‍ ദേശാഭിമാനി വാരികയില്‍ വന്ന ശേഷം ഇ.മീഡിയയില്‍ എഴുതികൊണ്ടിരിക്കുന്ന പലര്‍ക്കും ഇടം നല്‍കിയതായി കാണുന്നു. ഒരു കൈത്താങ്ങ് പലരും എന്നല്ല ഒത്തിരി പേര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് താങ്കളില്‍ ദൃശ്യമാണ്.

ഉത്തരം നല്ല കവിതകളാണ് പ്രസിദ്ധീകരി്ക്കാന്‍ ശ്രമിക്കുന്നത്. ഇ മീഡിയക്ക് എന്താണ് പതിത്വം? ഒന്നുമില്ല. ഒരു കുഴപ്പമുള്ളത് അവിടെ വിമര്‍ശമില്ലെന്നുള്ളതാണ്. പ്രിന്റ്മീഡിയയില്‍ എഡിറ്റര്‍ നിഷ്പക്ഷനിരൂപകനാവണം. അവിടെ എഡിറ്റര്‍വായിച്ചുനോക്കുന്നത് തനിക്കുവേണ്ടിയല്ല, ആവരുത്. വായനക്കാര്‍ക്കുവേണ്ടിയാണ്. പ്രസിദ്ധം ചെയ്യുന്ന രചന വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നുമാത്രമാണ് എഡിറ്റര്‍ നോക്കേണ്ടത്. thanalonline.com(തണല്‍ ഓണ്‍ലൈന്‍) എഡിറ്റുചെയ്തുള്ള അനുഭവം ദേശാഭിമാനിയില്‍ എന്നെ ഏറെ സഹായിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെല്ലാവരും നല്ല പ്രവര്‍ത്തനാനുഭവങ്ങളുള്ളവരാണ്.

11 പത്രാധിപര്‍ എന്ന നിലക്ക് താങ്കളുടെ സങ്കല്‍പ്പത്തിലെ പത്രാധിപരെ ജീവിപ്പിക്കാന്‍ കഴിയുന്നുണ്ടോ? അതായത് ബാഹ്യ ഇടപ്പെടല്‍ കൂടാതെയൊരു പ്രവര്‍ത്തനം സാധ്യമാണോ?

ഉത്തരം ബാഹ്യ ഇടപെടല്‍ ഇല്ലേയില്ല. ദേശാഭിമാനി മാനേജുമെന്റ് ഇടപെടുന്നില്ല. നല്ലൊരു സാംസ്‌കാരികവാരികയായി ദേശാഭിമാനിയെ വളര്‍ത്തണമെന്നാണ് മാനേജുമെന്റ് എനിക്കുനല്കിയ നിര്‍ദ്ദേശം. ചിലവിളികള്‍ ചിലസുഹൃത്തുക്കളുടെ ഭാഗത്തുനിന്നുണ്ട്. പതിറ്റാണ്ടുകളായി കേള്‍ക്കാത്ത പല ശബ്ദങ്ങളും ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അതെല്ലാം സ്വാഭാവികമായ സംഗതികളല്ലേ? രചന അച്ചടിച്ചുകാണാന്‍ എനിക്കുണ്ടായിരുന്ന മോഹം ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്.

12 താങ്കളൊരു രാഷ്ട്രീയപ്രവര്‍ത്തകനും എഴുത്തുകാരനുമാണെന്നും താങ്കളുടെ അന്വേഷണലോകം ഇഹലോകമാണെന്നും മതത്തിന്റെ നിയോജകമണ്ഡലം പരലോകജീവിതമാണ് എന്നും രാഷ്ട്രീയപ്രവര്ത്തനത്തിന്റേന്റേത് ഇഹലോകജീവിതവുമെന്നും മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു. താങ്കളില്‍ ഒരു സൂഫി ഉറങ്ങി കിടക്കുകയോ കയര്‍ പൊട്ടിച്ച് പുറത്തുചാടാന്‍ വെമ്പുകയോ ചെയ്യുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ താങ്കളെ ഭരിക്കുന്നത് സൂഫി ലോകമെന്നത് ഒരാത്മീയ ലോകമെന്നും ആത്മീയത താങ്കള്‍ നിലകൊള്ളുന്ന രാഷ്ട്രീയത്തിനു വിരുദ്ധമെന്ന് കരുതുന്നതുകൊണ്ടുമാവാം. ആത്മീയത എന്നാല്‍ അത് ആത്മാവിനെ സംബന്ധിച്ചത് എന്ന് വേണമെങ്കില്‍ പറയാം. എങ്കില്‍ ശാസ്ത്രത്തിന്റെ തണല്‍ പറ്റി ആത്മാവ് എന്നാല്‍ ഊര്‍ജ്ജമെന്നും അടിവരയിടാം. യാതൊന്ന് നിലനില്‍ക്കുന്നത് ഊര്‍ജ്ജത്തിലെങ്കില്‍ അതിനെ നാശമില്ലല്ലോ. അതെന്തുമാകട്ടെ, ഉള്ളിന്റെയുള്ളില്‍ ഒരു നദി പുറപ്പെടാനോ, അല്ലെങ്കില്‍ പുറത്തേക്ക് ചാടാനോ ശ്രമിക്കുന്നതായി കാണുന്നു.

ഉത്തരം നദി? തീര്‍ച്ചയായും ഉണ്ട്, ഒരു ഗംഗോത്രി, യമുനോത്രി ഉണ്ട്. ഉറവെടുക്കുന്നതിനു മുമ്പ് വറ്റിപ്പോവുന്ന ഒരു നദി. ഒരു നിരൂപകസുഹൃത്ത് പറഞ്ഞു, എന്റെ കവിത രാഷ്ട്രീയത്തിന്റെ അഗ്‌നിയില്‍ വെന്തെരിഞ്ഞുപോയതാണെന്ന്. ശരിയല്ല അത്. എന്റെ അന്വേഷണലോകം ഇഹലോകം തന്നെയാണ് മതങ്ങളുടേത് പരലോകവും. അതാണ് മതത്തിന്റെ നിയോജകമണ്ഡലം. മരിക്കണ്ടേയെന്നാണ് മതങ്ങളുടെ ചോദ്യം. ജീവിക്കണ്ടേയെന്നാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ചോദ്യം. എനിക്ക് സര്‍ഗ്ഗാത്മകത അനുഭവിക്കാന്‍ കഴിഞ്ഞത് എപ്പോഴും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിമഗ്‌നനായിരിക്കുമ്പോഴാണ്. കാരണം രാഷ്ട്രീയം മരണത്തെ പറ്റിയല്ല, ജീവിതത്തെ പറ്റിയാണ് ചിന്തിക്കുന്നത്.
ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്നല്ലേ മഹാകവി ചോദിക്കുന്നത്. മരണത്തിന്റെ വ്യാപാരികള്‍ക്ക് ജീവിതത്തെ തകര്‍ക്കാന്‍ കഴിയില്ല.
രാഷ്ട്രീയം ഏറ്റവും സൃഷ്ട്യുന്മുഖമായ കലയാണ്. നല്ലരാഷ്ട്രീയപ്രവര്‍ത്തകന്‍ ത്യാഗം വരിക്കാന്‍ സന്നദ്ധനായിരിക്കണം, അത് സൂഫിസംതന്നെയാണ്. അയാള്‍ എപ്പോഴും അസംതൃപ്തനായിരിക്കണം. അയാളുടെമനസ്സ് എപ്പോഴും വേദനിച്ചുകൊണ്ടിരിക്കണം, വിങ്ങിക്കൊണ്ടിരിക്കണം. ദുരന്തങ്ങളില്‍ നിന്നാണ് നല്ല സാഹിത്യമുണ്ടാവുന്നത്

13 സി.പി. എന്നും അകമേ ഒരു കുട്ടിയെ സൂക്ഷിക്കുന്നു, അല്ലെങ്കില്‍ തുളുമ്പിപോകാത്തൊരു ചഷകം സൂക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ എന്താവും പ്രതികരണം?

ഉത്തരം അസംതൃപ്തനായ ഒരു കുട്ടി. ശരിയാണ്. ചഷകം എന്നൊക്കെ പറഞ്ഞാല്‍ അതില്‍ നിറയുന്ന വീഞ്ഞിനെപറ്റിയൊക്കെ ആലോചിച്ചുപോവില്ലേ? കവിതയുടെയും സാഹിത്യത്തിന്റെയും വീഞ്ഞാണ് ആ ചഷകത്തിലുള്ളത്. ഒരു കുഞ്ഞുമനസ്സ് ഉള്ളിലില്ലാത്ത ഒരെഴുത്തുകാരനുമില്ലെന്നാണെനിക്കുതോന്നുന്നത്.

14 കുട്ടിക്കാലം എങ്ങനെയായിരുന്നു. വാപ്പ, ഉമ്മ, സഹോദരങ്ങള്‍ എല്ലാം ചേര്‍ന്നൊരു വലിയ കുടുംബം ആയിരിക്കുമല്ലോ. ആ കാലം ഒന്നോര്‍ത്ത് പറയാമോ?

ഉത്തരം വലിയകുടുംബം. ഉപ്പ, ഉമ്മ, ഉമ്മാമ, മൂന്ന് സഹോദരിമാര്‍, നാലുസഹോദരന്മാര്‍. മൂത്തസഹോദരി മരിച്ചു. ഇളയ ഒരുസഹോദരനും. അഹമ്മദ്. അവന്റെ മരണം ഒരു കവിതയായി വന്നിട്ടുണ്ട്, അഹമ്മദ് എന്നകവിത.
എന്റെ കുട്ടിക്കാലത്താണ് ഞങ്ങളുടെ കുടുംബം ചീനം വീട് ജുമുഅത്ത് പള്ളിപരിസരത്തുനിന്ന് ചന്ദനപ്പറമ്പത്തേക്കുമാറുന്നത്. സാമാന്യമായി വിഷമങ്ങളില്ലായിരുന്നു. ഒരു ദിവസം എല്ലാം തകിടം മറിഞ്ഞു. ഉപ്പ തൊഴില്‍ രഹിതനായി. വടകര താഴെ അങ്ങാടിയില്‍ തേങ്ങിതിരിച്ചലായിരുന്നു പണി. പിരിച്ചുവിടപ്പെട്ടു. നോക്കൂ, പതിനൊന്നു വയറുകളാണ് എരിഞ്ഞുകൊണ്ടിരുന്നത്. ഉപ്പ ഒന്നും സമ്പാദിച്ചിരുന്നില്ല. ദിവസവും കിട്ടുന്ന കൂലിയും തിരിച്ചല്‍ തേങ്ങയുമെല്ലാം നഷ്ടമായി. ഓര്‍മ്മയുണ്ട് വടകര നിന്ന് സാധനങ്ങളുമായി , തേങ്ങയിറക്കി മടങ്ങുന്ന കാളവണ്ടികളില്‍ സ്‌ക്കൂളില്‍നിന്നു മടക്കയാത്ര. അതൊക്കെയാണ് ഇല്ലാതായത്.
ഉമ്മ ദാനശീലയായിരുന്നു. ഒന്നും നാളേക്ക് കരുതിവെക്കാത്ത അമ്മപ്പക്ഷിയായിരുന്നു ഉമ്മ.

വിശപ്പ് കവിതകൊണ്ട് ശമിക്കുമെന്ന് മനസ്സിലായത് അക്കാലത്താണ്. കൊളായില്‍( കുളംപോലെ വയല്‍ ഉരുണ്ടുകൂടി അവസാനിക്കുന്നൊരിടം) ഉള്ള ഒഴിഞ്ഞ പാറയില്‍ ചങ്ങാതിമാരോടൊപ്പം ആ വിശപ്പ് ഇറക്കിവെച്ചു. നാടകം കളിച്ചും കവിതയെഴുതിയും കാട്ടിലലഞ്ഞും ആ വിശപ്പിനെ അതിജീവിച്ചു. ദീര്‍ഘകാലത്തെ വിശപ്പായിരുന്നു അത്.

15 വര്‍ത്തമാന കാലത്ത് സി.പി എന്ന വ്യക്തി വാപ്പയാണ് ഉപ്പൂപ്പയാണ്, ഭര്‍ത്താവാണ്. അത് എങ്ങനെ വിലയിരുത്തുന്നു. താങ്കള്‍ നല്ലൊരു കവിയാണ്, നല്ലൊരു കാമുകനു മാത്രമേ നല്ലൊരു കവിയാകാന്‍ കഴിയൂ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ശരിയോ തെറ്റോ എന്നറിയില്ല. എങ്കിലും താങ്കളെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്..
ഉത്തരം ഞാനിതൊക്കെയാണ്. ഓര്‍മ്മയുള്ളകാലം മുതല്‍ ഞാന്‍ കവിയാണ്, 16998043_1790664180959814_6718757405525676330_nരാഷ്ട്രീയക്കാരനുമാണ്. മനുഷ്യന് ആകാവുന്നതൊക്കെ ആണ് ഞാന്‍. വലിയ നഗരങ്ങളില്‍ പാര്‍ത്തിട്ടില്ല, വിദേശയാത്രകള്‍ നടത്തിയിട്ടില്ല, വിലകൂടിയ ജീവിതസൗകര്യങ്ങളില്ല. മക്കളെ വിദ്യാഭ്യാസം ചെയ്യിച്ചു. അവരുടെ പാഠ്യേതരമായ കഴിവുകള്‍പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. ഒരു മകള്‍ ദേശീയ ചെസ് കളിക്കാരിയായിരുന്നു. ഇപ്പോഴും ഇടയ്ക്ക് കളിക്കുന്നുണ്ട്. അവര്‍ക്കും ഉത്തരവാദിത്തങ്ങളായി. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട ശധ സാമാന്യം നന്നായി പാടുന്നു. അതിന് ആവശ്യമായ പ്രോത്സാഹനം നല്കണമെന്നുണ്ട്.
ശരിയും തെറ്റുമായി ജീവിതമുണ്ടോ? അറിയില്ല. ജീവിതമേയുള്ളൂ.

16. പുതിയരചനകള്?

ഉത്തരം രണ്ടുനോവലുകള് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇടയ്ക്ക് കവിതകള്‍ എഴുതുന്നുണ്ട്.

17. ഏറ്റവും ഇഷ്ടമായ സാഹിത്യകൃതികള്?

ഉത്തരം : ഏറെയുണ്ട്. എം. ടി യുടെ, ബഷീറിന്റെ, മാര്‍ക്വേസിന്റെ, സക്കറിയയുടെയെല്ലാം കൃതികള്‍ എനിക്കിഷ്ടമാണ്. എനിക്കേറ്റവും ഇഷ്ടമായ കഥാസമാഹാരം ബഷീറിന്റെ അനര്ഘനിമിഷം ആണ്, നോവല്‍ രാജാറാവുവിന്റെ The Serpent And The Rope (സര്‍പ്പെന്റ് ആന്റ് ദ റോപ്പ്) ആണ്. കവിതയില്‍ വളരെ പഴഞ്ചനാണ് എന്റെ ഇഷ്ടം. ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവരെയാണ് ഏറ്റവുമിഷ്ടം. ഒറ്റക്കവിതയേതെന്നു ചോദിച്ചാല്‍ സച്ചിദാനന്ദന്റെ നാവുമരം, സുഗതകുമാരിയുടെ മഴ, വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍ എന്നിവയാണ്.

സി.പി എഴുത്തില്‍ അലിഞ്ഞില്ലാതാവുകയാണോ എന്നൊരു തോനലാണ് പലപ്പോഴും എനിക്ക്. ഇതിനിടയില്‍ സി.പിയുടെ ഏതാനും കവിതകള്‍ വായിച്ചുപോകാമെന്ന് തോന്നുന്നു. അതില്‍ ആ മനസ് വെളിപ്പെടുന്നു, പ്രക്‌സൃതിയോടുള്ള ആ പ്രണയം പോലെ തന്നെയാണ് സൌഹൃദങ്ങളോടുമെന്ന് കവിതകള്‍ നമ്മോട് ചൊല്ലുന്നു.

കൊച്ചുമോഹത്തിന്‍ കതിര്‍മണി കൊത്തുവാന്‍
കൊറ്റിതന്‍ പാറിപ്പറക്കലീജീവിതം.
ആയിരങ്ങള്‍ കൂടിപ്പാറലാണൊന്നിനു
മില്ല സംതൃപ്തിതന്‍ ചില്ലകള്‍ കൂടുകള്.

(പ്രിയപ്പെട്ട സുഹൃത്തിന്)

ഞാനൊരുകാടാവുകില്‍
ദേശഭക്തിതന്‍ തുള്ളി
തുള്ളിയായുറയുന്ന
ഗാനവും പതാകയും
എവിടെയുയരുവാന്
എവിടെയുയര്‍ത്തുവാന്?
(ഞാനൊരു കാടാവുകില്)

കടലിലൂടെ നീ
യുറഞ്ഞുനീന്തുമ്പോള്‍
കയങ്ങളെ പറ്റിയറിയുന്നുമില്ല,
കയമറിയുമ്പോള്‍
വിറച്ചുനില്കുവാന്‍
ഒരുകരിമ്പാറയടുത്തുകാണ്മതി
ല്ലതിനാല്‍ നാവിക,
അറിയുക ഇതെന്‍
ചുവന്നനക്ഷത്രം
വെളിച്ചവും തെല്ലു
കുസൃതിയുമായി
ട്ടനാഗതങ്ങളില്‍
തറയ്കുവാനൊരു
പ്രണയാസ്ത്രമിതി
ലൊളിച്ചിരിക്കുന്നു.
(ചുവന്നനക്ഷത്രം)

അന്നമാവുക സ്വയം
വിശപ്പായറിവായിമാറുക
പാടിപ്പാടിത്തെരുവില്‍
കൈനീട്ടുന്ന കവിക്കും
കിരാതനും ഭോജ്യമാവുക
കതിര്‍ഗര്‍ഭമായതിന്‍ പാലായ്
നീ സ്വയം ചുരക്കുക
(സ്വത്വം)

കമ്മട്ടമെല്ലാമഴിച്ചു കഴുകിയീ
മണ്ണിന്‍ ചെമപ്പില്‍ നിന്‍
ചോരപകര്‍ന്നുവോ
എവിടെ നീ നജീബ്,
ഏതുവനത്തില്‍ ഗുഹയില്‍
ഏതുനഗരശബ്ദത്തിന്നൊളിയിടത്തില്?
(എവിടെ നീ നജീബ്)

മേഘമില്ലാതായ
മാനത്തിലൂടെയാ
മഴയും ചരിത്രമായി
കടലിനെ കരളിനെ
താവിയെത്തുന്നൊരാ
കാറ്റും ചരിത്രമായി
നെടുവീര്‍പ്പിലൂറുന്ന
കണ്ണുനീരില്ലാതെ
പ്രണയം ചരിത്രമായി
പഴമൊഴിപ്പുഴയുടെ
തീരത്തു നിന്നൊരാള്‍
പഴയകാലത്തെയോര്‍ത്തു
(ചരിത്രം)

പാടില്ലപാടുവാന്‍
ഓടക്കുഴലിലെന്‍
കാതരശീലുകള്‍
പാടില്ല പാടത്ത്
കൊയ്യുവാനെന്റെയീ
പാട്ടും കവിതയും
പാടാതെനിന്നു ഞാന്‍
പാടവരമ്പത്തെ
പാടലഭംഗികള്‍
(പാടാതെനിന്നു ഞാന്)

അഭിസാരലാവണ്യത്തിനു
വിലപറഞ്ഞുവാങ്ങാനറിയാതെ
കവിതകള്‍ അനാഥമായി പറന്നു.
സാമൂതിരിയും മരയ്ക്കാരും
അവസാനതിരയടങ്ങും വരെ കാത്തിരുന്നു
കുഞ്ഞായന്‍ മുസലിയാരുടെ കപ്പപ്പാട്ട്
മങ്ങാട്ടച്ചന്റെ കുടുമയില്‍
ഒരു കിളിക്കൂടുണ്ടാക്കി
എഴുത്തച്ചന്റെ ശാരിക
ഒരു ചൊറിയണത്തണ്ടുമായി
വി മര്‍ശകരെ തേടിയിറങ്ങി
കവിതകള്‍ക്കു വേലികെട്ടുന്നില്ലെങ്കില്‍
നോക്കൂ ഇതാണ് സംഭവിക്കുക.
മാന്യന്മാര്‍ക്കു സ്വൈരമില്ലാതാവും
( വേലികെട്ടാത്ത കവിത)

ദൈനം ദിനരാഷ്ട്രീയം മുതല്‍ പ്രേണയവും സൗഹൃദവും വരെ തികച്ചും മൗലികമായ രീതിയില്‍, വേറൊരുകവിയുടേതുമല്ലാത്ത സ്വന്തമായ രീതിയില്‍ സി പി എഴുതുന്നു.

സി.പി എന്ന പുഴ ഒഴുകികൊണ്ടിരിക്കുന്നു. ബഷീര്‍ പറഞ്ഞത് പോലെ പല പുഴകളോട് ചേര്‍ന്നും അതില് നിന്നും സ്വീകരിച്ചും മ്മിണി വലിയൊരു ഒന്നായി വേറിട്ടൊഴുകികൊണ്ടിരിക്കുന്നു. സി.പി എഴുതികൊണ്ടിരിക്കുകയാണ്. സാഹിത്യ രംഗത്തായാലും രാഷ്ട്രീയ രംഗത്തായാലും സി.പി സജീവമാണ്. തന്റെ രണ്ടാമത്തെ നോവലായ കടലിന്റെ പണിപ്പുരയിലാണ് സി.പി. നദിക്ക് കടലിലേക്ക് ചേരാതിരിക്കാനാവില്ല, നമുക്ക് സി.പിയുടെ എഴുത്തിനായി കാത്തിരിക്കാം. നന്ദി, സി.പിക്കും വായനക്കാര്‍ക്കും..
mkk

3 Comments

  1. നല്ലൊരു എഴുത്ത്, സി പി യെക്കുറിച്ച് കൂടുതല്‍ അറിയാനായി, നന്ദി

Leave a Reply

Your email address will not be published.


*


*