മീനാക്ഷി (കഥ )- സുജിത് സുരേന്ദ്രന്‍

night_rain_landscape_art_oil_painting_by_debra_hur_39532a8df7fbdb24d0ba85a891a59e20”സാറേ, എനിക്കൊരു ബീഡി തരുവോ…??”

കാവല്‍ നിന്ന ഏമാന്‍ അത് കേട്ടില്ലാന്നാ തോന്നുന്നേ..

ഇരുമ്പഴികളെല്ലാം ദ്രവിച്ചിരിക്കുന്നു. ഇടവപ്പാതി തകര്‍ത്തുപെയ്യുവല്ലേ.. ഈ പോലീസുകാര്‍ക്ക് തണുപ്പൊന്നുമില്ലേ..

ദൈവം കൊടുത്ത അഞ്ചു ജീവനുകള്‍ തിരികെയെടുക്കാന്‍ എന്നെയേല്‍പ്പിച്ചതാണെങ്കിലും, അതൊക്കെ വവ്വാലുകള്‍ ചിറകടിച്ച് പാറുന്ന ആ കുമ്മായം പൂശിയ, വലിയ മുറിയിലെ തട്ടുംകൂടിനുള്ളില്‍ നിന്ന് അലറിവിളിച്ച് പറഞ്ഞാലും ആര് കേള്‍ക്കാന്‍.

കൈയ്യില്‍ ത്രാസുമായി കണ്ണുകെട്ടി നില്‍ക്കുന്നവള്‍ക്ക്, ജീവനില്ലെന്നു കരുതാം… ജീവനുള്ള, കണ്ണുമൂടിക്കെട്ടാത്ത ചിലര്‍ക്കോ, കാതും കേള്‍ക്കില്ല പലപ്പോഴും… അഥവാ ആ കേള്‍വിക്കുറവിനെ ഭേദിക്കുവെന്നോണം ചില ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നാലോ, ചുറ്റിക കൊണ്ടടി വാങ്ങുന്നതാ മേശയും..

അനുദിനം തമ്മില്‍ മത്സരിച്ചെന്നോണം, ആകാശത്തെ കൈയ്യെത്തിപ്പിടിക്കാന്‍ പിറവിയെടുക്കുന്ന കെട്ടിട സമുച്ചയങ്ങള്‍… അവയുടെ ചോട്ടില്‍ ചിതറിത്തെറിച്ചു കിടക്കുന്ന അഴുക്കുചാലുകളുടെ ഓരത്തെ ചെറ്റക്കുടിലുകളുടെ സമീപത്തായിരുന്നു എന്‍റെ ആ മുറി.

എഴുതാനൊരല്പം അനുഭവങ്ങള്‍ വേണമെന്ന വാശിയായിരിക്കാം, ആ ലോഡ്ജ് മുറിയില്‍ എഴുതിവച്ച ഖണ്ഡികയോട് യാത്ര പറയാതെ, ഒരൊറ്റ ഇറങ്ങിപ്പോക്ക് നടത്താന്‍ പലപ്പോഴും കാരണമായത്.

പരസ്യം ചെയ്ത് പ്രശസ്തി നേടാനല്ല, ഞാന്‍ ദാനസേവനങ്ങളൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞു നടത്തുന്ന ഏറ്റവും പുതിയ പരസ്യമായ ഈ കലാപരിപാടികളുടെ നടത്തിപ്പുകാരും, സോഷ്യല്‍ മീഡിയകളിലെ ഷെയര്‍ ബട്ടണുകളമര്‍ത്തി, പട്ടിണിമുതല്‍ ക്യാന്‍സര്‍ വരെ മാറ്റുന്ന അത്ഭുതസിദ്ധന്‍മാരും, കാണാതെ പോയ ഒരു കുടുംബം.

അനുഭവങ്ങളെ തേടി നടക്കാനിറങ്ങുന്ന പല യാമങ്ങളിലും, കടത്തിണ്ണയില്‍ കിടക്കുന്ന അഞ്ച് മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്ന പോലെ.. അഞ്ചിലും നിഴലിച്ചിരുന്നത് വിശപ്പിന്‍റെ ദയനീയത.

എല്ലിനൊരാവരണം പോലെ തൊലികള്‍ മാത്രമുള്ളതിനാലാവണം, അവളുടെ മാനം സുരക്ഷിതമായിരുന്നു.കൈയിലെപ്പോഴും ആ കുഞ്ഞിനെയും എടുത്ത് അമ്മിഞ്ഞകൊടുത്തിരുന്നതെന്തിനാണാവോ… ചിലപ്പോള്‍ ദിവസം മുഴുവന്‍ ഊറ്റിക്കുടിച്ചാലാകും ഒരിത്തിരി കിട്ടലുണ്ടാവുക. അല്ലെങ്കില്‍ വിശന്നു കരയാതിരിക്കാനുള്ള അവളുടെ സൂത്രമാവും.

അയാളെപ്പോഴും വിശ്രമമാണ്. ഇടതു കൈകൊണ്ട് വലതു കൈ എടുത്ത് മാറ്റിവയ്ക്കുന്നത് പലപ്പോഴായി കാണുന്നു. എന്തായാലും ഇനി ജീവിതങ്ങളെ പഠിക്കാന്‍ തത്കാലം ഉലാത്തേണ്ട എന്നു കരുതി. കാരണം ഈ കഥാപാത്രങ്ങളെ എന്‍റെ മുറിയുടെ ജനാലക്കണ്ണുകളിലൂടെ വ്യക്തമായി കാണാം.

പിന്നെ രണ്ട് കുട്ടികളെ ഇടയ്ക്കൊക്കെ കാണാറുണ്ട് അവരുടെ കൂടെ, മക്കളായിരിക്കുമോ..? കണ്ടാലൊരു ഏഴ് വയസ്സു തോന്നിക്കുന്ന പെണ്‍കൊച്ചും, അവളേക്കാള്‍ രണ്ടുവയസ്സ് കുറച്ച് തോന്നിക്കുന്നൊരു വികൃതിച്ചെക്കനും.

അതെ, മക്കള് തന്നെ, അവരുടെ ശരീരശാസ്ത്രം അത് വ്യക്തമാക്കുന്നു. പലരും ആട്ടിപ്പായിക്കുമ്പോഴും, ആ നടവഴിയോരത്ത് പരാതി പറയാതെ മേപ്പോട്ടും നോക്കിക്കിടക്കുന്ന അപ്പനെ അവന്‍ കണ്ണിറുക്കി കാണിച്ചു.

”അണ്ണാ, എന്താ ഇന്നലെയും ഞാന്‍ ചായ കൊണ്ടുവന്നപ്പോള്‍, ഈ ജനലില്‍ കൂടി താഴോട്ട് നോക്കി ഇരിക്കണത് കണ്ടല്ലോ..!?” പെട്ടെന്നെന്‍റെ ഏകാന്തചിന്തകളെ തട്ടിയിട്ട, താഴത്തെ ചായക്കടയിലെ ചെക്കന്‍റെ ചോദ്യം കേട്ട് ഞാന്‍ ചെറിയ ഞെട്ടലോടെ തിരിഞ്ഞവനെ നോക്കിയപ്പോള്‍, അവനൊരു ചിരി… എന്നിട്ട് പറഞ്ഞു-

ആ മീനാക്ഷിയെ ആണെങ്കില്‍ നോക്കണ്ടാട്ടോ, അവള്‍ക്ക് മറ്റേതാ, കണ്ടില്ലേ, എല്ലും തോലുമായിട്ടിരിക്കണത്. അവക്കടെ കെട്ടിയോന്‍ വെട്ടുകൊണ്ട് ഒരു സൈഡ് പോയി ഷെഡില്‍ കേറിയപ്പോ(ആള് മാറി കിട്ടിയ കൊട്ടേഷനായിരുന്നു അണ്ണാ) പാവം വീട്ടുജോലിക്ക് പോവാന്‍ തുടങ്ങി. ആ വീട്ടിലെ ചെക്കന്‍റെയായിരുന്നു കൈനീട്ടം. പിന്നവള് പ്രൊഫഷനലായി. ഇങ്ങനൊന്നുമല്ലിരുന്നത്.. കാണണമായിരുന്നു. ഇവക്കടെ അസുഖം ഒരുത്തനൂടെ കിട്ടിയപ്പഴാ എല്ലാരും കാര്യമറിയണത്.

ഇത് പകരുമെന്നാരോ പറഞ്ഞിട്ട് ഒരു ദിവസം കോളനിയിരച്ച് വന്ന് ഓടിച്ചു വിടാന്‍ നോക്കീതാ.. കുറേ തല്ലുകേം ചെയ്തു അതുങ്ങളെ,,… പിന്നെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി.

ആ.. നേരം പോയി, മൊതലാളി ഇപ്പോ എന്‍റെ അപ്പനെ കുഴീന്ന് എണീപ്പിക്കും.. പോട്ടെ അണ്ണാ. ആ പിന്നെയേ- അവക്കടെ കൈയിലിരിക്കണ കൊച്ച് തളന്ന് കിടക്കുന്നവന്‍റെയല്ലാട്ടോ..!!

ചായയും കൊണ്ടവന്‍ വന്നിട്ട് ഞാന്‍ തേടിയതിനെ എന്‍റെ മുന്നില്‍ വലിച്ചെറിഞ്ഞിട്ട് പോയിരിക്കുന്നു. അതിലെനിക്ക് വേണ്ടാത്തവയുമുണ്ടല്ലോ, പക്ഷെ ചിതറിത്തെറിച്ചത് അതില്‍ നിന്നായതിനാല്‍ പെറുക്കിക്കൂട്ടാതെ നിര്‍വാഹമില്ല.

നേരം കുറേ കടന്നു പോയി. ഇടവമാസത്തിലെ മഴ തകര്‍ത്തു പെയ്യുന്നു. തൂലികത്തുമ്പ് തത്കാലം മൂടി വയ്ക്കാം. ആ തൂലിക പിടിക്കുന്ന കൈകള്‍ക്കല്ലേ അതിലും കരുത്ത്. സമയം അര്‍ദ്ധരാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ട്. തട്ടിന്‍റെ മേലെയുള്ള മുറിയില്‍ നിന്നും ഓരോ ചുവട് താഴോട്ട് വയ്ക്കുമ്പോഴും, വല്ലാത്തൊരു ഊര്‍ജ്ജം മേല്‍പ്പോട്ടു കേറി വന്നു. അഞ്ചു പേരും നല്ല ഉറക്കമാണ്. മീനാക്ഷിയേം കുടുംബത്തിനെയും ഇനി രക്ഷിക്കേണ്ടത് എന്‍റെ കടമയാണ്.

ഏഴുവയസ്സിനെയും, അഞ്ചു വയസ്സിനെയും ആദ്യം തിരഞ്ഞെടുത്തു. പിടയ്ക്കുമ്പോള്‍ തറയില്‍ തല്ലി വേദനിക്കാതിരിക്കാന്‍ ഞാനെന്‍റെ മടിയിലെടുത്തുവച്ചാണ് ഏഴു വയസ്സുള്ളവളേം, അഞ്ചുവയസ്സുകാരനേം രക്ഷിച്ചത്. മെല്ലെ മാറ്റിക്കിടത്തിയാ കുഞ്ഞുങ്ങളെ… എന്നിട്ടേറ്റവും ചെറുതിനെ എടുത്തു. ചേട്ടനും ചേച്ചിയും ദാ നിന്നെ കാത്തിരിക്കുന്നു എന്നു പറഞ്ഞതും അവനൊരു ചിരി. ചിരിച്ച മുഖം അതേപോലെ തന്നെ…

അവസാനമായി മീനാക്ഷി. അവളുടെ മുഖം തുണികൊണ്ടമര്‍ത്തുമ്പോഴും കൈകള്‍ പിടച്ചില്ല, പകരം എന്തിനെയോ തിരഞ്ഞിരുന്നൂ, പിന്നെ ആ മുഖത്തുമൊരു പുഞ്ചിരി. അവള് തിരഞ്ഞതവളുടെ കുഞ്ഞുങ്ങളെയായിരുന്നു. അവരുടെ അടുത്തെത്തിയതിന്‍റെ ആവാം ആ പുഞ്ചിരി. ആ ചിരിയില്‍ സുന്ദരിയാണവള്‍..

പിന്നെ പാതി ചത്തവനെ നോക്കി ഞാന്‍ ഒന്നു ഞെട്ടി. അവന്‍റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു. ഞാന്‍ പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു അവന്‍റെ മുഖത്തെ ഭാവം.. കെഞ്ചുകയായിരുന്നു,, തളരാത്ത ആ കൈ കൊണ്ട് എന്‍റെ കൈയില്‍ മുറുകെ പിടിച്ച് ഭാഷയുടെ സഹായമില്ലാതെ അവനഭ്യര്‍ത്ഥിച്ചു. ‘എന്നെയും രക്ഷിക്കണം’ അത് കണ്ടില്ലെന്ന് നടിക്കാനെനിക്കായില്ല.

ഇടവപ്പാതിക്ക് കൂട്ടിനുവന്ന ഇടിമിന്നലില്‍ പെട്ടെന്ന് മുഖം തിരിച്ചപ്പോള്‍, സെല്ലിനുള്ളിലെ ഭിത്തിയില്‍ എന്‍റെ നിഴലിന്‍റെ കൂടെ നാളെ ഇതേ സമയം തൂങ്ങിയാടുന്ന കയറിന്‍റെ നിഴലും…

ഞാനൊരു വട്ടം കൂടി ചോദിച്ചു, സാറേ, എനിക്കൊരു ബീഡി തരുവോ…??

ഇത്തവണ സാറ് ഒന്ന് ചിരിച്ച് കൊണ്ട് പോക്കറ്റിലേക്ക് കൈയിട്ടു.
AIbEiAIAAABDCPz38eH6ov2PJyILdmNhcmRfcGhvdG8qKDcxOTRmYmUzYWQxNzM0YjU2YzlhNTlmZTFiNWM4NjZjNzRlNTcwMTYwAduCP5KwmIQ4z12a4YowxRdDQzB3

3 Comments

Leave a Reply

Your email address will not be published.


*


*