പ്രണയം (കവിത )- എം .കെ .ഖരീം

street-umbrella-night-lightവേഷങ്ങൾ യാത്രപോകുന്ന തെരുവിൽ
ബഹളങ്ങളിൽ
ഭക്തിവിൽക്കുന്ന കടകളിൽ നോക്കി,
യാ അല്ലാഹ് നീ നിശബ്ദയായി നിൽക്കുന്നു..
നിന്റെ ചുണ്ടിൽ
എന്റെ നെഞ്ചകം പിളർക്കുന്ന തേനല്ലയോ..
അത് നുകരാൻ
അതിലലിയാൻ എത്രമേൽ കുതിച്ചിട്ടെന്ത്
ഞാൻ എന്നിൽ തന്നെ കുഴഞ്ഞുവീഴുന്നു.
എനിക്കറിയാം
എന്നത്തെക്കാൾ തെളിമയോടെ,
നീ ഒളിക്കാൻ,
നിന്റെതന്നെ തൂണിൽ തലയടിച്ച്
മരിക്കാൻ ശ്രമിക്കുകയാണെന്ന്.
ഇവിടെ കലഹങ്ങൾ,
ബിരിയാണിയിലെ നെയ്യിനെ ചൊല്ലിയോ,
പർദയുടെ ഞൊറിവുകളെ ചൊല്ലിയോ,
മീസാൻ കല്ലിൽ പേരു കൊത്തുന്നതിനെ കുറിച്ചോ,
ഖബർ സന്ദർശനത്തെ ചൊല്ലിയോ…
യാ അല്ലാഹ്,
നീ ഉറങ്ങുകയും
ഉണരുകയും ചെയ്ത തമ്പുകളെവിടെ,
നീ അയച്ച പ്രവാചകരിലൂടെ
നീയൊഴുക്കിയ പ്രണയത്തിന്റെ വീഞ്ഞെവിടെ…
യാ അല്ലാഹ്,
നീ പ്രണയമാകുന്നു,
നീ പനിനീർ പൂവിന്റെ മാതാവാകുന്നു,
നീ പ്രണയത്തിന്റെ പ്രണയവും
രതിയുടെ രതിയുമാകുന്നു.
തീ പിടിച്ച ചിന്തകൾ,
തീപിടിച്ച ഒച്ചകൾ
വേലിയേറ്റം നടത്തുമ്പോൾ
ഒളിഞ്ഞിരിക്കുന്നവൾ,
മറഞ്ഞ് ഭയന്നിരിക്കുന്നവൾ….
പ്രണയിക്കുമ്പോൾ അത്രമേൽ ആഴത്തിൽ കുരുങ്ങണം,
പഴുത്ത ചെമ്പ് തകിട് പോലെ തമ്മിലുരുകണം.
പിന്നീടൊരു കാലത്തിനും ഇഴപിരിക്കാനാവാത്തവണ്ണം ചേർന്ന്..
ഉരുകിചേർന്നാൽ,
അലിഞ്ഞുചേർന്നാൽ
പിന്നെ വേർപാടെവിടെ..
ഉടലഴുകിപോയാൽ
ആത്മാവ് സഞ്ചാരം നിർത്തുന്നതെങ്ങനെ…
ഇനി ആ ജ്വലനത്തിലേക്കൊരു ചെമ്പുകട്ടി
കയറിൽ കോർത്ത് ഇറക്കിയെന്നിരിക്കട്ടെ,
കയർ ബാക്കിയാവുകയും
ചെമ്പ് അലിഞ്ഞുചേരുകയും..
പ്രണയമേ,
പ്രണയത്തിന്റെ പ്രണയമേ
നിന്നെ ആലപിച്ച്
എന്റെ ചുണ്ടുകൾ മുറിഞ്ഞുപോയിരിക്കുന്നു,
നിന്നെ സ്മരിച്ച് ഞാൻ നഷ്ടപ്പെടുന്നു,
നിന്നിലേക്ക് തന്നെ
എന്റെ വീഴ്ച പൂർണമാകുന്നു…
ഞാനോ നീയോ എന്നില്ലാതെ
നിലാവിന്റെ പുഞ്ചിരി ബാക്കിയാവുന്നു.
mk.k_vettam

1 Comment

  1. യാ അല്ലാഹ്,
    നീ പ്രണയമാകുന്നു (പ്രണയം സ്നേഹവുമാകുന്നു )

Leave a Reply

Your email address will not be published.


*


*