വ്യാപാര ലോകത്തെ വേഷങ്ങൾ(എഡിറ്റോറിയല്‍ )- എം.കെ. ഖരീം

11781798_1198381340188104_1340209602744318508_n-220x220സ്നേഹം കൊണ്ട് മതിലുകൾ പൊളിക്കാൻ മതങ്ങൾ പഠിപ്പിക്കുന്നിടത്ത് വെറുപ്പ് കൊണ്ട് മതിലുകൾ കെട്ടുന്നു മനുഷ്യൻ. അവിടെ ദൈവത്തെ എത്രമേൽ അവതരിപ്പിച്ചാലും കെട്ട ഇടമായി മാറുന്നു. ധർമ്മം ക്ഷയിക്കുമ്പോൾ അവതരിക്കുമെന്ന് ചൊല്ലിയവനെ ഇന്ന് കാത്തിരിക്കുന്നത് ഇരുകാലികളാവില്ല. ഇരുകാലികളുടെ ഇന്ദ്രിയങ്ങളെ വ്യാപാര മതങ്ങൾ കൊട്ടിയടച്ചിരിക്കുന്നു. അതിനിടയിൽ ധർമ്മത്തെ കുറിച്ച് ചൊല്ലുന്ന നാവുകൾ തിരസ്കരിക്കപ്പെടുന്നു. എറ്റവും ചെറിയ എഴുത്തുകാർക്ക് പോലും ഉറക്കം കെടാവുന്ന അവസ്ഥയാണ് ഈ ഭൂമിയിലുള്ളതെങ്കിലും അവർ ഉറങ്ങുകയോ മയക്കം നടിക്കുകയോ ചെയ്യുന്നു. എഴുത്തുകാരെ സംരക്ഷിക്കുന്നത് മാർക്സിസ്റ്റ് പ്രസ്ഥാനമാണെന്ന മൂത്ത എഴുത്തുകാരന്റെ നാവ് കള്ളനാണയത്തെ വെളിപ്പെടുത്തുന്നു. ഒരിക്കൽ അതേ നാവ് തന്നെയാണല്ലോ ചൊല്ലിയത് കമ്യൂണിസം ഇറക്കുമതിയെന്ന്. സാഹിത്യ അക്കാദമി കസേരയോ മറ്റ് വല്ലതുമോ തടഞ്ഞാൽ പിന്നെ കഞ്ചാവ് ലഹരിയിലെന്ന പോലെ ചുരുണ്ടുകൂടുന്നവരാണ് ഏറെയും.

എഴുത്തുകാർ തങ്ങൾ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തേണ്ടവരും ഭാവിയിലേക്കുള്ള നന്മയുടെ പാത വെട്ടേണ്ടവരുമാണ്. ഒരു കാക്ക തെരുവിലെ മാലിന്യം കൊത്തിയെടുക്കുന്നത് പോലെ തന്നെയോ ചിലപ്പോൾ അവൾ/അവൻ. ചിലപ്പോൾ പ്രകൃതിയുടെ നാവുമായി മാറുന്നു. എങ്കിലും അവൻ/അവൾ അവിടെയൊരു സാക്ഷിയത്രേ. ഓരോ കാലത്തും എഴുതിപിടിപ്പിക്കുന്ന ചരിത്ര പുസ്തകങ്ങളെ പൊളിക്കുകയും  സത്യത്തിന്റെ നീരുറവ് ചൂണ്ടികാണിക്കേണ്ടവരുമാണവർ. മുൻഗാമികളിൽ പലരും അത് ചെയ്തിട്ടുണ്ട്. എന്നാൽ അതേ നുണയുടെ വക്താക്കളായി മാറുന്നതിനെ അശ്ലീലമെന്നേ ചൊല്ലേണ്ടൂ. കഥയാവട്ടെ, കവിതയാവട്ടെ, നോവലാവട്ടെ, അതുകൊണ്ട് സ്നേഹത്തിന്റെ കവാടം തുറക്കണം. അതല്ലാതെ ഏതെങ്കിലും പക്ഷം പിടിച്ചെഴുതുന്നത് കള്ളമാണ്. അതൊക്കെ കാലം അതിന്റെ ചവറ്റുകൊട്ടയിൽ തള്ളുകതന്നെ ചെയ്യും.

ഈ മണ്ണ് ആരുടെതെന്ന ചോദ്യം ചിലരെയെങ്കിലും അലട്ടുന്നുണ്ട്. മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും കോർപ്പറേറ്റുകളുടെയും കൊടികൾ കൊണ്ട് മണ്ണ് വിഭജിക്കാൻ ശ്രമിക്കുന്നവർ എന്തേ ഓർക്കാതെ പോകുന്നു, ഈ മണ്ണ് ഏറ്റവും ചെറിയ പുൽനാമ്പിനും പക്ഷിക്കും മൃഗത്തിനുമെല്ലാം അവകാശപ്പെട്ടതെന്ന്. രണ്ടുകാലിൽ നെഞ്ച് വിരിച്ച് തങ്ങളാവും വണ്ണം ചവിട്ടിമെതിച്ചു നടക്കുന്നവരെ കാത്ത് വാർദ്ധക്യം മുന്നിലുണ്ട്. വെട്ടിപ്പിടുത്തവും ചവിട്ടിമെതിക്കലും ജീവിത ചര്യയാക്കിയവർ ഒന്ന് വീണുപോയാൽ പിന്നെ മലമൂത്ര വിസര്‍ജ്ജനത്തിനോ, ശുദ്ധിയാകാനോ പരസഹായം വേണ്ടിവരുമെന്ന് ഓർക്കാത്തിടത്തോളം അഹങ്കാരം കൊടികുത്തിവാഴുക തന്നെ. മനുഷ്യനെ പരുവപ്പെടുത്തുക മരണമാണ്. മരണത്തെ ഓർത്താൽ ചിലപ്പോഴെങ്കിലും മനുഷ്യത്വം തെളിഞ്ഞേക്കാം. എന്നാൽ അതിന് പലരും മിനക്കെടുന്നില്ലെന്നതാണ് നേര്. ഇതൊക്കെ എന്തിനു പറയുന്നു, എന്തിനു എഴുതികൊണ്ടിരിക്കുന്നുവെന്ന ചോദ്യം പോലുമുണ്ടാവാം. പക്ഷേ ചോദിക്കാൻ ുശിഷ്യരോ കൊടുക്കാൻ ഗുരുക്കളോ നഷ്ടമാകുന്നിടത്ത് ധർമ്മം ക്ഷയിക്കുന്നു.

ലോ അക്കാദമി കേവലമൊരു കോളേജ് പ്രശ്നമായി നിസാരവൽക്കരിക്കുമ്പോൾ അനാഥമാകുന്നത് ധർമ്മം തന്നെയാണ്. ആന്റണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ വഴിയാധാരമായ കച്ചവടക്കാർക്ക് മേയാൻ ഒരിടമെന്ന നിലക്ക് അനുവദിച്ചുകൊടുത്തതാണ് സ്വാ ശ്രയ കോളെജ് എന്നെല്ലാം ചില രസികൻ ഭാഷണങ്ങൾ ചിലരിലെങ്കിലും കാണാം. നമ്മുടെ വിദ്യ വിൽപ്പനക്ക് വച്ചിരിക്കുന്നിടത്ത് ഒരു ദേശത്തെ മൊത്തമായും കാർന്ന് തിന്നാൻ പറ്റിയ ക്യാൻസർ ഉല്പാദിപ്പിച്ചുതുടങ്ങുന്നുവെന്ന് പറഞ്ഞാൽ ഒട്ടും കുറവല്ല. ഒരുതരം അബ്കാരി ലേലം പോലെ നമ്മുടെ വിദ്യാകേന്ദ്രങ്ങളും മാറിയിരിക്കുന്നു. കൊള്ളാം, ഇങ്ങനെയൊക്കെ വേണം, ധർമ്മമല്ല, ജാതിമത വർഗീയതയും മറ്റും കൊഴുപ്പിക്കാൻ ധർമ്മം ക്ഷയിച്ചവർ ഉള്ളപ്പോൾ പിന്നെ പറഞ്ഞിട്ടുകാര്യമില്ല.

കോളേജ് അധികൃതരുടെ പീഡനം കൊണ്ട് ഒരു കുട്ടിക്ക് ജീവനൊടുക്കേണ്ടിവരിക. മറ്റൊരു കോളേജിൽ കുട്ടികളെ ഒതുക്കാൻ ഇടിമുറികൾ ഒരുക്കുക. മറ്റൊരിടത്ത് പ്രിൻസിപ്പൽ എന്ന് പറയുന്നൊരു വേഷം ജാതിപ്പേരു വിളിച്ച് അവഹേളിക്കുക, ദലിത് കുട്ടികളെ കൊണ്ട് എച്ചിലെടുപ്പിക്കുക. അത്രമേൽ ക്രിമിനൽ പശ്ചാത്തലമുള്ള മനസുകളാണോ അധ്യാപക വേഷം കെട്ടിയാടുന്നത്. അത്തരം വിദ്യ കേന്ദ്രങ്ങൾ കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഇല്ലാത്ത പണമുണ്ടാക്കി, കടത്തിൽ മുങ്ങി തങ്ങളുടെ മക്കളെ അത്തരം കേന്ദ്രങ്ങളിലേക്ക് വിടുന്നവർ തന്നെയാണ് അതിനെല്ലാം വളം വച്ചുകൊടുക്കുന്നത്. അത്തരം ഇടങ്ങളെ കലായലമായൊന്നും കാണാനാവില്ല, പോളിഷ്ഡ് സൂപ്പർ മാർക്കറ്റുകൾക്ക് പോലും ഒരു മാന്യതയുണ്ട്. അധ്യാപകർ ഗുരുക്കളിൽ നിന്നും വെറും സെയില്‍സ് മാനിലേക്ക് ചുരുങ്ങിയ ഇടത്ത് മനുഷ്യത്വം പ്രതീക്ഷിക്കേണ്ടതില്ല.
മാതാ പിതാ ഗുരു ദൈവം എന്ന ധർമ്മപുരിയുടെ മന്ത്രം നമ്മിൽ മുഴങ്ങട്ടെ. മാതാവ് പിതാവിനെ ചൂണ്ടികാട്ടുന്നു, പിതാവ് ഗുരുവെ കാട്ടികൊടുക്കുന്നു, ഗുരുവോ ദൈവത്തേയും.
mkk

2 Comments

  1. “നമ്മുടെ വിദ്യ വിൽപ്പനക്ക് വച്ചിരിക്കുന്നിടത്ത് ഒരു ദേശത്തെ മൊത്തമായും കാർന്ന് തിന്നാൻ പറ്റിയ ക്യാൻസർ ഉല്പാദിപ്പിച്ചുതുടങ്ങുന്നുവെന്ന് പറഞ്ഞാൽ ഒട്ടും കുറവല്ല”.
    കള്ളുകച്ചവടക്കാർക്കും പാറ ക്വാറി മുതലാളിമാർക്കും സ്വാശ്രയം അനുവദിച്ചുകൊടുത്തപ്പോൾ നശിപ്പിച്ചതും മുരടിപ്പിച്ചതും തലമുറകളെയാണ്. ഉത്തരം പറഞ്ഞേ മതിയാവൂ.

  2. എല്ലാം വിഭജിക്കപ്പെടുന്നു, എഴുത്തും മനുഷ്യനും മതവും എല്ലാം. കൊലകള്‍ ആസ്വദിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. മനുഷ്യരെ കാണുന്നില്ല, കാണുന്നത് സംഘിയെയും, കമ്മിയെയും സുടാപ്പിയേയുമോക്കെയാണ്. എല്ലാവരെയും ഏതെങ്കിലും ഒരു കെണിയില്‍ ഒതുക്കി എന്തൊക്കെ നേടാനാവുമെന്ന് നോക്കുന്നുണ്ട് ചിലര്‍.
    ശക്തമായ എഡിറ്റോറിയല്‍, എപ്പോഴും പോലെ.

Leave a Reply

Your email address will not be published.


*


*