സാഹിറ ( കഥ ) – സക്കീന യൂസഫ്

b2eaebb3a3758acceff6fa2403115f78ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ മഴയുണ്ട്. ചന്നം പിന്നം പെയ്യുകയാണ്. മഴ വിളിച്ചിട്ടാണല്ലോ അടുക്കളയിൽ നിന്നും വിട്ടുപോന്നത്. താൻ പ്രതീക്ഷിച്ച മഴ അതല്ല. നാട്ടുമാവിനെ ഉലയ്ക്കാൻ പോന്ന ആ മഴ. ആ മഴ ആ വികാരത്തോടെ തിരികെ വന്നാൽ പോലും തന്റെ ഹൃദയത്തെ ആ കാലത്തോട് ചേർത്ത് നിർത്താനാവില്ലെന്നറിയാം. എങ്കിലും ഒരാശ. വരൾച്ചയോട് പൂർണമായും തോറ്റുകൊടുക്കാനുള്ള മടി. വേഗംകൊണ്ട ബസിനെ പിടിച്ചുനിർത്താൻ കമ്പിയിൽ ബലമായി പിടിക്കുന്ന കുട്ടിയെ പോലെ താൻ കാലത്തെ ആർക്കാണ് തിരികെ നടത്താനാവുക.
സാഹിറ ജനാലയിൽ മുറുകെ പിടിച്ചു. വിരലുകൾ തുരുമ്പ് കയറികൊണ്ടിരിക്കുന്ന അഴികളിൽ ശക്തമായി അമർത്തുമ്പോൾ ആ ശക്തി തന്റെ ഉള്ളിലേക്ക് കയറി തന്നെയൊന്ന് പൊട്ടിച്ച് പുറത്തേക്ക് നടത്തിയെങ്കിലെന്ന് ആശിച്ചു. ഇല്ല, ഒന്നിനുമാവുന്നില്ല. ഒന്ന് കരയാൻ പോലുമാകാതെ കീഴ്പ്പെടുന്ന  ഇരയുടെ നിസംഗത.
എവിടെയാണു തനിക്കു പിഴച്ചത്.. എവിടം മുതലാണ് മനസ്സിന്റെ താളം തെറ്റിയത്? ചിന്തകൾ പെരുകുമ്പോൾ ഭൂതകാലമോ വർത്തമാനകാലമോ ഏതിലാണ് നിൽപ്പിന്നെ തിരിച്ചറിയാനാവുന്നില്ല. ഒരു കയറിൽ താൻ പിരിഞ്ഞുകൊണ്ടിരിക്കുന്നത് പോലെയാണപ്പോൾ. അതിനിടയിൽ തന്റെ മുടിയാരോ പിന്നി കയറാക്കുന്നു. ആ കയറ് ഒരു കുരുക്കായി മാറുമെന്നും അത് തന്റെ കഴുത്തിൽ കുരുങ്ങുമെന്നും ഓർത്തു.
ഇരുട്ടിൽ ഒരു പങ്ക തെളിഞ്ഞുകറങ്ങുന്നു. പങ്ക ചുരത്തുന്ന ചൂടിൽ ഒരു മയ്യത്ത് നിന്ന് കത്തുന്നു..
മഴയിലേക്ക് മനസ്സത്രയും വച്ച് പോയകാലത്തെ കുളമ്പടികള്‍ക്ക് കാതോര്‍ത്തു. കറുത്ത വേഷക്കാരനായൊരാൾ മുഖം കറുത്ത തുണികൊണ്ട് കെട്ടി കുതിരപ്പുറത്ത് സഞ്ചരിക്കുന്നു. അയാൾ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇരുട്ടിന്റെ കിടങ്ങുകളിലേക്ക് തന്നെ ചവിട്ടിതാഴ്ത്താനാവും. ഇരുട്ടിൽ കിടക്കുന്ന തന്നെ ഇനി ഏത് ഇരുട്ടിലേക്കാണയാൾ കൊണ്ടുപോകുക. വിഡ്ഡി.
ഭാരമുള്ളൊരു വണ്ടി കയറ്റം കയറാൻ ക്ലേശിക്കുന്ന ഇരമ്പൽ പരിസരമാകെ നിറഞ്ഞു. അത് ഉമ്മിയുടെ ശ്വാസം തൊണ്ടക്കുഴിയിൽ കെട്ടിനിൽക്കുന്നതാണല്ലോ. നിറം മങ്ങിയ ചുവരുകൾക്കുള്ളിൽ കയറ്റുകട്ടിലിൽ ആ വിരലുകൾ വായുവിൽ എന്തൊക്കെയോ എഴുതുന്നുണ്ട്. കഴിഞ്ഞ ജീവിതത്തിന്റെ കണക്കെടുപ്പോ അത്.
‘നീയെന്ത് പറയുന്നു?’
തുടർന്ന് സംസാരിക്കാനാവാതെ ചുമയിലേക്ക് ഉമ്മി മടങ്ങി. താൻ ഉമ്മിയുടെ സഹോദരിയുടെ മകന് കഴുത്ത് നീട്ടികൊടുക്കണം. അത് കണ്ടിട്ട് വേണം ഉമ്മിക്ക് യാത്രപോകാൻ. പിന്നെ സമാധാനത്തോടെ ഖബറിൽ കിടക്കാമെന്നാവും. പക്ഷേ തന്നെ തള്ളിയിടുന്നത് നരകത്തിലേക്കെന്ന് ആ പാവം അറിയുന്നില്ലല്ലോ! മകൾ ഒരു മെഴുകുതിരി പോലെ എരിഞ്ഞ് തീരുന്നത് കാണാനോ.
പറയണമെന്നുണ്ടായിരുന്നു, ഉമ്മീ മകൾ സന്തോഷത്തോടെ കഴിയുന്നതാണ് ഉമ്മിയുടെ ഖബറിൽ വെളിച്ചമാകുന്നതെന്ന്. മകൾ തരുന്ന പ്രാർത്ഥനയെക്കാൾ എത്രയോ വലുതാണ് അത്. ഉമ്മിക്കത് മനസിലാവില്ലല്ലോ, കാണാത്ത ലോകത്തെ കുറിച്ച് തനിക്കോ ഉമ്മിക്കോ അറിവില്ല. അപ്പോൾ ഈ അവസാന മണിക്കൂറിൽ ഉമ്മിയോട് തർക്കിക്കാതിരിക്കുന്നത് തന്നെ ഉത്തമം.
പക്ഷേ തനിക്ക് ചില സ്വപ്നങ്ങളുണ്ട്. കുട്ടികാലത്ത് നെയ്തുകൂട്ടിയ സ്വപ്നങ്ങളിലൊന്നും സൽമാന്റെ മുഖമില്ല. അവൻ ശത്രുപക്ഷത്തോ മിത്രപക്ഷത്തോ ഇല്ല. എന്തിനു യാത്രയിൽ കണ്ടുമുട്ടിയ ഒരാളോടുള്ള ഒരടുപ്പം പോലുമില്ല. തനിക്കൊരിക്കലും പൊരുത്തപ്പെടാനാവാത്തൊരു ജീവിതവുമായി തന്നെ കെട്ടിയിടാനാണ് എവിടെയും തയ്യാറെടുപ്പുകൾ. അത് കഴിഞ്ഞ് ഉമ്മി സമാധാനത്തോടെ കണ്ണടക്കട്ടെയെന്നാവും.
മുറ്റത്ത് പന്തലിട്ട് ആഘോഷപൂർവം നടത്തേണ്ടിയിരുന്നൊരു വിവാഹം, ഏതാനും പേരുടെ സാന്നിധ്യത്തിൽ ബഹളങ്ങളില്ലാതെ ഒതുങ്ങി, ആ മരവിപ്പ് തന്നെയാണല്ലോ തന്നിലേക്കും ഇഴഞ്ഞുകയറുന്നത്. ഇത് നരകത്തിലേക്കൊരു കോണി, ഇറച്ചിമുട്ടിയിൽ നുറുക്കപ്പെട്ട ജീവിതത്തിന്റെ തുറിച്ച് നോട്ടം. സാഹിറ ഒച്ചയില്ലാതെ കരഞ്ഞു. തന്റെ ചിരി അവിടെയല്ലേ എന്നന്നേക്കുമായി അരഞ്ഞുപോയത്. രാത്രിയുടെ ദേശങ്ങളിൽ കരകര ശബ്ദത്തോടെ നിരത്തിൽ വാഹനങ്ങളുടെ ടയറുകൾ ഉരഞ്ഞ് നീങ്ങുന്ന ശബ്ദം.
ലൈറ്റണയുമ്പോൾ കട്ടകുത്തിയ ഇരുട്ടിൽ വെട്ടിയിട്ട വാഴപോലെ കിടപ്പ്. ഇവിടെ രതിയുടെ ആളലില്ല. താനാകെ തണുത്തുവിറക്കുന്നു. തണുത്ത സൂചികൾ ഇറച്ചി തുളച്ച് കയറുന്നു.
‘നിന്റെ വിരലെന്താ തണുത്ത് മരവിച്ചിരിക്കുന്നേ?’ സൽമാൻ ചോദിച്ചു.
ഒന്നും മിണ്ടിയില്ല. താനെന്ത് പറയാനാണ്. സ്വന്തമായൊരു തീരുമാനമെടുക്കാനോ, അതിനൊട്ട് ജീവിക്കാനോ പരുവപ്പെടാത്ത മനസ് ഇനി വണ്ടികാളയെ പോലെ ഓടുക തന്നെ. തന്നിൽ മുളയെടുത്ത സ്വപ്നങ്ങൾക്ക് ഖബറൊരുങ്ങുന്നു. എവിടെയൊക്കെയോ ഒരുമിച്ച് നടന്ന ജീവിതങ്ങൾ ഉറക്കത്തിന്റെ പാതാളം തേടുന്നു. അവൻ എന്തൊക്കെയോ തന്റെ ഉടലിൽ കാട്ടികൂട്ടി തിരിഞ്ഞ് കിടക്കുകയാണ്. ആ കൂർക്കം വലി മച്ചിൽ ചിലന്തികളെ ഉണർത്തുന്നുണ്ടോ?
വാതിൽ ഒച്ചയോടെ അടക്കുന്ന ശബ്ദം. സൽമാൻ വന്നുകാണും. മഴ മുറ്റത്ത് വീർപ്പടക്കി കിടക്കുകയാണ്. അപ്പോഴാണ് അടുപ്പത്ത് കറി വച്ചിരുന്നതിനെ പറ്റി ഓർത്തത്. ക്ഷണത്തില്‍  തിരികെ നടന്നു.
‘നീയിത് എന്ത് പണ്ടാരമെടുക്കയാ, കണ്ടില്ലെ, കലം കരിയണത്. നാശം.’ സൽമാൻ പറഞ്ഞു.
ഒന്നും മിണ്ടിയില്ല. നിശബ്ദയാവാൻ എന്നേ ശീലിച്ചുകഴിഞ്ഞു. താൻ അവനൊരു യന്ത്രം. അടുക്കളയിൽ നിന്നും കിടപ്പറയിലേക്കും തിരിച്ചും ഓടികൊണ്ടിരിക്കുന്നൊരു വണ്ടി. ഒരു നല്ല വാക്ക് പ്രതീക്ഷിക്കേണ്ടതില്ല. ഒരുവേള താനെന്തെങ്കിലും പറഞ്ഞാൽ നഷ്ടകച്ചവടത്തിന്റെ പുരാണമാകും എഴുന്നള്ളിക്കുക. തന്റെ മുതലിൽ കണ്ണുവച്ചല്ലെ തന്റെ കഴുത്തിൽ താലി ചാർത്തിയത്. അന്ന് സ്വർണമെല്ലാം കൊണ്ടുവന്നെന്നുള്ളത് നേര്. എന്നിട്ടെന്ത്, ഒരാഴ്ച തികയും മുമ്പ്, അത് ഊരിയെടുത്തു. മറ്റാരുടേയോ ആണെന്നൊരു ന്യായവും. എന്തേ അതൊന്നും നേരത്തേ തന്നോട് പറഞ്ഞില്ല? ലോകത്തിനു മുന്നിൽ സ്വന്തം മുഖം നഷ്ടപ്പെടുത്താൻ മടി. ഇപ്പോഴും രക്ഷകൻ ചമഞ്ഞുതന്നെയാണു നിൽപ്പ്.
പള്ളിയിൽ നിന്നും ബാങ്ക് കേൾക്കേ ഉള്ളൊന്ന് ആളി. ഖബറിൽ ഉമ്മി എണീറ്റിരുപ്പുണ്ടോ, ആ കണ്ണുകൾ കലങ്ങിയിട്ടുണ്ടോ? മകളെയോർത്ത് വിലാപത്തോടെ കഴിയുകയാണോ? ഉമ്മിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നുണ്ട്, എന്തിനൊന്ന് സ്വസ്ഥമായി നിസ്കരിക്കണമെന്നുണ്ട്. അകമാകെ ശൂന്യമാണല്ലോ. അവിടെ അല്ലായു പോയിട്ട് ശൈത്താൻ പോലും പാർക്കുന്നില്ലെന്ന് തോന്നി. പിശാച് പോലും എടുക്കാത്തൊരു തലത്തിലോ തന്റെ നിൽപ്പ്. ഉമ്മി ഉപയോഗിച്ചിരുന്ന നിസ്കാര കുപ്പായം പെട്ടിയിലുണ്ട്. അതെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു. ആ മണം അത്രയും വലിച്ചെടുത്ത് ഉമ്മിയിലേക്ക് ചേരാനുള്ള ആവേശം.
തന്റെ പിറവി, കാലത്തിന്റെ നേരമ്പോക്കോ. താൻ പിറക്കും മുമ്പ് തങ്ങളുപ്പാപ്പ പറഞ്ഞിരുന്നെന്ന് പിന്നീട് ഉമ്മി പറഞ്ഞു കേട്ടിട്ടുണ്ട്. ഇനി ഗർഭം ധരിക്കരുതെന്ന്. പിന്നെ എങ്ങനെ താനുണ്ടായി? മറ്റ് മക്കളെ പ്രസവിക്കുന്നതിനെക്കാൾ ഭാരമായിരുന്നത്രേ തനിക്ക് വേണ്ടിയെടുത്തത്.
എവിടെയോ വായിച്ചത് ഓർക്കുന്നു, വെറുതെ ഒരു പിറവിയും ഉണ്ടാകുന്നില്ല. ഒരാൾ പിറന്നാൽ അതിനു എന്തെങ്കിലും നിയോഗം കാണും. എങ്കിൽ എന്താണു തന്റെ നിയോഗം? ഇങ്ങനെ ജീവശ്ചവമായി കഴിഞ്ഞുകൂടാനോ? പഠിച്ച വിദ്യകളെവിടെ? യാതൊന്നും തനിക്ക് ഉപകരിക്കുന്നില്ലല്ലോ.
ഒരു സ്വപ്നം, പിന്നേയും സ്വപ്നം. പിന്നെ സ്വപ്നങ്ങളുടെ പെരുമഴ തന്നെയായിരുന്നു. നെഞ്ചിൽ ആരോ കയറിയിരിക്കുന്ന പ്രതീതി. വിറയാർന്ന വിരലുകൾ തന്നിൽ ഇഴയുന്നു. അത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയില്ല. പുതപ്പ് കുടയുമ്പോൾ നെഞ്ചിലൊരു പാമ്പ് പത്തിവിടർത്തിയാടുന്നു. അലറി വിളിച്ചിട്ടും ആരുമെത്തുന്നില്ല, എണീറ്റ് ഓടാൻ ശ്രമിച്ചിട്ട് കൈകാലുകൾ അനങ്ങുന്നില്ല. നെഞ്ചിൽ കെട്ടിയ സ്വരം. കാട്ടുചേമ്പുകൾക്കിടയിൽ എലികളുടെ പരക്കം പാച്ചിൽ. കറക്ക് കുറിയിലെ അക്കങ്ങൾ കറങ്ങി മായുന്നത് പോലെ പിന്നെ താൻ നഷ്ടപ്പെടുന്നു.
‘ നീ എന്തൊക്കെയാ എഴുതി കൂട്ടിയിരിക്കുന്നത്. എഴുതി എന്നെ തോൽപ്പിക്കാന്നാ വിചാരം. ഇതൊക്കെ എഴുതുന്ന നേരം കൊണ്ട് ആ ഖുര്‍ ആൻ എടുത്ത് വച്ച് വായിച്ചൂടെ? അതെങ്ങനെ പടച്ചോനെ പേടീണ്ടായിട്ട് വേണ്ടേ.’
സൽമാനാണ്. താൻ എഴുതികൂട്ടിയത് അത്രയും വായിച്ച് കാണില്ല. ചിലപ്പോൾ ഒന്നോ രണ്ടോ പുറങ്ങൾ. തന്റെ ജീവിതമാണത്. തന്റെ ജീവിതമാകുമ്പോൾ താനൊരു ഇരയും അയാൾ വേട്ടക്കാരനുമാണല്ലോ. അയാൾക്ക് വേണ്ടിയിരുന്നത് തന്നെയല്ലല്ലോ, തന്റെ മുതലല്ലേ. കിട്ടിയതത്രയും ചൂതാടി നശിപ്പിച്ചിരിക്കുന്നു. താൻ ജോലിയെടുത്ത് നേടിയതും ശൂന്യതയിൽ. താനൊന്നിനും കണക്ക് വച്ചിട്ടില്ല, അയാളുടെ ലോകം അക്കങ്ങളുടെതല്ലോ. അവൻ എന്തിനുമേതിനും കണക്ക് വയ്ക്കുന്നു. വസ്ത്രം വാങ്ങുമ്പോൾ, ചെരുപ്പ് വാങ്ങുമ്പോൾ ഈർഷ്യയോടെ ചോദിക്കുന്നു, അത്രയും വിലയുള്ളത് വേണോ എന്ന്.
എണീറ്റ് പുറത്തേക്ക് കടക്കും മുമ്പ് മുറ്റത്ത് നിന്നും പുകയടിച്ചു. ചാരമായി പോകുന്ന അക്ഷരങ്ങൾ. അതെ തന്റെ ജീവിതം മറ്റൊരർത്ഥത്തിൽ കത്തിയമരുന്നതിന്റെ മറ്റൊരു ഭാവം.
താൻ ഇനിയുമെഴുതും, മുസാഫിർ പറഞ്ഞത് പോലെ തനിക്ക് തന്നിൽ നിന്നും ഇറങ്ങിനടക്കാൻ അക്ഷരങ്ങൾ വേണം. തങ്ങളുപ്പാപ്പയുടെ പിന്മുറക്കാരനാവാം മുസാഫിർ. തനിക്കയാളെ പറ്റി കൂടുതലൊന്നും അറിയില്ലല്ലോ. ചില ഉച്ച നേരങ്ങളിൽ അയാൾ ഗയിറ്റിനരികെയെത്തുന്നു. അയാൾക്ക് വേണ്ടത് ആ നേരത്തെ ഭഷണമാണ്. അകത്തേക്ക് വിളിച്ചാൽ കയറാൻ മടിക്കുന്നു. ചിലപ്പോൾ അയാളുടെ വേഷം കാവിയാണ്, ചിലപ്പോൾ പച്ചപ്പട്ട് പുതക്കുന്നു. ഒരിക്കൽ നിർബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെ:
‘ വേണ്ടാ കുട്ടീ, ഞാനവിടെ വന്നിരുന്ന് ചോറ് തിന്നുന്നത് നിന്റെ ഭർത്താവെങ്ങാനും കണ്ടാൽ പിന്നെ അത് മതി ചട്ടീം കലോം ഉടയാൻ. അതങ്ങനെതന്നെ ഇരിക്കട്ടെ.’
അയാൾ പറയുന്നതിൽ കാര്യമില്ലാതെയല്ല, താൻ പണിയെടുത്ത് കൊണ്ട് വന്നിട്ടാണോ വഴിയേ പോകുന്നവർക്ക് തീറ്റ കൊടുക്കുന്നതെന്ന് സൽമാൻ ചോദിക്കാതിരിക്കില്ല. സൽമാന്റെ ചിലവിൽ പഠിച്ചതിന്റെ ദുരന്തം. അവിടെ തിരിച്ചൊന്നും പറയാനാവാതെ ഒരു നിശ്വാസത്തിലൊതുക്കി പിന്നെ മങ്ങിയ മൂലയിലൊതുങ്ങി ഏങ്ങികരയാം. എരിഞ്ഞടങ്ങുന്നൊരു വിറകുകൊള്ളി. അതാണു താൻ. അതിനപ്പുറം, തന്നിലെ കനൽ ഊതിയാളിക്കാൻ മറ്റെന്ത്?
ഒരിക്കലും ഉറക്കഗുളികയെ സമീപിക്കരുതെന്ന് ക്ലാസിൽ കുട്ടികളോട് എത്രയോ വട്ടം ചൊല്ലിയിരിക്കുന്നു. ഗുരുമുഖത്ത് നിന്നും കിട്ടിയത് ശിഷ്യന്‍  സ്വീകരിക്കുമ്പോൾ ഗുരുവിടെ ഉറക്ക ഗുളികയിലേക്ക്. ഗുളിക വിഴുങ്ങുമ്പോൾ പുറകേ വെള്ളം കുടിക്കുമ്പോൾ ഇനി ഉണരരുതേയെന്ന് പ്രാർത്ഥിച്ചു. ഉറക്കത്തിന്റെ അറകളിലൂടെ അങ്ങനെ പ്രാണൻ ഊരിപോകുന്നത് പോലുമറിയാതെ അവസാനിക്കുക. കാലം ചിലപ്പോൾ മുദ്രകുത്തിയെക്കാം ജീവിതത്തിൽ നിന്നും ഒളിച്ചോടിയവൾ. അല്ലെങ്കിൽ തോറ്റവൾ. എന്തുമാകട്ടെ, തന്റേതായൊരു മുദ്രയും വീഴാത്ത ഇടത്ത് നിന്നും മടങ്ങുക.
ഇരുണ്ട തിരികൾ, ഇരുണ്ട പങ്കകൾ. സാഹിറ കിതപ്പോടെ തുഴയുകയാണ്, എവിടെയും എത്തുന്നില്ല. കൈകാലുകൾ ആരോ ബന്ധിക്കുന്നു. വായിൽ ആരോ നനഞ്ഞ പഞ്ഞി തിരുകുന്നു. കണ്ണുകളിലും ആ നനഞ്ഞ പഞ്ഞി. സ്വപ്നമോ യാഥാര്‍ത്ഥ്യമോ  എന്നറിയാത്തൊരു തലത്തിൽ നീന്തികൊണ്ടിരുന്നു.
16142454_1737812542911645_6748358654341029721_n

1 Comment

Leave a Reply

Your email address will not be published.


*


*