‘ദി നെറ്റ്’ (സിനിമ) – അനൂപ് നെടുവേലി

16265686_1862144064032242_3699187473832859032_nതോക്കിൻ കുഴലുകൾ കാവൽ നിൽക്കുന്ന നദീ തീരത്തേയ്ക്ക് അയാൾ ഇറങ്ങിപ്പോകുന്നു. ഇരു കൊറിയകളെയും വേർതിരിക്കുന്ന നദിയുടെ വടക്ക് ഭാഗത്തു നിന്ന് നാം ചുൽ വൂവ് എന്ന മത്സ്യ തൊഴിലാളി ബോട്ടിലേക്ക് കയറുമ്പോൾ തോക്കിൻ കുഴലുകൾ പരിചിത ഭാവം പ്രകടിപ്പിച്ചു ചിരിച്ചു. അവയ്ക്ക് നാം ചുൽ അതിർത്തി ലംഘിക്കില്ലെന്നു ഉറപ്പായിരുന്നു. ലോകം ചർച്ച ചെയ്യുന്ന ഉത്തര, ദക്ഷിണ കൊറിയൻ വിഭജന പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് കിം കി ഡുക് സംവിധാനം ചെയ്ത ‘ദി നെറ്റ്’. ഉപജീവനമാർഗം മത്സ്യ ബന്ധനത്തിലൂടെ കണ്ടെത്തുന്ന നാം ചുൽ എന്ന കഥാപാത്രം ഉത്തര കൊറിയൻ പൗരനാണ്. ബോട്ടിന്റെ എഞ്ചിനിൽ വല കുരുങ്ങി അതിർത്തി ലംഘിച്ചു ദക്ഷിണ കൊറിയൻ പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്ന നാം ചുലിന്റെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. കൊറിയൻ വിഭജനം അക്രമാസക്തമായ ഈ അവസരത്തിൽ ഇത്തരത്തിലുള്ള ഒരു പ്രമേയം കിം കി ഡുക് മുന്നോട്ടു വച്ചത് തികച്ചും പ്രശംസനീയമാണ്. പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്ന നാം ചുൽ ചാരനാണെന്ന് ദക്ഷിണ കൊറിയൻ അന്വേഷണ സംഘം വിലയിരുത്തുമ്പോൾ മറു ഭാഗത്തു ആധുനിക വൽക്കരണത്തിന്റെയും മുതലാളിത്ത വ്യവസ്‌ഥയുടെയും നിറമുള്ള പ്രകാശങ്ങൾക്ക് നേരെ നാം ചുൽ കണ്ണുകൾ മുറുക്കെ അടയ്ക്കുന്നു. ഒരു മനുഷ്യന്റെ രണ്ടു ദ്രുവങ്ങളിലെ ജീവിതാവസ്ഥകൾ കിം കി ഡുക് മനോഹരമായി ചിത്രീകരിച്ചു. ഉത്തരകൊറിയൻ സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകിപ്പിടിക്കുന്ന നാം ചുൽ നിസ്സഹായക അവസ്ഥയിൽ പോലും ശരിയെ മുറുകെപ്പിടിച്ചു. ദേഹത്തിന് മുറിവുകൾ ഏൽക്കുമ്പോഴും തന്റെ നിലപാടുകളിലും ശരികളിലും കിം കി ഡുക്കിന്റെ കഥാപാത്രം ഉറച്ചു നിന്നു. ത്രസിപ്പിക്കുന്ന രംഗങ്ങൾ വളരെ കുറച്ചു മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാൽ ആശങ്കയിലിരിക്കുന്ന പ്രേക്ഷകന് ‘അടിക്കെടാ അവനെ’ എന്ന് ഉറച്ചു പറയാൻ തക്ക കൂട്ടുകൾ നിറച്ചാണ് രംഗങ്ങൾ പാകപ്പെടുത്തിയിരിക്കുന്നത്. കിം കി ഡുക്കിന്റെ ചിത്രങ്ങളിൽ സാധാരണ കാണാറുള്ളതുപോലെ ഈ ചിത്രത്തിലും കഥാപാത്രങ്ങൾ കുറവാണ്. എന്നാൽ അവർ ഓരോരുത്തരും പ്രേക്ഷകനിൽ വിഭിന്നമായ വികാര പ്രകടനങ്ങൾക്ക് പാത്രമാകുന്നു. അത് അഭിനേതാവിന്റെയും സംവിധായകന്റെയും വിജയം തന്നെയാണ്. ദക്ഷിണ കൊറിയൻ നഗരത്തിന്റെ അത്തറ് പൂശിയ വീഥികളിലേക്ക് നാം ചുലിനെ ഇറക്കിവിട്ടപ്പോഴും നഗര ജീവിതത്തിന്റെ വ്യത്യസ്തത മുഖങ്ങൾ അദ്ദേഹം കാണുന്നു. ഭ്രമിപ്പിക്കുന്ന സുഖങ്ങൾ തേടിയെത്തിയപ്പോഴും കുടുംബവും രാജ്യവും ആത്മാഭിമാനവും ഭ്രമങ്ങളെ നിഷ്‌ഫലമാക്കി. ചാരനല്ല എന്ന് ഉറപ്പുവരുത്തി നാം ചുലിനെ തിരിച്ചു നാട്ടിലേക്കെത്തിക്കുമ്പോൾ ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാൽ അവിടെയും ചാരനെന്ന സംശയത്തിന്റെ നിഴലിൽ ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന നാം ചുൽ, ഹാരമിട്ട് വിജയിയായി ക്യാമറക്ക് മുന്നിൽ ഇരുന്നു കൊടുക്കുമ്പോൾ ചിരിച്ചുകൊണ്ട് കരയുന്ന അവിസ്മരണീയമായ പ്രകടനം പ്രേക്ഷനിലും വേദനയുളവാക്കുന്നു. എഴുത്തുകാരൻ തന്നെ സംവിധായകനും അതിലുപരി ഛായാഗ്രഹകനുമാകുമ്പോൾ ചിത്രം പങ്കുവയ്ക്കുന്ന സന്ദേശത്തിന്റെ വ്യാപ്തി അത്രത്തോളം തന്നെ പ്രേക്ഷകനിൽ പ്രതിഫലിച്ചിട്ടുണ്ട്. ചിത്രത്തിൽ നാം ചുൽ വൂവ് ആയി റ്യൂ സ്യുങ്- ബും ആണ് വേഷമിട്ടിരിക്കുന്നതു. നാം ചുൽ വിശ്വസിച്ചിരുന്ന ആശയങ്ങളിലും തത്വങ്ങളിലും എന്താണ് പ്രാമുഖ്യമെന്നും സാധാരണ ജീവിതത്തിന്റെ ഏടുകളിൽ അവന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾക്ക് തന്നെയാണ് പ്രസക്തിയെന്നും ചിത്രം പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നു. കേരളത്തിലെ സിനിമാസ്വാദകരുടെ ഇടയിൽ കിം കി ഡുക് എന്ന കൊറിയൻ സംവിധായകന് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശൈലി ഏവർക്കും ഇഷ്ട്ടപ്പെടുന്ന താരത്തിലുമാണ്. ‘ദി നെറ്റ്’ എന്ന ചിത്രം ഒട്ടനവധി പുരസ്‌കാരങ്ങൾ നേടുകയും വെനീസ് ഫിലിം ഫെസ്റ്റിവൽ, ടോറോന്റോ ഫിലിം ഫെസ്റ്റിവൽ, ദുബായ് ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ലോകോത്തര ചലച്ചിത്ര മേളകളുടെ തട്ടിൽ പ്രേക്ഷക സ്വീകാര്യത പിടിച്ചു പറ്റുകയും ചെയ്തു.
14732121_1815874328659216_5004463647125724861_n

Be the first to comment

Leave a Reply

Your email address will not be published.


*


*