ചിരിയുടെ സെല്‍ഫികള്‍ (2) – ബിന്ദു ഹരികൃഷ്ണന്‍

imagesസിനിമയിലെ ചിരി
________________

വെള്ളിത്തിരയിൽ നിന്നിറങ്ങിവന്ന് നമ്മളെ ചിരിപ്പിച്ചവരാണ് യഥാർത്ഥ ജീവിതത്തിൽ ചിരി തന്നവരേക്കാളധികമെന്നത് വെറും തോന്നലല്ല , സത്യം തന്നെയാണ്. അങ്ങനെയോർത്താൽ മലയാള സിനിമയിലെ എത്രയെത്ര രംഗങ്ങളും അഭിനേതാക്കളും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടു മനസ്സിലേയ്ക്കിരച്ചുകയറി വരും! അവരെ ഓരോരുത്തരെയായി ചിരിത്തുമ്പത്തെത്തിക്കുകയാവും നല്ലത്. അതിൽ ഗഫൂർക്കയും ‘ഗഫൂർ കാ ദോസ്തും’ കൂടെത്തരുന്നത് അൽപ്പം കാലഹരണപ്പെട്ടതെങ്കിലും ഒന്നൊന്നര ചിരിതന്നെയാണ്. അന്നും ഇന്നുമതു മനസ്സിലേറ്റാത്ത മലയാളികൾ ചുരുക്കം. മാമുക്കോയയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ല് എന്ന് ഗഫൂർക്കയെ വിശേഷിപ്പിക്കാവുന്നതായി തോന്നിയിട്ടുണ്ട്.

“ആയിരക്കണക്കിനാളുകൾ തോണിയിലും വഞ്ചിയിലും നീന്തിയിട്ടുമൊക്കെ തന്നാണ് ഗൾഫിലെത്തിയത്. 20000 രൂപാ ഇല്ലാണ്ടൊരു വിസകിട്ടുമോന്ന്. പണ്ടത്തെ പഹയന്മാർക്കുള്ള മനോധൈര്യം ഇന്നുള്ള പഹയന്മാർക്കില്ലായെന്നു കൂട്ടിക്കോളിൻ .”
” ഞങ്ങൾക്ക് രണ്ടുപേർക്കും മനോധൈര്യം അത്രയ്ക്കില്ല.”
” ങേ ……..? അല്ല വേണ്ട.. എനിക്കിണ്ടെന്നേ .”
ദാസനെയും വിജയനെയും മനോബലമുള്ളവരാക്കി ‘കരയിലേക്ക് ഫുള്ളായടുപ്പിക്കാൻ പറ്റാത്ത ലോഞ്ചി’ലേയ്ക്ക് നയിക്കുന്ന ഗഫൂർക്കാന്റെ പാൽ(പൽ )ചിരി മലയാളി എങ്ങനെ മറക്കാൻ ?
കാലിഫോർണിയയ്ക്കു ചരക്കു കയറ്റാൻ പോണ ഉരു രണ്ടു ദോസ്തുക്കൾക്കായി ” വേണെങ്കിൽ ഞമ്മളത്‌ ദുബായ് കടപ്പുറം വഴി തിരിച്ചു വിടാ”മെന്ന ആ സൗമനസ്യവും കഷ്ടി ഒരു ഫർലോങ് നീന്തിക്കേറിയാൽ ദുബായ് എത്താമെന്നുള്ള ഉപദേശവും കാണികൾക്ക് ചിരിച്ചു തള്ളാമെങ്കിലും ദാസനും വിജയനും അവ ജീവനോളം വിലപ്പെട്ടതാണ്. പോരെങ്കിൽ പോലീസും കീലീസുമൊന്നുമില്ലാത്ത ഒരുപാട് ഗൾഫ് കടപ്പുറങ്ങൾ പരിചയവുമുണ്ട് ഗഫൂർക്കയ്ക്ക് . അറബിവേഷത്തിലും അത്യാവശ്യം വേണ്ട ‘അസ്സലാമു അലൈക്കും, വ അലൈയ്ക്കുമുസ്സലാം ‘ എന്ന അറബി വാക്കുകളിലും ദോസ്തുക്കളെ ഗൾഫിലെത്താൻ തയ്യാറെടുപ്പിക്കുന്ന ,ഒടുക്കം ഇരുട്ടിവെളുത്ത നേരം കൊണ്ട് അവരെ ദുബായിയിലെത്തിച്ച്‌ നീന്തി കരപറ്റാൻ അനുഗ്രഹിച്ചയയ്ക്കുന്ന ‘ദാ അക്കാണുന്നതാണ് ദുബായ് ‘എന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ഗഫൂർ എന്ന ഹൃദയാലുവിനെ കൈയ്യടിയോടെ ഏറ്റെടുത്ത മലയാളിയെ 30 വർഷമായിട്ടും ആ ചിരി ബോറടിപ്പിക്കുന്നില്ല ,പുതുമയകറ്റുന്നുമില്ല. ( നാടോടിക്കാറ്റ് — സത്യൻ അന്തിക്കാട് , ശ്രീനിവാസൻ ചിത്രം -1987)

“ഇതാ എല്ലാപേരോടുമായി പറയാണ് … എന്നെ അനുസരിച്ചും ബഹുമാനിച്ചും ജീവിച്ചാൽ കൊള്ളാം…. കത്തിക്കുത്ത് കീലേരി അച്ചുവിന് പുത്തരിയല്ലാ …. എന്നോട് കളിക്കാൻ ധൈര്യമുള്ളവൻ വാടാ …….. ഹേയ് ഒന്നും ചെയ്യൂലാ …. കുത്തിക്കൊടലെടുക്കുവേ ഉള്ളൂ……” കീലേരി അച്ചു, വേറൊരു മാമുക്കോയ കഥാപാത്രം. ഗുണ്ടാ സംഘങ്ങളെയും ഗുണ്ടകളെയുമൊക്കെ പൊതുജനം ഒട്ടൊരു പേടിയോടെ അകറ്റിനിർത്തിയിരുന്ന കാലത്ത് അവരുടെ പൊള്ളത്തരങ്ങൾ സമൂഹമധ്യത്തിൽ തുറന്നുകാട്ടാനെഴുതിച്ചേർത്തൊരു കഥാപാത്രമായി കീലേരി അച്ചു. ഗുണ്ടാ അടയാളങ്ങളായ നിവർത്തിപ്പിടിച്ച കത്തിയും ബട്ടൺ തുറന്നിട്ട ഷർട്ടും മുട്ടിനുമുകളിൽ മടക്കിക്കുത്തിയ കള്ളിമുണ്ടുമൊക്കെ പ്രചുരപ്രചാരത്തിലെത്തിച്ചതിൽ കീലേരി അച്ചുവിനുമുണ്ടായിരുന്നു ഒരുപങ്ക്‌. കൂട്ടത്തിലാ പേരിന്റെ പ്രൗഢിയും. ഒരു ഗുണ്ടയുടേതെന്നു പരക്കെ വിശ്വസിച്ചിരുന്ന, തടിച്ചുകൊഴുത്ത അരോഗദൃഢഗാത്രരൂപത്തിനു പകരം മെലിഞ്ഞുണങ്ങിയ അച്ചു ഗുണ്ടയായപ്പോൾ തന്നെ പ്രേക്ഷകനത് രസിക്കാൻ തുടങ്ങി. ആളുകൾക്ക് അയാളുടെ മേലുള്ള ഭയം കൂടെ കണ്ടതോടെ കൊട്ടകകൾ ഇളകിമറിഞ്ഞു ചിരിക്കാൻ തുടങ്ങി. ഊരിപിടിച്ച കത്തിയുമായി ഭീഷണിമുഴക്കി നിന്ന അച്ചുവിനോട് ‘താനാരാ…. തനിക്കെന്തുവേണമെന്നു ?’ ചോദിക്കാൻ ആളുണ്ടായപ്പോൾ ‘തമാശയാണ് കൂടുതൽ നാറ്റിക്കരുതെന്നു’ കളം മാറ്റിചവിട്ടുന്ന കീലേരി അച്ചു മലയാള സിനിമയിലെ ഗുണ്ടാ സങ്കല്പ്പം മാറ്റിയെഴുതിച്ച , മാമുക്കോയയുടെ എക്കാലവും ഓർക്കുന്നൊരു കഥാപാത്രം, നമ്മുടെ സ്വന്തം കീലേരി അച്ചു. (കൺകെട്ട് രാജൻ ബാലകൃഷ്ണൻ — 1991 ) .
ഇനിയുമെത്രയോ ചിരിപ്പിച്ചു കൊല്ലുന്ന ഹാസ്യസാമ്രാട്ടുകൾ . അവരെയൊക്കെയൊന്ന് തൊട്ടുപോകാനേ ആകുള്ളൂ എങ്കിലും അതു കൊളുത്തുന്ന ചിരി അമിട്ടുകളുമായി അടുത്ത ലക്കവും തുടരും പുതിയ ചിരിത്തുണ്ടുകൾ.
15774894_1846927452220570_6121471411237422864_o

3 Comments

  1. “ഹേയ് ഒന്നും ചെയ്യൂലാ …. കുത്തിക്കൊടലെടുക്കുവേ ഉള്ളൂ”.
    ഒരിക്കലും മറക്കാനാവാത്ത എത്ര കഥാപാത്രങ്ങൾ. ചിരിയോർമ്മകൾക്ക് നന്ദി

  2. നിസാരമായി തള്ളികളയുന്ന ചിരി മുഹൂർത്തങ്ങൾ ഒതുക്കികെട്ടി അവതരിപ്പിക്കുമ്പൊൾ ആ പഴയ ഫ്രെയിമുകളിലേക്ക് വീണ്ടും തിരിഞ്ഞുനോക്കാം. കീലേരി അച്ചുന്റെ വേഷവും ആ ഡയലോഗും ശരീര ഭാഷയും .. കൊള്ളാം..

Leave a Reply

Your email address will not be published.


*


*