മഞ്ഞുകൂട്ടിലെ സഞ്ചാരി (കഥ )- സുരേഷ് പ്രാര്‍ത്ഥന

downloadരാവുറങ്ങുകയാണ്, പകല്‍ മുഴുവന്‍ ചവിട്ടേറ്റു തളര്‍ന്ന ഇടനാഴിയില്‍ കാലൊച്ചകള്‍ നിലച്ചിരിക്കുന്നു. താഴിട്ട് പൂട്ടിയ വാതിലിനു പുറത്തുള്ള കസേരയില്‍ പാതി ബോധത്തോടെ കാവല്‍ക്കാരനുണ്ട്. അയാള്‍ വലിച്ചു തള്ളുന്ന ബീഡിക്കുറ്റികളില്‍ പലതും തീക്കണ്ണ് ചിമ്മാതെ അയാള്‍ക്ക് കാവലിരിക്കുന്നു. ഉപേക്ഷിച്ച വസ്ത്രങ്ങള്‍ ഭൂമിയില്‍ ഭാരമായി നില്ക്കുന്നതുകൊണ്ട് മാത്രം നക്ഷത്രങ്ങളായി ചിരിക്കാന്‍ ഭാഗ്യമില്ലാത്ത ആത്മാക്കള്‍ അയാളോട്‌ എന്തെക്കൊയോ വിളിച്ചു പറയുന്നുണ്ട്. അന്യമായ ഭാഷയാണെങ്കിലും അയാളും എന്തൊക്കെയോ മറുപടിയെന്നോണം പിറുപിറുക്കുന്നു. അയാള്‍ ഇരിക്കുന്നതിന്റെ അടുത്തായി നീല ചട്ടയുള്ള തടിച്ച ഒരു പുസ്തകം കാണാം. അത് ‘വരുന്നതും’ ‘പോകുന്നതും’ അടയാളപ്പെടുത്തുന്ന ഒരു ‘സ്റ്റോക്ക്‌ രജിസ്റ്റര്‍’ ആയിരിക്കാം. ഉടമസ്ഥരും മേല്‍വിലാസവുമില്ലാത്ത ചില ‘സ്റ്റോക്കുകള്‍’ ബുക്കില്‍ രേഖപ്പെടുത്താതെ അകത്തേക്കും പുറത്തേക്കും അയാളുടെ അനുവാദത്തോടെ പോകുന്നുണ്ട്. അതിനു പ്രതിഫലമായി കിട്ടിയ കുപ്പിയായിരിക്കണം അയാളുടെ മുഷിഞ്ഞ ബാഗില്‍ നിന്ന് പുറത്തേക്ക് എത്തി നോക്കുന്നത്. പുറത്തേക്ക് പോകുന്നതിന്റെ ലക്ഷ്യസ്ഥാനം തെരുവിന്റെ അങ്ങേ അറ്റത്തുള്ള ‘സ്വാശ്രയ’ മായിരിക്കാം. ഇന്ദ്രിയങ്ങളുപെക്ഷിച്ച അനാഥരുടെ ‘വസ്ത്രങ്ങള്‍ക്ക്’ വിലയും അവകാശികളും ഉണ്ടാകുന്നത് എത്ര പെട്ടന്നാണ്! വാങ്ങുന്നവനും കൊടുക്കുന്നവനും ലാഭം, പഴന്തുണിയുടെ ഭൂതകാലം കത്രികകള്‍ എന്തിന് അന്വേഷിക്കണം!

ഈ കണ്ണാടി ജനലിലൂടെ നോക്കിയാല്‍ ആശുപത്രി വരാന്ത കാണാം. മുറികളില്‍ ഇടം കിട്ടാതെ പലരും വരാന്തയിലെ വെറും തറയില്‍ കിടക്കുന്നുണ്ട്. ഈച്ചകളും കൊതുകുകളും അലഞ്ഞു തിരിയുന്ന നാല്ക്കാ ലികളും, പുഴുക്കളെപ്പോലെ കുറെ മനുഷ്യജന്മങ്ങളും!. ‘ധര്‍മ്മാാശുപത്രി’ എന്ന് ഓമനപ്പേരുള്ള ഭൂമിയിലെ നരകം! ഒരു രോഗത്തിനു ചികിത്സതേടി വേറൊരു രോഗവും കൊണ്ട് മടങ്ങാന്‍ വിധിക്കപ്പെട്ടവര്‍.

വരാന്തയുടെ അറ്റത്ത്‌ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കുന്നു, ഒരമ്മയും അവരുടെ നാലോ അഞ്ചോ വയസ്സുള്ള മകനും. ഇന്നാണ് അവരെ ആദ്യമായി കാണുന്നത്. ഇന്നലെ അവിടെ വേറെ ആരോ ആയിരുന്നു. മകന് പനിയാണെന്ന് തോന്നുന്നു, കീറിയ കമ്പിളിക്കുള്ളില്‍ അവന്‍ കിടന്നു വിറയ്ക്കുന്നുണ്ട്. അവന്റെ വായില്‍ നിന്ന് നുരയും പതയും വരുന്നതുകണ്ട് ആ അമ്മയുടെ കരച്ചില്‍ ഉച്ചത്തിലായി. അവര്‍ അലറി വിളിച്ചുകൊണ്ട് ഡ്യൂട്ടി ഡോക്ടറുടെ വാതിലില്‍ മുട്ടി വിളിക്കുന്നു. വാതില്‍ തുറക്കുന്നില്ല, ഡോക്ടര്‍ ആ കരച്ചില്‍ കേട്ടോ എന്ന് സംശയം. രാത്രി ഡ്യൂട്ടിയുള്ള നേഴ്സിന്റെ നഗ്നമായ കാലുകള്‍ക്കിടയിലൂടെ സ്റ്റെതസ്കോപ്പ് വച്ച് ഡോക്ടര്‍ അവരുടെ ഹൃദയമിടിപ്പ്‌ പരിശോധിക്കുകയായിരുന്നു. അടഞ്ഞുകിടന്ന പല വാതിലുകളിലും മാറി മാറി മുട്ടി ആ അമ്മ മകന്റെയടുത്ത് എത്താതെ വഴിയില്‍ ബോധം കേട്ടു വീണു. ആരോ വിളിച്ചുണര്ത്തിിയപ്പോള്‍ കാവല്‍ക്കാരന്‍ എണീറ്റ്‌ പൂട്ട്‌ തുറന്നു, തന്റ്റെ രജിസ്റ്ററില്‍ എന്തോ കുത്തിക്കുറിച്ചു, ആ അമ്മയ്ക്ക് അപ്പോഴും ബോധം വീണിരുന്നില്ല.

എന്റെ പതിവ് സവാരിക്കുള്ള സമയമായി. പുതുതായി വന്നവരോട് വിശേഷങ്ങള്‍ തിരക്കി കുറച്ചു നേരം അവരുടെ കൂടെ കഴിഞ്ഞ് തിരിച്ചു വന്നു വീണ്ടും ഉറങ്ങുക, വര്‍ഷ്ങ്ങളായി ഇത് തുടരുന്നു. ഇവിടെ വരുന്നവര്‍ പലരും ഒന്നോ രണ്ടോ രാത്രി തങ്ങി, പുറത്ത് പോകുന്നവരാണ്. പോകുന്നവരാരും തിരിച്ചു വരാറുമില്ല. ഞാന്‍ മാത്രം വര്‍ഷങ്ങളായി ഇവിടെ!

ഞാനിത് പറയുമ്പോള്‍ തീര്‍ച്ചയായും നിങ്ങളെന്റെ കഥ പ്രതീക്ഷിക്കുന്നുണ്ടാകും! മണ്ണിനും മാനത്തിനും വേണ്ടി ശബ്ദിക്കാന്‍ കാടിന്റെ മക്കളെ പഠിപ്പിക്കുകയായിരുന്നു ഞാന്‍. മത പരിവര്‍ത്തനം ആഘോഷിക്കുന്ന നാട്ടില്‍ ‘മനുഷ്യപരിവര്‍ത്തനം’ തെറ്റാണെന്ന് അറിഞ്ഞത് ‘ജനാധിപത്യവാദി’കളുടെ ആദ്യ വെടിയുണ്ട പാല് വറ്റാത്ത എന്റെ മുലകളിലൊന്നു കരിച്ചു വീഴ്ത്തിയപ്പോഴായിരുന്നു. വീണു കിട്ടുന്ന ഇടവേളകളില്‍ മടിയില്‍ കയറിയിരുന്നു പാല്‍ കുടിച്ചിരുന്ന കുഞ്ഞിന്റെ കുസൃതിക്കണ്ണുകള്‍ ഞാനെന്ന അമ്മയുടെ അവസാന ശ്വാസത്തിലും നൊമ്പരമായി.

‘ഏറ്റുമുട്ടല്‍’ വ്യാജനാണോ അല്ലയോ എന്ന തര്‍ക്കം കോടതിയില്‍ നില്‍ക്കുന്നതുകൊണ്ട് ഈ മഞ്ഞു കൂട്ടിലെ താമസം തുടരുന്നു. ജഡങ്ങള്‍ക്ക് ശബ്ദമുണ്ടായിരുന്നെങ്കില്‍, നീതിയുടെ നിര്‍വചനം തന്നെ മാറിയേനെ!.

ഇന്നത്തെ എന്റെ സവാരിയിലും പതിവ് കാഴ്ചകള്‍ തന്നെ. കൊടികളുടെ നിറ വ്യത്യാസത്തില്‍ തെരുവില്‍ കൊല്ലപ്പെട്ടവര്‍, സ്ത്രീധനം പോരാതെ ബന്ധുക്കളാല്‍ തീയില്‍ ചുട്ടെടുത്തവര്‍, വിശപ്പ്‌ സഹിക്കാതെ കെട്ടി തൂങ്ങിയവര്‍, ബാധ്യത ഒഴിവാക്കാന്‍ മക്കളാല്‍ കൊല ചെയ്യപ്പെട്ടവര്‍, പ്രണയ നൈരാശ്യത്തില്‍ പ്രാണന്‍ വെടിഞ്ഞവര്‍ അങ്ങനെ പലരും. ഓരോരുത്തര്‍ക്കും പറയാന്‍ ഓരോരോ കഥകള്‍. തങ്ങളുടെ പഴയ വസ്ത്രങ്ങള്‍ ചിതയിലെരിയുന്നവരെ, അല്ലെങ്കില്‍ മണ്ണില്‍ ചേരുന്നതുവരെ അവര്‍ പരസ്പരം സംവദിച്ചു കൊണ്ടിരിക്കും.

മടങ്ങാനൊരുങ്ങുകയായിരുന്നു, അപ്പോഴാണ്‌ ചെറിയ മഞ്ഞുക്കൂട്ടില്‍ നിന്നൊരു കരച്ചില്‍ കേട്ടത്! ചോരപ്പൂക്കള്‍ തുന്നിയ പെറ്റികോട്ടിനുള്ളില്‍ ഏകദേശം രണ്ടു വയസ്സുള്ള ഒരു മാലാഖയുറങ്ങുന്നു. തുടയിടുക്കുകളില്‍ നിന്ന് ഒഴുകിവന്ന രക്തം വെള്ളി പാദസരത്തില്‍ ചുവപ്പ് കണ്ണികള്‍ തീര്ത്തിരിക്കുന്നു. തനിക്കെന്താണ്‌ സംഭവിച്ചത് എന്ന് പോലും പറയാനാകാതെ ആ കുഞ്ഞ് ആത്മാവ് അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു!

പതിവ് കാഴ്ചകളില്‍ മടുപ്പനുഭവപ്പെടുന്നു, യാത്രകളും കാഴ്ചകളും വിരസമാണ്. ആര്‍ക്ക് വേണ്ടിയാണ് ഇവരെന്നെ ഈ മഞ്ഞുകൂടാരത്തില്‍ തടവിലിട്ടിരിക്കുന്നത്? ജീവിച്ചിരിക്കുമ്പോള്‍ നീതി നിഷേധിക്കുന്നവര്‍ മരണശേഷം നീതി നടത്തുമെന്നു പറയുന്നത് തന്നെ പരിഹാസ്യമാണ്. ഉപേക്ഷിക്കപ്പെട്ട എന്റെ വസ്ത്രം എനിക്ക് ഭാരമാകുന്നു, എത്രയും വേഗം ഇതൊരു ചിതയില്‍ എരിക്കാനായെങ്കില്‍!. ഇനിയൊരു പുനര്‍ ജന്മത്തിന് ഇടകൊടുക്കാതെ, എന്നെന്നേക്കുമായി നക്ഷത്രക്കൂട്ടത്തില്‍ ലയിക്കാനായെങ്കില്‍…!
15965388_1007511099354352_1520521367397252896_n

2 Comments

  1. ജഡങ്ങൾക്കു സംസാര ശേഷിയില്ലാത്തതു നല്ലത്, ഇല്ലെങ്കിൽ അ(നീതിയുടെ) ഉള്ളറകളെക്കുറിച്ചു ഉറക്കെപ്പറയുമായിരുന്നു. വ്യത്യസ്തമായൊരു കോണിൽ നിന്നുകൊണ്ട് നേർക്കാഴ്ചയുടെ പുതിയൊരു ലോകം തുറന്നു തന്ന നല്ലൊരു രചന. ഒരുപാടിഷ്ടമായി.

Leave a Reply

Your email address will not be published.


*


*