വേര് (കവിത ) -രാജേശ്വരി .ടി .കെ

mazhakkalam-609703സൂര്യകാന്തിപ്പൂക്കളെ നക്ഷത്രങ്ങൾ
പ്രണയിക്കും രാവിൽ
നാഗദന്തിപ്പൂക്കളുടെ മണമുള്ള ഉമ്മകളാൽ മൂടി
നീയെന്നെ നിൻ വിരിമാറിൽ ചേർത്തുറക്കുന്നു

ഞാൻ ഏറ്റവും നിശ്ശബ്ദമായി വാതിൽ ചേർത്തടച്ചു
ഇറങ്ങിപ്പോകുന്നു,
ശബ്ദങ്ങൾ പൂക്കുന്ന തെരുവിലേക്ക്
കല്ലുകൊത്തുന്ന മനസ്സോടെ ,
ശിശിരമുറയുന്ന തനുവോടെ

ഒരിക്കലും വരാനിടയില്ലാത്തൊരാളെ കാത്തൊരു കുഞ്ഞു
അവനു വഴികാട്ടിയായൊരു വഴിമറന്ന മിന്നാമിന്നി
തെരുവുപട്ടിയൊരു കുമ്പിൾ ജലവും അന്നവും നൽകുന്നു

പെരുവിരലറ്റ ഒരാൾ തലയുയർത്തി നടക്കുന്നു
വെടിയുണ്ട തുളച്ചമാറിൽ നിന്നൊഴുകിയ വെള്ളത്തിൽ
ഒലിച്ചുപോകുന്നു നീന്തലറിയാത്തൊരമ്മയുമ്മകൾ

ശരശയ്യയിൽ മരണം കാത്തുകിടക്കുന്നൊരച്ഛൻ
പാൽ ചുരന്ന മുലകളെ മുറിച്ചെറിഞ്ഞോരമ്മ
ഗൂഗിളിൽ ശുക്രനക്ഷത്രം തേടുന്നൊരു മകൻ

ഭ്രാന്തിന്റെ മഞ്ഞമന്ദാരങ്ങൾ പൂക്കുന്ന പുലരിയിൽ
ഞാനെന്ന കരിമ്പാറക്കെട്ടുടച്ചു നീരൂറ്റി നീ വിതയിടുന്നു
ഞാനൊരു ആത്‌മഹത്യാകുറിപ്പെഴുതുന്നു

ബലാൽക്കാരം ചെയ്തുകൊന്ന നാലുവയസ്സുകാരി
എന്‍റെ ഗര്‍ഭപാത്രത്തിലേക്ക്  വേരുകളാഴ്ത്തുന്നു
പെരുമഴക്കൊപ്പം ഞാനാർത്തലച്ചു കരയുന്നു.
rajeswari_vettam

4 Comments

Leave a Reply

Your email address will not be published.


*


*