യാ ഹുദാ (നോവല്‍-അധ്യായം 2 ) – അനീഷ്‌ തകടിയില്‍

16195974_1861289660784349_4259354588540601670_nആനന്ദ്
_______

ആനന്ദ് രണ്ടു ദിവസമായി ലീവിലാണ് . ഡൽഹിയിലെ മണ്മറഞ്ഞുതുടങ്ങിയ ചരിത്രസ്മൃതികളെക്കുറിച്ചുള്ള ലേഖനത്തിന്റെ രചനയിലാണ്. ഒരു പ്രമുഖ വാരികയ്ക്കു വേണ്ടിയുള്ളതാണ്. കുത്തിക്കുറിച്ചുവച്ചതൊക്കെ ടൈപ്പ് ചെയ്തു മെയിൽ അയച്ചപ്പോൾ അയാൾക്കു വല്ലാത്ത സമാധാനം തോന്നി. ഇതൊക്കെ ആരെങ്കിലും വായിക്കുമോ? കൂലിയെഴുത്തുകാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും കേളീരംഗമായി എഴുത്തിടങ്ങൾ മാറിയിരിക്കുന്നു. ഒരുതരം ആത്മരതി മാത്രമാണ് ഈ എഴുത്തുകളെല്ലാം. പുരസ്കാരം തന്നു ദണ്ഡിച്ചവരും കുറവല്ല. അയാൾ ഫോൺ ഓൺ ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി സ്വിച്ച് ഓഫ് ആയിരുന്നു. ഓൺ ആയതും മെസ്സേജുകളുടെ പ്രവാഹമായിരുന്നു. കൂടുതലും ചാനലിൽ നിന്നും തന്നെ. ഡൽഹി രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള ചാനലാണ് ദർപ്പൺ ടി.വി. നാളെ വീണ്ടും ഓഫീസിലേക്കു പോകണമല്ലോയെന്നോർത്തപ്പോൾ ആകെ അസ്വസ്ഥനായി. ലീവ് വിളിച്ചു പറഞ്ഞിട്ടൊന്നുമില്ല. ആ പുതിയ അസിസ്റ്റന്റ് പയ്യനെ എല്ലാം ഏൽപ്പിച്ചിട്ടാ വന്നത്. രവിചന്ദിനെ. അവൻ എന്തൊക്കെ കാട്ടിക്കൂട്ടിയോ ആവോ? തല തെറിക്കുന്ന കാര്യമൊന്നുമല്ലല്ലോ. കുറേ അന്തിച്ചർച്ചകൾ, വിഴുപ്പലക്കുകൾ, പി.സി.ആർ. റൂമിൽ ഇരുന്നുകൊണ്ട് കുറേ ആജ്ഞാപിക്കലുകൾ, തലയിൽ ഗാന്ധിത്തൊപ്പി ധരിച്ചെത്തുന്ന കള്ളന്മാരെ ആദരിച്ചു കിടത്തൽ. ഒരു കോപ്പിലെ ജേർണ്ണലിസം. അയാൾ അവജ്ഞയോടെ ഓർത്തു. തന്റേതായി പുറത്തിറങ്ങിയ ഏഴു നോവലുകൾ. അവ ഓരോന്നും എഴുതുമ്പോൾ അനുഭവിക്കുന്ന സുഖം. അതും കൂടി നഷ്ടമാകും ഈ വിഴുപ്പലക്കുകൾ ചെയ്യുമ്പോൾ. അയാൾ പുറത്തേക്കിറങ്ങി.

എത്രകാലമായിക്കാണും താൻ ഈ നഗരത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ട്. തിരക്കിൽ നിന്നും തിരക്കിലേക്ക് അനുദിനം കുതിക്കുന്ന നഗരം. ഭാരതത്തിന്റെ വിവിധകോണുകളിൽ നിന്നും ജനം ഇവിടേക്ക് കുടിയേറുന്നു. പഞ്ചാബിയും മദിരാശിയും ബംഗാളിയും മറാഠിയുമൊക്കെ ആ ഒഴുക്കിൽ ഒഴുകിയൊഴുകിയങ്ങനെ……
അനന്ദിന്റെ അച്ഛൻ ബംഗാളിയാണ്. ബംഗാളിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് അനുരൂപ് മുഖർജി.
‘എക് ല ചലൊ രെ ‘ എന്ന പത്രത്തിന്റെ സ്ഥാപകൻ. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യത്ത് നിരോധിക്കപ്പെട്ട പത്രങ്ങളിലൊന്നാണ് ‘അഗ് ല ചാലോ രേ‘. പോലീസ് രാത്രി വീട്ടിലേക്ക് ഇരച്ചു കയറി അനുരൂപിനെ തൂക്കിയെടുത്തു കൊണ്ടുപോകുമ്പോൾ ആനന്ദിനു വയസ് പത്ത്. മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന അമ്മ ഈ വാർത്തയറിഞ്ഞത് ഏറെ വൈകിയാണ്. ആനന്ദിന്റെ അമ്മ ആഞ്ചലീന.

സിസ്റ്റർ ആഞ്ചലീന! കന്യാസ്ത്രീയാവാൻ കൊതിച്ച് മഠത്തിന്റെയുള്ളിൽ കയറുമ്പോൾ ആഞ്ചലീനയുടെ ഉള്ളിലിരുന്ന് ‘ജോസഫിന്റെ മകൻ’ പറഞ്ഞു “അഞ്ചലീനാ, നിന്റെ വഴി പൂമെത്ത വിരിച്ച അരമനകളല്ല, ഈച്ചയും പുഴുവുമരിക്കുന്ന തെരുവുകളാണ്”. എങ്കിലും തിരുവസ്ത്രത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്യാൻ അവർ ശ്രമിച്ചു. കുറേക്കഴിഞ്ഞപ്പോൾ മനസ്സിലായി. കച്ചവടസാധ്യതകളില്ലാത്ത തെരുവുകളെ മതമേധാവിത്വത്തിനു വേണ്ടായെന്ന്. അങ്ങനെ തിരുവസ്ത്രം ഊരിയെറിഞ്ഞ് അവർ മഠം വിട്ടു. ആദിവാസികളെ അക്ഷരം പഠിപ്പിച്ചും സംഘടിപ്പിച്ചും ജീവിതമാരംഭിച്ചു. അതിനിടയിലാണ് മറ്റൊരു തീയായ അനുരൂപിനെ കാണുന്നത്. അടിയന്തിരാവസ്ഥ അനുരൂപിന്റെ ജീവിതത്തെ രണ്ടായി പകുത്തു. അതിനു മുൻപും ശേഷവും. ജയിൽ മോചിതനായ അനുരൂപ് മുഖർജി ഒരു ജീവശ്ചവമായിരുന്നു. ചാരം മൂടിയ കനൽക്കട്ട. താൻ തോറ്റിടത്ത് തന്റെ മകൻ ജയിക്കണമെന്നത് വാശിയായി. അങ്ങനെ ആനന്ദ് ജേർണലിസ്റ്റ് ആയി. ദർപ്പൺ ടി വി യിൽ ന്യൂസ് പ്രൊഡ്യൂസറായി ചാർജ് എടുക്കുമ്പോൾ അച്ഛൻ പറഞ്ഞതോർത്തു.
“അക്ഷരം അഗ്നിയാവണം. അത് ഇരുട്ടിനു നേരെ തുറന്നു പിടിക്കണം. ആരും പോകാത്ത വഴികളാവണം നിന്റെ ശരി“.
പക്ഷേ അനുരൂപ് മുഖർജി കാത്തുവച്ച ‘തീ’ ആനന്ദിൽ ഇല്ലായിരുന്നു. അയാൾ ഉള്ളിൽ എക്കാലവും ശാന്തത കാത്തു. ബഹളങ്ങൾ അരോചകമായി. അയാളുടെ ഭാഷയിൽ ‘ആൻ അൺഫിറ്റ് മാൻ’.
യമുനയുടെ ഓളപ്പരപ്പുകളിൽ ഒഴുകി നടക്കാൻ അയാൾ കൊതിച്ചു. പണ്ടെങ്ങോ അവിടം സാക്ഷ്യപ്പെടുത്തിയ മുരളീഗാനം അയാൾ തേടി. കഥകളും ഉപകഥകളുമില്ലാതെ എന്തു ലോകം. ഓരോ മനുഷ്യനും ഒരു കഥയാണ്. അങ്ങനെ കഥകളുടെ കൂടെക്കൂടി ആനന്ദ് കഥാകാരനായി. അച്ഛന്റെ ഭാഷയിൽ അയാൾ കഥയില്ലാത്തവനും ആയി.
“അരേ സാബ് ആയിയേ നാ“!
രവീന്ദ്രൻ നായരുടെ ശബ്ദം. കഴിഞ്ഞ ഇരുപത് വർഷമായി ഡൽഹി കേൾക്കുന്ന ശബ്ദമാണ്. കേരളത്തിൽ നിന്നും പണ്ടെങ്ങോ കുടിയേറിയെത്തിയ പാവം. അയാളുടെ തട്ടുകടയിലെ ചായയ്ക്കും മദിരാശി സ്റ്റൈൽ പരിപ്പുവടയ്ക്കും നല്ല രുചിയാണ്. ആനന്ദ് തട്ടുകടയിലെ ബഞ്ചിലിരുന്നു. ചായ നീട്ടിയടിക്കുന്നത് കാണാൻ നല്ല രസമാണ്. ഒരു സർക്കസ് കാരന്റെ മെയ് വഴക്കം പോലെ. വിദേശികൾ കാഴ്ചക്കാരായി എത്തിയാൽ നായരുടെ ചായയുടെ നീളം കൂടും. അയാളുടെ ഭാഷയിൽ താൻ ഇവിടെ വിൽക്കുന്നത് ‘മീറ്റർ ചായ’യാണ്.
“അല്ല സാറെ, ശരിക്കും അങ്ങേരു പറയുന്ന പോലെ അച്ഛാദിൻ വരുമോ“?
“ആർക്കു വരുന്ന കാര്യമാ ചേട്ടാ“?
ആ മറുചോദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന കുസൃതി നായർക്കു മനസ്സിലായി. അയാൾ ചിരിച്ചു. മുന്നിൽ ഒരു മദാമ്മയെക്കണ്ടതോടെ നായർ ഉഷാറായി. ചായയടിയുടെ നീളം കൂടി. അവർ കൌതുകത്തോടെ ആ കാഴ്ച കണ്ടു നിന്നു. ആനന്ദ് അവരെ ശ്രദ്ധിച്ചു. കാവി ടോപ്പും തോൾസഞ്ചിയും. നെറ്റിയിൽ ചുവന്ന പൊട്ടും. അവരുടെ കൈയ്യിലിരുന്ന പുസ്തകം അയാൾ ശ്രദ്ധിച്ചു. ‘ദി ഓട്ടോബയോഗ്രഫി ഓഫ് എ യോഗി’. ആളു കൊള്ളാല്ലോ.
“ഞാൻ ആനന്ദ്. അത്യാവശ്യം എഴുതുന്ന അസുഖമുണ്ട്. പിന്നെ മാധ്യമപ്രവർത്തകനുമാണ്. ഒരു കൌതുകം തോന്നി, ഈ പുസ്തകം കൈയ്യിൽ കണ്ടപ്പോൾ“.
“ഞാൻ തെരേസ. ബ്രിട്ടൺ സ്വദേശിയാണ്. ഇവിടെ ഭാരതീയ ദർശനത്തിൽ ഗവേഷണം നടത്തുന്നു“.
ചായക്കടയിൽ നിന്നും രാം ലീലാ മൈതാനത്തിലേക്കു നടക്കുമ്പോൾ അവർക്ക് സംസാരിക്കാൻ വിഷയങ്ങൾ അനവധിയായിരുന്നു. എല്ലാത്തിനും സാക്ഷിയായ ഗാന്ധിപ്രതിമയുടെ ചിരിക്കുന്ന മുഖം അവരെത്തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു.

(തുടരും)
15732339_1853090154972679_3908091792069724073_o

6 Comments

  1. കൂലിയെഴുത്തുകാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും കേളീരംഗമായി എഴുത്തിടങ്ങൾ മാറിയിരിക്കുന്നു. ഒരുതരം ആത്മരതി മാത്രമാണ് ഈ എഴുത്തുകളെല്ലാം. പുരസ്കാരം തന്നു ദണ്ഡിച്ചവരും കുറവല്ല. ( വർത്തമാന സാഹിത്യ ലോകത്തെ ചില ബിംബങ്ങൾ മിന്നിമറയുന്നു.. )

  2. “പക്ഷേ അനുരൂപ് മുഖർജി കാത്തുവച്ച ‘തീ’ ആനന്ദിൽ ഇല്ലായിരുന്നു. അയാൾ ഉള്ളിൽ എക്കാലവും ശാന്തത കാത്തു. ബഹളങ്ങൾ അരോചകമായി.” ഇത് എന്നെയും എന്റെ അപ്പനെയും പറ്റി പറഞ്ഞതായിരിക്കും 🙂

  3. അമൃതാ …മിക്കവാറും എല്ലാവരുടെയും കഥയാണിത്. ഞാൻ എന്റെ അവസ്ഥയാണ് പറഞ്ഞത്. എന്തായാലും കഥാപാത്രം വിജയിച്ചുവെന്നു സമാധാനിക്കുന്നു.

  4. ആദ്യമായാണ് അനീഷ്‌ജി യുടെ നോവൽ വായിക്കുന്നത്. വർത്തമാന സാഹിത്യത്തിലെ ചില കാഴ്ചകൾ . നന്നായിരിക്കുന്നു ജി

Leave a Reply

Your email address will not be published.


*


*