അക്ഷരമേ നയിച്ചാലും (എഡിറ്റോറിയല്‍ ) – എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220എഴുത്തുകാർ ആക്രമിക്കപ്പെടുമ്പോൾ അത്രമേൽ സുഖകരമായൊരു ഇടമാണ് ഒരുങ്ങികൊണ്ടിരിക്കുന്നതെന്ന് ഏറെയാരും ഓർത്തെന്നുവരില്ല. അക്ഷരങ്ങളാണ് ലോകത്ത് വിപ്ലവം കൊണ്ടുവരുന്നതും ജീവിത പരിസരങ്ങളെ പുതുക്കിപണിയുന്നതും. നമ്മുടെ കേരള പരിസരം നോക്കിയാൽ തന്നെ അത് ബോധ്യമാകും, കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ ഇടത്തുനിന്നും വെളിച്ചത്തിലേക്ക് ദേശത്തെ നയിച്ചതിൽ എഴുത്തുകാരുടെ പങ്ക് ചെറുതല്ല. ഇന്ത്യയുടെ കാര്യമെടുത്താൽ ഇന്ത്യൻ സംസ്കാരം എഴുത്തുകാരെ ആദരിച്ച പാരമ്പര്യമാണ് കാണാനാവുക. ജവഹര്‍ ലാല്‍ നെഹ്‌റുവിന്‍റെകാലത്ത് തന്നെയാണ് രവീന്ദ്രനാഥ ടാഗോർ ജീവിച്ചതെന്ന് ഓർക്കുക. ഗൂഗിളിൽ തിരഞ്ഞാൽ അവർ ഒരുമിച്ച് ഇരിക്കുന്ന ചിത്രം ലഭിക്കും. അവിടെ അവരുടെ ശരീര ഭാഷയിലൂടെ നമുക്ക് ചിലതൊക്കെ മനസിലാകും. അവിടെ അധികാരകേന്ദ്രത്തിനു മുന്നിൽ നട്ടെല്ല് വളച്ച് ഓച്ചാനിച്ച് നിൽക്കുന്ന ഒരെഴുത്തുകാരനെയല്ല കാണുക. നെഹ്‌റുവിലൂടെ എഴുത്തുകാരെ ബഹുമാനിക്കുന്ന ഇന്ത്യൻ മുഖമാണ് ലഭിക്കുക. കാലം മുന്നോട്ട് പോന്നപ്പോൾ അധികാരത്തിന്റെ അപ്പ കഷ്ണങ്ങൾക്കായി തൊഴുകയ്യോടെ നിൽക്കുന്ന എഴുത്തുകാരെയാണ് ഏറെയും കാണാനാവുക. അതിനു വിരുദ്ധമായി ചരിക്കുന്നവർ ആക്രമിക്കപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്യുന്നു. ഭരണങ്ങളും കൊടികളുടെ നിറവുമെല്ലാം മാറും എഴുത്തുകാർ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കണം. അതല്ലാതെ കൂലിയെഴുത്തുകാരായി മാറുന്നവരെ കാലം അതിന്റെ ചവറ്റുകൊട്ടയിൽ തള്ളുകതന്നെ.   15822990_1698776200148613_4828568893622337877_n

കറന്‍സി  പിന്‍വലിച്ച   രാജ്യങ്ങളെല്ലാം നേരിട്ടത്  വലിയ ആപത്താണ്, നോട്ട് പിന്‍വലിക്കല്‍  സാധാരണക്കാരുടെ   ജീവിതം   താറുമാറാക്കി എന്ന്  എം.ടി.വാസുദേവൻ നായർ പറയുന്നിടത്ത് രാജ്യം മാറിയത് അറിഞ്ഞില്ലേ എന്നും എം.ടി. വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ എന്ത് അവകാശമെന്നുമുള്ള ചോദ്യമുയരുന്നത് ശുഭലക്ഷണമല്ല. രാജ്യം എങ്ങനെ മാറിയെന്നാവും അർത്ഥമാക്കുന്നത്, ധർമ്മപുരിയിൽ ധർമ്മം ക്ഷയിച്ചെന്നും അധർമ്മം കൊടികുത്തി വാഴുകയാണെന്നുമാകുമോ പറയാതെ പറഞ്ഞത്? എഴുത്തുകാരൻ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടേ പ്രതികരിക്കാവൂ എന്ന് പറയുന്നതിൽ അഭംഗിയുണ്ട്. മുമ്പൊരിക്കൽ എം.ടി പറഞ്ഞത്, നിർമ്മാല്യം പോലുള്ള ഒരു സിനിമ തനിക്ക് ഇക്കാലത്ത് ചെയ്യാനാകുമോ എന്നാണ്. അക്കാലത്ത് എഴുത്തുകാർ ആരേയും ഭയക്കേണ്ടതില്ലായിരുന്നു. ഇക്കാലത്ത് ഭയം കൊണ്ട് പതുക്കെ സംസാരിക്കാൻ പറയുന്ന എഴുത്തുകാരെയും കാണാം.

എഴുത്തുകാരുടെ നാവുകൾ എവിടെ വിലക്കപ്പെടുന്നുവോ, എഴുത്തുകാർ എവിടെയെല്ലാം നിശബ്ദരാകുന്നുവോ അവിടെയെല്ലാം ഇരുട്ട് കൊടികുത്തി വാഴുന്നുണ്ട്. മതങ്ങൾ ജനതയെ ഭയപ്പെടുത്തി അടക്കി ഭരിക്കുന്ന ദേശങ്ങളിലേക്ക് നോക്കിയാൽ അത് മനസിലാകും. അത് സൌദി അറേബ്യ ആയാലും പാകിസ്ഥാനായാലും അവിടെയെല്ലാം നിശബ്ദരായ എഴുത്തുകാരെ കണ്ടെത്താം. ഇത് ഭാരതമാണ് ഋഷിമാരുടെ കാല്പാദങ്ങൾ കൊണ്ട് പുണ്യമായ മണ്ണാണ്. അതിന് പരിക്ക് പറ്റിയാൽ കാലം പൊറുക്കില്ല. ലോകത്ത് എവിടെയാവട്ടെ ഏകാധിപതികൾ ശബ്ദിക്കുന്ന നാവുകളെ ഭയപ്പെടുകയും തങ്ങളുടെ വരുതിയിൽ നിൽക്കാത്ത എഴുത്തുകാരെ വേട്ടയാടുകയും അവർക്കായി ഗ്യാസ് ചേമ്പറുകൾ ഒരുക്കുകയും ചെയ്യുന്നു.

കോൺഗ്രസ് ഭരണത്തിൻ കീഴിൽ പൊറുതി മുട്ടിയ ജനതയുടെ പ്രതികാര ഫലമായി വീണ വോട്ടാണ് എൻ.ഡി.എയെ അധികാരത്തിലെത്തിച്ചതെന്ന് ഓർക്കുക. ആ വോട്ടുകൾ അതിഹൈന്ദവതക്ക് ലഭിച്ചതെന്ന് കരുതി സമ്പൂർണ അതിഹൈന്ദവ വൽക്കരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്അവർ. അതുകൊണ്ട് ഹിന്ദുവിന് പോലും ഗുണം കിട്ടില്ല. അതിന്റെ ഗുണഭോക്താക്കൾ കോർപ്പറേറ്റുകളാണ്. ഭരണത്തിന്റെ പോക്ക്, ആദാനി അംബാനിമാരുടെ താല്പര്യത്തിനൊത്ത് നീങ്ങുന്നത് കാണുമ്പോൾ നമുക്കത് ഉറപ്പിക്കാം. കോൺഗ്രസിന്റെ അതേ കോർപ്പറേറ്റ് താല്പര്യം തന്നെയാണ് എൻ.ഡി.എയും പിന്തുടരുന്നതെന്ന്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വത്തിൽ നിന്നും തീവ്ര ഹിന്ദുത്വത്തിലൂടെയാണ് എൻ.ഡി.എ യാത്ര ചെയ്യുന്നതെന്ന് മാത്രം.

പ്രതിപക്ഷത്തിന് ഇനിയാരും ശവപ്പെട്ടിയൊരുക്കേണ്ടതില്ല. അവരെന്നേ സ്വയമൊരു ശവമഞ്ചമായി മാറികഴിഞ്ഞു. അധികാരമല്ലാതെ ജനത്തെ കുറിച്ച് വല്ല ആലോചനയുമുണ്ടോ പ്രതിപക്ഷ കക്ഷികൾക്ക്. അവരെ ഭരിച്ചുകൊണ്ടിരിക്കുന്നത് സ്വാർത്ഥതാല്പര്യങ്ങളും ഈഗോയുമെല്ലാമാണ്. ജനതയെ ബാധിച്ച കറൻസി വിഷയത്തിൽ കക്ഷികൾ ചേരി തിരിഞ്ഞ് സമരം ചെയ്യുന്നത് തന്നെ അതിനു ഉദാഹരണം. ഉത്തർ പ്രദേശിൽ നിന്നും വരുന്ന വാർത്ത അത് ശരിവയ്ക്കുന്നുണ്ട്. അച്ഛനും മകനും തമ്മിലുള്ള പോരു മൂലം മുലായം സിംഗ് യാദവിന്റെ പാർട്ടി തുണ്ടുകളായി മാറാൻ പോകുന്നു. കോൺഗ്രസ് അതിന്റെ സ്തുതിപാടകരെ കൊണ്ട് എന്നേ കാലത്തിന്റെ പുറമ്പോക്കിലേക്ക് എറിയപ്പെട്ടു. ഏത് പാർട്ടിയായാലും ഒരു രണ്ടാം നിരയെ വളർത്തിയെടുക്കാത്തതിന്റെ ദുരന്തം കോൺഗ്രസിൽ നിന്നും പഠിക്കുക. പ്രസ്ഥാനമാകണം, ജനമാകണം വലുത്, എങ്കിലേ അതിനു നിലനിൽ‌പ്പുണ്ടാകൂ. താനാണെല്ലാം, തനിക്ക് മേൽ ആരും വളരാൻ പാടില്ലെന്ന നയമാണ് കോൺഗ്രസിനു ശവക്കുഴിയൊരുക്കിയത്. അടിയന്തിരാവസ്ഥക്ക് ശേഷം ഒരു പ്രതിപക്ഷം ഉയർന്നു പ്രവർത്തിച്ചിരുന്നു. ഇന്നതില്ല. ജനമോ ഒരു അവധൂത പിറവിക്കായി കാതോർക്കുന്നു. പ്രതീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുക. ഭാരതം എപ്പോഴൊക്കെ തോറ്റുപോയിട്ടുണ്ടോ അപ്പോഴൊക്കെ ഒരു കൈ ഉയർന്ന് വന്നിട്ടുണ്ട്. ധർമ്മം ക്ഷയിക്കുമ്പോൾ താൻ അവതരിക്കുമെന്ന ആ വചനത്തെ മുറുകെ പിടിച്ച് കാത്തിരിക്കാം.

 mk.k_vettam

7 Comments

 1. ഇന്നത്തെ എഴുത്തുകാർ ജനപക്ഷത്ത്‌ നിന്നാണു എന്ന് തോന്നിക്കുമാറു സംസാരിക്കാൻ പഠിച്ചവർ ആണു. വിവാദങ്ങളിലൂടെ പുതിയ നേട്ടങ്ങൾ അന്യോഷിക്കുന്നവർ. അസഹിഷ്ണുതയുടെ പേരിൽ പുരസ്കാരങ്ങൾ തിരസ്കരിച്ചപ്പോൾ അവരുടെ സ്വാതന്ത്ര്യത്തെയല്ല മറിച്ച്‌ അവസരവാദത്തെയാണു ജനങ്ങൾ തിരിച്ചറിഞ്ഞത്‌. ഒരമ്മപെറ്റ മക്കളിൽ കറുത്തവനെന്നും വെളുത്തവനെന്നും തരം തിരിക്കുന്ന രീതിയിൽ ജനങ്ങളും അവരവരുടെ രാഷ്ട്രീയം വച്ച്‌ അഭിപ്രായങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നു. എം ടി നോട്ട്‌ നിരോധത്തെ അനുകൂലിച്ചാണു പറഞ്ഞിരുന്നതെങ്കിൽ അനുകൂലിക്കുന്നവർ സംഘി വാസുദേവൻ നായരേയെന്ന് നീട്ടി വിളിച്ചേനെ.. പ്രായോഗിതയോ, അഭിപ്രായ സ്വാതന്ത്ര്യമോ അല്ല കൊടിയുടെ നിറം നോക്കിയുള്ള രാഷ്ട്രീയ പകപോക്കലിൽ എഴുത്തുകാരനു മനുഷ്യപക്ഷം എങ്ങനെ കണ്ടെത്താനാവും..?

  നോട്ട്‌ നിരോധനം ശരിയോ തെറ്റോ എന്ന് എങ്ങനെ ഇപ്പോഴേ പറയാനാവും..? ഇതേ വിഷയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്‌.. ഇതിൽ ആരാണു ശരി എന്ന് എങ്ങനെ ഒരു തീരുമാനത്തിലെത്തും. ബുദ്ധിജീവികളുടെ അഭിപ്രായങ്ങളിൽ നിന്നോ അതോ അനുഭവങ്ങളിൽ നിന്നോ..? ട്രാക്റ്ററും കമ്പ്യൂട്ടറും മുതൽ ആണവറിയാകറ്ററുകൾ വരെ എതിർക്കപ്പെടുകയും പിന്നീട്‌ അത്‌ അംഗീകരിക്കപ്പെടുകയും ചെയ്യുന്നത്‌ നമ്മളെല്ലാവരും കണ്ടറിഞ്ഞതാണു. എന്ന് കരുതി നോട്ട്‌ നിരോധനം ശരിയാണെന്ന് (തെറ്റാണെന്നും) ഒരു തീരുമാനത്തിലെത്താൻ കാലം തന്നെ കനിയണമെന്ന് അർത്ഥം. ജനങ്ങൾക്ക്‌ ഉണ്ടായ ബുദ്ധിമുട്ടും അരക്ഷിതാവസ്ഥയും ഒരു വശത്ത്‌, മറുവശത്ത്‌ മൂവായിരം കോടിയോളം കള്ളനോട്ട്‌ പിടിച്ചെടുത്തുവെന്നതും എട്ടു ലക്ഷം കോടിയുടെ നിക്ഷേപത്തിന്റെ ശ്രോതസ്സ്‌ വേളിപ്പെടുത്താൻ ആവശ്യപ്പെട്ടുമെന്നുള്ള വാർത്തകൾ.. ക്യാഷ്‌ ലെസ്സ്‌ കാർഡുകൾ ഉപയോഗിക്കുമ്പ്പോൾ അധിക നികുതി ഈടാക്കുന്നുവെന്ന പരാതികൾ ഒരു വശത്ത്‌.. എല്ലാ കച്ചവടങ്ങളും നിക്ഷേപങ്ങളും ഇൻകം ടാക്സുമായി ബന്ധിപ്പിക്കപ്പെടുന്നുവെന്നുള്ള വാർത്തകൾ മരു വശത്ത്‌.. ചുരുക്കിപ്പറഞ്ഞാൽ വസ്തുതകളെക്കാൾ സ്വന്തം ബുദ്ധിമുട്ടും പാർട്ടിനിലപാടുമാണു പലരുടേയും അഭിപ്രായങ്ങൾ..

 2. എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ മലയാളത്തിന്റെ സ്പന്ദനം ആണ്. സൗമ്യമായ എഴുത്താണ് അദ്ദേഹത്തിന്റേത് . എങ്കിലും ജീവിച്ചു പോന്ന ഇടങ്ങളെ എല്ലാം ഭാവതീവ്രതയോടെ വരച്ചു വെക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക് . അതിഭാവുകത്വം കലരാതെ സത്യത്തിന്റെ നേർപകർപ്പോടെ പകർത്തിയത്. അതുകൊണ്ടു തന്നെ അധികം സൃഷ്ടികളും മണ്ണിലെ മനുഷ്യന്റെ കഥകൾ തന്നെയാണ്. ബാല്യകാലത്തിൽ പട്ടിണിയുടെ രൂക്ഷമുഖങ്ങൾ പലപ്പോഴും ചുവന്നു തിളങ്ങുന്നുണ്ട്. കടന്നു വന്ന പരുക്കൻ വഴികൾ കാരണം ആയിരിക്കും ഒരു അന്തർമുഖത്വം അദ്ദേഹത്തിൽ ദർശിക്കാൻ കഴിയുന്നത്. അദ്ദേഹം എന്നും മനുഷ്യപക്ഷത്തായിരുന്നു. രണ്ടാമൂഴം എന്ന നോവലിൽ ഭീമൻ എന്ന അതികായന്റെ ജീവിതത്തിലെ മനുഷ്യാവസ്ഥകളെ അതി സൂക്ഷ്മമായി എം ടി എഴുതി വെച്ചിരിക്കുന്നു. ഒരു സാധാരണ മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന, അഭിമുഖീകരിക്കേണ്ടി വരുന്ന പല നിർണായക ഘട്ടങ്ങളേയും , ഒറ്റപ്പെടലുകളെയും, ഒഴിവാക്കപ്പെടലുകളെയും എല്ലാം ഒരു എഴുത്തുകാരന്റെ കണ്ണിലൂടെ ശക്തമായി പറഞ്ഞു വെച്ചിരിക്കുന്നു. എന്നും അടിച്ചമർത്തപ്പെട്ടവന്റെയും,ഒറ്റപ്പെട്ടവന്റെയും കൂടെയാണ് കഥാകാരൻ. ഇനി കാലത്തിലായാലും, നാലുകെട്ടിലായാലും, മഞ്ഞിലായാലും, രണ്ടാമൂഴത്തിലായാലും,അസുരവിത്തിലായാലും .. കഥകളിലെ വാരിക്കുഴി, കർക്കിടകം, ഓപ്പോൾ എല്ലാം .. സിനിമയിൽ ആയാലും അത് നമുക്ക് അനുഭവപ്പെടുന്നതാണ്.

 3. എല്ലാവര്‍ക്കും സ്വതന്ത്രമായ അഭിപ്രായം പറയാവുന്ന ഒരു സാഹചര്യം ഉണ്ടാവേണ്ടതാണ്. നോട്ട് പിന്‍വലിക്കല്‍ സാധാരണ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ഭാവിയില്‍ ഇതുകൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാവില്ല എന്ന വിലയിരുത്തല്‍ രാഷ്ട്രീയ കാഴ്ച്ചപ്പാടായി കാണാനേ കഴിയൂ. സാഹിത്യകാരന്മാര്‍ എന്തെങ്കിലും രാഷ്ട്രീയക്കാര്‍ കൊണ്ടുവരുന്ന കസേരയില്‍ ഇരുന്നു അഭിപ്രായം പറയുമ്പോള്‍ എതിര്‍ പ്രതികരണങ്ങള്‍ സ്വാഭാവികം.

 4. ജ്ഞാനപീഠ പുരസ്ക്കാരം നേടിയ എഴുത്തുകാരനാണ് എം ടി ..1000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ അസാധുവാക്കിയത് ജനങ്ങളെ
  കടുത്ത ദുരിതത്തിലാക്കിയെന്നു പ്രധാനമന്ത്രി തന്നെ കഴിഞ്ഞ
  ദിവസം രാജ്യത്തോട് നടത്തിയ പ്രക്ഷേപണത്തിൽ തുറന്നു സമ്മതിക്കയുണ്ടായി !അതെ കാര്യം ഒരു ദിവസം മുൻപേ പറഞ്ഞതിനാണ്
  എം ടി ക്കെതിരെ സംഘപരിവാർ വാളെടുക്കുന്നത് !ആവശ്യമായ
  മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ നടത്തിയ നോട്ടു പിൻവലിക്കൽ
  നടപടി ഇന്ത്യൻ സമ്പത്ത്ഘടനയിൽ എന്ത് മാറ്റമുണ്ടാക്കിയെന്നു
  കൃത്യമായി വിശദീകരിക്കാൻ കേന്ദ്ര സർക്കാരിനോ റിസർവ് ബാങ്കിനോ ഇതുവരെ കഴിഞ്ഞിട്ടില്ല ..നികുതി വെട്ടിപ്പ് തടയാൻ
  കറൻസി രഹിത ഇടപാടുകൾ സഹായിക്കും എന്നത് ശരിതന്നെ ..
  പക്ഷെ അതിനു 1000 വും 500 ഉം പിൻവലിച്ചു 2000 ത്തിന്റെ നോട്ടുകൾ
  മാത്രം അധികമായി അടിച്ചിറക്കിയതിന്റെ യുക്തി എന്താണ് ?
  കോടിക്കണക്കിനു 2000 ത്തിന്റെ നോട്ടുകൾ കള്ളപ്പണക്കാരുടെയും
  ഹവാലക്കാരുടെയും കൈകളിൽ നിന്നും അധികൃതർ പിടിച്ചെടുക്കുന്ന വാർത്തകൾ പുറത്തുവരുന്നു ..സാധാരണക്കാരന്
  നോട്ടു പിൻവലിക്കാൻ കടുത്ത നിയന്ത്രണമുള്ളപ്പോൾ ഇതെങ്ങനെ
  സംഭവിക്കുന്നു ?ഇക്കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും
  പ്രധാനമന്ത്രി തയ്യാറാകുന്നില്ല ! ചോദ്യങ്ങൾക്കു മറുപടി പറയേണ്ടാത്ത
  പൊതുയോഗങ്ങളിലും റേഡിയോ -TV പ്രഭാഷണങ്ങളിലും മാത്രമാണ്
  അദ്ദേഹം വിശദീകരണങ്ങൾ നൽകുന്നത് !ഒന്നുറപ്പാണ് ,ഫാസിസം
  അതിന്റെ തേര്വാഴ്ചക്കു സന്നദ്ധമായിക്കഴിഞ്ഞു ..കപട ദേശീയതയും
  രാജ്യസ്നേഹവും ഉയർത്തി അതിന്റെ രഥചക്രങ്ങൾ ഉരുണ്ടു തുടങ്ങി ..
  അതിന്റെ മുന്നിൽ അലോസരമുണ്ടാക്കുന്ന എഴുത്തുകാരുടെ വാക്കുകൾ അവരെ വിറളി പിടിപ്പിക്കും ..കാരണം അക്ഷരം അഗ്നിയാണെന്ന് അവർ തിരിച്ചറിയുന്നു ..മറ്റൊരു ജ്ഞാനപീഠം
  ജേതാവായ ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി ,പിണറായിയുടെ വീടെന്നു തെറ്റിദ്ധരിപ്പിച്ചു കാട്ടിയ ‘രമ്യമന്ദിരം ‘
  കണ്ട്‌ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ ,അവരെ ആരും നിന്ദിക്കുകയോ ആക്ഷേപിക്കയോ ചെയ്തില്ലെന്നത് ഓർക്കുക ..
  നമ്മുടെ ചുറ്റിലും ഇരുട്ടോ വെളിച്ചമോ ?കണ്മുന്നിൽ കാണുന്നത്
  തുറന്നുപറയുക എഴുത്തുകാരന്റെ ധർമ്മമാണ് ! ആ ധർമ്മം
  എഡിറ്റോറിയലും നിർവഹിച്ചിരിക്കുന്നു ..

 5. സത്യസന്ധമായ നിരീക്ഷണം
  എഴുത്തുകാർ രാഷ്ട്രീയ ബോധ്യപ്പെടലുകൾക്കു നിന്ന് കൊടുക്കരുത്. അവരുടെ ചിന്തകൾ അതിനും മേലെയായിരിക്കണം അതല്ലലോ .ഇവിടെ നടക്കുന്നത് പ്രീണനത്തിലും, ഒപ്പിച്ചെടുക്കാവുന്ന നേട്ടത്തിലും വീണുരുളുകയാണ്, അതു മനസ്സിലാക്കി പലരും നന്നായി
  കളിക്കുന്നുമുണ്ട് . സ്‌തുതിപാഠകർക്കു മാത്രം വല്ലതും ലഭിക്കുന്ന ഒരു കാലഘട്ടമാണിന്നു, നേരും നെറിയും കാണാത്ത സമൂഹമാണിതിനുത്തരവാദികൾ

 6. നാടിന്റെ നാവായി മാറേണ്ട എഴുത്തുകാരനെ അതിനു കഴിയാത്ത വിധം വരുതിയിൽ നിർത്താനുള്ള മയക്കു മരുന്നായി അവാർഡുകളെ അധികാരികൾ ഉപയോഗിക്കുന്നു എന്നൊരു വശം മറക്കാതെ തന്നെ പറയാനാവും എഴുത്തുകാർ അധികം പേരും ആ മയക്കു മരുന്നിനു വേണ്ടി സ്വയം മറക്കുന്നവരാണെന്ന്. അപ്പോൾ എഴുത്തുകാരൻ നാടിന്റെ നാവായാൽ പറയുന്നത് ജനത്തിന്റെ ആവശ്യമായിരിക്കില്ല മറിച്ച് അധികാരികളുടെ ആവശ്യമായിരിക്കും. എഴുത്തുകാരൻ സ്വയം വ്യക്തിത്വം നഷ്ടപ്പെടുത്തി നില്ക്കുന്ന കാഴ്ചയാണ് നമുക്കു ചുറ്റും.അതുകൊണ്ട് നിഷ്പക്ഷനായി നില്ക്കേണ്ട എഴുത്തുകാരെ ഭാഗംവെച്ച് എടുക്കാൻ കഴിയുന്നു. ഈ സൗകര്യമല്ലേ പുതിയ വിവാദത്തിനു പിന്നിലും പ്രവർത്തിക്കുന്നത്.

 7. അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കു വിലങ്ങുകൾ തീർത്തുകൊണ്ടാണ് ഭരണകൂടവും തീവ്രമത പ്രസ്ഥാനങ്ങളും ഇന്ന് തേരോട്ടം നടത്തുന്നത്… ഈ അവസ്ഥ തുടർന്ന് പോയാൽ ക്ഷയിച്ചു ഇല്ലാതായിത്ത്തീരും ഈ ഭാരതം……. പുതിയ ഏതോ കൈകൾക്കു വേണ്ടി പ്രത്യാശിക്കുന്ന പൊതുജനം സ്വയം ചിന്താ ശേഷിയെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ഒരു വന്മരവും തലയ്ക്കു മീതെ ഉയരില്ല… ഒരു പട്ടിയും നമുക്ക് നേരെ കുരക്കില്ല…..

Leave a Reply

Your email address will not be published.


*


*