കണ്ണാടിക്കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിയപ്പോൾ (കവിത ) – ഗീത മുന്നൂർക്കോട്

imagesഒരായിരം തിളങ്ങുന്ന കണ്ണുകളുണ്ടവിടെ
വിവേകച്ചില്ലകൾ
തേങ്ങി വിതുമ്പുന്ന
ചിതറിത്തൂവുന്ന
ചെമ്മിഴിത്തുള്ളികളും…
തീത്തുണ്ടുകൾ
തുപ്പിത്തെറിക്കും പോലെ
ഓരോ തുണ്ടിലും
തിളച്ചും കൊണ്ട്
പരശതം മുഖങ്ങൾ…
പൊട്ടിച്ചിരികൾ കൊളുത്തി വിട്ട
കരച്ചിൽ പന്തങ്ങളാളി…
പുകഞ്ഞുചുരുളുന്ന
വക്രചക്രങ്ങളായി…
എത്രയെത്ര വക്രിച്ചുകോടുന്ന
കറുത്ത മിഴിജലയിഴകൾ
വർച്ചു മായ്ക്കുന്ന
വിള്ളലുകൾ…
എല്ലാ മുഖമുറ്റങ്ങളിലെയും
പതിഞ്ഞു താണ
കണ്ണിണകളും
പൊക്കിൾ ബന്ധം പറയുന്നു
അവർ തൊട്ടുരുമ്മി
ചുംബിച്ചാശ്ലേഷിക്കുന്നു
കോമാളിക്കാറ്റുകളായി
ഗോഷ്ടിനടനം തത്തുന്നു
പരിഹാസം ഊളിയിട്ട്
ചിരികളിൽ
കണ്ണീർ പെയ്യിക്കുന്നു
തുള്ളികൾക്ക്
നിറം മാറ്റം വരുന്നു
അവ പരന്നു നിരക്കുന്നു
സ്വീകരണമുറികളിൽ
ചുമരും ചാരി
ഉച്ഛ്വസിക്കുന്നു
കിടപ്പറക്കിടക്കയിലെ ചുളിവുകളായി
അടുക്കളഗുഹാമുഖങ്ങളിൽ
കരിഞ്ഞും കൊണ്ട്
ഉറക്കപ്പായിൽ രാത്രിയെ വിയർപ്പിച്ച്
കിണറ്റിൻ കരയിൽ
കുനിഞ്ഞലക്കി തുള്ളിചീറ്റി…
തൊട്ടയലത്ത്…
നടുറോട്ടിലിടി കിട്ടി നടുങ്ങിച്ചതഞ്ഞ്
കൊടികൾക്ക് മുഷ്ടിയെറിഞ്ഞ്
പരന്ന ആൾക്കൂട്ടങ്ങളിൽ
പുത്തൻ പൌരന്റെ മേലങ്കിയിട്ട്
വെറും വാക്കിലെ പൊയ്ത്തുള്ളികളായി…
കുഞ്ഞുമിഴികളിൽ നിഴൽഭയമടിച്ച്…
ലഹരിയുറങ്ങുന്ന
കൌമാരക്കോളിലമ്ലമായ് ചേർന്ന്…
അടുത്തടുത്ത്
ചുറ്റളവു വികസിപ്പിച്ചങ്ങനെ…
പടുവൃത്തങ്ങളിലെ
അഴിയാ വ്യൂഹങ്ങളിൽ…
അനന്തനിനവുകളുടെ
നനഞ്ഞ രക്തപ്പൊട്ടുകൾ….
ഇത് തീരാ മഴയായി
തോരാ മഴയായി
പ്രളയമാപിനിയിലുയിരുകൾ കൊരുത്ത്..
15571371_1302779466440600_1756816299_n

Be the first to comment

Leave a Reply

Your email address will not be published.


*


*