ചിരിയുടെ സെൽഫികൾ – ബിന്ദു ഹരികൃഷ്ണന്‍

15747730_1699259276766972_1022253033102231777_nപയ്യനും ചാത്തന്‍സും പകുത്തെടുത്ത നമ്മുടെ ചിരി
__________________________________________

സാഹിത്യത്തിലെ ചിരി ആദിയുമന്ത്യവും ഒറ്റപ്പേരിലൊതുക്കി വടക്കേക്കൂട്ടാല നാരായണന്‍ നായര്‍ എന്ന വി കെ എന്‍ എന്നു പറഞ്ഞാല്‍ അതിരുകവിഞ്ഞ ആരാധന എന്നു വിമര്‍ശിക്കില്ലെന്ന് കരുതട്ടെ. പകരം വയ്ക്കാനാവാത്ത ഹാസ്യം , അനുകരിക്കാനാകാതെ അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒടുങ്ങിപ്പോയത്.ആ പ്രതിഭാസത്തെ ഒന്നു തൊട്ടുപോകാതെ എന്തു ചിരി മലയാളിയ്ക്ക്.

” ഓ ജന്മിൻ! ഈ ഭൂമിയിൽ ഒന്നും ഉത്ഭവിക്കുന്നില്ല . ചീയുന്നില്ല . വളമാകുന്നില്ല . ഇവിടെ പരമമായ സത്യം വിപ്ലവമാകുന്നു . ആയത് സംഭവിച്ചുകൊള്ളണമെന്നുമില്ല . ആയതുകൊണ്ട് കമ്പോസ്റ്റനെ നമുക്ക് കണ്ടത്തിൽ വിതറാം . നട്ടു കരി ഞാറോടിയശേഷം നരി , നരിപോലായിരിക്കും നെൽച്ചെടികളുടെ പിന്നത്തെ പേർച്ച . സമൃദ്ധിയുടെ വാഴ്ച . ഓണത്തിനു കാഴ്ച . ദാരിദ്ര്യത്തിനു താഴ്ച .വിപ്ലവത്തിനു വേഴ്ച . ഇന്നു ശനിയാഴ്ച ….” ഇതൊക്കെ കാണുമ്പോഴാണ് സഖാവ് വി . കെ എൻ സാറിനോട് നാം പറയുന്നത് HATTS OFF! (തലേക്കെട്ടൂര് മാപ്ലേ) (ഡീസീ ബുക്ക്‌കവറില്‍ വി.സി ഹാരിസ് എഴുതിയത്)

.പയ്യന്റെ് “ജീവാത്മാവ്” എന്നതില്‍ നിന്നല്പ്പം
——————————————————————-
ബെഡ് കോഫി കഴിഞ്ഞ് ടെലഫോണിലേക്കു നോക്കിയപ്പോള്‍ അവന്‍ ആദ്യത്തെ മണിയടിച്ചു. പയ്യന്‍ യന്ത്രം എടുത്തു പിടിച്ചു. യന്ത്രംപറഞ്ഞു:
ഇതു ഞാനാണ്. ടേപ്പ് ചെയ്ത സമയം.
എന്നിട്ട്?
എട്ടുമണി… ബീപ്….ബീപ്…ബീപ്
ശരി മോനെ, നന്ദി.
ബാത്ത്‌റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ രണ്ടാമതും യന്ത്രം ശബ്ദിച്ചു:
ഹലോ! ആരാണ്?
ഞാന്‍ പയ്യന്‍.
കഴുതേ, പിന്നെ ഞാനാരെടാ?
സോറി. റോംങ് നമ്പര്‍.
പ്രാതല്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനു മുന്‍പ് വീണ്ടും യന്ത്രത്തെ നോക്കിയപ്പോള്‍ സാധു അവന്‍റെ മൂലയ്ക്കിരുന്നു വിറച്ചുതുടങ്ങി. ഏതെങ്കിലും ചരമക്കുറിപ്പ്‌ വരികയാവും, പയ്യന്‍ വിചാരിച്ചു. ഖിന്നമായ യന്ത്രത്തിന് സമനില തെറ്റുന്നു. പിന്നെ, വിറയ്ക്കുന്നതിനിടയ്ക്ക് അവന്‍ പെട്ടെന്ന് മണിയടിച്ചു തുടങ്ങി.
പയ്യന്‍ കുന്തമെടുത്ത് കാതിലമര്‍ത്തി. ഭാര്യയുടെ പരസ്യമായിരുന്നു:
നാഥാ!എവിടെയാണെങ്കിലും ഉടന്‍ തിരിച്ചു വരിക. ഇനിമേല്‍ അവിടുന്ന് കണ്ടുപിടിക്കാത്ത വിധം ഞാന്‍ ജാരസംസര്‍ഗ്ഗം ചെയ്തോളാം.
2. തേങ്ങ
——————-
പയ്യൻ കുഞ്ഞായിരുന്നപ്പോൾ വേശുവായിരുന്നു വീട്ടിൽ വേലക്കാരി. മിനിസ്കർട്ടും കോളറുള്ള ബ്ളൗസുമായി വെളുത്തു കൊലുന്നനെ ഒരു പതിന്നാലുകാരി .കോൺവെന്റിൽ പഠിക്കുന്ന കുട്ടിയാണെന്നേ തോന്നൂ .ഇംഗ്ളീഷേ പറയൂ .സിഗററ്റേ വലിക്കൂ .സ്‌കോച്ചേ കഴിക്കൂ .
അരി-ഉഴുന്നരയ്ക്കുമ്പോഴും പശുവിനെ കറക്കുമ്പോഴും പാത്രം കഴുകുമ്പോഴും മുറ്റമടിക്കുമ്പോഴും വേശു പയ്യനെ മിന്നിച്ചും ഒളിച്ചും നോക്കി . അവളുടെ കണ്ണിൽ സന്ദേശകാവ്യമുണ്ടായിരുന്നു . എന്നിട്ടും പയ്യന് മനസ്സിലായില്ല.
പിന്നീട് ഗ്രാമീണഗ്രന്ഥശാലയിൽ നിന്നെടുത്ത ‘വിനോദിനി അഥവാ കണ്ണിലെ കരട് ‘ എന്ന ഗ്രന്ഥം വായിച്ചപ്പോൾ പയ്യന് പൊരുളഞ്ചും പിടികിട്ടി . അടുത്ത സന്ദർഭത്തിൽ അവൻ കയറി വേശുവിനെ ഡയലോഗിൽ ബന്ധിച്ചു. വിറകുപുരയിൽ ഇന്ധനവും പ്രകൃതി വാതകവും സംഭരിക്കുകയായിരുന്നു കുമാരി.
പയ്യൻ പറഞ്ഞു:
നിന്റെ സന്ദേശം എനിക്ക് മനസ്സിലായി.
സന്ദേശോ?
അതെ . നീ എന്നെ പ്രേമിക്കുന്നു.
അയ്യേ …
കുഴപ്പമില്ല. ഞാൻ നിന്നെയും പ്രേമിക്കുന്നു.
നാലുചുറ്റും നീൾക്കണ്ണോട്ടി വേശു ചോദിച്ചു:
ഒറച്ചോ ?
ഉറച്ചു .
എന്നാൽ തട്ടിൻപുറത്തുനിന്നു ഒരു തേങ്ങയെടുത്തുകൊണ്ടുവാ .
ഇപ്പോൾ?
പെട്ടെന്ന്.
വിഷമമാണ് . അച്ഛൻ മുകളിലുണ്ട് .
എന്നാൽ നാളെ.
എവിടെ തരണം?
ഇവിടെ.
എത്ര മണിക്ക്?
ഇന്നത്തെ മണിക്ക്.നാലുമണിപ്പൂക്കൾ വിരിഞ്ഞാലുടനെ …
ശരി .
അച്ഛന്റെ നിഴലിൽ പയ്യൻ അത്താഴത്തിനിരുന്നു. വമ്പൻ ചോറുരുളകൾ പച്ചടിയിൽ മുക്കി തുടർച്ചയായി സ്പിൻബൗൾ ചെയ്യുന്നതിനിടയ്ക്കു ഓൾഡ് മാൻ അമ്മയോട് പറഞ്ഞു:
കുട്ടീ, കെ.സരോജിനി, കറിക്കു നാളീകേരം ചേർക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ മതി.
അതെന്താ?
തേങ്ങയ്ക്കു തീപിടിച്ച വിലയാണ് .ഉരുവൊന്നിന് ഒന്നൊര ഉറുപ്പിക വരും .
അമ്മ മൂക്കത്തു ചട്ടുകം വെച്ചു.
നേരോ?
പേപ്പറതാ . കമ്പോള നിലവാരം ഒന്ന് കണ്ണോടിക്ക്.
പയ്യന്റെ മുഖം ചുവന്നു.
രക്തച്ഛവിയാർന്ന അതേ മുഖത്തോടെ പിറ്റേന്ന് നാലുമണിക്ക് പയ്യൻ വിറകുപുരയിൽ പോയി. കാമുകന്റെ വെറുംകൈ കണ്ടപ്പോൾ വേശുവിന്റെ മുഖം വാടി .
തേങ്ങയെവിടെ?
പയ്യൻ മിണ്ടിയില്ല.
വേശു പിളുത്തി.
ഇതാണോ നിന്റെ പ്രേമം?
അവളുടെ പുരികങ്ങൾക്കു നടുവിൽ വിരൽ ചൂണ്ടി പയ്യൻ പരുഷമായി പറഞ്ഞു .
നീ എന്നെ വഞ്ചിക്കാൻ നോക്കി.തേങ്ങാ ഒന്നിന് എന്തു വിലവരുമെന്നു നിനക്കറിയാമോ? നീ കമ്പോള നിലവാരം വായിച്ചിട്ടുണ്ടോ?പച്ചത്തേങ്ങ ആയിരത്തിനു 1500 രൂപ. തിരുവനന്തപുരം പാണ്ടി 1510 രൂപ 30 പൈസ .ആലപ്പുഴ അഞ്ചുതെങ്ങ് 1521 രൂപ.കൊട്ടാരക്കര റെഡി 2000 രൂപ. പുൽത്തൈലം ക്വിന്റലിന് …..
വേശു ചെവിപൊത്തി .
ശരി . എന്നാൽ ഒരടയ്ക്ക കൊണ്ടുവാ .
15774894_1846927452220570_6121471411237422864_o

9 Comments

 1. ഒരുകാലത്ത് ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകൾ. വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. മലയാള സാഹിത്യം പയ്യനെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്.

 2. വരട്ടെ, നമുക്കും ചിരിക്കാലോ (മനസ്സ് തൊടുന്ന ചിരി!)

 3. വി കെ എന്നിനെ ‘പിതാമഹൻ ‘ നിലൂടെയാണ് വായിക്കാൻ തുടങ്ങിയത്
  എന്ന് തോന്നുന്നു ..കുങ്കുമത്തിന്റെ പേജുകളിലൂടെയാണെന്നാണ്
  ഓർമ്മ ..കുറിക്കു കൊള്ളുന്ന നർമ്മോക്തികൾ പെട്ടെന്ന് ക്ലിക്ക്
  ചെയ്തെന്നു വരില്ല !മലയാളത്തിന്റെ ഈ ചിരിയുടെ കുലപതിയെ
  പരിചയപ്പെടുത്തിയത് ഉചിതമായി ..

  • വായനയ്ക്കും അഭിപ്രായത്തിനും നന്ദി സുരേന്ദ്രന്‍ സര്‍

 4. പയ്യനെ വായിക്കാൻ പറ്റാഞ്ഞത് വലിയൊരു നഷ്ടമായി തോന്നുന്നു

Leave a Reply

Your email address will not be published.


*


*