യാ ഹുദാ (നോവൽ) – അനീഷ് തകടിയിൽ

15400366_1840362882877027_4223930724685861872_nനോവല്‍ ആരംഭിക്കുന്നു .
അധ്യായം 1,
അസ്തമയം
_________
ആകെ ഒരു ശൂന്യത. മൂടൽമഞ്ഞിൽ മുങ്ങിയ ഇന്ദ്രപ്രസ്ഥത്തിലെ തെരുവുകളിൽ മഞ്ഞവെളിച്ചം വിതറി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾക്കും അതേ മന്ദത. വിജനമായ രാജവീഥിയാകെ ഇന്നുരാവിലെ നടന്ന ആഘോഷങ്ങളുടെ മടുപ്പിക്കുന്ന ഗന്ധം. ചെങ്കോട്ടയിലെ ചുമരുകളിൽ തൂക്കിയിരുന്ന അഴുകിത്തുടങ്ങിയ ബന്ദിഹാരങ്ങളിൽ പുഴുവരിക്കുന്നു. ഒഴിഞ്ഞ കോളയുടെ കുപ്പിയിൽ നോക്കിയിരിക്കുകയാണ് തെരേസ. ജുമാ മസ്ജിദിൽ നിന്നും സായാഹ്ന പ്രാർഥനയ്ക്കുള്ള തഖ്ബീർ മുഴങ്ങുന്നു. തെരേസ എഴുന്നേറ്റു. ബാഗെടുത്തു തൂക്കി. സ്വെറ്റർ ഒന്നുകൂടി നേരെയിട്ടു. തണുപ്പ് അസഹനീയമായിരിക്കുന്നു.
നിസ്സംഗമായ മനസ്സുമായി അവൾ വേച്ചു വേച്ചു നടന്നു. നഗരം എന്നും അങ്ങനെയാണ്. ഇന്നിന്റെ വർണ്ണക്കാഴ്ചകളും നാളെയുടെ പ്രതീക്ഷകളും. ഇതിനിടയിൽ എവിടെനിന്നോ തുടങ്ങി, എവിടേക്കോ പോകുന്ന കുറേ ജീവിതങ്ങളും. കാലു കുഴയുന്നു. അവൾ പാർക്കിൽ കണ്ട പൊളിഞ്ഞു തുടങ്ങിയ ബഞ്ചിലിരുന്നു. ബാഗു തുറന്ന് ക്യാമറ പുറത്തെടുത്തു. ഇന്നു പകർത്തിയ ചിത്രങ്ങൾ ഓരോന്നായി നോക്കി. വൃത്തിയുള്ള വസ്ത്രം ധരിച്ച തലസ്ഥാന നിവാസികൾ, ഖദർ ധാരികൾ, ധ്യാന നിമഗ്നനായ ഗാന്ധി പ്രതിമ, ഭാരതത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ്, അയഞ്ഞ കുർത്തയും രാജസ്ഥാനി തലപ്പാവും ധരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട് അനുസരണയോടെ ജയ് വിളിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ. ബുള്ളറ്റ് പ്രൂഫിന്റെ സുരക്ഷിതത്വത്തിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി കൊടി കെട്ടിവച്ചിരുന്ന കയർ പതിയെ അഴിക്കുന്നു. അദ്ദേഹം ജനങ്ങൾക്കു നേരെ മുഷ്ടി ചുരുട്ടി ആഹ്വാനം ചെയ്യുന്നു. ജനം ആർത്തിരമ്പുന്നു. തെരേസ ചിത്രങ്ങൾ വേഗത്തിൽ ഫോർവേർഡ് ചെയ്തു. തലേദിവസം പകർത്തിയ ചിത്രങ്ങൾ തിരഞ്ഞു. ജുമാ മസ്ജിദിന്റെ പടിയിൽ ഇരിക്കുന്ന ചെരുപ്പുകുത്തിയുടെ മുഖം. അലസമായ നീളൻ പൈജാമയും തലയിലെ വെളുത്ത കെട്ടും. പല്ലുമുഴുവനും കൊഴിഞ്ഞതിനാലാവാം കവിൾ ഒട്ടിയിരിക്കുന്നു. കണ്ണുകളിൽ നിസംഗത. മുന്നിൽ വന്നു വീണ നരച്ച ഷൂ അയാൾ തുടക്കുന്നു. അതിന്റെ ലേസ് ശ്രദ്ധാപൂർവ്വം അഴിക്കുന്നു. ഗാന്ധിത്തലകൊത്തിയ തിളങ്ങുന്ന അഞ്ചുരൂപാ നാണയം മുന്നിൽ വീണുതെറിക്കുന്നു. അയാൾ ആകാശത്തേക്കു നോക്കി എന്തോ മന്ത്രിക്കുന്നു. തെരേസ ക്യാമറ ഓഫ് ചെയ്തു.
ഇന്ത്യ എന്നും അദ്ഭുതമാണ്. അറിയും തോറും ആഴം കൂടി വരുന്ന പ്രതിഭാസം. കടുത്ത വർണ്ണങ്ങൾ ചിതറി വീണ വിശാലമായ ക്യാൻവാസ്. ചിലയിടങ്ങളിൽ നരച്ച നിറങ്ങൾ, മറ്റുചിലയിടങ്ങളിൽ കടുംവർണ്ണക്കൂട്ട്. ഇന്ത്യൻ ഫിലോസഫിയിൽ റിസർച്ച് ചെയ്യാനായി യു.കെ.യിൽ നിന്നിറങ്ങിപ്പുറപ്പെട്ടപ്പോൾ പ്രൊഫസർ ഡാനി പറഞ്ഞതോർത്തു.
“നീ വിചാരിക്കുന്ന പോലെയത്ര ഏളുപ്പമല്ല ഈ വിഷയം. താന്ത്രിക് ബുദ്ധിസം ലോകം തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. തിബത്തിലെ ലാമമാർക്കും ഗയയിലെ ചില ഭിക്ഷുക്കൾക്കും അറിയാവുന്ന അപൂർവ്വ സത്യങ്ങളുണ്ട്. പലതും ഇന്നു നമ്മൾ ശാസ്ത്രസത്യങ്ങളെന്നു വിളിക്കുന്നതിന്റെ പ്രാചീനമൊഴികളാണ്. ഭാരതീയ ദർശനം തന്നെ വലിയൊരു ചുഴിയാണ്. ആ കടുത്ത ചുഴിയിലേക്കാണ് നീ ഇറങ്ങുന്നത്. ദർശനങ്ങൾ എന്നു നാം വിളിക്കുന്നവ തീർക്കുന്ന ഭീമൻ ചുഴി. എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. സാംഖ്യവും യോഗവും ബൌദ്ധവും നിന്നെ വിസ്മയിപ്പിക്കും. ‘തന്ത്ര‘ നിന്നെ ഭ്രമിപ്പിക്കും. അവസാനം നീ ആശയക്കുഴപ്പത്തിലാവും. ഈ ആശയക്കുഴപ്പമാണ് ഇന്ത്യ. അതിന്റെ ബഹളങ്ങളേയും അരാജകത്വത്ത്വത്തിനേയും അതേപടി സ്വീകരിക്കുക മാത്രമാണു നിന്റെ മുന്നിലുള്ള വഴി. അതു ദർശനങ്ങളുടെ കാര്യത്തിൽ മാത്രമല്ല അവിടുത്തെ സംസ്കാരത്തിന്റെ കാര്യത്തിലും ശരിയാണ്. ബഹളങ്ങളേയും കെട്ടുകാഴ്ചകളേയും കടുംവർണ്ണങ്ങളേയും അവർ വല്ലാതെ സ്നേഹിക്കുന്നു. എന്നാൽ ഉള്ളിൽ നനുത്ത ശാന്തത കാക്കുകയും ചെയ്യുന്നു”
ഡാനി പറഞ്ഞത് ശരിയാണ്. അലഞ്ഞ നാടുകൾ. തെളിയുന്ന മുഖങ്ങൾ. കഥ പറഞ്ഞ തെരുവുകൾ. അങ്ങനെയെന്തെല്ലാം. പക്ഷേ ഗവേഷണം മാത്രമല്ലല്ലോ ഉദ്ദേശം. ചെയ്തു തീർക്കാൻ കാര്യങ്ങൾ നിരവധിയില്ലേ? തെരുവിലെ കാഴ്ചകൾ പകർത്തുന്നതിനിടയിൽ അയാളുടെ മുഖം കൂടെക്കൂടിയിട്ട് കുറേ ദിവസങ്ങളായി. തെരേസ വീണ്ടും ചിത്രങ്ങൾ തെരഞ്ഞു. അയാ‍ളുടെ ചിരി, രൂക്ഷമായ കണ്ണുകൾ, ചുക്കിച്ചുളിഞ്ഞ മുഖം, നീളൻ തലമുടി. ഇതൊക്കെ ഒരുപക്ഷേ വെറും ഭ്രാന്തായിരിക്കും. അയാൾ പാവമൊരു ചെരുപ്പുകുത്തി. ഏതാണ്ട് എൺപതു വയസ്സുവരുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാരിൽ ഒരുവൻ. ഒരുപക്ഷേ പേരോ ഊരോ സർക്കാർ രേഖകളിലില്ലാത്ത, സംഖ്യകളുടേയും അക്ഷരങ്ങളുടേയും കോമ്പിനേഷനുകൾ തീർക്കുന്ന ഐഡന്റിറ്റിയില്ലാത്ത ഒരു പാവം. നാമോരോരുത്തരും ഓരോ കോഡുകളായിരിക്കുമല്ലേ? അക്ഷരങ്ങളും അക്കങ്ങളും തീർപ്പുകൽപ്പിക്കുന്ന കോഡുകൾ. അങ്ങനെയാണെങ്കിൽ ഈ മനുഷ്യന്റെ കോഡെന്തായിരിക്കും?
അവൾ കൈയ്യിലിരുന്ന കാലിക്കുപ്പിയെ നോക്കി. ഒഴിഞ്ഞ കുപ്പി. ഏയ് അല്ല. ഒഴിഞ്ഞിട്ടില്ല. അതിൽ ശൂന്യത നിറഞ്ഞിരിക്കുന്നു. Nothing there is something. ഒഴിഞ്ഞത് എന്നൊന്നില്ലതന്നെ. തിബത്തിലെ പ്രൊപ്ഫസർ ബെൻ കി അൻസാൻ പറഞ്ഞതോർമ്മ വരുന്നു. പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യാക്കാരാണെന്ന്. അന്നു താൻ ഏറെ നേരം കളിയാക്കിച്ചിരിച്ചു. അപ്പോൾ ബെൻ കി തിരുത്തി.
“നീ കുറച്ചുനാൾ കഴിഞ്ഞറിയും അതത്ര എളുപ്പമല്ലെന്ന്. ശൂന്യതയെ ഞങ്ങൾ പൂജ്യമെന്നാണു വിളിച്ചത്. പൂജിക്കപ്പെടേണ്ടതെന്നർത്ഥം. നെഗറ്റീവോ പോസിറ്റീവോ അല്ലാത്ത അവസ്ഥ. നിർഗുണ പരബ്രഹ്മം. ശൂന്യത കണ്ടുപിടിക്കാൻ അഥവാ അനുഭവിക്കാനെളുപ്പമാകുന്നതെങ്ങനെ“?
ബെൻ കി പറഞ്ഞതും അതായിരുന്നു.
അസ്തമയം അടുക്കുന്നു. അധികാര കൈമാറ്റത്തിനായി സൂര്യൻ ധൃതി കൂട്ടുന്നു.നഗരം തിരക്കിലാണ്.. ചീറിപ്പായുന്ന വാഹനങ്ങൾ. എങ്ങോട്ടെന്നില്ലാതെ ഓടുന്ന ജനം. ആരും മുഖത്തു നോക്കുന്നില്ല. ഇന്ത്യാക്കാർ ചിരിക്കാൻ മറന്നു തുടങ്ങിയിരിക്കുന്നു. തെരേസ വീട്ടിലേക്കു നടന്നു. സ്വസ്തി പ്രസാദ് ജെയിൻ എന്ന മിഠായിവാലയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റ് ആണ് കഴിഞ്ഞ രണ്ടു വർഷമായി അവൾ. സ്വസ്തിയും ഭാര്യ പദ്മയും മാത്രമുള്ള കുടുംബം. അവർക്ക് കൂട്ടായി അനേകം തീർത്ഥങ്കരന്മാരുടെ പ്രതിമകളും. അയല്പക്കത്തൊക്കെ അവരുടെ ബന്ധുക്കളാണ്. എഴുപതു പിന്നിട്ട, വെളുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയ, വെള്ളവസ്ത്രം മാത്രം ധരിക്കുന്ന രണ്ട് ആത്മാക്കൾ. വീട്ടിൽ ഉണ്ടാക്കുന്ന ആഹാരത്തിൽ ഒരു പങ്ക് തെരേസയ്കാണ്. പിന്നെ സ്വസ്തിക്ക് വാത്സല്യം കൂടുമ്പോൾ ഗുജറാത്തി ഹൽവകളും. ഹോസ്റ്റലിനേക്കാൾ സ്വസ്ഥത. തണുപ്പേറി വരുന്നു. വീട്ടിൽ ആരുമില്ല. രണ്ടാം നിലയിലെ തന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങാൻ അവൾ കൊതിച്ചു. പുറത്തെ ബഹളങ്ങളുമായി പൊരുത്തപ്പെടാൻ വയ്യ. വാതിൽ അടച്ചു താഴിട്ടു.
എന്നെയുഴറ്റുന്ന അയാള്‍ ആരാണ്? ഡൽഹിയുടെ ചരിത്രത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ അയാളുടെ സാന്നിധ്യമുണ്ട്. എവിടെയോ ഞാനും അയാളും തമ്മിൽ ഒരു ബന്ധമുണ്ട്! അച്ഛനേൽപ്പിച്ച ദൌത്യം ഇനിയൊരുപക്ഷേ അയാളുമായി ബന്ധപ്പെട്ടതാണോ? എന്തായാലും ചികഞ്ഞെടുക്കുകതന്നെ. എന്തൊക്കെയാണ് എനിക്ക് ചുറ്റും നടക്കുന്നത്! ഇന്ത്യ വിസ്മയിപ്പിക്കുകയാണ് ഓരോ നിമിഷവും!
15732339_1853090154972679_3908091792069724073_o

13 Comments

 1. എഴുത്തിൽ സ്വയം ഇന്ധനമാകണം.ഉരുകി യൊലിച്ചു അടങ്ങുന്ന മെഴുകുതിരിയാകണം. ഓരോ എഴുത്തന്ത്യവുംശരീരവും,ആത്മാവും സൃഷ്ട്ടിയിലേയ്ക്ക് പകരുന്ന മരണമാവണം.എഴുതിക്കഴിഞ്ഞാൽ പിന്നെ പുനർജനി ആണ്.പൂർവ്വജന്മത്തെ മറന്നുള്ള പ്രവാസജീവിതം.നല്ല എഴുത്തു നേരുന്നു ഭായ്

  • ഒരുപാടു സന്തോഷം അനീഷ്‌ ജീ നല്ല വായനക്കും വാക്കുകള്‍ക്കും. സ്നേഹം……

 2. എഴുത്തിലെ പൂർവികരെ നന്നായറിഞ്ഞവൻ നീ. എനിക്കങ്ങനെ പറയാൻ തോന്നുകയാണ്. വരികളിൽ ഇനിയും ഒളിഞ്ഞിരിക്കുന്ന മാസ്മരികതയുമായി നീ ഉണർന്നെഴുന്നേൽക്കുന്നതു കാണാൻ കാത്തിരിക്കുന്നു.
  ദൽഹിയെ കുറിച്ചുള്ള അനവധി കഥകളും നോവലുകളും പിറന്നിരിക്കുന്നു. ഓരോ ഗലികളിലൂടെയും അലഞ്ഞുതിരിയുന്ന, പുഴുക്കളെ പോലെ നുരയുന്ന ജീവിതത്തെ പിന്തുടരുന്ന എഴുത്തുകൾ. കാലങ്ങൾക്കു മുൻപെഴുതിയതും, ഇന്ന് എഴുതാൻ ശ്രമിക്കുമ്പോഴും ദൽഹി അപ്പോഴും അതെ പോലെ തന്നെ. എത്ര വായിച്ചാലും, എഴുതിയാലും തീരാത്തത്. അധികാരികളുടെ പ്രതിജ്ഞകൾ നിരന്തരം നേരിട്ട് കേൾക്കുന്നവർ.ഭരണകൂടത്തിന്റെയും, പ്രകൃതിയുടെയും പ്രഹരമേറ്റ് ജീവിതം ആസ്വദിച്ച് കഴിയുന്നവർ. അവരെ പറ്റി എത്ര എഴുതിയാലും തീരില്ല…
  എഴുതൂ.. മനുഷ്യനെപറ്റി . എത്ര പറഞ്ഞാലും തീരാത്ത കഥകളുമായി അവനിന്നും……

 3. നല്ല തുടക്കം ..ഇന്ത്യയുടെ ആത്മാവിലേക്ക് ,അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരിക്കും നോവൽ എന്നതിന്റെ സൂചനകൾ
  പകരാൻ കഴിഞ്ഞിരിക്കുന്നു ..എല്ലാ ഭാവുകങ്ങളും ..

 4. നന്നായിരിക്കുന്നു. ഇന്ത്യയെ തേടുന്ന കഥാപാത്രത്തിനൊപ്പം വരും അദ്ധ്യായങ്ങളിൽ വായനക്കാരും യാത്ര ചെയ്യട്ടെ. ഭാവുകങ്ങൾ

 5. നല്ല തുടക്കം. ചില ഭാഗങ്ങളില്‍ എഴുത്തിന് കുറച്ചു കൂടി വ്യക്തത വേണമെന്ന്‍ തോന്നുന്നു. ഉദാ: ‘അയാൾ പാവമൊരു ചെരുപ്പുകുത്തി. ഏതാണ്ട് എൺപതു വയസ്സുവരുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാരിൽ ഒരുവൻ’.

  • വായനക്ക് നന്ദി. വ്യക്തത വരുത്താൻ ശ്രദ്ധിക്കാം.

Leave a Reply

Your email address will not be published.


*


*