‘മാറാപ്പ്’ (കഥ)

 

untitled

പ്രദീപ്‌ പാമ്പിങ്ങല്‍

വര്‍ഷത്തില്‍ രണ്ടോ നാലോ തവണ മാത്രം തോളില്‍ ഒരു മാറാപ്പും അതില്‍ പച്ചമരുന്നുകളും ചിലപ്പോള്‍ ആമയും കീരിയും ചകിരിനാരും, മറുതോളില്‍ നല്ല ഭംഗിയില്‍ കെട്ടിയുണ്ടാക്കിയ ഉറികളും, കൈയ്യില്‍ ആമയെ കുത്തിനോക്കാനുള്ള മുനയുള്ള ഒരു വടിയുമായി പടിപ്പുരയ്ക്ക് പുറത്തു ഒരു നായടിപ്പാടകലെ നിന്ന് “നായാട്യോട്യോ….. നായാട്യോട്യോ… മ്ബ്രാട്ട്യെ… നായാടിവാസു വന്നൂട്ടാ..നായാടിക്കുള്ളത് തര്വാ” എന്ന് ചങ്ക്പൊട്ടി വിളിച്ചിരുന്ന, വാറ്റുചാരായത്തിന്‍റെ രൂക്ഷഗന്ധം വമിക്കുന്ന വായനിറച്ചും മുറുക്കാനുമായി, മഞ്ഞ ചുവപ്പിന് വഴിമാറിക്കൊടുത്ത പല്ലുകളും എണ്ണമയം പിണങ്ങിപ്പോയ, ആരെയും അനുസരിക്കാത്ത തലമുടിയുമായി നായാടിവാസുവും ഭാര്യയും.
രാജീടെ അമ്മ മുറത്തില്‍ അരിയും കൈയ്യില്‍ കുറച്ചു നാണയത്തുട്ടുകളുമായി ചെല്ലുമ്പോള്‍ ആദ്യം വായ്‌ പൊത്തിപ്പിടിച്ച്‌ വളഞ്ഞ് പത്തടിപിറകോട്ടുപോയി അതിനുശേഷം മാത്രം വന്നു അതുമേടിച്ച് “പണ്ടാരടങ്ങിപ്പോട്ടേ” എന്ന് പ്രാകിയിരുന്ന നായാടിവാസുവും ഭാര്യയും. അതുകഴിഞ്ഞ് ചോദിക്കും, ” മ്ബ്രാന്‍ വരാറില്ലേ?കുഞ്ഞമ്ബ്രാനും കുഞ്ഞ്മ്ബ്രാട്ടിക്കും സുകല്ലേ?”എന്നൊക്കെ. അന്നൊരിക്കല്‍ വരുമ്പോള്‍ അവരുടെ കൂടെ രാജിയുടെ അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടായിരുന്നു. അന്ന് വാസുവിന്‍റെ ഭാര്യ പറഞ്ഞു “ ഇവര് എരട്ടെളാ, മ്ബ്രാട്ട്യെ കാണിക്കാന്‍ കൊണ്ടന്നതാ .ഇവള് വല്യകുട്ടിയായേയ്”. രാജീടെ അമ്മക്ക് വിഷമം തോന്നി, രാജിയുടെ അതേ പ്രായം..ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ അതിന്‍റെ വാര്‍ദ്ധക്യം എടുത്തുകാണിക്കുന്നു. അന്ന് രാജീടെ അമ്മ അവള്‍ക്കും ആ ആണ്‍കുട്ടിക്കും കുറച്ചു വസ്ത്രങ്ങള്‍ കൊടുത്തുവിട്ടു, “ന്നി ഇവളെ കൂടെ കൊണ്ടുനട്ക്കണ്ടാട്ടോ” എന്നൊരു ഉപദേശവും. അപ്പോള്‍ വാസുവിന്റെ ഭാര്യ പറഞ്ഞു, “ പേട്യാ മ്ബ്രാട്ട്യെ…ഇവളെ വീട്ടില്‍ നിറുത്തി പ്പോരാന്‍, ന്നത്തെ കാലല്ലേ .”

രാജീടെ അച്ഛനും അമ്മയും ഇച്ചിരി പുരോഗമനവാദികള്‍ ആയതുകൊണ്ടാണ്‌ അകത്തുള്ളവര്‍ ഇങ്ങനെ പടിപ്പുരയില്‍ വന്നു നായാടികള്‍ക്ക് എന്തെങ്കിലും കൊടുക്കുന്നത്. അല്ലെങ്കില്‍ വല്ല പണിക്കാരികള്‍ വശമാകും കൊടുത്തുവിടുക.
ഒരു വര്‍ഷത്തിനു ശേഷമാണ് പടിപ്പുരയ്ക്ക് പുറത്തു വാസുവിന്റെ ശബ്ദം വീണ്ടും കേട്ടത്. അന്ന് വാസുവിന്റെ തോളില്‍ മാറാപ്പോ ഉറികളോ ഉണ്ടായിരുന്നില്ല. അയാള്‍ കൂടുതല്‍ അവശനായിരുന്നു, നില്ക്കാനും നടക്കാനും പാടുപെട്ടിരുന്നു. “ന്തേ ന്ന് കുടി കൂടിപ്പോയോ? അരിയിടാന്‍ ഭാണ്ഡം എവിടെ? നിന്റെ ഭാര്യ എവിടെ?” രാജീടെ അമ്മ ഇച്ചിരി ദേഷ്യത്തോടെ ചോദിച്ചു. ഒന്നും മനസ്സിലാകാത്തത് പോലെ നില്ക്കുന്നത് കണ്ടിട്ട് ഒന്നു കൂടി ഉച്ചത്തില്‍ ചോദിച്ചു. “നായാടി കുടിമാറ്റി മ്ബ്രാട്ട്യെ,” അയാള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു, “ന്റെ മോളെ ഗോപാലന്‍പോലീസിന്റെ മോനും കൂട്ടരും ചേര്‍ന്ന് ചീത്ത്യാക്കീ മ്ബ്രാട്ട്യെ, ആ വെഷമത്തിലവള് കനാലില്ചാടി മരിച്ചു.” “ന്റെ ഈശ്വരാ.. “രാജീടെ അമ്മയുടെ വായില്‍ നിന്നും അറിയാതെ വാക്കുകള്‍ തെറിച്ചുവീണു. നായടിപ്പാടകലെ നിറുത്തുന്ന ഈ നായാടിയുടെ മകള്‍ക്ക് , അവളെ പ്രാപിക്കാന്‍ വന്നവര്‍ക്ക് മുന്‍പില്‍ അയിത്തം ഒരു രക്ഷാകവച്ചമായില്ല. “പരാതികൊടക്കാന്‍ പോലീസ്സ്റ്റേഷനില്‍ പോയതാ മ്ബ്രാട്ട്യെ, അവര് ന്റെ കാല് ചവിട്ടിടിച്ചു, ചെവി അടിച്ചുപൊട്ടിച്ചു. ഇപ്പൊ ഒന്നേ കേള്‍ക്കൊള്ളൂ . ന്റെ മോനെയും അവര് ചവിട്ടിഅരച്ചു. മനസ്സുനൊന്തുശപിച്ചാല്‍ എല്ക്കില്ലല്ലോ..ഞാന്‍ ശപിച്ചാല്‍ അവര്ക്ക് പുണ്യല്ലേ. ശപിക്കാന്‍ പോലും പറ്റാത്ത അച്ഛനാ ഞാന്‍. അന്നേ പറഞ്ഞതാ മ്ബ്രാട്ട്യെ, അവര് വല്ല്യേ ആളുകളാന്നു. മോന്‍ കേട്ടില്ല, നെയമം എല്ലാവര്ക്കും തുല്ല്യാന്നും പറഞ്ഞു പോയതാ.. അവന്‍ ഇപ്പൊ വീട്ടിലൊന്നും വരാറില്ല. നച്ചലൈറ്റാത്ത്രെ, ഇപ്പോളും ഇടക്ക് വീട്ടില് പോലീസു വന്നു തിരയും അവനെ. പ്പൊ പിള്ളേരടമ്മക്ക് പ്രാന്താ…അവളെ ചങ്ങലക്കിട്ടിട്ടാ പോന്നത്. ഇന്ന് ന്റെ മോള്ടെ ചാത്താ..നിക്ക് അരി വേണ്ടാമ്ബ്രാട്ട്യെ, നിക്ക് നിക്ക്‌…”.വാസുവിന് എന്തോ പേടിയുള്ളതുപോലെ.. “ന്താ വാസ്വോ…പറഞ്ഞോളൂ..ന്താ വേണ്ടേ.? ”. രാജീടെ അമ്മയുടെ ആ ചോദ്യം അയാള്‍ക്ക് ധൈര്യം കൊടുത്തപോലെ. “മ്ബ്രാട്ട്യെ, കുഞ്ഞമ്ബ്രാട്ട്യെ ഒന്നു കാണാനാ, ന്റെ മോള്ടെ അതെ പ്രായല്ലേ. അതിനാ ഞാന്‍ ഓടിവന്നേ . മ്ബ്രാട്ടി തന്ന തുണിയുടുപ്പിച്ചാ ന്റെ മോളെ ഞാന്‍ അവസാനം യാത്രയാക്കീത്..” ക്ക് അരിവേണ്ടാട്ടാ.. ത്തിരി ചോറുമതി..പിള്ളേരടമ്മക്ക് കൊടുക്കാനാ..” രാജീടെ അമ്മ ചോറും കറികളും പൊതിഞ്ഞുകെട്ടിവരുമ്പോള്‍ രാജിയും കൂടെയുണ്ടായിരുന്നു. രാജിയെ കണ്ടതും വാസുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കയറും പനയോലയും കൊണ്ടുണ്ടാക്കിയ യന്ത്രം പടിപ്പുരയുടെ വളയത്തില്‍ കെട്ടിയിട്ട് വാസു പറഞ്ഞു, “ന്റെ എല്ലാ ശക്തിയും ആവാഹിച്ചുള്ള യന്ത്രാ അത് കുഞ്ഞ്മ്ബ്രാട്ടിക്കു രക്ഷ്യാകട്ടെ, ചാവ്വോളം ഈ ദിവസം ന്നിക്ക് കുഞ്ഞമ്ബ്രാട്ട്യെ കാണിച്ചുതരണം മ്ബ്രാട്ട്യെ.. ഒരു അപേക്ഷയാണെ..” ചോറുപൊതിയുമായി നടക്കാന്‍ തുനിഞ്ഞ വാസു വിതുമ്പിക്കൊണ്ട് തിരിഞ്ഞുനിന്നു ശപിച്ചു.. “പണ്ടാരടങ്ങിപ്പോട്ടെ”.
കിഴക്കേലെ ശാന്തേട്ത്തി പറഞ്ഞപ്പോളാണ് രാജിയും അമ്മയും ഈ വിവരം അറിഞ്ഞത്.

“അറിഞ്ഞില്ലേ നായാടിവാസു വണ്ടി ഇടിച്ചുമരിച്ചൂത്രേ”…മരിച്ചുകിടക്കുബോളും ഒരു പൊതിചോറ് നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചിരുന്നൂത്രേ.വാസൂന്റെ ഭാര്യ ചങ്ങലപൊട്ടിച്ച് കനാലില്‍ ചാടി മരിക്യേം ചെയ്തൂന്നാ കേട്ടത് ”. ആ സമയത്ത് തന്നെയാണ് ചന്തയിലേക്കുപോയ കാര്യസ്ഥന്‍ ഉണ്ണിനായര്‍ ഒരു വാര്‍ത്തയുമായി വന്നത് “ നായാടി വാസൂന്റെ മോന്‍ ആ ഗോപാലന്‍ പോലിസിനേം മോനേം കൊന്നു, നക്സല്‍ ആണെന്ന് പറഞ്ഞ് അവനെ പോലീസുകാര് വെടിവച്ചുകൊന്നു ന്നാ കേട്ടേ ”. പടിപ്പുരയിലെ വളയത്തില്‍ കിടക്കുന്ന യന്ത്രത്തില്‍ ഒരു പല്ലി ചിലച്ചുകൊണ്ടേയിരുന്നു … രാജിക്ക് അപ്പോഴും കേള്‍ക്കാമായിരുന്നു വിതുമ്പികൊണ്ടുള്ള ആ ശാപവാക്കുകള്‍ “പണ്ടാരടങ്ങിപ്പോട്ടെ…”

pradeep

 

 

 

 

.

.

===============================================================

40 Comments

  • നന്ദി രാജികാന്ത്…വായനക്കും അഭിപ്രായത്തിനും

  • നന്ദി..വായനക്കും എന്‍റെ കഥാപാത്രങ്ങളെ ഒരു നിമിഷത്തേക്ക് കണ്ടതിനും…വിലയേറിയ അഭിപ്രായത്തിനും…

 1. നല്ല അവതരണം
  ഇനിയും ഒരുപാടെഴുതാന്‍ ശ്രമിക്കണം……best of luck….

 2. നല്ല . അവതരണം നാട്ടുഭാഷയുടെ പ്രയോഗം . എനിക്കിഷ്ടപ്പെട്ടു മാഷേ .. അവസാനഭാഗം .. കണ്ണുനീരണിയാതെ വായിക്കാന്‍ കഴിയില്ല . അവിടെയാണ് ഒരു നല്ല രചനയുടെ വിജയം. ആശംസകള്‍ !!!

 3. പ്രദീപ് ചേട്ടാ നനായിട്ടുണ്ട് നല്ല അവതരണം. ഇനിയും ഒരുപാടു എഴുതുവാന്‍ ദൈവം അനുഗഹികട്ടെ .!!!

  • ജി. നന്ദി, വായനക്കും അഭിപ്രായത്തിനും, ആശംസകള്‍ക്കും….

 4. പ്രദീപേ നന്നായി
  നിർത്തണ്ട തുടർന്നും എഴുതുക, എല്ലാ ആശംസകളും നേരുന്നു

  • നന്ദി ട്ടോ …ഈ വായനക്ക് ..ഈ അഭിപ്രായത്തിന്…ഈ പ്രോത്സഹത്തിന്…

 5. Pradeep Bhai. Nattile bahasha and sherikum pazaya aaa kalatheeku poyi…enikariyunna nayaaadi vasuvilekku…marunnu kanji vekkan illallam ketti konduvarunna …umbratti enna aaaa neettiya viliyum?. Keep it up

 6. നന്നായെഴുതി, നൊമ്പരപെടുത്തുന്ന എഴുത്ത്. ഒപ്പം കണ്ടു മറന്ന കുറെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു.

 7. വളരെ ഹൃദയസ്പര്ശിയായ ഒരു കഥ … നല്ല അവതരണം …വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി …ഇനിയും പ്രധീക്ഷിക്കുന്നു ഇതുപോലെയുള്ള മനോഹര സൃഷ്ടികൾ …

 8. //“ പേട്യാ മ്ബ്രാട്ട്യെ…ഇവളെ വീട്ടില്‍ നിറുത്തി പ്പോരാന്‍, ന്നത്തെ കാലല്ലേ .”// അതെ ,
  കാലം നന്നല്ല ..പഴയകാല നന്മകൾ ചവുട്ടിയരക്കയും അക്കാലത്തെ തിന്മകളിലേക്ക്
  ആസുരമായ ആസക്തിയോടെ തിരിച്ചുപോവുകയും ചെയ്യുന്ന ഒരു തലമുറയാണോ
  നമ്മുടേത്‌ ..നായാടി വാസുവിന്റെ കഥയിലൂടെ ,നമ്മുടെ നാടിന്റെ നടുക്കുന്ന ദുര്യോഗത്തെ
  വായനക്കാരന്റെ മനസ്സിലേക്ക് ഒരു തീക്കനലായി കോരിയിടുന്നതിൽ കഥാ കൃത്ത്
  വിജയിച്ചിരിക്കുന്നു ..പെട്ടെന്ന് പറഞ്ഞ് തീർക്കുന്നതിൽ ഒരു തിരക്ക് കാട്ടിയിട്ടില്ലേ
  എന്ന് തോന്നിപ്പിച്ചു ..

  • സാര്‍. നന്ദി വായനക്കും വിലയേറിയ അഭിപ്രായത്തിനും….

 9. വളരെയേറെ നന്നായിരിക്കുന്നു.കുറച്ച് വരികൾകൊണ്ട് ഒരുകാലഘട്ടത്തെ ഒാർത്തെടുക്കാന് കഴിയുന്നു

 10. manoharam.. ente baalyathilekku kondupoyi . mushinja maaraappum neetiyulla aa viliyum karutha roopavum … ee vikruthiye thalakkan amma ee perupayogichirunnu. really good..

 11. രാജിയെ കണ്ട് വിതുംപി ്പ്രാകികൊണ്ടുപോകുന്ന നായാടിയെ
  മറക്കാനാകുന്നില്ല

Leave a Reply

Your email address will not be published.


*


*