31

ഇരുട്ട് വിളയാടുമ്പോൾ

dark-editorial-s_എം.കെ.ഖരീം, ചീഫ് എഡിറ്റർ 

സൂര്യനെല്ലി ഒരു ഇടത്തിന്റെ പേരു മാത്രമല്ല. ഒരു ദേശത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാനുള്ള രതിക്കാറ്റായിരുന്നെന്ന് അന്ന് മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ അറിഞ്ഞിരിക്കില്ല. ആ വാർത്ത മലയാളി മനസ്സുകളെ വല്ലാതെ ഞെട്ടിക്കുകയും പെൺകുട്ടികളുടെ മാതാപിതാക്കളെ ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. വേട്ടക്കാരാൽ പിച്ചി ചീന്തപ്പെട്ട ഇരക്ക് വേണ്ടി പിന്നീട് അധികാര ലോകം എന്ത് ചെയ്തുവെന്ന് നമുക്കറിയാം. അവൾ ജന്മനാ വേശ്യയെന്ന് പോലും വിളിക്കപ്പെട്ടുകഴിഞ്ഞു. തുടർന്നും പെണ്ണിടങ്ങൾ ഉന്നം വച്ച കഴുക കണ്ണുകൾ എത്രയെങ്കിലുമുണ്ട്. ക്യാമറ ഒരു കഴുകനെന്ന് പോകെപ്പോകെ നാം തിരിച്ചറിഞ്ഞു. സൂര്യനെല്ലി കേട്ട് ഞെട്ടിയ മലയാളി വിദുരയും ഐസ്ക്രീമുമൊക്കെ ആഘോഷമാക്കി. നമുക്കൊരു സംസ്കാരം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ജനസേവകരെന്ന് അവകാശപ്പെടുന്നവർ മക്കാവോയിലേക്ക് വിരൽചൂണ്ടുന്നു. ആവട്ടെ, രതിയും പ്രണയവുമെല്ലാം ഓരോരുത്തരുടെയും സ്വകാര്യതയാണ്. അത് സ്വകാര്യമായി തന്നെ അനുഭവിക്കണം. അത് കൊണ്ടാടാനുള്ളതല്ല, രണ്ട് പെഗ്ഗടിച്ചവൻ ആരാന്റെ നെഞ്ചത്ത് കയറി താനൊരു മദ്യപാനിയെന്ന് അറിയിക്കുന്നത് പോലെയാവരുത് അതെല്ലാം.  സദാചാര പോലീസ് ഫാസിസത്തിന്റെ ചങ്ങാതിമാരാണ്. ഈയടട്ടുത്താണ് കേരളത്തിലെ ആദ്യ സദാചാര കൊലക്ക് കോടതി ശിക്ഷ വിധിച്ചത്. നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കരുത്. എന്തുചെയ്യാം ഗുണ്ടായിസത്തെ തീറ്റിപോറ്റുന്നത് രാഷ്ടീയക്കാരും മത വ്യാപാരികളും മറ്റു മാഫിയകളും ചേർന്നാണല്ലോ. അത് മൂന്നും കാഴ്ച്ചയിൽ പലതായി തോന്നുമെങ്കിലും ഒന്ന് തന്നെ. മൂന്നിന്റേയും ലക്ഷ്യം അധികാരവും പണവും.

ഒരുകാലത്ത് നേരറിയാൻ നാം മാധ്യമങ്ങളെ ആശ്രയിച്ചുകൊണ്ടിരുന്നു. ഇന്നോ? മാധ്യമങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? റേറ്റിംഗ് കൂട്ടാനുള്ള പരക്കം പാച്ചിലല്ലാതെ സമൂഹത്തിനോmkk_vettam-001 ദേശത്തിനോ ഗുണകരമായ എന്തെങ്കിലും ചെയ്യുന്നുണ്ടോ? വിവാദങ്ങൾ ഉണ്ടാക്കുക, അതിലേക്ക് പ്രേക്ഷകരെ വലിച്ചിടുക. ഒരു കേസോ വാണിഭമോ ആവട്ടെ, അതിന്റെ തുടക്കം അവതരിപ്പിച്ച് കയ്യടി വാങ്ങുന്നതല്ലാതെ അതിനപ്പുറത്തേക്ക് മാധ്യമകണ്ണുകൾ നീങ്ങുന്നുണ്ടോ? നെറിവുകേടിന്റെ ആകത്തുകയാണ് നമ്മുടെ മാധ്യമ പ്രവർത്തനമെന്ന് പറഞ്ഞാൽ ഒട്ടും കുറയില്ല. മതേതരവാദിയുടെയോ ഒരെഴുത്തുകാരന്റെയോ ശബ്ദത്തിനു ഇടം നൽകാത്ത ചിലർ ഉച്ചപ്പടത്തെ നാണിപ്പിക്കുന്ന രംഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മത്സരിക്കുന്നു. എന്തിനാണിത്? പണം മാത്രമോ മാധ്യമപ്രവർത്തനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്? നിലവിലുള്ള നന്മകൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ വരും തലമുറയെ ഓർത്തെങ്കിലും ഇത്തിരി വെളിച്ചം പ്രകാശിപ്പിക്കാൻ ശ്രമിച്ചുകൂടെ?

തള്ളയെ തല്ലിയാലും പക്ഷങ്ങളെത്രയോ! മലാല എന്ന പെണ്‍കുട്ടിക്ക് നോബൽ സമ്മാനം കിട്ടുമ്പോൾ അതിലും പക്ഷങ്ങൾ. മലാല മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്തെന്ന് പക്ഷങ്ങളിൽ നിൽക്കുന്നവർ ചിന്തിക്കുന്നില്ല. തനിക്ക് സ്വതന്ത്രമായി പഠിക്കാൻ പോകാനുള്ള അവകാശം, തന്നെ പോലെ മറ്റുള്ളവർക്കും ആ സ്വാതന്ത്ര്യം അനുഭവി ക്കാനാവുക. അവിടെ പ്രതിസ്ഥാനത്ത് താലിബാനാണ്. താലിബാനിസം പലവേഷത്തിലും പല ഭാവത്തിലും എവിടെയുമുണ്ട്. ഐസിസ് ഭീകരർ താലിബാനിസ്റ്റുകളാണ്. ലോകത്തുള്ള മനുഷ്യനോ പ്രകൃതിക്കോ നാശം വിതക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ താലിബാനിസ്റ്റുകളാണ്. ലോകത്ത് അരങ്ങ് വാഴുന്ന ഓരോ സദാചാരവാദിയിലും താലിബാനിസ്റ്റുണ്ട്.

mkk__vettam-001രാജാവ് നഗ്നനെന്ന് വിളിച്ച് പറയാൻ ഒരുകാലത്ത് നമുക്ക് ചില നാവുകൾ ഉണ്ടായിരുന്നു,. നവാബ് രാജേന്ദ്രന്റെയും സുകുമാർ അഴിക്കോടിന്റെയും അസാന്നിദ്ധ്യം വല്ലാത്തൊരു ശൂന്യതയാണ് ഈ ദേശത്ത് പകരുന്നത്. കണ്ണുള്ളപ്പോൾ കാഴ്ച്ചയുടെ വിലയറിയില്ലെന്ന് പറയുന്നത് പോലെ തന്നെയാണ് അവർ ഒഴിഞ്ഞ പാതയിലേക്ക് നോക്കുമ്പോൾ അനുഭവപ്പെടുക. ചീഞ്ഞളിഞ്ഞ രാഷ്ട്രീയം, പുരസ്കാരമോഹികളായ എഴുത്തുകാർ. സാഹിത്യത്തിന്റെയും സാംസ്കാരികതയുടെയും കപട നാവായി ചാനലുകളിൽ വന്ന് ഓക്കാനിക്കുന്ന കൂലികൾ. തരം താണ സീരിയൽ കൂടിയാവുമ്പോൾ ഒരു ദേശത്തിന്റെ ദുരന്തം പൂർണമാകുന്നു. എവിടെയും കാപട്യം. ധാന്യത്തിൽ മായമെന്ന പോലെ സാഹിത്യത്തിലും.  രുചിച്ചാലുമില്ലെങ്കിലും മതേതരനും വർഗീയവാദികളും നുണകൾ പണിയുന്ന തിരക്കിലാണ്.  അവർക്ക് വലുത് അധികാരകസേരകളാണ്. ചതിയുടെ കൂടുകളാണ് ഒരുക്കപ്പെടുക.

മതമൌലികവാദികളെന്ന് പറഞ്ഞ് അകറ്റിനിർത്തിയവരുടെ പുരകളിലേക്ക് അവരുടെ പാതിരാസഞ്ചാരങ്ങൾ. പോകാതിരിക്കാൻ വയ്യ, വോട്ടിന്റെ കളിയാണ് രാഷ്ട്രീയം. അവർക്കത് ജന, ദേശ സേവനമല്ല. അതുകൊണ്ടാണല്ലോ സ്വന്തം പാർട്ടിയിൽ തന്നെ തനിക്ക് മീതെ വളർന്നുവരുന്ന മരങ്ങളെ വേരോടെ പിഴുതെറിയുക. തനിക്ക് ശേഷം പ്രളയമെന്ന്, അല്ലെങ്കിൽ തനിക്ക് ശേഷം തന്റെ മകനോ മകളോ എന്ന മട്ടിൽ മറ്റുള്ളവരെ ഒതുക്കിയതിന്റെ ഉദാഹരണമാണ് ഇന്ന് കോൺഗ്രസ് എന്ന പാർട്ടി ദേശീയ തലത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കാസ്ട്രൊമാർക്ക് വംശനാശം സംഭവിക്കുന്ന കാലമിത്. പ്ലേറ്റോമാർ ജീവിച്ചിരുന്നില്ലെന്ന്, മോഹൻദാസ് കരംചന്ദ് ഗാന്ധിയെ തങ്ങൾക്കറിയില്ലെന്ന് ചൊല്ലുന്നത്. അതെ ദേശത്തെ മൊത്തമായും വിൽ‌പ്പനക്ക് വയ്ക്കുന്നത്. പെണ്ണുടലുകൾ മാന്തിപ്പൊളിക്കപ്പെടുന്നത്, പിഞ്ചുകുഞ്ഞിന്റെ ചോരയൊലിക്കുന്ന ഉടൽ കണ്ടില്ലെന്ന് നടിക്കുന്നത് ഇവിടെ തന്നെ. ജനതയെ പലതായി തിരിച്ച് അധികാരമോഹികൾ എവിടെക്കാണ് നയിക്കുന്നത്? ഇനിയുമൊരു ഭാരത യുദ്ധം വേണമോയെന്ന്, ഈ ധർമ്മപുരിയുടെ മാറിൽ ചോരയൊഴുക്കണമോയെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചാലെന്ത്! മനുഷ്യർ ചോര ചീന്തുന്നത്, കുഞ്ഞുങ്ങളും പെണ്ണുങ്ങളും ആട്ടിപ്പായിക്കപ്പെടുന്നത്, ചുട്ടെരിക്കപ്പെടുന്നതും ദൈവത്തിനു രുചിക്കുന്നുവെന്നോ! എങ്കിൽ ആ ദൈവം മരിച്ചുപോയി. തെരുവിൽ നിന്നും തെരുവിലേക്ക് ആനയിക്കുന്നത് ദൈവത്തെയല്ല, ചോര രുചിക്കുന്ന പിശാചിനെയാണ്.

=============================================================================

mk.k_vettam

vettam online

31 Comments

 1. സർവ്വനാശത്തിലേക്ക് വിമാനം കയറുന്നവർ, നന്നായി പറഞ്ഞു.

 2. തള്ളയെ തല്ലിയാലും പക്ഷങ്ങളെത്രയോ! മലാല എന്ന പെണ്‍കുട്ടിക്ക് നോബൽ സമ്മാനം കിട്ടുമ്പോൾ അതിലും പക്ഷങ്ങൾ. മലാല മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്തെന്ന് പക്ഷങ്ങളിൽ നിൽക്കുന്നവർ ചിന്തിക്കുന്നില്ല. തനിക്ക് സ്വതന്ത്രമായി പഠിക്കാൻ പോകാനുള്ള അവകാശം, തന്നെ പോലെ മറ്റുള്ളവർക്കും ആ സ്വാതന്ത്ര്യം അനുഭവി ക്കാനാവുക. അവിടെ പ്രതിസ്ഥാനത്ത് താലിബാനാണ്. താലിബാനിസം പലവേഷത്തിലും പല ഭാവത്തിലും എവിടെയുമുണ്ട്. ഐസിസ് ഭീകരർ താലിബാനിസ്റ്റുകളാണ്. ലോകത്തുള്ള മനുഷ്യനോ പ്രകൃതിക്കോ നാശം വിതക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർ താലിബാനിസ്റ്റുകളാണ്. ലോകത്ത് അരങ്ങ് വാഴുന്ന ഓരോ സദാചാരവാദിയിലും താലിബാനിസ്റ്റുണ്ട്.

 3. സദാചാര പോലീസ് ഫാസിസത്തിന്റെ ചങ്ങാതിമാരാണ്…..വളരെ പ്രസക്തമായ നന്മയുടെ എഴുത്ത്…നന്മയുള്ള ഹൃദയത്തിൽ നിന്നാണ് വിശാലമായ ചിന്തകളും ആശയങ്ങളും ഉണ്ടാകുകയുള്ളൂ ….അനുമോദനങ്ങൾ

 4. ചുറ്റുപാടുകളില്‍ ഇരുട്ടിന്റെ ശക്തികള്‍ തിമര്‍ത്ത് ആടുമ്പോള്‍ വാക്കുകള്‍ കൊണ്ടെങ്കിലും പ്രതിരോധിക്കാനുള്ള ബാധ്യത ഓരോ മനുഷ്യ സ്നേഹിക്കും ഉള്ളതാണ്. ഫാസിസം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നത് തിരിച്ചറിയാന്‍ ആവാത്ത അധിനിവേഷതിലൂടെ തന്നെ..ഗീബല്സുമാര്‍ രൂപം മാറി ചാനലുകളിലും എഴുത്ത് പുരകളിലും നിറഞ്ഞിരുന്നു നമ്മോടു പേരും കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു..തിരിച്ചറിവിന്റെ സ്വരഭേദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള മാന് ഷിക ബാധ്യത നിറവേറ്റുന്നതിനുള്ള ശ്രമം തന്നെയായി കാണുന്നു മാഷേ ഈ എഴുത്ത്..നന്നായി…ആശംസകള്‍.

  • ഒരു പഴയ മുദ്രാവാക്യ ശകലം ഓർത്തുപോകുന്നു:
   ‘നമ്മളോർക്കുക നമ്മളെങ്ങനെ നമ്മളായെന്ന്…’

 5. കൊള്ളരുതായ്മകൾക്കെതിരെ ഉയരുന്ന നാവുകൾ ഇന്ന് എങ്ങും കാണാതെ പോകുമ്പോൾ നവാബും അഴീക്കോടും എത്ര വലിയവർ എന്ന് നമ്മൾ നന്ദിയോടെ ഓർക്കും
  ചിന്തിപ്പിക്കും ഈ എഴുത്ത്‌ എല്ലാവരേയും.

 6. അക്കാലത്ത് നവാബിനേയും അഴിക്കോടിനെയുമൊക്കെ പരിഹസപാത്രമാക്കാനും ചിലർ ശ്രമിച്ചിട്ടുണ്ട്..

  • ഇവയുടെത് മാത്രമല്ല എല്ലാത്തിന്റെയും ലക്ഷ്യം അധികാരവും പണവും തന്നെ …….ചാനലുകളുടെ കിടമത്സരത്തിൽ മാനുഷിക മൂല്യത്തിനു എന്ത് പ്രസക്തി …… നിലനില്പിന് പോരാടുന്ന ഈ അവസ്ഥയിൽ മീഡിയകൾ അവസരോചിതമായി മൂല്യങ്ങൾ മറക്കുവാൻ നിർബന്ധിതരാവുന്നു….. കലികാല വൈഭവം

   • ശരിയായ സമരത്തിൽ കപട സമരങ്ങളെ നേരിടേണ്ടിവരുന്നു.. സമരങ്ങളുടെ മുഖം നഷ്ടപ്പെടുത്തികൊണ്ട് വ്യാജ സമരങ്ങൾ എത്രയോ…

  • നല്ലതിനെ കാണാൻ മടികാണിക്കുന്ന ഒരു സമൂഹമാണു അന്നും ഇന്നും നമ്മുടെ നാട്‌ ചുരുക്കം ചിലരൊഴിച്ചാൽ

 7. സദാചാരവാദികള്‍ക്കും അരാജകവാദികള്‍ക്കും ഇടയ്ക്ക് വളരെ നേര്‍ത്ത ഒരു രേഖയാണ് ഉള്ളത്. ആ രേഖയില്‍ ചവിട്ടി നിലപാടെടുക്കുന്നവന്‍ തെറ്റിദ്ധരിക്കപ്പെടുന്നു. ഒരു പക്ഷെ സദാചാരപ്പോലീസെന്നും മറിച്ചും വിളിക്കപ്പെടുന്നു…

 8. പറയാനുള്ളത് പറയുകതന്നെ വേണം ….തുറന്ന ചിന്തകൾ…രതിയും പ്രണയവും ആഘൊഷമാക്കുന്നവർ
  ചിന്തിക്കട്ടെ

 9. ഖരിം സര്‍…താങ്കളുടെ ഓരോ എഴുത്തും വായിക്കുമ്പോള്‍ ഒരു പ്രത്യേക അനുഭൂതി നിറയുന്നു..ഇഷ്ടം.

 10. നിലവിലുള്ള നന്മകൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ വരും തലമുറയെ ഓർത്തെങ്കിലും ഇത്തിരി വെളിച്ചം പ്രകാശിപ്പിക്കാൻ ശ്രമിച്ചുകൂടെ?അതിനൊക്കെ എവിടെയാ മാഷേ സമയം???? നവ സമരമുറകള്‍ പരീക്ഷിക്കണ്ടേ??? അതുമല്ലാ…മറക്കരുത്,,,,”വെളിച്ചം ദുഃഖമാണുണ്ണീ…..തമസല്ലോ …” എന്നാല്‍ പിന്നെ കണ്ണടച്ചു അങ്ങ് ഇരുട്ടാക്കിയേക്കാം….മാഷേ…കാലിക പ്രസക്തം. നന്നായി എഴുതി,,,,(y)

 11. മലിനമായ സമൂഹം …നെറികേടിനെതിരെ ശബ്ദമുയർത്തേണ്ടവർ ആഘോഷത്തിലാണ്..അവഗണിക്കുന്നവർ ഇന്നും അവഗണനയിൽ തന്നെയാണ് .

 12. വളരെ പ്രസക്തമായ നന്മയുടെ എഴുത്ത്..
  താങ്കളുടെ ഓരോ എഴുത്തും വായിക്കുമ്പോള്‍
  .നന്മയുള്ള ഹൃദയത്തിൽ നിന്നാണ് വിശാലമായ ചിന്തകളും ആശയങ്ങളും ഉണ്ടാകുകയുള്ളൂ …

  .അനുമോദനങ്ങൾ …

Leave a Reply

Your email address will not be published. Required fields are marked *